Tuesday, March 16, 2010

ഉയിര്‍ത്തെഴുന്നേല്‍പ്പ്- (ഒരു ബ്ലഡ്‌ ഡൊണേഷന്റെ കഥ)


Disclaimer: രക്തരൂഷിതമായ ഒരു പോരാട്ടത്തിന്റെ കഥയാണിത്. മനസ്സിന് മതിയായ ബലമുള്ളവര്‍ മാത്രം തുടര്‍ന്നു വായിക്കുക :-)



എന്നത്തേയും പോലൊരു സാധാരണ ദിവസം- കാലത്ത് 10 മണി...  

ഓഫീസില്‍ വന്നിട്ട് ഏകദേശം ഒരു  മണിക്കൂര്‍ ആയിക്കാണും. 'manoramaonline' വഴി നാട്ടിലെ വിശേഷങ്ങള്‍ ഒക്കെ ഒന്നറിഞ്ഞ്... "എന്നാല്‍ എന്തേലും പണി ചെയ്യാന്‍ തുടങ്ങിക്കളയാം" എന്ന് കരുതിയ സമയം.   

അപ്പോഴാണ് ഒരു വിളി കേട്ടേ- "അളിയാ, ഞാനേ ബ്ലഡ്‌ കൊടുക്കാന്‍ പോയിട്ട് വരാം"- 

നോക്കീപ്പോ പ്രവീണ്‍ ആണ്, എന്‍റെ പ്രോജക്റ്റ് മേറ്റ്. ഇവിടെ കമ്പനിയില്‍ അന്നൊരു ഡൊണേഷന്‍ ക്യാമ്പ്‌ നടക്കുന്നുണ്ട്. അതിന്റെ കാര്യമാണ് അവന്‍ പറഞ്ഞത്. ഞാന്‍ ആ പരിപാടീടെ ഒരു volunteer ആണ്, എന്ന് വച്ചാല്‍ registration, ബ്ലഡ്‌ കൊടുത്ത് വരുന്നവര്‍ക്ക് ഫ്രൂട്ടിയും ബിസ്കറ്റും കൊടുക്കല്‍... അങ്ങനത്തെ ചില പണികള്‍...

"എടാ ഇപ്പൊ പോണോ? 12 മണിക്കാണേല്‍ ഞാനുമുണ്ട്."-മറുപടി പറഞ്ഞു ഞാന്‍.
"എന്തിന്...? ബ്ലഡ്‌ കൊടുക്കാനോ, നീയോ.. ഹിഹി.."- അവനെന്നെ മൊത്തത്തില്‍ ഒന്ന് ഉഴിഞ്ഞു നോക്കി.
"അല്ലാ കൊടുക്കാനല്ല, പക്ഷെ ഞാന്‍ ആ സമയത്തെ volunteer ആണ്. So നമുക്ക് ഒന്നിച്ച് പോവാം.".
"Done, അപ്പോ 12 മണി !"- ക്യുബിക്കിള്‍ നിടയിലെ അരമതിലില്‍ കൈ ഊന്നി നിന്ന് അവന്‍ ഡീല്‍ ഉറപ്പിച്ചു. 

ഞാന്‍ വീണ്ടും പണിയിലേക്ക് കടന്നു. എങ്കിലും എന്‍റെ അഭിമാനത്തിന് നേരെ വിരല്‍ ചൂണ്ടിക്കൊണ്ട്, പ്രവീണ്‍ ന്റെ ആ ചോദ്യം മനസ്സില്‍ വീണ്ടും വീണ്ടും ഉയര്‍ന്നു വന്നു-"ബ്ലഡ്‌ കൊടുക്കാനോ, നീയോ???"

പണ്ട് കോളേജില്‍ പഠിച്ചപ്പോഴും , പിന്നീട് ഇവിടെ വന്നിട്ടും പലരെയും ഇക്കാര്യത്തിന് നിര്‍ബന്ധിച്ച് കൊണ്ട് പോയിട്ടുണ്ടേലും, ഇത് വരെ ഞാനായിട്ട് കൊടുത്തിട്ടില്ല- 


"എന്നാ ഇന്നങ്ങ് കൊടുത്താലോ???"

അധികം ആലോചിക്കാന്‍ നിന്നില്ല അതേ കുറിച്ച്. കാരണം എന്തെങ്കിലും സംശയം ഉള്ള കാര്യത്തെ കുറിച്ച് കൂടുതല്‍ ചിന്തിക്കും തോറും, അത് ചെയ്യാതിരിക്കാനുള്ള chance ആണ് കൂടുക. ഞാന്‍ communicator എടുത്ത് പ്രവീണിനെ ping ചെയ്തു പറഞ്ഞു- "അളിയാ ഞ്ഞും വരണുണ്ട് ബ്ലഡ്‌ കൊടുക്കാന്‍ !"

"എന്ത്?"- അവനൊന്നു ഞെട്ടിയോ, അറിയില്ല...
"ശരിക്കും... ഐശ്വര്യമായിട്ട് ഇന്നങ്ങ് തുടക്കം കുറിച്ചേക്കാം എന്ന് കരുതി. ഒരു കൂട്ടിനു നീയുമുണ്ടല്ലോ... "
"mmm..."
"ഏതായാലും ആരോടും പറയണ്ട നീയ് ഇപ്പൊ, നമുക്ക് പോയിട്ട് വരാം, ഓക്കേ.."
"ഹഹഹ.. ഓക്കേ"

12 PM 

ഞങ്ങള്‍ ഇറങ്ങി മെഡിക്കല്‍ ബില്‍ഡിംഗ്‌ ലേക്ക്...

"അല്ലാ നീയെന്താ ഇപ്പൊ പെട്ടെന്ന് ഇങ്ങനെ ഒരു തീരുമാനം എടുത്തേ?"- അവന്‍ ചോദിച്ചു.
"പെട്ടെന്നൊന്നും അല്ലെടാ, കുറച്ച് കാലമായി ഞാന്‍ കരുതുന്നു."


"നിനക്ക് പേടി ഒന്നുമില്ലല്ലോ ല്ലേ?"
"യേയ്.."

എങ്കിലും ഉള്ളിലെവിടെയോ ആ ഒരു ടെന്‍ഷന്‍ എന്നെ വിട്ടു പോയിരുന്നില്ല, ഞാന്‍ പയ്യെ അവനോട് ചോദിച്ചു- "ടാ, കുഴപ്പമാവുമോ?" 

പണ്ട് ഇതേപോലൊരു സന്ദര്‍ഭത്തില്‍ എന്‍റെ അച്ഛനോട് ചോദിച്ച അതേ ചോദ്യം- "അച്ഛാ, കുഴപ്പമാവുമോ?" 

ഞാനന്ന് ഡിഗ്രിക്ക് ചേര്‍ന്ന സമയം.എന്തോ പനിയോ മറ്റോ പിടിച്ച എന്നെയും കൊണ്ട് പറവൂരെ 'ശാന്തി ഹോസ്പിറ്റലില്‍' പോയതാണ് അച്ഛന്‍.

Dr. പറഞ്ഞു- "വേറെ കുഴപ്പം ഒന്നും ഇല്ല, ഈ മരുന്നൊക്കെ കഴിച്ചാല്‍ മതി."
"ശരി"- അച്ഛനാണ് മറുപടി പറഞ്ഞേ.
"വേറെ എന്തെങ്കിലും?"
"അല്ലാ Dr. ഇവനങ്ങ്ട് ഒരു തടി വയ്ക്കണില്ല, അതിനും എന്തേലും ഒരു മരുന്ന് എഴുതിത്തന്നാല്‍.."
"എന്തിനാ തടി?, ഇവിടെ എല്ലാരും ഉള്ള തടി കുറയ്ക്കാന്‍ നോക്കി നടക്കുവാ, അപ്പഴാ... ഇവന്‍ പൊക്കം വയ്ക്കണില്ലേ, അത് മതി. തടി ഒക്കെ ഒരു പ്രായത്തില്‍ തന്നെ വന്നോളും !" (ആ പ്രായം ഏതെന്നു ഇത് വരേം എനിക്ക് പിടി കിട്ടീട്ടില്ല :-))  

"എന്നാലും Dr. എന്തേലും ടോണിക്കോ മറ്റോ..."
"ശരി... നമുക്കൊന്ന് try ചെയ്ത് കളയാം  എന്നാല്‍, ഇവന്റെ ബ്ലഡ്‌ ഒന്ന് ടെസ്റ്റ്‌ ചെയ്യ്‌ ആദ്യം" 
"അയ്യോ അത് വേണ്ട !"- അച്ഛന്‍ ചാടിക്കേറി മറുപടി പറഞ്ഞു.
"അതെന്താ?" Dr. ചോദിച്ചു. 
"കുറെ നാള്‍ ആയിട്ട് അങ്ങനെ ബ്ലഡ്‌ എടുക്കാറില്ല ഇവന്റെ, മുന്പ് എടുത്തപ്പോഴൊക്കെ ഓരോ പ്രശ്നം ഉണ്ടാക്കീട്ടുമുണ്ട്... എന്തോ അവനൊരു പേടിയാണ് സംഭവം.."  

"ഹഹഹ.. ഈ പേടിയൊക്കെ മാറ്റണ്ടേ നമുക്ക്, ഇത്തവണ അങ്ങ് എടുത്തു കളയാം അല്ലേ...?"- Dr. എന്നെ നോക്കി ചോദിച്ചു.
"ഊം.. ഊം.."- പറ്റില്ല എന്നാ അര്‍ത്ഥത്തില്‍ ഞാന്‍ തലയാട്ടി.
"കണ്ടോ ഫാദര്‍, അവന്‍ തല ആട്ടുന്നെ. He's ready. നിങ്ങളാ ഓരോന്ന് പറഞ്ഞ അവനെ പേടിപ്പിക്കുന്നെ. അപ്പൊ റിസല്‍ട്ട് ആയി വാ..."- Dr. സംസാരം അവസാനിപ്പിച്ചു. 


- - - - -

ഞങ്ങള്‍ ഇറങ്ങി അവിടുന്ന്. ഒരല്‍പ്പം നടക്കാനുണ്ട് ലാബിലേക്ക്. മുന്‍കാല അനുഭവങ്ങള്‍ ഓര്‍ത്തിട്ടാണോ എന്തോ, അച്ഛന്‍ മുറുകെ പിടിച്ചിട്ടുണ്ട് എന്‍റെ കൈയ്യില്‍.

നിശബ്ദതയെ ആദ്യം ഭംഗിച്ചത് ഞാനാണ്‌- "അച്ഛാ..."
"ആ..."
"കുഴപ്പമാകുവോ?"

ഒരു 2 നിമിഷത്തേയ്ക്ക് അച്ഛന്‍ ഒന്നും പറഞ്ഞില്ല, പിന്നെ ചോദിച്ചു-" എടാ നിനക്ക് എത്ര വയസ്സായി?"
ഞാന്‍ കൂട്ടി നോക്കി- 10 ആം ക്ലാസ്സ്‌ ന്ന് വച്ചാല്‍ 15, പിന്നെ പ്രീഡിഗ്രി 2 വര്ഷം, ഇപ്പൊ ഡിഗ്രി 1st ഇയര്‍- അപ്പൊ 18 !"

"ആഹ്.. 18 ന്ന് പറഞ്ഞാ പ്രായപൂര്‍ത്തിയായ ഒരു യുവാവായി. എന്നിട്ട് ഇങ്ങനെ ഒരു കുഞ്ഞ്‌ കാര്യത്തിന് പറ്റൂല്ലാന്ന് പറഞ്ഞാല്‍ എന്തിനു കൊള്ളാം?"
"ശരിയാണല്ലോ"- ഞാനുമോര്‍ത്തു.

"ഇതൊക്കെ മനസ്സിന്റെ ഓരോ തോന്നലല്ലേ, ദാ അവിടെ നോക്ക് ഇത്തിരി ഇല്ലാത്ത പിള്ളേര്‍ വരെ ഒരു പ്രശ്നവും ഉണ്ടാക്കാതെ ഇരിക്കണത് . ഒരല്‍പ്പം ധൈര്യം ഒക്കെ വേണ്ടേ ആണ്‍പിള്ളേര്‍ ആയാല്‍ !" (അപ്പഴേക്കും ഞങ്ങള്‍ നടന്നു ലാബില്‍ എത്തിയിരുന്നു)

അച്ഛന്‍റെ വാക്കുകള്‍ ഞാന്‍ ശ്രദ്ധാപൂര്‍വ്വം കേട്ടു. അവ എനിക്ക് പകര്‍ന്നു തന്ന ഊര്‍ജം കുറച്ചൊന്നും ആരുന്നില്ല (അതോരിത്തിരി ഓവര്‍ ആയിപ്പോയോ എന്ന് പിന്നീട് തോന്നി :-))  

ഞാന്‍ ലാബില്‍ ഇരുന്നു. എന്‍റെ തന്നെ പ്രായം കാണും, ഒരു കൊച്ചു സിസ്റ്റര്‍ വന്ന് പഞ്ഞി കൊണ്ട് എന്‍റെ കൈ തുടച്ചു.

"സിസ്റ്റര്‍... പതുക്കെ എടുത്താല്‍ മതി, അവനേ അധികം പരിചയം ഇല്ല."- അച്ഛന്‍ ആ കുട്ടിയോട് പറഞ്ഞു.
"ഛെ ഈ അച്ഛന്‍റെ ഒരു കാര്യം, ഇങ്ങനത്തെ sisters ന്റെ മുന്‍പില്‍ വച്ചാണോ ഇതൊക്കെ പറയുന്നേ?"- ഞാനച്ഛനെ രൂക്ഷമായൊന്നു നോക്കി.

സിസ്റ്റര്‍ സിറിഞ്ച് എടുത്തു. അതോടെ എന്നെക്കാളും ടെന്‍ഷന്‍ അച്ഛനായി... 


അച്ഛന്‍ ഒരു സ്വകാര്യം പോലെ എന്നോട് പറഞ്ഞു- "ടാ, ഒരു ഉറുമ്പ് കടിക്കണ വേദനയേ ഉണ്ടാവൂ.. നീ പ്രശ്നം ഒന്നും ഉണ്ടാക്കരുത്"
"എല്ലാം ഞാനേറ്റു അച്ഛാ, ചിരിച്ച് കൊണ്ട് ഞാന്‍  മറുപടി പറഞ്ഞു." 

എങ്കിലും അച്ഛന് വിശ്വാസം ആയില്ല- "മോനെ, നീ അങ്ങ്ട് നോക്കണ്ട, വേറെ എന്തേലും ആലോചിച് ഇരിക്ക്.."
"എന്തിനാ അങ്ങനെ, എന്നാ നോക്കിയിട്ട് തന്നെ കാര്യം- അങ്ങനല്ലേ ആണ്‍കുട്ടികള്‍ !"- ഞാന്‍ മനസ്സില്‍ കരുതി.

ബ്ലഡ്‌ എടുക്കാന്‍ തുടങ്ങി. ഞാന്‍ പുല്ല് പോലെ നോക്കി ഇരുന്നു- ഒരിത്തിരി നേരത്തേക്ക് മാത്രം... പിന്നെ ദാ കിടക്കുന്നു വാഴ വെട്ടിയിട്ടതു പോലെ !

പിന്നീട് എനിക്ക് ബോധം വരുമ്പോ അവിടെ ഒരു ബെഞ്ചില്‍ കിടക്കുവാ ഞാന്‍. കൈയ്യിലൊരു ഗ്ലാസില്‍ വെള്ളവുമായി അച്ഛനും അടുത്തുണ്ട്. നേരത്തത്തെ സുന്ദരി നഴ്സുമാര്‍ ഒക്കെ ഒന്ന് മാറി നിന്ന് ചിരിക്കുന്നുണ്ട്... 
- - - - -
ഇതെന്താ "കുഴപ്പമാവുമോ?" ന്ന് ചോദിച്ചിട്ട് നീ ചിരിക്കുന്നെ വെറുതെ?"- പ്രവീണ്‍ ന്റെ ചോദ്യം എന്നെ present tense  ലേക്ക് കൊണ്ടു വന്നു.

ഞാന്‍ കഥയൊക്കെ അവനോടും പറഞ്ഞു. അതോടെ ടെന്‍ഷന്‍ മൊത്തം അവനായി-"അളിയാ നീ പ്രശ്നം ഉണ്ടാക്കുവോ??"
"ഒരു പ്രശ്നവും ഉണ്ടാവില്ല, ഞാനല്ലേ പറയണേ.. നീ വാ, ഹ.. ഹ.."

ഞങ്ങള്‍ ചെന്ന് രജിസ്റ്റര്‍ ചെയ്ത്, കൈയ്യില്‍ ഒരു സ്റ്റിക്കര്‍ ഒക്കെ ഒട്ടിച്ച് ക്യൂവില്‍ ഇരിക്ക്യാ, ഊഴവും കാത്ത്..


ഒരു 2 മിനിറ്റ് ആയിക്കാണും, ഓരോരുത്തരായി ഉള്ളിലേക്ക് പൊയ്ക്കൊണ്ടിരുന്നു...

"എടാ നമുക്കോരോ ജ്യൂസ്‌ കുടിച്ചിട്ട് വന്നാലോ?"- ഞാന്‍ ചോദിച്ചു.
"ഇപ്പഴോ?"
"അല്ലാ... അങ്ങനെ എന്തൊക്കെയോ ഉണ്ട്."
"അങ്ങനൊന്നുമില്ല, empty stomach ആകരുതെന്നേ ഉള്ളു. നീ breakfast കഴിച്ചതല്ലേ?"
"അതാണ്‌, എന്നാലും ഇത്തിരി വെള്ളം..."
"അവിടെ ഇരിയെടാ, നമ്മുടെ turn ഇപ്പൊ ആകും."
"ശരി.. 


വീണ്ടും ഒരു 2 മിനിറ്റ്... 

"അല്ലാ ഞാനേ.. ഒന്ന് മൂ* ഒഴിച്ചിട്ട് വെക്കം വരാം.."
"ഹഹ.. ടെന്‍ഷന്‍ ആകുന്നുണ്ടല്ലേ.."- അവനൊന്നു ചിരിച്ചു.
"ഹേയ് ടെന്‍ഷന്‍ ഒന്നുമില്ല... ഞാന്‍ ദാ എത്തി."

ഞാന്‍ തിരികെ വന്നപ്പോഴേക്കും അവന്‍ കയറിയിരുന്നു, തൊട്ടു പിന്നാലെ ഞാനും !
- - - - -
ഏകദേശം ഒരു 10 കട്ടിലുകള്‍ ഉണ്ടാവും അകത്ത്. ഒഴിഞ്ഞു കിടന്നിരുന്ന  മൂലയ്ക്കത്തെ ഒരു കട്ടില്‍ ലക്ഷ്യമാക്കി ഞാന്‍ നീങ്ങി. തൊട്ടടുത്ത് തന്നെ എന്നെ സ്വാഗതം ചെയ്തു കൊണ്ട് ഒരു നേഴ്സ് പയ്യനും നില്‍പ്പുണ്ട്.


"Please lay on the bed Sir"- അവന്‍ പറഞ്ഞു.
"ദൈവമേ ഈ കൊച്ചു പയ്യന്‍ ആണോ എന്‍റെ ബ്ലഡ്‌ എടുക്കാന്‍ പോണേ?"- ഞാനൊന്നു സംശയിച്ചു. എങ്കിലും മറുത്തൊന്നും പറയാതെ കട്ടിലില്‍ കയറിക്കിടന്നു.


എന്‍റെ പ്രഷര്‍ ചെക്ക്‌ ചെയ്തതിനു ശേഷം അവനെന്തോ എടുക്കാനായി side ലേക്ക്  മാറി. ഞാന്‍ പയ്യെ തല പൊക്കി നോക്കി.


"Don't worry Sir, these all are sterilized ones"- അവന്‍ ഒരു പാക്കറ്റ് സിറിഞ്ച് എന്നെ പൊക്കി കാണിച്ചു.
"Ok, സമാധാനം"


അവന്‍ വന്ന് ഒരു smiley ball തന്നൂ എന്‍റെ കൈയ്യില്‍... ബലം പിടുത്തം ഒക്കെ വിട്ട് maximum relaxed ആവാന്‍ ഒരു ഉപദേശവും.


ഞാന്‍ അടുത്ത് കിടന്നവരെ മാറി മാറി ഒന്ന് നോക്കി, എല്ലാരും നല്ല cool ആയിട്ട് കിടക്കുന്നു. ഞാന്‍ നമ്മുടെ നേഴ്സ് പയ്യനോട് ചോദിച്ചു- "Actually.. how much time does it take..?" 
"Around 15 minutes Sir"
"ഓക്കേ"


വീണ്ടും നിശബ്ദത..  


അവന്‍ സിറിഞ്ചിന്റെ പായ്ക്ക് പൊട്ടിച്ചു. അതോടെ ഒരിത്തിരി ടെന്‍ഷന്‍ ആയി എനിക്ക്- "എന്തോരം ഊറ്റിക്കൊണ്ട് പോകുവോ ദൈവമേ ഇവന്‍.. ബ്ലഡ്‌ കൊടുക്കാന്‍ വന്നിട്ട് അവസാനം ഇങ്ങോട്ട് കയറ്റേണ്ട അവസ്ഥ വരുവോ???"


 "How... how much blood will be taken...??" - തികച്ചും നിര്‍വികാരനായി ഞാന്‍ വീണ്ടും ചോദിച്ചു.
"Are you coming for the first time?"- ഉത്തരത്തിനു പകരം അവനൊരു മറുചോദ്യമെയ്തു.
"Yes"
"Ok... usually we take 450 ml. But from you, now I'm going to take only 350. Don't worry."


ഞാനൊന്നും തിരിച്ച് പറഞ്ഞില്ല, അല്ലാ ഇനി പറഞ്ഞിട്ടും കാര്യമില്ല, ഏതായാലും പെട്ടു പോയി. ഞാന്‍ കണ്ണുകള്‍ കൂട്ടിയടച്ചു. അറിയാവുന്ന എല്ലാ ദൈവങ്ങളെയും നീട്ടി വിളിച്ച്- "ദൈവമേ കാത്തോണേ..."


പെട്ടെന്നാണ് "മീനു" എന്‍റെ മനസ്സിലേക്ക് കയറി വന്നത്-  സുനാമി അടിച്ച് തകര്‍ത്ത 'നാഗപട്ടണ'ത്തെ  ഒരു   കൊച്ചു സ്കൂളിലെ കുട്ടിയാണവള്‍. ഏറിയാല്‍ 8 ഓ 9  ഓ വയസ്സ് കാണും.  കുറെ നാള്‍ മുന്പ് അവിടം സന്ദര്‍ശിച്ചപ്പോ ഒരു 2 മണിക്കൂറേ ഒന്നിച്ചു ഉണ്ടാരുന്നുള്ളൂ ഞങ്ങള്‍. എങ്കിലും നല്ല കൂട്ടായി. അവിടുത്തെ ഫോണ്‍ നമ്പര്‍ ഒക്കെ എന്‍റെ കൈയ്യില്‍ എഴുതി തന്ന്, ഇടക്ക് വിളിക്കണംന്ന് പറഞ്ഞു (എങ്കിലും ഇത് വരെ വിളിച്ചിട്ടില്ല ഞാന്‍). ഞങ്ങള്‍ അവിടുന്ന് പോരാന്‍ നേരം, വണ്ടിയുടെ പുറകെ ഏറെ ദൂരം ഓടി അവള്‍- 'ടാറ്റ'  തരാന്‍ ആയിട്ട്‌...  


എന്താണ് പെട്ടെന്ന് അവളെ ഓര്‍ത്തതെന്ന് എനിക്കറിയില്ല, പക്ഷെ ഞാനോര്‍ത്തു, അത്ര മാത്രം !- "അവള്‍ക്കോ അല്ലെങ്കില്‍ എന്‍റെ വീട്ടിലെ ആര്‍ക്കെങ്കിലുമോ, എന്‍റെ കൂട്ടുകാര്‍ക്കോ... ആര്‍ക്കെങ്കിലും ഒരാവശ്യം വന്നാല്‍ അന്നും ഈ പേടിയും കൊണ്ട് എനിക്കിരിക്കാന്‍ പറ്റുമോ?" 


"ഇല്ല, അത് പാടില്ല. !"- ഞാന്‍ കണ്ണുകള്‍ തുറന്നു തന്നെ ഇരുന്നു ബ്ലഡ്‌ എടുത്തു തീരും വരെ. പിന്നെയും ഒരു 5  മിനിറ്റ് rest എടുത്തിട്ടാണ് കട്ടിലില്‍ നിന്നും  ഇറങ്ങിയത്.


 പുറത്തേക്ക് പോകുന്ന എല്ലാര്‍ക്കുമെന്ന പോലെ, നരച്ച താടി ഉള്ള ആ ഡ്യൂട്ടി ഡോക്ടര്‍ എനിക്കും തന്നു ഒരു സര്‍ട്ടിഫിക്കറ്റ്. എന്നിട്ട് പയ്യെ പറഞ്ഞു- "You have done a simple, but great thing. Somewhere, someone will surely get the benefit !!!"


കുറച്ചു നാള്‍ മുന്പ് എന്‍റെ കൂട്ടുകാരന്‍  ജാസിര്‍ അയച്ചൊരു  മെസ്സേജ്  ഞാനോര്‍ത്തൂ  അന്നേരം. ഇന്നും ഞാന്‍ save ചെയ്തു വച്ചിട്ടുണ്ടത്- "അളിയാ ഇന്ന് ഞാന്‍ ബ്ലഡ്‌ donate ചെയ്തു ആദ്യായിട്ട്... മനസ്സിന് വല്ലാത്ത സന്തോഷം, ജീവിതത്തില്‍ ഒരു നല്ല കാര്യമെങ്കിലും ചെയ്തു എന്ന ഒരു തോന്നല്‍..."


-അനില്‍സ്
http://panchasarappothi.blogspot.com/


വാല്‍ക്കഷ്ണം: ഇത് വരെ അച്ഛനെ അറിയിച്ചിട്ടില്ല ഞാന്‍ ബ്ലഡ്‌ കൊടുത്തു എന്ന്. അതിനുള്ള സകലമാന തെളിവുകള്‍ ഹാജരാക്കിയാലും അച്ഛനതൊട്ടു വിശ്വസിക്കാനും വഴിയില്ല. എങ്കിലും... എല്ലാ മുന്‍കരുതലും എടുത്തതിനു  ശേഷം, ഒരിക്കല്‍ പറയണമത് അച്ഛനോട്...

Saturday, February 27, 2010

VTV- a simple romantic flick !


Vinnai Thandi Varuvaya കണ്ടു ഇന്ന് !

ഒരു ഗൌതം മേനോന്‍ പടത്തിന്റെ എല്ലാ elements ഉം ഉണ്ട്. But I would like to say- it's not his best ! Simbu-Trisha pair worked good. Their screen presence, dialog delivery everything is good. Also, Rahman's music & Manoj's photography (especially the Alappuzha scenes) are adding beauty to the movie. കേരളത്തെ പരിചയപ്പെടുതിയപ്പോ തെങ്ങ്, കായല്‍, ബോട്ട് ഒക്കെ കാണിച്ചതിനൊപ്പം SAJ യിലെ ലാലേട്ടന്റെ posters കാട്ടിയതും കലക്കി :-)

But towards the end of second part, the story is a little bit confusing and dragging, at least for me. എഡിറ്റിംഗ് ഒന്ന് കൂടെ ശ്രദ്ധിക്കാമായിരുന്നു.

എങ്കിലും കാണണം ഈ പടം... becoz... nursery മുതല്‍ ഏതേലും പെണ്‍പിള്ളേരെ ഒക്കെ ലൈന്‍ അടിച്ചിട്ടുണ്ടോ, ആ കഥകള്‍ ഒക്കെ നമ്മള്‍ തീയേറ്ററില്‍ ഇരുന്ന് ഓര്‍ക്കും :-)

Monday, January 18, 2010

മാര്‍ത്തയോടൊപ്പം ഒരു യാത്ര !!


വൈകിട്ട് 6:50 നാണ് നാട്ടിലേക്കുള്ള ട്രെയിന്‍. ആരോടും ചോദിക്കാനോ പറയാനോ നില്‍ക്കാതെ ഒരു 4:30 യോടെ ഓഫീസില്‍ നിന്നും ഇറങ്ങി ഞാന്‍. ഇനി റൂമില്‍ പോയി ബാഗ്‌ ഒക്കെ എടുത്ത് റെയില്‍വേ സ്റ്റേഷന്‍ ലേക്ക് നീങ്ങണം. നടക്കുന്നതിനിടെ ഞാന്‍ എന്‍റെ കൂട്ടുകാരന്‍ മനോജ്‌ നെ  ഫോണില്‍ വിളിച്ച് നാട്ടിലേക്ക്  പോരുന്ന കാര്യമൊക്കെ സംസാരിച്ച് പോരുകയായിരുന്നു.


അങ്ങനെ നടന്നു കമ്പനിയുടെ ബസ്‌ ടെര്‍മിനല്‍ വരെ എത്തി. അവിടുന്ന്   'മജെസ്റിക്ക്' ലേക്ക് ഒരു വോള്‍വോ ബസ്‌ എടുക്കുന്നു അന്നേരം. "എടുത്തോട്ടെ, ഞാനെന്തായാലും ഇതിനു പിന്നിലെ ബസ്‌ നേ പോകുന്നുള്ളൂ- ഇഷ്ടം പോലെ സമയം ഉണ്ടിനിയും, പോരാത്തതിനു ബാഗും എടുക്കണം'. ഞാനെന്റെ സംസാരം തുടര്‍ന്നു... പക്ഷെ വണ്ടി വളച്ച് മുന്‍പില്‍ കൂടി എടുത്തപ്പോഴാണ്, ചില്ലില്‍ തല ചാരി പുറത്തേക്ക് നോക്കി ഇരുന്ന ഒരാളില്‍ എന്‍റെ കണ്ണ് ഒരാളില്‍ ഉടക്കിയത് - മാര്‍ത്ത, മാര്‍ത്ത കുരിയാക്കോസ് !!


ദൈവമേ അവളീ വണ്ടിയില്‍ ഉണ്ടാരുന്നോ? ഇവളും സ്റ്റേഷന്‍ ലേക്ക് തന്നെ. എന്‍റെ അതേ ട്രെയിന്‍ ഉം ആയിരിക്കണം, ശോ, ഒരല്പം നേരത്തെ ഇറങ്ങാരുന്നു... ഇനി ഇപ്പോ എന്താ ചെയ്യാ??


"ടാ.. ഹലോ.. ഹലോ.."
"ഓ സോറി മജോനെ, ഞാന്‍ ഒരു അത്യാവശ്യ.."
"എന്ത്?"
"അല്ല, ഞാന്‍ പിന്നെ വിളിക്കാം നിന്നെ. ഇപ്പൊ തന്നെ already വൈകി."
"അതിന് നിന്‍റെ ട്രെയിന്‍ 6:50 ന് ന്നല്ലേ പറഞ്ഞേ??"
"അതേ.. എന്നാലും നേരത്തെ ഇറങ്ങിയില്ലെങ്കില്‍ വല്ല ബ്ലോക്കും വന്നാലോ?  ശെരി എന്നാ... പിന്നെ വിളിക്കാം..." - ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു.


ഈ മാര്‍ത്ത എന്ന് പറയുന്ന ആളെ കമ്പനിയില്‍  വച്ച് ഒരുപാട് തവണ  കണ്ടിട്ടുണ്ട്, ഉച്ചക്ക് ഫുഡ് കഴിക്കാന്‍ പോകുമ്പഴോ ഒക്കെയായ്... എങ്കിലും ഇത് വരെയും സംസാരിച്ചിട്ടില്ല. അതിനെങ്ങനാ, ഞങ്ങള്‍ 4-5  പേര്‍ ഒന്നിച്ചാണ് ഉച്ചക്ക് ഇറങ്ങാര്. ഫുഡ്‌ കോര്‍ട്ടില്‍ ചെന്ന് കൂപ്പണ്‍ എടുക്കാന്‍  നില്‍ക്കുമ്പോളാ മിക്കപ്പോഴും മാര്‍ത്തയും കൂട്ടരും വരാറ്. അവര് സൈഡ് ഇല്‍ കൂടി പാസ്‌ ചെയ്യുമ്പോഴേ ഇവിടുന്നു കമന്റ്സ് തുടങ്ങും...


"ഹലോ.. ഞങ്ങളൊക്കെ ഇവിടെ ഉണ്ടേ..."


കുറച്ച് കാലം മുന്‍പത്തെ മലയാള സിനിമയില്‍ കലുങ്കിന്റെ പുറത്ത് ഇരുന്ന് ഡയലോഗ് അടിക്കുന്ന മുകേഷിനോടും  മണിയന്‍ പിള്ള രാജുവിനോടും ഒക്കെയെന്ന പോലെ അവളൊരു നോട്ടം പോലും തരാതെ നടന്നു നീങ്ങുമായിരുന്നു..


"ഇന്നിപ്പോ.. ഇതൊരു നല്ല ചാന്‍സ് ആരുന്നു. ഛെ, ഞാന്‍ മിസ്സ്‌ ആക്കിയല്ലോ എന്നാലും. "


"അല്ലേല്‍ അവളാരാ? ഞാനെന്തിനാ അവള്‍ടെ പുറകെ പോണേ? ഇത് വരെ തമ്മില്‍ മിണ്ടീട്ടില്ല, ഇനിയാണേലും അങ്ങനെയൊക്കെ തന്നെയേ ആവൂ.. പോട്ട് പുല്ല് !"- ഞാന്‍ സ്വയം സമാധാനിപ്പിച്ച് കൊണ്ട് മുന്നോട്ട് നടന്നു.


പക്ഷെ മനുഷ്യന്റെ കാര്യമല്ലേ.. 


"അല്ലാ, ബാഗെടുത്ത് വേഗം വച്ചടിച്ചാല്‍ 'കൊണപ്പന'  സ്റ്റോപ്പില്‍ നിന്നു ആ വണ്ടി പിടിക്കാമല്ലോ !!' - എന്‍റെ ഉള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന പൂവാല ബുദ്ധി ഉണര്‍ന്നു. ഞാന്‍ പോലും അറിയാതെ എന്‍റെ കാലുകളുടെ വേഗം കൂടി. റൂമില്‍ 
ചെന്ന് ബാഗും എടുത്ത് സ്റ്റോപ്പില്‍ എത്തിയപ്പോ പിന്നെയും 5 മിനിട്ടോളം എടുത്തു. എങ്കിലും ഭാഗ്യം എന്‍റെ കൂടെ ആരുന്നു- ഒരല്‍പ്പം  നാണത്തോടെ... പതുക്കെ... ആ 356 C ബസ്‌ എന്‍റെ മുന്നില്‍ വന്നു നിന്നു. എന്‍റെ lakshya ബോധത്തെയും ആത്മ സമര്‍പ്പണത്തെയും ഒന്നൂടെ സ്വയം അഭിനന്ദിച്ചു കൊണ്ട് ഞാനാ ബസില്‍ കൂളായി കയറി.


ഉള്ളില്‍ കടന്നു നോക്കീപ്പോ ഒരുപാട് സീറ്റുകള്‍ ഒഴിവുണ്ട്. മാര്‍ത്തയും ഒറ്റക്കൊരു സീറ്റില്‍ ഇരിപ്പുണ്ട്. എങ്കിലും അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ, അവള്‍ടെ അരികിലൂടെ നടന്ന് ഏറ്റവും ബാക്ക് സീറ്റില്‍ പോയിരുന്നു ഞാന്‍. അവിടെ ഇരുന്നാല്‍ ഏതാണ്ടൊരു കൂളിംഗ്‌ ഗ്ലാസ്‌ വയ്ക്കുന്ന ഗുണമാ, നമ്മള്‍ ആരെയാ നോക്കുന്നതെന്ന് അവരൊട്ടു അറിയുകയുമില്ല, ആരേലും ഇങ്ങോട്ട് നോക്കിയാ കൈയ്യോടെ പിടിക്കുകയും ചെയ്യാം !


ഞാന്‍ ശ്രദ്ധിച്ചു അവളെ- സ്വതവേ അല്പം ഗൗരവമുള്ള കൂട്ടത്തിലാണ് ആള്‍. ഇപ്പഴും പുറത്തെ കാഴ്ചകളും നോക്കി ഒറ്റ ഇരിപ്പാ. (എന്നെ കാണിക്കാനുള്ള ഇരിപ്പാണോ.. യേയ്). സാധാരണ ഒരു ബസ്‌ ആരുന്നേല്‍ ജനലില്‍ കൂടി കാറ്റടിച്ച് നീളമുള്ള മുടിയിഴകള്‍ ആ മുഖത്ത് പാറിപ്പറന്നേനെ- ഞാന്‍ അറിയാതെ ഒന്ന് കൊതിച്ചു പോയി...


പെട്ടെന്നാണത്   സംഭവിച്ചത്- അടുത്ത സ്റ്റോപ്പില്‍ നിന്നും കയറിയ ഒരുത്തന്‍ വന്ന് മാര്‍ത്തയുടെ സീറ്റില്‍ ഇരുന്നു !. അവനെ കണ്ടാലെ ഒരു അലവലാതി ലുക്ക്‌- ചുവന്ന ഒരു ടി-ഷര്‍ട്ടും നരപ്പിച്ച പാന്റ്സും ഒക്കെ ഇട്ട്, ചെവിയില്‍ ഒരു ഹെഡ്ഫോണും ഫിറ്റ്‌ ചെയ്ത ഒരുത്തന്‍. അവളാണേല്‍ അപ്പഴും ഒന്നും കൂട്ടാക്കാതെ ഇരിക്കുന്നു. പക്ഷെ എന്നോട് ഒരു വാക്ക് ചോദിക്കാതെ അവന്‍ അവിടെ ചാടിക്കേറി ഇരുന്നത് എനിക്ക് തീരെ പിടിച്ചില്ല. എന്‍റെ ശ്രദ്ധ ആ സീറ്റില്‍ മാത്രമായി.


ഏതോ പാട്ടിനു താളം പിടിച്ച് തലയാട്ടിക്കൊണ്ടിരുന്ന അവന്‍ 2 സ്റ്റോപ്പ്‌ കഴിഞ്ഞപ്പോ എഴുന്നേറ്റു. എനിക്ക് എന്തെന്നില്ലാത്ത ഒരു ആശ്വാസം തോന്നി. പക്ഷെ എന്‍റെ പ്രതീക്ഷകളെ ചെറുതായ് തെറ്റിച്ചു കൊണ്ട് അവന്‍ മാര്‍ത്തയുടെ സീറ്റിന്റെ തൊട്ടു പുറകില്‍ വന്നിരുന്നു. "അതെന്തിനാണാവോ? ആ ഏതായാലും അവള്‍ടെ സീറ്റില്‍ നിന്നും മാറിയല്ലോ, അത് മതി. ദൈവത്തിനു നന്ദി." - ഞാനും ഒരല്പ നേരം പുറം കാഴ്ചകളിലേക്ക് കണ്ണ് നട്ടു.


വണ്ടി നല്ല സ്പീഡില്‍ പോകുന്നുണ്ട്- 'Diary Circle' കഴിഞ്ഞു. ഞാന്‍ ഒന്നൂടെ മാര്‍ത്തയെ നോക്കി- ആള്‍ നല്ല ഉറക്കമാണ്. പാവം നല്ല ക്ഷീണം കാണും, ഉറങ്ങിക്കോട്ടെ..


പുറകില്‍ ഇരുന്നവന്‍ ആട്ടെ, അപ്പോഴേക്കും അവന്‍റെ മൊബൈല്‍ എടുത്ത് കളി തുടങ്ങിയിരുന്നു. പുറത്തെ വണ്ടികളും കെട്ടിടങ്ങളും ഒക്കെ പകര്‍ത്തി എടുക്കുന്നതിനിടെ മാര്‍ത്തയുടെ പടവും പതിയുന്നുണ്ടോ?- എനിക്ക് സംശയമായി-


 ഞാന്‍ വീണ്ടും അവനെ തന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി.. "സംഭവം ഉറപ്പില്ലേലും കേറിയങ്ങ്  ഇടപെട്ടാലോ??- ഇടപെടാം, കിട്ടിയ ഒരു ചാന്‍സ് നഷ്ടപ്പെടുത്തണ്ട."

ഞാന്‍ നടന്ന് മാര്‍ത്തയുടെ സീറ്റിന്റെ അടുത്തെത്തി. തൊട്ടു പുറകിലിരുന്ന എന്‍റെ ശത്രുവിനെ നോക്കി പറഞ്ഞു- "ഡിലീറ്റ് മാട് !!" (എവിടുന്നാ അതിനുള്ള ധൈര്യം അന്നേരം എനിക്ക് തോന്നിയെ എന്ന് ഇപ്പഴും  യാതൊരു പിടിയുമില്ലാ.. എങ്കിലും...)
അയാള്‍ തിരിച്ച് ചോദിച്ചു- "എന്ന ഡിലീറ്റ്??"


ഹോ... ഭാഗ്യം തമിഴനാണ്, സൂര്യയേയും വിജയ്‌ നെയും ഒക്കെ മനസിലോര്‍ത്ത്‌ ഞാന്‍ തമിഴിലങ്ങു  പേസി- "ടായ് നാന്‍ പാത്താച്, നീ ആ ഫോട്ടോ ഡിലീറ്റ് പണ്ണുങ്കോ !"
"എന്നാ.. നാന്‍ ഫോട്ടോ പിടിക്കറതുക്ക് ഉനക്ക് എന്നെ?" - അയാള്‍ തിരിച്ചടിച്ചു.
"എനക്ക് താന്‍.. നീ ഫസ്റ്റ് ഡിലീറ്റ് പണ്ണീട്ട് പേസുങ്കോ" - ഞാനും വിട്ടു കൊടുത്തില്ല.   


അയാള്‍ പിന്നെ കൂടുതലൊന്നും സംസാരിച്ചില്ല. സീറ്റില്‍ ചാരിക്കിടന്നു. ഫോട്ടോ ഡിലീറ്റ് ചെയ്തോ ഇല്ലയോ എന്ന് അന്വേഷിക്കാതെ ഞാന്‍ മാര്‍ത്തയുടെ സീറ്റിലും !. ഇതിനിടയില്‍ ഈ ഒച്ച ഒക്കെ കേട്ടു അവള്‍ എണീറ്റിരുന്നു. എന്നെ ഒന്ന് നോക്കി അവള്‍, പക്ഷെ ചിരിച്ചില്ല. "കുട്ടി ഇനി ഒന്നും പേടിക്കണ്ട, ആരും ഇനി ഒന്നും ചെയ്യില്ല. ഞാന്‍ ഇവിടെ തന്നെ ഇരിപ്പുണ്ട് !" എന്നൊക്കെ അവളോട് പറയണം എന്നുണ്ടാരുന്നെലും ഒച്ച പുറത്തേക്ക് വന്നില്ല.. എങ്കിലും ഞാന്‍ ഹാപ്പി ആരുന്നു.. ഒരു തുടക്കം ഇട്ടല്ലോ.. സ്റ്റാന്‍ഡില്‍ ബസ്‌ ഇറങ്ങിയാല്‍ പിന്നെ റെയില്‍വേ സ്റ്റേഷന്‍ ലേക്ക് ഒരു fly over ആണ്. ഒരല്‍പ്പം നടക്കാനുള്ള ദൂരമുണ്ടത്, അന്നേരം വിശദമായ് ഇവളെ പരിചയപ്പെടാം..  എന്‍റെ സ്വപ്‌നങ്ങള്‍ പയ്യെ ചിറകു വിരിക്കാന്‍ തുടങ്ങി..


വണ്ടി മജെസ്റിക് സ്റ്റാന്റ് എത്തി. അത്രയും നേരം എന്നോട് ഒന്നും മിണ്ടിയില്ലെങ്കിലും ഞാന്‍ പരിഭവിച്ചില്ല അവളോട്. പാവം, ഒരു തുടക്കം കിട്ടാത്തത് കൊണ്ടാവും.. ഞാന്‍ മുന്നില്‍ നടന്ന് വണ്ടിയില്‍ നിന്നും ഇറങ്ങി. അവളൂടെ ഇറങ്ങിയിട്ട് ഒരുമിച്ച് പോകാംന്ന് കരുതി നിന്ന എന്‍റെ തോളില്‍ പെട്ടെന്നാണ് ഒരു  കൈ പതിഞ്ഞത്. ഞാന്‍ തിരിഞ്ഞു നോക്കി- നല്ല കറുത്തിട്ടാണെങ്കിലും കണ്ടാലേ ഒരു 'യോ യോ' ലുക്ക്‌ ഉള്ള പയ്യന്‍- അവന്‍ എന്നോട് ചോദിച്ചു-


"എന്ന പ്രശ്നം ഉനക്ക്?"
"നമുക്കാകെ എന്ത് പ്രശ്നം?"
 "എനക്കാകെ അല്ലാ, അവന്ക്കാകെ" - ഇതും പറഞ്ഞു അവന്‍ എന്‍റെ പുറകോട്ടു വിരല്‍ ചൂണ്ടി.


നോക്കീപ്പോ നമ്മുടെ മൊബൈല്‍ പയ്യന്‍- "ദൈവമേ പണി പാളിയല്ലോ !" എന്ത് ചെയ്യണമെന്നറിയാതെ  നിന്ന എനിക്ക് നേരെ പക്ഷെ അവന്‍ പ്രതികാരത്തിനു പകരം കരുണയുടെ തെളിദീപം ആണ് നീട്ടിയത്.


"നാന്‍ അന്ത പൊണ്ണിന്റെ പടമെടുത്തത് നീ പാത്താച്ചാ??" 
ഞാന്‍ ഒന്നും മിണ്ടിയില്ല..
"പാത്താച്ചാ???"
"ഇല്ല..."

"പോതും... അത് പോതും..."- അത്രയും പറഞ്ഞു അവന്‍ തിരിച്ച് നടന്നു. 


ഞാനാകെ wonder അടിച്ച് നിന്നു പോയി- ഇങ്ങനെയും ഡീസന്റ് മനുഷ്യന്‍മാരുണ്ടോ? പാവം, അവന്, താന്‍ സത്യസന്ധന്‍ ആണെന്ന് എന്‍റെ വായില്‍ നിന്ന് ഒന്ന് കേള്‍ക്കണമെന്നേ ഉണ്ടാരുന്നുള്ളൂന്ന് തോന്നുന്നു... ആ ഏതായാലും തല്‍ക്കാലം രക്ഷപെട്ടു, ഇനി സ്റ്റേഷന്‍ ലേക്ക് പോകാം.


"അല്ലാ.. മാര്‍ത്ത എവിടെ?" - ഞാന്‍ ചുറ്റും നോക്കി. ഇല്ല അടുത്തെങ്ങും ഇല്ല. ഒന്നൂടെ ഒന്ന് പരതി നോക്കീപ്പോ ഞാന്‍  കണ്ടു അവളെ- ഫ്ലൈ ഓവറിന്റെ ഏകദേശം അങ്ങേ തലക്കല്‍, തിരിഞ്ഞൊന്നു നോക്കുക പോലും ചെയ്യാതെ, റെയില്‍വേ സ്റ്റേഷന്‍ ലാക്കാക്കി വച്ചടിക്കുന്നു അവള്‍ ! 






"Desp, ആ മൊബൈല്‍ പയ്യന്‍ 2 തല്ലു തന്നാരുന്നേല്‍ പോലും ഇത്രക്കും വേദനിക്കില്ലാരുന്നു. ഇതിപ്പോ.."


"ആ പോകാന്‍ പറ, മാര്‍ത്തയ്ക്ക് വിധിച്ചിട്ടില്ല എന്നെ, എന്ന് കരുതിയാ മതി. അല്ലാ പിന്നെ !"- ഞാന്‍ സ്റ്റേഷന്‍ ലക്ഷ്യമാക്കി സ്പീഡില്‍ നടന്നു-പ്രതീക്ഷകള്‍ തീര്‍ന്നിട്ടില്ലല്ലോ... ഓവര്‍ ബ്രിഡ്ജ് ഇറങ്ങി 5 ആം പ്ലാട്ഫോമില്‍ എത്തീപ്പഴേക്കും  'എറണാകുളം എക്സ്പ്രസ്സ്‌' പിടിചിട്ടുണ്ടാരുന്നു. ഞാന്‍ നടന്നു S6 നരികില്‍ എത്തി, സൈഡില്‍ ഒട്ടിച്ചിരുന്ന ചാര്‍ട്ടില്‍  എന്‍റെ  71 ന്റെ നില എന്താണെന്നു നോക്കി.


69---Bijukkuttan KP--------------- M ---- 23
70---Shyju --------------------------- M ---- 23
71---"ഞാന്‍"------------------------ M ---- 26
72---Prabhakaran Nair ---------- M ---- 58
73---Gomathi Prabhakaran ----- F ---- 54


ഹോ, സമാധാനം ആയി. ഇനി ഒന്നും നോക്കാനില്ല, കേറിക്കിടന്നങ്ങുറങ്ങിയേക്കാം ആലുവ വരെ. ഞാന്‍ ട്രെയിനകത്തെക്ക് കയറി. 'അപ്പര്‍ ബര്‍ത്ത് ആയതു കൊണ്ട് ആരുടെയും സൗകര്യം നോക്കേണ്ടി വന്നില്ല, നേരെ കയറിക്കിടന്നങ്ങുറങ്ങിയേക്കാം  ആലുവ വരെ. എങ്കിലും ഇടക്കെപ്പഴോക്കെയോ കണ്ണ് തുറന്നു നോക്കാന്‍ മറന്നില്ല ഞാന്‍- ഇനി മാര്‍ത്ത എങ്ങാനും ആ വഴിക്ക് വന്നാലോ !


-അനില്‍സ്
http://panchasarappothi.blogspot.com


PS:  ഈ കഥ പൂര്‍ണമായും നടന്നതല്ല. ഇതിലെ ആ 'മൊബൈല്‍ പയ്യന്റെ' part അല്‍പ്പം കൂട്ടി ചേര്‍ത്തതാണെന്ന് കൂട്ടിക്കോ - അവന്‍ ആ സീറ്റില്‍ കയറി ഇരുന്നതിന്റെ ആ ഒരു ഹാങ്ങ്‌ ഓവറില്‍ ഞാന്‍ ചിന്തിച്ചു കൂട്ടിയ ഓരോ കാര്യങ്ങള്‍... just 4 horror :-)


Wednesday, January 6, 2010

പുണ്യം ഒരുപാടെന്തിനാ ??


"നിമ്ഗെ ബേട് ദേദ്രെ, സുമ്നേ യാക് തക്കൊണ്ട്രീ, ബേറെ യാരാദ്രു  തിന്‍ തിദ്രു ??"  

'കന്നഡ' കാര്യായിട്ട് ഇത് വരെ ഒന്നും പഠിച്ചില്ലേലും, ആ പ്രായം ചെന്ന സ്ത്രീ എന്നെ നോക്കി പറഞ്ഞത് മുഴുവനായ് തന്നെ എനിക്ക് മനസ്സിലായി. എങ്കിലും തിരിച്ച് ഒന്നും പറയാതെ, കൈയ്യിലിരുന്ന പാത്രം നിലത്ത് വച്ച് ഞാന്‍ തിരിഞ്ഞു നടന്നു, ആ 'ക്യൂ' വിന്റെ അരികിലൂടെ...


"എടാ, നേരത്തെ തന്നെ എത്തിയേക്കണേ.. ചുമ്മാ ഇവിടെ കിടന്നു ഉറങ്ങിയേക്കരുത്"
"ഓ ശരി, കൃത്യം 11:30 യ്ക്ക് തന്നെ അവിടെ ഹാജരുണ്ടാവും ഞങ്ങള്‍"
"2 ആള്‍ക്കും കുളിക്കാന്‍ വെള്ളം ചൂടാക്കി വച്ചിട്ടുണ്ട്, പിന്നെ ഫുഡ് മേശപ്പുറത്ത് എടുത്ത് വച്ചിട്ടുണ്ട്. കഴിച്ചിട്ട് വേണം വരാന്‍."
"ഏറ്റു"- ഞാന്‍ കമ്പിളി കൊണ്ട് തല വഴി മൂടി വീണ്ടും കിടന്നു.


എന്‍റെ അമ്മായിയുടെ വക ആയിരുന്നു നിര്‍ദേശങ്ങള്‍ ഒക്കെയും. 'ജാലഹള്ളി' യിലാണ് അവര്‍ താമസം. അവിടുത്തെ പ്രശസ്തമായ അമ്പലത്തില്‍ ഇന്ന് എന്തൊക്കെയോ പൂജയും അന്നദാനവും ഉണ്ടെന്നു പറഞ്ഞാണ് എന്നെ വിളിച്ചു വരുത്തിയത്. ഏകദേശം 10 മണിയോടെ മാമനും അമ്മായിയും ഇറങ്ങി. പയ്യെ കുളിച്ച് ഓരോരോ TV പരിപടിക്കൊപ്പം  ഇരുന്ന് breakfast ഉം കഴിച്ചു സുഹേഷും(എന്‍റെ കസിന്‍) ഞാനും ഇറങ്ങാന്‍ പിന്നെയും ഒരുപാട് വൈകി.


"ടാ ഷൂസ് ഇടണ്ട, അമ്പലത്തിലെക്കല്ലേ പോണേ.."
"ഓ അതോര്‍ത്തില്ല..." - ഞാന്‍ അവിടെ കിടന്ന ഒരു ചെരുപ്പ് എടുത്തിട്ട് അവന്‍റെ  ബൈക്കിന്‍റെ പിന്നിലേക്ക് കയറി.


ഒരു 10 മിനിറ്റ് കൊണ്ട് ഞങ്ങളെത്തി. ഒരു ചെറിയ അമ്പലവും, കുറച്ച് ആള്‍ക്കാരെയും മാത്രം പ്രതീക്ഷിച്ച എനിക്ക് തെറ്റി. ഏറെ പണിപ്പെട്ടിട്ടാണ് ഒന്ന് അകത്ത് കയറിയത് തന്നെ. മണ്ഡലക്കാലം ആയത് കൊണ്ട്, അയ്യപ്പന്മാരുടെ തിരക്ക് വേറെയും..

ആദ്യത്തെ പണി, ആ തിരക്കിനിടയില്‍ അമ്മായിയെ കണ്ടെത്തുക എന്നതായിരുന്നു. മൊബൈലില്‍ വിളിച്ചപ്പോ  അവര്‍ ഏറെ മുന്നിലായിരുന്നു. കൈയ്യിലിരുന്ന കൂപ്പണ്‍ കാട്ടി ഇടയ്ക്കിട്ട് കയറാന്‍ ഒരു ശ്രമം നടത്തിയേലും രക്ഷ ഉണ്ടായില്ല. പിന്നെ പോയി അന്നദാനത്തിന്റെ  ക്യൂവിന്റെ ഏറ്റവും പുറകില്‍ നിന്നു.  

ഏകദേശം ഒരു 10 മിനിട്ടോളം ആ വെയിലത്ത് അങ്ങനെ നിന്നപ്പോ മടുത്തു.

"ടാ, ഇതെപ്പോ എത്താനാ അങ്ങ്..?"
"പെട്ടെന്ന്‍ എത്തും, ദാ ക്യൂ നീങ്ങുന്നുണ്ട്.."

"എന്തോരം ആള്‍ക്കാരാ, ഇവര്‍ക്കൊക്കെ ഒരു ഞായറാഴ്ച ആയിട്ട് വീട്ടില്‍ ഇരുന്നൂടെ, അല്ലേ? -ഞാന്‍ ചുമ്മാ പറഞ്ഞു.
"ഹഹ.."
"എന്തായാലും ഒരു കണക്കിന് ഈ ക്യൂ കിട്ടീതും നന്നായി !"
"അതെന്തേ??"
"അല്ലാ നിനക്ക് വിശക്കുന്നുണ്ടോ? ഇപ്പൊ തന്നെയല്ലേ നല്ല ലാവിഷ് ആയി breakfast കഴിച്ചേ !"
"അതും ശരിയാ.. പയ്യെ അങ്ങ് എത്തിയാ മതി. നന്നായി വിശക്കട്ടെ.. ഹി ഹി.."

ഒരുപാട് ആള്‍ക്കാര്‍ ഉണ്ടാരുന്നേലും പെട്ടെന്ന് തന്നെ ഞങ്ങള്‍ ഹാളില്‍ എത്തി. ആകെ തിരക്ക്.. ഒരു 4-5 വരികളിലായി ഇട്ടിട്ടുള്ള ബെഞ്ചുകളില്‍ ഇരുന്നു എല്ലാരും ഭക്ഷണം കഴിക്കുകയാണ്. അവിടെ സ്ഥലം കിട്ടാത്തവര്‍ നിലത്തും ഇരിക്കുന്നു.

 ഞാന്‍ എന്‍റെ കൈയ്യില്‍ കിട്ടിയ കട്ടിയുള്ള സ്റ്റീല്‍ പാത്രം വിളമ്പുകാരന്(അങ്ങനെ പറയാന്‍ പറ്റില്ല, ഏതോ കമ്മറ്റിക്കാരന്‍ ആണ്. അമ്പലം ട്രസ്റ്റ്‌ ന്റെ ബാഡ്ജ് ഒക്കെ കുത്തിയാണ് നില്‍പ്പ്) നേരെ നീട്ടി. പാത്രം നിറച്ചും ഇട്ടു പുള്ളി- ചോറും സാമ്പാറും അവിയലും, പിന്നെ കൂട്ടത്തില്‍ ഒരു ചെറിയ പിഞ്ഞാണത്തില്‍ പായസവും പപ്പടവും ഒക്കെ...

തൊട്ടടുത്ത് തന്നെ ഉണ്ടാരുന്ന ബെഞ്ചിലെ 2 കുട്ടികള്‍ എണീറ്റപ്പോ അവ്ടെ ചാടി ഇരുന്നു പയ്യെ കഴിക്കാന്‍ തുടങ്ങി ഞാന്‍. എങ്കിലും പകുതിക്ക് വച്ച് നിര്‍ത്തി. ഒന്നാമത് 'വൈറ്റ് റൈസ്' എനിക്കത്ര പഥ്യമല്ല, പോരാത്തതിനു വിശപ്പും വല്യ കാര്യമായിട്ടില്ല. ഞാന്‍ എണീറ്റു... അപ്പഴും എന്‍റെ തൊട്ടടുത്തിരുന്ന ആള്‍ നല്ല കാര്യായിട്ട് തന്നെ ഫുഡ് അടിക്കുന്നുണ്ടാരുന്നു.

ബാക്കി വന്ന ഭക്ഷണം ഒരു ഒരു ബക്കറ്റില്‍ തട്ടി, എന്‍റെ പാത്രവും ഗ്ലാസും ഞാന്‍ പയ്പ്പിനു അരികിലേക്ക് വച്ചു. അപ്പോഴാണ് അവ്ടെ വൃത്തിയാക്കാന്‍ ഇരുന്ന പ്രായം ചെന്ന ആ ചേച്ചി എന്നെ നോക്കി അത് പറഞ്ഞത്-

"ഇഷ്ടമല്ലെങ്കില്‍ എന്തിനാ ഈ ഭക്ഷണം എടുത്തേ സര്‍, ആവശ്യം ഉള്ള ആരേലും കഴിച്ചേനെയില്ലേ ഇത് ??"

ഞാന്‍ തിരിച്ചൊന്നും പറഞ്ഞില്ല, ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. തിരികെ നടന്നപ്പോഴാണ് ഞാനാ ക്യൂ ശരിക്കുമൊന്നു ശ്രദ്ധിച്ചത് തന്നെ- ഇപ്പഴും ഒരുപാട് ആള്‍ക്കാര്‍, കൂടുതലും കുട്ടികള്‍,  അത് മുന്നോട്ട് നീങ്ങുന്നതും കാത്ത് അവിടെ നില്‍പ്പുണ്ട്.

ഞങ്ങള്‍ താഴോട്ട് എത്തി. അമ്മായിയും മാമനും അവിടെ കാത്തു നില്‍പ്പുണ്ടാരുന്നു.

"നല്ല സദ്യ ആയിരുന്നല്ലേ?"- അമ്മായി ചോദിച്ചു.
"ആഹ്..."
"അവിയലൊക്കെ നമ്മള്‍ വീട്ടില്‍ വയ്ക്കുന്ന പോലെ തന്നെ, അല്ലേ?"
"അതേ"
"എടാ നിനക്കറിയോ? ഇവിടുത്തെ അന്നദാനത്തില്‍ കൂടിയാല്‍ ഭയങ്കര പുണ്യമാണെന്നാ വയ്പ്പ്.. നന്നായി പ്രാര്‍ത്ഥിച്ചോ..." -അമ്മായി സംസാരം തുടര്‍ന്നു കൊണ്ടേയിരുന്നു...

എനിക്കൊരു പ്രാര്‍ത്ഥനയേ ഉണ്ടാരുന്നുള്ളൂ- "ആ ക്യൂവില്‍ നില്‍ക്കുന്ന അവസാന ആള്‍ക്കും ഭക്ഷണം തികയണേ... !!"


*          *          *          *          *          *          *          *          *          *          *          *  

Friday, December 25, 2009

'ഇവിടം സ്വര്‍ഗം ആണ്' - മണ്ണിന്റെ മണമുള്ള ചിത്രം !

ഇന്ന് 'ഇവിടം സ്വര്‍ഗം ആണ്' കണ്ടു- കുറച്ച് നാളത്തെ കാത്തിരിപ്പിന് ശേഷം ലാലേട്ടന്റെ പക്കല്‍ നിന്നു ഒരു നല്ല പടം !
 

കാലത്താണ് X'mas പ്രമാണിച്ച് നാട്ടില്‍ എത്തിയെ, വന്നു food ഉം കഴിച്ച് നേരെ വിട്ടു theatre ലേക്ക്. അവിടെ ആണേല്‍, മോര്‍ണിംഗ് ഷോ കഴിഞ്ഞു ഇറങ്ങിയ ആളുകള്‍ "ജയ് ലാലേട്ടന്‍" വിളികളുമായ് തകര്‍ക്കുകയായിരുന്നു. MFA ന്റെ flex ഉം banner ഉം ഒക്കെയായ് മൊത്തത്തില്‍ ഒരു ഉത്സവാന്തരീക്ഷം. പടവും ഒട്ടും മോശമാക്കിയില്ല- സമകാലീന പ്രസക്തിയുള്ള, എന്നാല്‍ നമ്മള്‍ തീരെ അങ്ങട് ശ്രദ്ധിക്കാത്ത ഒരു വിഷയം- ഭൂ മാഫിയയുടെ കളികള്‍. അത് ലളിതമായ് ഒരു മാത്യൂസ്‌ ന്‍റെയും, ജെര്മിയാസ് ന്‍റെയും ആലുവ ചാണ്ടിയുടെയും കഥാപാത്രങ്ങളിലൂടെ റോഷന്‍ ആണ്ട്രൂസും ജയിംസ് ആല്‍ബര്‍ട്ടും വരച്ചു കാട്ടി.  

പടത്തിന്റെ highlight മോഹന്‍ലാല്‍ ന്റെ performance തന്നെ. 'Angel John' ലും 'Bhagavan' ലും ഒക്കെയായി കുടുങ്ങി കിടന്നിരുന്ന ലാലേട്ടന്റെ ശക്തമായ ഒരു തിരിച്ച വരവാണ് ഈ ചിത്രം. പ്രത്യേകിച്ച് 1st half ലെ humorous ആയ part. തന്‍റെ ആ പഴയ charm ഇനിയും ബാക്കി ഉണ്ടെന്നു തെളിയിക്കുന്നതായി അത്. ജഗതിയും, ലാലു അലക്സ്‌ ഉം എല്ലാരും തങ്ങളുടെ role കളോട് നീതി പുലര്‍ത്തി. (തിലകനും, ശങ്കര്‍ നും, പിന്നെ 3 നായികമാര്‍ക്കും special ആയി എന്തെങ്കിലും അഭിനയ മുഹൂര്‍ത്തങ്ങള്‍ ഉണ്ടെന്നു തോന്നിയില്ല. എങ്കിലും വന്നും പോയ ഓരോരുത്തര്‍ക്കും അവരവരുടെ പ്രാധാന്യം ഉണ്ടായിരുന്നു പടത്തില്‍)  

തന്‍റെ മുന്‍ ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായ ഒരു attempt ന് റോഷന്‍ ആണ്ട്രൂസ് ശ്രമിച്ചിരിക്കുന്നു ഇവിടെ. അതില്‍ അഭിനന്ദനങ്ങള്‍. എങ്കിലും ക്യാമറ അല്‍പ്പം കൂടി ശ്രദ്ധിക്കാമായിരുന്നു എന്ന് തോന്നി film കണ്ടപ്പോള്‍. 'UT' ലും 'നോട്ടുബുക്ക്' ലും മറ്റും കണ്ട ആ ഒരു ദൃശ്യ പൊലിമ ഇതില്‍ കാണാന്‍ കഴിഞ്ഞില്ല, അതിനുള്ള സാദ്ധ്യതകള്‍ ഏറെ ഉണ്ടായിട്ടും !. പിന്നെ, പടത്തില്‍ ഒരു പാട്ട് പോലും ഉള്‍പ്പെടുത്തിയിട്ടില്ല. അത് ശരി ആയോ തെറ്റ് ആയോ എന്ന് എനിക്ക് കൃത്യം അറിയില്ല. But overall, I enjoyed the movie a lot and for sure, it'll be a super hit of 2009 ! 

Congrats 2 the team !

Movie- 8/10 
Mohanlal- 9/10 
Theme- 9/10

Tuesday, December 1, 2009

പൊന്നമ്മ ടീച്ചര്‍ക്ക് സ്നേഹപൂര്‍വ്വം...

കാലത്ത് ഓഫീസ് ലേക്ക് നടക്കുന്നതിനിടെയാണ് പതിവില്ലാതെ ഗോകുല്‍ വിളിച്ചത്. എന്‍റെ ചെറുപ്പം മുതല്‍ക്കേ ഉള്ള കൂട്ടുകാരനാണവന്‍. സ്കൂളിലും ഞങ്ങള്‍ ഒന്നിച്ചാരുന്നു.

ഞാന്‍ ഫോണ്‍ എടുത്തു- "എന്താ അളിയാ?"
"നീ എവിടെയാ ഇപ്പോ?"- അവന്‍ ചോദിച്ചു.
"ഞാന്‍ ബാംഗ്ലൂര്‍, എന്ത്യേ?"

"നീ ഞാനയച്ച മെസ്സേജ് കണ്ടാരുന്നോ ഇപ്പോ?"
"ഇല്ല"
"എങ്കില്‍ അത് നോക്ക്"
"നീ കാര്യം പറയെടാ,  ഇനി അതൊക്കെ തുറന്നു നോക്കണ്ടേ !"
"ഇല്ല, നീ വായിക്കത് ആദ്യം."
"ശെരി.."- ഞാന്‍ മെസ്സേജ് ഓപ്പണ്‍ ചെയ്തു.

"Our old Settlement Headmistress Ponnamma teacher passed away !"

ഞാന്‍ വീണ്ടും ഫോണ്‍ എടുത്തു. പെട്ടെന്നൊന്നും പറയാന്‍ എനിക്ക് വാക്കുകള്‍ കിട്ടിയില്ല. എങ്കിലും..

"അളിയാ വായിച്ചു.."
"ഉം.. ഞാന്‍ പത്രത്തില്‍ കണ്ടാ അറിഞ്ഞേ. ഇന്ന് കാലത്ത് 10 മണിക്ക്  UC കോളേജ് കോമ്പൌണ്ടില്‍ വച്ചാ ചടങ്ങൊക്കെ.  നീ   നാട്ടില്‍ ഉണ്ടാരുന്നേല്‍ ഒന്നിച്ചു പോവാംന്നു കരുതിയാ വിളിച്ചെ.. ഇനിയിപ്പോ ഏതായാലും.."

നീ നമ്മുടെ പിള്ളേരെ ഒക്കെ ഒന്ന് അറിയിചേരെ "
"ok.."

"നല്ല ടീച്ചര്‍ ആയിരുന്നല്ലെടാ..??"- ഫോണ്‍ വയ്ക്കുന്നതിനു മുന്പ് അവന്‍ ഒന്നൂടെ ചോദിച്ചു.
"ശെരിക്കും !"- അതിന് മറുപടി പറയാന്‍ എനിക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടിയിരുന്നില്ല .

5 മുതല്‍ 10 വരെ ഞാന്‍ പഠിച്ചിരുന്ന "The Alwaye Settlement High School"- റബ്ബര്‍ മരങ്ങളും കന്നാര ചെടികളും ഒക്കെ അതിര് കാക്കുന്ന, ഏകദേശം 100 ഏക്കറോളം സ്ഥലത്തിന് നടുവില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന സ്കൂള്‍.. അവിടുത്തെ Head Mistresss ആയിരുന്നു പൊന്നമ്മ ടീച്ചര്‍. മുഴുവന്‍ പേര് പൊന്നമ്മ ജോണ്‍. കണ്ടാല്‍ ഒരു Anglo-Indian സ്ത്രീ ആണെന്നെ പറയൂ, അത് പോലെ നന്നായി വെളുത്ത് തടിച്ച് മുടി ഒക്കെ bob ചെയ്ത രൂപം. കവിളൊക്കെ നല്ല റോസ് കളര്‍ ആരുന്നു. എപ്പഴും well dressed അല്ലാതെ ഞാന്‍ ടീച്ചറെ കണ്ടിട്ടില്ല.

10 ആം ക്ലാസ്സ്‌ ആയപ്പോ ഓഫീസ് റൂമിന്‍റെ തൊട്ടടുത്തായിരുന്നു ക്ലാസ്സ്‌. ഏതെങ്കിലും പീരീഡ്‌  ഫ്രീ ആകുമ്പോ ക്ലാസ്സില്‍ തുടങ്ങുന്ന കലപില ശബ്ദങ്ങള്‍ പൊന്നമ്മ ടീച്ചറിന്റെ വരവോടെ  നില്‍ക്കുമായിരുന്നു. കൈയ്യില്‍ ചൂരലും, Geography ടെ ഒരു ടെക്സ്റ്റ്‌ ബുക്കും കാണും ഒപ്പം..

ആ ചൂരലിന്റെ ചൂട് ഞാന്‍ ഒരുപാട് തവണ അറിഞ്ഞിട്ടുണ്ട്. company ടെസ്റ്റ്‌ ന്റെ സമയത്തൊക്കെ 'നിങ്ങള്‍ടെ + പോയിന്റ്‌ എന്താ?' എന്നുള്ള കോളത്തില്‍ വെണ്ടയ്ക്ക അക്ഷരത്തില്‍ 'punctuality' എന്ന് എഴുതുമായിരുന്നെലും ആ കാര്യത്തില്‍ ഞാനൊരല്‍പ്പം weak ആരുന്നു സ്കൂള്‍ സമയത്തും. 9:30 ക്ക് തുടങ്ങുന്ന 'ബിജോ സര്‍' ന്റെ കെമിസ്ട്രി സ്പെഷ്യല്‍ ക്ലാസിനു ബസ്‌ ഒക്കെ പിടിച്ച് ഞാനെത്തുമ്പോ മണി 9:45 ആകും.

"സര്‍..."- വാതിലിനു മുന്‍പില്‍ നിന്നു ദയനീയ ഭാവത്തില്‍ ഒരു വിളിയാണ്.
ബിജോ സര്‍ നു യാതൊരു ഭാവഭേദവും ഉണ്ടാവില്ല, എന്‍റെ area യിലേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ സര്‍ ക്ലാസ്സ്‌ തുടരും. (അല്ല പുള്ളിയെ പറഞ്ഞിട്ടും കാര്യമില്ല, എത്ര തവണ എന്ന് വച്ചിട്ടാ ക്ഷമിക്കുന്നെ !). അതിനര്‍ത്ഥം പുറത്ത് തന്നെ നിന്നോളാന്‍ ആണ്. പയ്യെ ഞാനെന്റെ ബാഗ്‌ നിലത്തോട്ട് വച്ച് ആ ഭിത്തിയില്‍ ചാരി നില്‍ക്കും. ക്ലാസ്സ്‌ കഴിയുമ്പോ ബിജോ സാറിന്റെ കൈയ്യീന്ന് അടി കിട്ടുമല്ലോ എന്നുള്ള ചിന്തയില്‍ നില്‍ക്കുമ്പോള്‍ ആയിരുക്കും, അപ്പുറത്ത് നിന്നു പൊന്നമ്മ ടീച്ചര്‍ റോന്ത് ചുറ്റാന്‍ ഇറങ്ങുന്നെ. കാരണം ഒന്നും ചോദിക്കലില്ല, തുടയില്‍ 2 അടിയാണ്.. ഒന്നും മിണ്ടാതെ അങ്ങ് പോവുകയും ചെയ്യും.. അടിയുടെ വേദനയെക്കാള്‍ അന്നേരം എന്നെ വേദനിപ്പിച്ചിരുന്നത്, അതൊക്കെ front ബെഞ്ചില്‍ ഇരിക്കുന്ന Rachel ഉം Siji യും ഒക്കെ കാണുന്നുണ്ടല്ലോ എന്നതാരുന്നു..

ഹ ഹ.. അതൊക്കെ ഇപ്പോ ആലോചിക്കാന്‍ ഒരു സുഖം.. ടീച്ചറെ കുറിച്ച് ഓര്‍ത്തപ്പോ പക്ഷെ വിഷമവും..

ഞാന്‍ മൊബൈല്‍ വീണ്ടും എടുത്തു- ആരെയാ അറിയിക്കേണ്ടത്? ഒരുപാട് പേരുടെ മുഖങ്ങള്‍ മനസ്സിലൂടെ വന്നു- എങ്കിലും ആകെ Haseen ന്‍റെയും Febin ന്‍റെയും മാത്രേ നമ്പര്‍ കൈയ്യിലുള്ളു. അതില്‍ Febin ന്റെ കല്യാണം ആരുന്നു കഴിഞ്ഞ ആഴ്ച. ഞാന്‍ Haseen നെ വിളിച്ചു കാര്യം ടീച്ചര്‍ ന്റെ പറഞ്ഞു.

അവനും ഓഫീസ് ലേക്കുള്ള യാത്രയില്‍ ആരുന്നു. ദൂരനാട്ടില്‍ ആയിപ്പോയാലുള്ള പ്രശ്നങ്ങളെ പറ്റി പറഞ്ഞതിന് ശേഷം അവന്‍ തുടര്‍ന്നു- "ഏതായാലും ബാപ്പയെ വിളിച്ച് അവിടം വരെ ഒന്ന് ചെല്ലാന്‍ പറയാം, ബാപ്പയും ടീച്ചര്‍ ന്റെ student അല്ലേ !"

"ആഹാ അങ്ങനേം ഒരു relation ഉണ്ടാരുന്നോ?- ഞാന്‍ ചോദിച്ചു.
"പിന്നില്ലാതെ.. അതല്ലേ പണ്ട് assembly ക്ക് എന്നെ എന്തോ പ്രശ്നത്തിന് തട്ടില്‍ കയറ്റി എല്ലാരുടെം മുന്‍പില്‍ വച്ച് ചോദിച്ചത്- "നിന്‍റെ ബാപ്പ എന്ത് നല്ല സ്വഭാവം ആരുന്നു, നീ എന്താ ഇങ്ങനെ ആയിപ്പോയെ?" ഹഹ.. അനവസരത്തില്‍ ആണെങ്കിലും  അവനും ഒരു ചിരി ചിരിച്ചു എന്നോടൊപ്പം. ഓര്‍മകളുടെ മധുരം എന്നൊക്കെ പറയാം..

കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് വച്ചെങ്കിലും എന്‍റെ മനസ്സ് അങ്ങ് ആലുവയില്‍, എന്‍റെ സ്കൂള്‍ ദിനങ്ങളില്‍ തന്നെ ആയിരുന്നു. കട്ട വെയിലത്ത് നടത്തിയിരുന്ന അസ്സെംബ്ലിയില്‍ HM ആയ പൊന്നമ്മ ടീച്ചര്‍  ഒരു തട്ടില്‍ കയറി നില്‍ക്കും. ആദ്യത്തെ ഐറ്റം അന്ന് ബനിയന്‍ ഇടാതെയും അല്ലെങ്കില്‍ വള്ളിചെരുപ്പ് ഇട്ടു വന്നവരേയും 'പൊക്കല്‍' ആണ്. എന്നും ഉണ്ടാവുമായിരുന്നു വരിവരിയായ് കുറെ വിപ്ലവകാരികള്‍.. അവര്‍ക്കുള്ള സമ്മാനം കൊടുത്തിട്ടേ ടീച്ചര്‍ ബാക്കി കാര്യങ്ങളിലേക്ക് കടക്കുകയുണ്ടായിരുന്നുള്ളു. Discipline ന്റെ കാര്യത്തില്‍ അത്ര strict ആരുന്നു ടീച്ചര്‍.


 10 ആം ക്ലാസ്സ്‌ തീരാറായപ്പോ  വന്നെത്തിയ TOUR.. ടീച്ചറെ ഞാന്‍ ഏറ്റവും ഓര്‍ക്കുന്ന സംഭവം ആ ടൂറിനിടയിലാണ്  നടന്നത്..

ക്ലാസിലെ ഏകദേശം എല്ലാരും തന്നെ വരുന്നുണ്ട് 'ബ്ലാക്ക്‌ തണ്ടര്‍' തീം പാര്‍ക്കിലേക്കുള്ള ആ ട്രിപ്പിന്. പൊന്നമ്മ ടീച്ചര്‍ തന്നെ ആരുന്നു ടൂര്‍ ഹെഡ്. പോകേണ്ട ദിവസത്തിന് തലേന്ന് ടീച്ചര്‍ ആദ്യ വെടി പൊട്ടിച്ചു- "എല്ലാരും യൂണിഫോം ഇട്ടു വേണം നാളെ ടൂറിനു പോരാന്‍, എങ്കിലേ discipline keep ചെയ്യാന്‍ പറ്റൂ !". അത് കേട്ടതും എല്ലാരും desp. എങ്കിലും ആ വാക്കുകള്‍ക്ക് എതിരെ പറയാന്‍ ആര്‍ക്കും ധൈര്യം ഉണ്ടാരുന്നില്ല..

അങ്ങനെ വെള്ള ഷര്‍ട്ടും, മെറൂണ്‍ പാന്റ്സും ഒക്കെ ഇട്ടു ഞങ്ങള്‍ ഓരോരുത്തര്‍ ആയി വണ്ടിയില്‍ കയറി.. ആദ്യമാദ്യം reserve ചെയ്ത് വച്ച സീറ്റില്‍ തന്നെ എല്ലാരും ഇരുന്നെലും പയ്യെ സീറ്റ്‌ ഒന്നും ആര്‍ക്കും വേണ്ടാതായി.. പാട്ടും ഡാന്‍സ് ഉം ഒക്കെയായി സീന്‍ ഉഷാറായി. front ലെ സീറ്റില്‍ മുട്ട് കുത്തി നിന്നു, ഞങ്ങളെ നോക്കി പൊന്നമ്മ ടീച്ചര്‍ അന്ന് പാടിയ ഇംഗ്ലീഷ് പാട്ടിന്റെ ഒരു വാക്ക് പോലും എനിക്കിപ്പോ ഓര്‍മയില്ലെങ്കിലും, ആ രംഗങ്ങള്‍ ഓരോന്നും എന്‍റെ മനസ്സില്‍ മായാതെയുണ്ട് .

അങ്ങനെ വണ്ടി ബ്ലാക്ക്‌ തണ്ടര്‍ എത്തി- എല്ലാരും ഡ്രസ്സ്‌ ഒക്കെ മാറ്റി ഓരോ ride കളില്‍ കയറി enjoy ചെയ്ത്  തുടങ്ങി. കുറച്ച് നേരം കഴിഞ്ഞപ്പോ ചായ കുടിക്കാന്‍ വേണ്ടി ഒരു കടയുടെ മുന്‍പില്‍ കൂടി എല്ലാരും. പെണ്‍കുട്ടികള്‍ ഒരു section- അവരുടെ ഹെഡ് ആയിട്ട് പൊന്നമ്മ ടീച്ചര്‍, കുറച്ച് മാറി ബിജോ സാറിന്റെ നേതൃത്തത്തില്‍ ഞങ്ങള്‍ ആണ്‍കുട്ടികളും. മൊത്തം വെള്ളത്തിലുള്ള rides ആയത് കൊണ്ട് ആകെ നനഞ്ഞ് ഒട്ടിയാണ് കൂട്ടത്തില്‍ ഏറ്റവും മെലിഞ്ഞ എന്‍റെ നില്‍പ്പ്, പോരാത്തതിന് നല്ല തണുത്ത കാറ്റും- ചൂടുള്ള ആ ചായ കുടിക്കുമ്പോഴും ഞാന്‍ ചെറുതായി വിറയ്ക്കുന്നുണ്ടാരുന്നു..

പെട്ടെന്നാണ് ഒരു വിളി കേട്ടത്- "ടാ അനിലേ.. ഇങ്ങു വന്നേ.."
നോക്കീപ്പോ പൊന്നമ്മ ടീച്ചര്‍ ആണ് വിളിക്കുന്നെ. ഞാന്‍ കാര്യമറിയാതെ അങ്ങ് ചെന്ന് ടീച്ചര്‍നു മുന്‍പില്‍ നിന്നു.

"ഇതെന്ത് കോലമാടാ?"
ഞാന്‍ എന്നെ തന്നെ ഒന്ന് നോക്കി- ഒരല്‍പം ലൂസ് ആണേലും പുത്തനൊരു മഞ്ഞ T-ഷര്‍ട്ടും, പിന്നെ എന്‍റെ തന്നെ നല്ലൊരു പാന്റ്സ് വെട്ടി തയ്ച്ച ബുര്‍മുടയും !-  ഇതിനെന്താ കുഴപ്പം?- ഞാന്‍ മനസ്സില്‍ ചോദിച്ചു. എങ്കിലും ടീച്ചര്‍നോട് ഒന്നും മറുപടി പറഞ്ഞില്ല.

പെട്ടെന്ന് ടീച്ചര്‍ ഒന്ന് മുന്നോട്ടാഞ്ഞ്‌ എന്‍റെ T-ഷര്‍ട്ട്‌ ന്റെ കഴുത്തിന്‌ പിടിച്ച് ഒരു താഴ്ത്ത്. എന്നിട്ട് ഒരു ചോദ്യമായിരുന്നു - "എന്തെങ്കിലും കഴിച്ച് ഇത്തിരിയെങ്കിലും ഒരു തടി  വയ്പ്പിചൂടെടാ?"

 എന്താ ചെയ്യണ്ടേ, അല്ലെങ്കില്‍ പറയേണ്ടേ എന്നറിയാതെ ഞാനൊന്നു പകച്ചു. നോക്കുമ്പോ ടീച്ചര്‍ നു പിന്നില്‍ ഇരുന്നു പെണ്‍കുട്ടികളൊക്കെ വന്‍ ചിരി. അന്നെനിക്ക് വല്ലാതെ ദേഷ്യം തോന്നി ടീച്ചറോട്‌. പക്ഷെ പിന്നീട് പലപ്പോഴും ഈ കാര്യങ്ങളൊക്കെ ആലോചിച്ചു ചിരിക്കുമ്പോ.. ആ വാക്കുകളിലെ സത്യസന്ധത ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്..

എങ്കിലും ഇന്നെനിക്ക് ചിരി വന്നില്ല, ഒന്നും തിരിച്ചറിയാനും കഴിഞ്ഞില്ല. നമ്മളെ ഒരുപാട് സ്നേഹിച്ചിരുന്ന ആ വ്യക്തി ഇന്ന് ജീവനോടെ ഇല്ല എന്നറിഞ്ഞതില്‍ പിന്നെ. അവസാന നാളുകളില്‍ തീരെ വയ്യാതെ കിടക്കുകയായിരുന്നു ടീച്ചര്‍ എന്ന് ആരോ പറഞ്ഞ് അറിഞ്ഞു. ഒന്ന് പോവേണ്ടതായിരുന്നു ആ അടുക്കല്‍- സാധിച്ചില്ല.. ഒരുപാട് കാലം കൂടി ഒന്ന് ഓര്‍ക്കുന്നത് തന്നെ ഇന്ന് കാലത്ത് ഈ വിവരം അറിഞ്ഞതില്‍ പിന്നെയാണ്.. പലതും വെട്ടിപ്പിടിക്കുമ്പോള്‍ ചില കാര്യങ്ങളെങ്കിലും മറന്നു പോവുന്നുണ്ടോ?- അറിയില്ല.. ഞാന്‍ പോലും അറിയാതെ എന്‍റെ കണ്ണുകള്‍ നിറഞ്ഞു..
















ടീച്ചര്‍ക്ക്.. ഒരുപാട് സ്നേഹത്തോടെ..  ഒരായിരം സ്നേഹപുഷ്പങ്ങള്‍..


അനില്‍, 30th Nov 2009

Sunday, October 18, 2009

ഒരു എലിക്കഥ !



ഓഫീസില്‍ ഇരുന്നിട്ട് ഒരു രക്ഷയുമില്ല. ഇന്നലെ തുടങ്ങിയ ചുമയാണ്, ഇപ്പഴും ദാ ഒരു കുറവും ഇല്ല.  ഞാന്‍ 'ടൈ' യുടെ കുടുക്ക് അഴിച്ചു- 'ഇനി ശ്വാസം കിട്ടാഞ്ഞിട്ടാനെങ്കിലോ !'

എന്തായാലും റൂമിലേക്ക്‌ പോവാന്‍ തീരുമാനിച്ചു ഞാന്‍. അതിന്‍റെ ആദ്യ പടി ആയി, എന്നും എനിക്ക് പണി തരുന്ന TL നോട്‌ ചാറ്റ് വഴി സമ്മതം വാങ്ങി. അടുത്തത്‌  PM ആണ്. നേരെ അവരുടെ  cubicle ല്‍ ചെന്ന് പറഞ്ഞു-

"Ahistha, I'm not feeling well.."
"What happened??"
"Cough is there, also heavy headache.. I'm not able to look in to monitors as well.." - PM നോട്‌ പറയാനുള്ള രോഗ വിവരങ്ങള്‍  ഒക്കെ നടക്കുന്നതിനിടക്ക് ഞാന്‍ മനസ്സില്‍ തര്‍ജ്ജമ ചെയ്തിരുന്നു.

"Is it H1N1? He he.."- PM ചോദിച്ചു.
"I don't know, കൂട്ടത്തില്‍ 2 ചുമയും'- അതാരുന്നു എന്‍റെ മറുപടി.
"Just kidding, you can leave Anil.."
"Ok thanks Ahistha"- വൈകിട്ട് ജിമ്മില്‍ ഇടാനായെടുത്ത കുപ്പായവും ഷൂസും ഒക്കെ പൊതിഞ്ഞ് കെട്ടി എടുത്ത് ഞാന്‍ ഓഫീസ് വിട്ടിറങ്ങി.

പോകും വഴി ആണ് 'രാമകൃഷ്ണ ഹോസ്പിറ്റല്‍'..
 "Cough is there, also heavy headache.."- PM നോട്‌ പറഞ്ഞ അതേ രോഗലക്ഷണങ്ങള്‍ വച്ച്  മരുന്നും വാങ്ങി അവിടുന്ന്. 'തണുത്തത് ഒന്നും കഴിക്കരുത്‌, ബസ്സില്‍ സൈഡ് സീറ്റില്‍ ഇരിക്കരുത്‌, AC, Fan ഒന്നും പാടില്ല..'- അങ്ങനെ കുറെ ഉപദേശങ്ങളും. എല്ലാത്തിനും കൂടി 400 രൂപയോളം ഫീസും വാങ്ങി അവര്‍.

* * *

ഒരു 10 മിനിറ്റ് നടക്കാനുണ്ട് റൂമിലേക്ക്‌. പോകും വഴി ഒരു പാക്കറ്റ് ബിസ്ക്കറ്റ്, മിനറല്‍ വാട്ടറിന്‍റെ ഒരു കുപ്പി.. അങ്ങനെ ഒരു രോഗിക്ക്‌ അത്യാവശ്യം വേണ്ട ഐറ്റംസ് ഒക്കെ വാങ്ങിയിരുന്നു ഞാന്‍.   പോയി  മരുന്നൊക്കെ കഴിച്ച്  സുഖമായി ഒന്നുറങ്ങണം'- അത് മാത്രമാരുന്നു അപ്പോഴത്തെ എന്‍റെ ചിന്ത.

റൂമിന്‍റെ വാതില്‍ തുറന്നു അകത്ത്‌ കയറി ഞാന്‍. കൈയ്യില്‍ ഉണ്ടായിരുന്ന പൊതികള്‍ താഴെ വയ്ക്കാതെ തന്നെ കൈയെത്തിച്ച് ലൈറ്റ് ഇട്ടു..

"ശൂം.." - ഒരു തടിയന്‍ എലി അതാ റോക്കറ്റ് വിട്ട പോലെ അടുക്കളയില്‍ നിന്ന് ബെഡ്റൂമിലേക്ക്‌ ഒരു ഓട്ടം. അതിനു substitute എന്ന പോലെ ഒരു കുഞ്ഞെലി അടുക്കളയിലേക്കും !

എന്താ ചെയ്യണ്ടതെന്നറിയാതെ കുറച്ച് നേരത്തേക്ക്‌ അതേ നില്‍പ്പ്‌ നിന്നു ഞാന്‍ .  എങ്ങനേലും ഒന്ന് കിടന്നാ  മതി എന്ന് കരുതി വന്നതാ.. ഹോ..

ആ, എന്ത് നോക്കാന്‍. നമുക്ക്‌ കിടന്നല്ലേ പറ്റൂ. എലിക്ക്‌ എലിയുടെ കാര്യം, നമുക്ക്‌ നമ്മുടെ കാര്യം- ഞാന്‍ റൂംമേറ്റ്‌ ആയ വിപിന്‍ ന്‍റെ കട്ടിലില്‍ ചവുട്ടി എന്‍റെ കട്ടിലിലേക്ക് ചാടി. ഫോണെടുത്ത്‌ അവനെത്തന്നെ വിളിച്ചു.

വൈകുന്നേരത്തെ ചായയും കുടിച്ച് cubicle mate മായ്‌ ചുമ്മാ കത്തി വച്ചിരിക്കുകയായിരുന്നു അവന്‍ അപ്പോ. നോക്കിയപ്പോഴാണ് പതിവില്ലാതെ എന്‍റെ call.

"ഹലോ.."
"ആ ഹലോ അളിയാ, ഇവിടാകെ എലി !"- ഞാന്‍ പറഞ്ഞു.
"എവിടെ ഓഫീസ് ലോ??"
"അല്ലെടാ ഇവിടെ നമ്മുടെ വീട്ടില്‍ !"
"വീട്ടിലോ?, എന്ത് പറ്റി ഈ നേരത്ത്?"
"ആകെ വയ്യെടാ.. അതോണ്ട് ഞാനുച്ച കഴിഞ്ഞിങ്ങു പോന്നു"
"എന്നിട്ട് മരുന്നൊക്കെ വാങ്ങിയോ?"
"ഉവ്വ്, ഗുളിക ഒക്കെ കഴിച്ച് ഒന്ന് കിടക്കാം ന്നു കരുതിയപ്പോഴല്ലേ.. ഈ എലി.."
"എന്നിട്ടെന്തായി?"
"എന്താവാന്‍, ഞാന്‍ തന്ത്രപരമായ്‌ കട്ടിലിന്‍റെ പുറത്ത്‌ കയറി കിടക്കുവാ. ഒരു സ്വയരക്ഷക്കായി താഴേക്ക്‌ ഞാന്നു കിടന്ന ബെഡ്ഷീറ്റ് ഒക്കെ വലിച്ച് മേലേക്കിട്ടു."
"അതെന്തിനാ?"
"അല്ല, എലി ഇനി അതേ തൂങ്ങി മേലോട്ട് കേറണ്ട !"
"നിന്‍റെ കട്ടില്‍ വായുവില്‍ ഒന്നുമല്ലല്ലോ? 4 കാലില്ലേ അതിന്, അതേ പിടിച്ച് കേറിക്കൂടെ എലിക്ക്‌?"
"എന്നാലും നമ്മളായിട്ട് ഒരു വഴി ഇട്ടു കൊടുക്കണ്ട എന്ന് കരുതി".
"കൊള്ളാടാ, വെയില്‍ കൊള്ളിക്കണ്ട നിന്‍റെ ബുദ്ധി !"- വിപിന്‍ എന്നെ ഒന്നാക്കി. 

"ടാ സീരിയസ് ആയിട്ടും.. അടുക്കളയില്‍ നിന്നു ദാ ഇപ്പഴും 'കിര് കിരാ' ന്നു ശബ്ദം കേള്‍ക്കാനുണ്ട്. ഇനീം ഉണ്ട്ന്നു തോന്നണു സംഭവം"- ഞാന്‍ പറഞ്ഞു.
"അതൊരു പക്ഷെ ഇന്നലെ sink ന്‍റെ pit ല്‍ ഞാനും ചെക്കനും (എന്‍റെ അടുത്ത റൂംമേറ്റ്) കൂടി കുടുക്കിയിട്ട എലിയാകും. അത് മുകളിലേക്ക്‌ കയരിപ്പോരാതിരിക്കാന്‍ 2 ഇഷ്ട്ടിക കഷണങ്ങളും വച്ചാരുന്നു മുകളില്‍.."
"ഓ ശരിയായിരിക്കും. ഞാനും കണ്ടാരുന്നു കാലത്ത്‌. ഇനി ഒരു പക്ഷെ ബാക്കി ഈ എലികള്‍ വന്ന അതിനെ രക്ഷിക്കാന്‍ നോക്കുവായിരിക്കുവോ? ഹി ഹി.."
"പോടാ.."
"എന്തായാലും ഞാനൊന്നു നോക്കട്ടെ" - ഫോണ്‍ കട്ട് ചെയ്തു ഞാന്‍.

* * *

വിപിന്‍ തന്‍റെ പ്രോജക്ട് ഡിസ്കഷന്‍ തുടര്‍ന്നു. അപ്പൊ ദാ വീണ്ടും ഫോണ്‍ അടിക്കുന്നു. (സംശയിക്കണ്ട, ഞാന്‍ തന്നെയാണ്)

"എന്താടാ??" വിപിന്‍ ചോദിച്ചു.
"അളിയാ, അത് തന്നെ !"
"എന്ത്?"
"നമ്മള്‍ സംശയിച്ചത് ശരിയാണ്. ഞാന്‍ പോയി നോക്കുമ്പോ ഒരെലി ചെന്ന് ആ ഇഷ്ടിക തള്ളി നീക്കാന്‍ നോക്കുവാ !"
"പിന്നേ.."
"ശരിക്കും.. ഇതുങ്ങള് തമ്മിലും communication ഒക്കെ ഉണ്ട്ടാ. ആ കുഴീല്‍ പെട്ട് കിടക്കുന്നതിനെ രക്ഷിക്കാന്‍ ബാക്കിയെല്ലാം കൂടി ടീം ആയിട്ട് വന്നേക്കുവാ !"
"ഓഹോ.. നീയൊരു വടിയെടുത്ത്‌ അതിനെ ഒക്കെ തല്ലിക്കൊല്ല്"- വിപിന്‍  പറഞ്ഞു.
"അല്ലാ, എലി.. ഞാന്‍.."
"പേടിയാണോ നിനക്ക്‌?"
"പേടിയൊന്നുമില്ല, എന്നാലും ഞാനിത്‌ വരെ എലിയെ കൊന്നിട്ടില്ല."
"ഛെ, നാണമില്ലേ നിനക്കിത്‌ പറയാന്‍. ഞാനോ ചെക്കനോ മറ്റോ ആയിരിക്കണമാരുന്നു... Rats are too silly mann.."
"എന്തായാലും നിങ്ങളാരേലും വാ.. ഞാനേതായാലും വയ്യാണ്ടായിപ്പോയി. അല്ലേല്‍ ഒരു കൈ നോക്കാരുന്നു."
"പോടാ ഇവ്ടുന്ന്, ഒന്നൂല്ലേലും 10-26 വയസ്സായില്ലേ. ഒരെലിയെപ്പോലും കൊല്ലാന്‍ ആവൂല്ലാന്നു വച്ചാല്‍.."- വിപിന്‍ വീണ്ടും.
"ടാ, വല്ലാണ്ട് തലവേദന എടുക്കുന്നു.. ഞാന്‍ കിടക്കട്ടെ.. എന്തായാലും ബെഡ്റൂം ന്‍റെ വാതില്‍ അടച്ചിട്ടുണ്ട് ഞാന്‍. അടുക്കളയില്‍ നിന്നു വല്ല എലിയും ഇനി ഇങ്ങട്‌ വരണ്ട."
"ആ ശരി എന്നാ, കിടന്നുറങ്ങ്."- വിപിന്‍ ഫോണ്‍ വച്ചു.

* * *

"ഒരെലിയെപ്പോലും കൊല്ലാന്‍ ആവൂല്ലാന്നു വച്ചാല്‍.."- വിപിന്‍റെ ആ വാക്കുകള്‍ എന്‍റെ ഹൃദയത്തില്‍ തറച്ചു. "അല്ലാ, ഒരു കൈ നോക്കിയാലോ?"- പെട്ടെന്ന് മനസ്സിലൂടെ കുറെ കാലം മുന്‍പത്തെ ഒരു സംഭവം ഓടി വന്നു. അതിലെയും ഇതിലെയും ജീവികളെ compare ചെയ്യാന്‍ പറ്റില്ല, എങ്കില്‍ പോലും..

അന്ന് ഞാന്‍ പ്രീ-ഡിഗ്രി ക്ക് പഠിക്കുന്ന കാലം. ഒരു ദിവസം അച്ചാച്ചന്‍ പെട്ടെന്ന് വന്നു വിളിച്ചു- "അരൂ, കണ്ണാ.. വേഗം വാ, അവിടെ ഗോപിയുടെ വീട്ടില്‍ ഒരു പാമ്പ്‌ കയറി. അകത്തൂന്ന് ആ ചൂരലും എടുത്തോ !" (FYI- ഇതില് 'ഗോപി' എന്ന് പറയുന്നത് എന്‍റെ അച്ഛന്‍റെ അനിയന്‍, 'അരുണ്‍' എന്‍റെ ചേട്ടന്‍, പിന്നെ 'കണ്ണന്‍' ഞാന്‍.)

കേട്ടപാടെ ചാടി ഇറങ്ങിയില്ലേ  ഞാനും ചേട്ടനും. അച്ചാച്ചന്‍ മുന്നിലും, ഞങ്ങള്‍ രണ്ടാളും  വടിയൊക്കെ  പിടിച്ച് പുറകെയും. 2 അടി നടന്നപ്പഴാ  ഓര്‍ത്തേ- "അല്ലാ, പാമ്പിനെ അല്ലേ കൊല്ലാന്‍ പോണേ.. എന്‍റെ അമ്മേ, മനസിലൂടെ ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞു അപ്പൊ. എന്തായാലും നടന്ന് ഇളയച്ഛന്റെ വീടെത്തി അപ്പഴേക്കും..

ഏറ്റവും പുറത്തായി ഗ്രില്ലിട്ട ഒരു റൂമിലാണ് ഒരു 'ചേര' കയറിയിരിക്കുന്നത്. വെളുത്തുള്ളി, മണ്ണെണ്ണ തുടങ്ങിയ നാടന്‍ രീതികള്‍ പരീക്ഷിച്ച് പരാജയപ്പെട്ട്  ഒരു 3-4 ആളുകള്‍ പുറത്ത്‌ നില്‍പ്പുണ്ട്. വടിയൊക്കെ പിടിച്ച് 'കടത്തനാടന്‍ അമ്പാടി' style ല്‍ അച്ചാച്ചനും പിള്ളേരും വരണ സീന്‍ കണ്ട് അവരൊക്കെ വഴി മാറി.

എന്ത് ചെയ്യണം എന്നൊരു പിടിയില്ല. അച്ചാച്ചനൊരു തുടക്കമിടുംന്നുള്ള പ്രതീക്ഷയില്‍ നോക്കിയപ്പോ- "പിന്നെ നിന്നെയൊക്കെ എന്തിനാടാ കൊണ്ട് വന്നേ??" എന്നാ ഭാവത്തില്‍ അച്ചാച്ചന്‍ ഇങ്ങട്‌ നോക്കുന്നു. പക്ഷെ ഭാഗ്യത്തിന് ചേട്ടന്‍ അല്‍പ്പം  ധൈര്യവാനായിരുന്നു. വലത്തേ കൈയ്യില്‍ വടി ചുഴറ്റി ചേട്ടന്‍ പയ്യെ മുന്പോട്ട് നീങ്ങി. ഗ്രില്ലില്‍ കൂടി നോക്കിയാല്‍  പാമ്പിനെ കാണാം. എല്ലാരും പ്രതീക്ഷിച്ചു- ഇപ്പോ ചേട്ടന്‍ അകത്ത്‌ കയറി  അതിനെ ഓടിച്ച് വിടും. പക്ഷെ സംഭവിച്ചത്‌ മറ്റൊന്നാണ്‌. പുറത്ത്‌ തന്നെ നിന്നോണ്ട് ചേട്ടന്‍ വടി കൊണ്ട്  ഗ്രില്ലില്‍ 4-5 അടി !. എന്നിട്ട് ഒരു ഡയലോഗും-

"പോടാ.. പോടാ.. ഇറങ്ങിപ്പോവാന്‍.."

പിന്നെ പാമ്പിനല്ലേ മലയാളം മനസ്സിലാവുന്നെ !. അനങ്ങി പോലുമില്ല അതവിടുന്ന് . എന്തായാലും തൊട്ടടുത്ത് workshop നടത്തുന്ന മോഹനന്‍ ചേട്ടന്‍ ആ വഴി അപ്പോ വന്നത് കൊണ്ട് രക്ഷപെട്ടു. പുള്ളി അകത്ത്‌ കയറി സംഭവത്തെ ഓടിച്ച് വിട്ടു.

* * *
ഈ കാര്യം ഓര്‍ത്തപ്പോ  ഞാനൊരു തീരുമാനം എടുത്തു- "വേണ്ട, ഇപ്പോ ഒരു സാഹസത്തിനു പോവണ്ട. എലിക്ക്‌ എലിയുടെ പാട്, നമുക്ക്‌ നമ്മുടെ..". ആ 4 മണി നേരത്തും ഞാന്‍ കമ്പിളിയെടുത്ത് തലവഴി മൂടി.

അപ്പോഴും അടുക്കളയില്‍ നിന്നു 'കിര് കിരാ..' ശബ്ദം കേള്‍ക്കുന്നുണ്ടാരുന്നു..

* * *

ഒരു 10 മിനിറ്റ് കഴിഞ്ഞിട്ടുണ്ടാവും- വിപിന്‍ ന്‍റെ മൊബൈലില്‍ വീണ്ടും എന്‍റെ കാള്‍- "Priyanka, 1 mintte.. I'll come in a while"- അവന്‍ സീറ്റില്‍ നിന്നു എണീറ്റ് pantry area യില്‍ ചെന്ന് ഫോണ്‍ എടുത്തു.

"എന്താടാ... എലി നിന്നെ പിടിച്ച് തിന്നോ???"
"അല്ലളിയാ.. ഞാന്‍ പറഞ്ഞില്ലേ ഇങ്ങോട്ട് യാതൊരു ശല്യവും ഉണ്ടാവാതിരിക്കാന്‍ ഞാന്‍ ബെഡ് റൂമിന്‍റെ വാതില്‍ close ചെയ്തൂന്ന്..."
"ഉവ്വ്.."
"അങ്ങനെ ഒന്ന് സമാധാനം ആയി കിടക്കുവാരുന്നു. അപ്പഴാ 'പട പടാ പടാ..' ന്ന് 4-5 മുട്ട് വാതിലില്‍. ഇവിടെ ബെഡ് റൂമില്‍ ഉണ്ടാരുന്ന ഒരെണ്ണത്തിനു  പുറത്തോട്ട് പോണം!. ആകെ desp ആടാ ഇവിടുത്തെ അവസ്ഥ. എന്‍റെ മനസമാധാനം ആകെ പോയി."
"ഹ ഹ ഹ.. നിനക്കിത്‌ തന്നെ വരണം. ഞാനപ്പഴേ പറഞ്ഞതല്ലേ.."
"എന്ത്?"
"എല്ലാത്തിനേം തല്ലിക്കൊന്നു പള്ളേല്‍ കളയാന്‍.."
"എന്തുവാടാ ഇത്? ഒരു സുഹൃത്ത് ഒരു ആപത്തില്‍ പെട്ട ഇരിക്കുംപോളാണോ ഇത് പോലെ ചങ്കില്‍ കൊള്ളുന്ന വര്‍ത്തമാനം പറയുന്നേ? നീ ഏതായാലും നേരത്തെ വരാന്‍ നോക്ക്, OK.."
"ശരി ഫോണ്‍ വയ്ക്ക്‌ നീയ്‌. ഇവ്ടെയേ മീറ്റിംഗ് തുടങ്ങാറായി,  bye. വിപിന്‍ ഫോണ്‍ കട്ട്‌ ചെയ്തു.

അപ്പഴും background ല്‍ അടുക്കളയില്‍ നിന്ന് തട്ടലിന്‍റെയും മുട്ടലിന്‍റെയും ശബ്ദം കേള്‍ക്കാരുന്നു. 'എന്നാലും ഈ എലികള്‍ക്കും ഇത്ര സ്നേഹമോ?'- നമ്മുടെ നാട്ടിലെ റോഡില്‍ വാട്ടര്‍ അതോറിട്ടിക്കാര്‍ കുഴിച്ച കുഴിയില്‍ വീണ ഒരു കാല്‍നടക്കാരനെയും അയാളെ പിടിച്ച് കയറ്റാന്‍  ശ്രമിക്കുന്ന നാട്ടുകാരുടെയും ഒരു ചിത്രം എന്‍റെ മനസ്സില്‍ തെളിഞ്ഞു. എന്നാലും ഇവിടെ ഇപ്പോ ഇത്.. എലിയല്ലേ..

ഒരു 2 മിനിറ്റ് ഞാന്‍ ആലോചിച്ചു, പിന്നെ എണീറ്റു. നേരെ പോയി ഊരി വച്ചിരുന്ന ഷൂസ് കാലില്‍ എടുത്തിട്ടു, ചെന്ന് TV യുടെ സൈഡില്‍ വച്ചിരുന്ന  ഒരു വിക്കറ്റ് ഉം  കയ്യിലെടുത്തു. എവിടുന്നാണ് അപ്പഴാ ധൈര്യം എനിക്ക് വന്നു ചേര്‍ന്നത് എന്നറിയില്ല. എങ്കിലും അടുക്കളയെ ലക്ഷ്യമാക്കി ഞാന്‍ നടന്നു.

അവിടെ വേറെ ബഹളങ്ങള്‍ ഒന്നുമുണ്ടാരുന്നില്ല അന്നേരം. ഒരു 5 അടി ദൂരെ നിന്ന് വിക്കറ്റ് കൊണ്ട് പയ്യെ ആ pit ന്‍റെ അടപ്പ്‌ തള്ളി നീക്കി. എന്നിട്ട് ചില സിനിമകളുടെ അവസാനം നായകന്‍ വില്ലനെ നോക്കി പറയും പോലെ ഒരു ഡയലോഗും- "പോ, എവ്ടെലും പോയി ജീവിക്ക്‌. ഇനി എന്‍റെ കണ്‍വെട്ടത്ത് വന്നേക്കരുത്‌ !"

ഞാന്‍ തിരിച്ച് നടന്നു. അപ്പഴും, അടുക്കളയുടെ വാതില്‍ ചാരാന്‍ ഞാന്‍ മറന്നില്ല...

എലിവാല്‍ക്കഷ്ണം: എന്നും 7 മണിക്ക്‌ റൂമിലെത്തുന്ന എന്‍റെ പ്രിയ റൂംമേറ്റ് അന്നെത്തിയത് 9:30 ക്ക്, മീറ്റിംഗ് നീണ്ടത്രെ !  എങ്കിലും പിന്നീടുള്ള 2-3 ദിവസങ്ങള്‍ എലികള്‍ക്കെതിരെ വിട്ടുവീഴ്ച ഇല്ലാത്ത പോരാട്ടമാരുന്നു ഇവിടെ. തൊട്ടടുത്ത റൂമിലെ ചിലര്‍ വരെ നമുക്ക്‌ സഹായം വാഗ്ദാനം ചെയ്തെത്തി.  അവര്‍ക്ക്‌ വടി എടുത്ത് കൊടുത്തും,  കൃത്യ സമയത്ത് വാതിലുകള്‍  അടച്ച് എലിയെ ഒറ്റപ്പെടുത്തിയും ഞാനും എന്‍റെ പോരാട്ടവീര്യം തെളിയിച്ചു !

:-)
അനില്‍സ്

Wednesday, May 13, 2009

സാഗര്‍ ഏലിയാസ്‌ ജാക്കിയും ഇസഹാക്കും !




അങ്ങനെ ഇന്നു വീണ്ടും  ‘ സാഗര്‍ ഏലിയാസ്‌ ജാക്കി ‘ ക്ക്‌ പോവാന്‍ തീരുമാനിച്ചു. കഴിഞ്ഞ ഒരു 10 കൊല്ലത്തിനിടയില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ കാത്തിരുന്ന പടം. നാട്ടില്‍ പോയപ്പോ പാതി നിറഞ്ഞ തീയേറ്ററില്‍ ഇരുന്ന്‌ ഒരു വട്ടം കണ്ടതാ. എങ്കിലും "നീ വരണുണ്ടോ?? എന്ന്‌ roommates‌ ചോദിച്ചപ്പോ "ഇല്ല" എന്നു പറഞ്ഞില്ല. പോരാത്തതിനു പടത്തിനു ബാംഗ്ളൂര്‍ ലെ സ്വീകരണം എങ്ങനുണ്ട്‌ എന്നും അറിയാല്ലൊ..


അങ്ങനെ രാവിലെ ഇറങ്ങി വീട്ടീന്ന്‌- ഞങ്ങള്‍ 6 പേര്. അതില്‍ വിപിനും ആനന്ദിനും വല്യ താല്‍പര്യം ഒന്നും ഉണ്ടാരുന്നില്ല ഈ പടത്തിന്‌. നാട്ടീന്നു അത്ര നല്ല റിപ്പോര്‍ട്ട് ഒന്നുമല്ലല്ലോ പടത്തിനെ കുറിച്ച്‌ വന്നത്‌. ‘ തുടക്കം മുതല്‍ ലാലേട്ടന്‍ കാറില്‍ നിന്നും ഇറങ്ങുന്നു, ചുമ്മാ മ്യുസിക്കും ഇട്ടു അങ്ങോട്ടും ഇങ്ങോട്ടും  നടക്കുന്നു.. ‘ - ഇങ്ങനൊക്കെ അല്ലേ ചിലര്‍ പടത്തെ കുറിച്ച്‌ പ്രചരിപ്പിച്ചേ. പക്ഷെ ബാക്കി ഉള്ള 4 പേരും (ശ്രീജിത്ത്‌, മിഥുന്‍, ഇസഹാക്ക്‌, പിന്നെ ഈ ഞാന്‍) കട്ട ലാലേട്ടന്‍ ഫാന്‍സ്‌. എല്ലാരും ഓരോ വട്ടം പടം കണ്ടവര്‍. ഇസഹാക്ക്‌ ആണേല്‍ already 2 വട്ടം കണ്ടു കഴിഞ്ഞു. "എനിക്കിനീം വയ്യ, വേറെ ഏതേലും പടത്തിനു കയറാം" എന്നവന്‍ ഇറങ്ങിയപ്പോ തൊട്ട്‌ പുലമ്പുന്നുണ്ടാരുന്നു. പക്ഷെ ആരു കേള്‍ക്കാന്‍..

ബസ്സില്‍ കേറിയപ്പോ മുതല്‍ വിപിനും ആനന്ദും പറഞ്ഞു തുടങ്ങി- "പടം വെറുതെ bore‍ ആയിരിക്കും, അങ്ങനാണല്ലോ എന്റെ ഫ്രണ്ട്സ്‌ പറഞ്ഞേ.."
"ഒന്നു പോയേടാ ഇവ്ടുന്ന്‌"- ശ്രീജിത്തിന്‌ ഇഷ്ടപ്പെട്ടില്ല അവരുടെ സംഭാഷണം.
"ഒരു കഥയും ഇല്ലാന്നാ കേട്ടേ"
"പിന്നേ.. സിനിമയ്ക്ക്‌ കഥ വേണംന്നു‌ നിര്‍ബന്ധം ഉണ്ടോ?? അതിന്റെ ക്യാമറ വര്ക്ക്‌ ശ്രദ്ധിക്ക്‌, മ്യൂസിക്‌ കേള്‍ക്ക്‌. അല്ലാണ്ട്‌ വെറുതെ.. പിന്നെ ലാലേട്ടനല്ലേ നായകന്, വേറെന്ത്‌ വേണം?" -ശ്രീജിത്ത്‌ വീണ്ടും.
"ലാലേട്ടന്‍.. കണ്ടാലും മതി. എന്ത്‌ തടിയാ?? നായിക ആയിട്ട്‌ ഭാവനയും. കൊള്ളാം!!"
"എടാ മനുഷ്യന്മാരായാല്‍ ഇത്തിരി തടി വേണം. അതാ കേരളത്തിലെ സൌന്ദര്യ സങ്കല്‍പം. ലേശം കുടവയറും കൂടി ഉണ്ടേല്‍ OK‌ ആയി. അല്ലാതെ ഈ ചോക്കളേറ്റ്‌ നായകന്മാരെ ഒക്കെ മലയാളികള്‍ അംഗീകരിക്കുവോ?? പിന്നെ നായികേടെ കാര്യം.. ഇപ്പൊ അവളൊക്കെ അല്ലേ ഉള്ളൂ. ബാക്കി എല്ലാര്‍ക്കും പ്രായം ആയില്ലേ.." ഞാനും വിട്ടു കൊടുത്തില്ല.

മിഥുനു പറയാനുണ്ടാരുന്നത്‌ വേറൊന്നാരുന്നു. SAJ ടെ introduction സീന്‍ ലെ പരുന്തിനെ പറ്റി- "നിനക്കറിയോ, അതിനു ഒരു ദിവസത്തെ വാടക 1.5 കോടി രൂപയാണത്രേ !!"
"പോടാ.." വിപിന്‍ ഒരു എക്സ്ക്ളമേഷന്‍ മാര്ക്ക്‌ ഇട്ടു.
"സത്യായിട്ടും!! ഞാന്‍ അമല്‍ നീരദ്‌ ആയിട്ടുള്ള ഇന്റര്‍വ്യൂ ഇല്‍ കേട്ടതല്ലേ.." "നീ കേട്ടോ??"
"അല്ല.. അരുണ്‍ ചേട്ടന്‍ കണ്ടാരുന്നു ഇന്റര്‍വ്യൂ. അങ്ങേരാ എന്നോട്‌ പറഞ്ഞെ. അറിയില്ലേ അരുണ്‍ ചേട്ടനെ?? എന്റെ കുബിക്കിളിലെ??.."
"ഓഹ്‌ അപ്പൊ നീ കണ്ടിട്ടില്ലാല്ലേ??"
"ഇല്ലാ, എന്നാലും സംഭവം സത്യാ. ദുബായിലെ വല്ല്യൊരു ഷേക്കിന്റെ പരുന്താ അത്‌. അയാളോടല്ലാതെ വേറെ ആരോടും ആ പരുന്ത്‌ ഇതു വരേം ഇണങ്ങീട്ടില്ല. പക്ഷെ ലാലേട്ടനോട്‌.. പുല്ല്‌ പോലെ ഇണങ്ങിയില്ലേ.. കണ്ടാ.." (എന്ത്‌ കണ്ടാ ന്നു? ഞാന്‍ മനസ്സില്‍ ചിന്തിച്ചു.)

"പിന്നെ ഫസ്റ്റ്‌ ദിവസം 512 ഷോ യാ കേരളത്തില്‍ നടന്നെ.. അതു വേള്ഡ്‌ റെക്കോഡാ."
"വേള്ഡ്‌ റെക്കോഡോ??
"അല്ലാ, റെക്കോഡാ.. കേരളത്തില്..
മിഥുനെ കുറിച്ച്‌ എനിക്കഭിമാനം തോന്നി. ഇവന്‍ പണ്ട്‌ രാഷ്ട്രീയത്തില്‍ ഉണ്ടാരുന്നോ?

*  *  *

അങ്ങനെ അതുമിതും ഒക്കെ പറഞ്ഞ്‌ PVR ല്‍ എത്തി.
"2:15 നാ പടം. ടിക്കറ്റ്‌ ഇപ്പഴേ ബുക്ക്‌ ചെയ്തിട്ടേക്കാം. അല്ലേല്‍ കിട്ടിയില്ലേലോ? ഞാന്‍ കാര്യങ്ങള്‍ക്ക്‌ മുന്‍കൈയ്യെടുത്തു.
"പിന്നേ തിരക്ക്‌.. മിക്കവാറും 6 ടിക്കറ്റ്‌ ഒന്നിച്ച്‌ എടുത്തതിനു തീയേറ്ററുകാര്‍ നമുക്ക്‌ വല്ല അവാര്‍ഡും തരും" ആനന്ദ്‌ പറഞ്ഞു.
അവന്റെ മറുപടി എനിക്ക്‌ തീരെ പിടിച്ചില്ല - ചുമ്മാ കുറ്റം പറയാനാണേല്‍ ഇവനൊക്കെ വരണതെന്തിനാ???

ഞാന്‍ കാശു collect ചെയ്യുന്നതിനിടെ ഇസഹാക്ക്‌ വീണ്ടും ചോദിച്ചു - "അളിയാ വേറെ ഏതേലും പടം.. ദാ ‘ Fast and Furious‌ ‘ കളിക്കണുണ്ട്‌, നമുക്കതിനു കേറാം. ഞാനിത്‌ 3 @ആമത്തെ വട്ടമാ.."
"അതിനെന്താ അളിയാ, 3 അല്ലേ ആയുള്ളു. നമ്മള്‍ അതൊക്കെ ആ ഒരു സ്പിരിറ്റ്‌ ഇല്‍ എടുക്കണ്ടേ?? മിഥുന്‍ മറുപടി പറഞ്ഞു.
"ടാ എന്നാലും.."
"ഒരെന്നാലുമില്ല, ഒന്നൂല്ലേല്‍ നമ്മളൊക്കെ മോഹന്‍ലാല്‍ ഫാന്‍സ്‌ അല്ലേടാ.."
അതില്‍ ഇസഹാക്ക്‌ വീണു. പിന്നെ അവണ്ടെ പ്ളാനുകള്‍ ആരുന്നു എല്ലാം.
"ശ്ശെടാ, ഇത്തിരി വര്‍ണക്കടലാസ്‌ എടുക്കാമായിരുന്നു."
"എന്തിനാ??"
"അല്ലാ.. പടം തുടങ്ങുമ്പൊ എറിയാന്‍.. ഞങ്ങല്‍ നാട്ടിലൊകെ അങ്ങനാ"

"അതു നാട്‌. ഇതു ബാംഗ്ളൂര്‍ മള്‍ട്ടിപ്ളെക്സാ. ഒരു വല്യ തമാശ കേട്ടാലും പേരിനൊന്നു ചിരിച്ച്‌, പിശുക്കി മാത്രം കൈ അടിക്കുന്ന ആള്‍ക്കാരാ.. "
"ഒന്നു പോടാ, നമുക്കെന്ത്‌ നോക്കാന്‍.. മറ്റുള്ളവര്ക്ക്‌ വേണ്ടി ഒരിക്കലും നമ്മള്‍ മാറരുത്‌.. നിങ്ങളില്ലേല്‍ വേണ്ട, ഞാന്‍എന്തായാലും ഇന്നു തകര്‍ക്കും.."- അവന്‍ 120 രൂപ എന്റെ നേരെ നീട്ടി. ഇന്നാ പോയ്‌ ടിക്കറ്റ്‌ എടുക്ക്‌..
"അത്രേ ഉള്ളൂ മച്ചൂ" - മിഥുന്‍ ഇസഹാക്കിന്റെ തോളത്ത്‌ തട്ടി.
ഞാന്‍ പോയി ടിക്കറ്റ്‌ എടുത്തു വന്നു. എന്തേലും കഴിക്കാം ന്നു കരുതി നീങ്ങിയപ്പോഴാ മിഥുന്‍ ഒരു ഡയലോഗ്‌ അടിച്ചേ..
"ഒരു പടം 3 പ്രാവശ്യം ഒക്കെ കാണുവാന്നു പറഞ്ഞാ??"
"എന്താന്നു്‌..?
"അല്ല ഈ ഇസഹാക്കിന്റെ ഓരോ കാര്യങ്ങളേയ്‌.. നമ്മള്‍ പിന്നെ 2 ആമത്തെ ആണെന്നു കരുതാമ്. ഇതു 3 വട്ടമ്, അതും ഈ പടം.. കൈയ്യില്‍ കാശുണ്ടെന്നു വച്ച്‌.."
"എടാ നിന്നെ ഞാന്‍ എടുത്തോളാമെടാ, നീ ഒറ്റ ഒരുത്തനാ എന്നെ കൊണ്ട്‌.. ആ എതായാലും ടിക്കറ്റ്‌ എടുത്ത്‌ പോയില്ലെ.."

എല്ലാരും അവന്റെ വിഷമം സ്വന്തം ചിരി ആക്കി മാറ്റി. പക്ഷെ ദൈവം ഇസഹാക്കിനായ്‌ കരുതി വച്ചിരുന്നത്‌ മറ്റൊന്നായിരുന്നു..

എ1 മുതല്‍ എ6 വരെ ഉള്ള ടിക്കറ്റ്‌ ആരുന്നു ഞങ്ങള്‍ക്ക്‌ കിട്ടിയെ. ഒരറ്റത്ത്‌ നിന്നു തുടങ്ങി എല്ലാരും ഇരുന്നു. ഇസഹാക്ക്‌ എ6 ല്. അവന്റെ കസേര മാത്രം പുറകോട്ട്‌ വളയുന്നില്ല. അതോണ്ട്‌ നേരെ ഇരുന്നു തന്നെ സിനിമ കാണണം. "ഹ ഹാ ഇസഹാക്കിനു പിന്നേം പണി കിട്ടി" - ശ്രീജിത്ത്‌ ഉറക്കെ ചിരിച്ചു. പക്ഷെ ആ ചിരിക്ക്‌ അധികം ആയുസ്സ്‌ ഉണ്ടാരുന്നില്ല. എ7 ലും എ 8ലും ആയിട്ട്‌ 2 പെണ്‍കുട്ടികള്‍ വന്നങ്ങിരുന്നു. ജീന്‍സ്‌ ഉം ടീ-ഷര്‍ടും ഒക്കെ ധരിച്ച്‌. മുടി ഒക്കെ പറത്തി..

ഇവരു ഹിന്ദിക്കാരാണോ? എനിക്കൊരു സംശയം.
"പിന്നേ ഹിന്ദിക്കാരല്ലേ SAJ കാണാന്.. ഒന്നു പോടാ.."
"അല്ലാ.. ‘ കമ്പനി ‘ യില്‍ അഭിനയിച്ചതിനു ശേഷം ലാലേട്ടന്റെ പേരു അങ്ങ്‌ ഉത്തരേന്‍ഡ്യയില്‍ വരെ അല്ലേ !!"- ഞാനെന്റെ പോയിന്റ്‌ വ്യക്തമാക്കി

"ഒന്നു നിര്‍ത്തെടാ, അതാണൊ ഇപ്പഴത്തെ നമ്മുടെ പ്രശ്നം? അവ്ടെ ഇസഹാക്ക്‌.."- ശ്രീജിത്ത്‌ ഇടയ്ക്ക്‌ കയറി.
നോക്കീപ്പൊ നമ്മുടെ ഇസഹാക്ക്‌ കാലുമ്മെ കാലും കയറ്റി വച്ച്‌ background‌ ലെ ഇംഗ്ളീഷ്‌ പാട്ടിനു താളം പിടിച്ചിരിക്കുന്നു. "എടാ.."


"ഞാനിപ്പൊ ശരിയാക്കി തരാം. അങ്ങനെ അവന്‍ മാത്രം ഒറ്റക്ക്‌ ആളാവണ്ട" - മിഥുന്‍ പറഞ്ഞു. ചുറ്റും ഇരിക്കുന്നവര്‍ക്ക് കേള്‍ക്കാന്‍ പാകത്തില്‍ അവന്‍ ഇസഹാക്കിനോട്‌ ഒരു ചോദ്യമ്-

"ടാ.. cigarette ഉണ്ടോ നിന്റെ കൈയ്യില്??"
"എഹ്ഹ്‌.. അതിനു ഞാന്‍ വലിയ്ക്കാറില്ലല്ലോ. ആ പെണ്‍പിള്ളാരെ നോക്കി ഇസഹാക്ക്‌ മറുപടി പറഞ്ഞു.
"അല്ല, നീയല്ലേ ഫുള്‍ പായ്ക്കറ്റ്‌ വാങ്ങിയത്‌? നിന്റെ കൈയ്യില്‍ കാണണമല്ലോ.."

ഒന്നും പറഞ്ഞില്ല ഇസഹാക്ക്‌. എങ്കിലും അവന്റെ താളം പിടുത്തം നിന്നു, കയറ്റി വച്ചിരുന്ന കാലും താഴെ ഇറങ്ങി. ഹോ, ചെറിയൊരാശ്വാസം, എല്ലാരും മിഥുനു കൈ കൊടുത്തു.

പയ്യെ പടം തുടങ്ങാറായി. ‘ ജോസ്കോ ‘ യുടേയും  ‘ ആലുക്കാസ്‌ ‘ ന്റെയും ഒക്കെ പരസ്യം കാട്ടിയതിനു ശേഷം "ആശിര്‍വാദ്‌ സിനിമാസ്‌" എന്നു എഴുതി കാട്ടിയപ്പൊ നിറഞ്ഞ കൈയ്യടി ആരുന്നു - (ഞങ്ങള്‍ 3 പേരും മാത്രം. വേറെ ആരും ഒന്നു അനങ്ങി പോലുമില്ല.) ഞാന്‍ ഇസഹാക്കിനെ നോക്കി, അവന്‍ "ഇതെന്ത്വാടാ മര്യാദക്ക്‌ ഇരുന്നൂടെ തീയേറ്ററില്??" എന്നുള്ള ഒരു മുഖഭാവത്തില്‌ ഇരിക്കുന്നു. ആകെ ലാലേട്ടനെ introdcuce ചെയ്യണ സീന്‍ ഇല്‍ അവനൊന്നു കൈയ്യടിച്ചു, അതും Lords ഇല്‍ സച്ചിന്‍ century അടിക്കുമ്പൊ ആദരസൂചകമായി എണീട്ട്‌ നിന്നു കൈയ്യടിക്കുന്ന ഇംഗ്ളീഷ്കാരെ പോലെ.. പക്കാ ഡീസന്റ്‌ ആയി..


ഇവന്‍ തന്നെ ആണോ ‘ പടം തകര്‍ക്കണം ‘ ന്നും പറഞ്ഞ്‌ തീയേറ്ററില്‍ കേറിയവന്‍?? അടുത്ത്‌ ഓരോരുത്തര്‍ വന്നു ഇരിക്കുന്നതിന്റെ ഓരോ വ്യത്യാസങ്ങളേയ്‌.. തീര്‍ന്നില്ല, ഇടക്കിടെ ഇങ്ങോട്ട്‌ നോക്കി ഓരോ പറച്ചിലും- "ഞാന്‍ അന്നേരമേ പറഞ്ഞതാ ഫാസ്റ്റ്‌ ആന്റ്‌ ഫ്യൂറിയസ്‌ നു കേറാംന്നു‌. ഈ പടത്തില്‍ എന്തിരുന്നിട്ടാ???"- എന്നിട്ട്‌ പാളി ഒന്നു വലത്തോട്ട്‌ നോക്കും. അപ്പഴും അവള്‍ ഇതൊന്നും ശ്രദ്ധിക്കാതെ മൊബൈലില്‍ ആരോടോ സംസാരിക്കുവാരുന്നു..

പടം ഒരുപാട്‌ പുരോഗമിച്ചേലും എല്ലാരുടേം ഒരു കണ്ണ്‌ ഇസഹാക്കിലാരുന്നു- നോക്കുമ്പൊ ഉണ്ട്‌ അവന്‍ ഉറങ്ങുന്നു !! പാവം ബോര്‍ അടിച്ചിട്ടാരിക്കുമ്, 3 @ആമത്തെ വട്ടമല്ലേ ഇത്‌.. എങ്കിലും അവന്റെ തല പയ്യെ ആ പെണ്‍പിള്ളേര്‍ ഇരിക്കുന്ന സൈഡ്‌ ലേക്ക്‌ പോണുണ്ടോ??? ഉറങ്ങി വീഴുന്ന മട്ടില്? എടാ കള്ളാ..

പെട്ടെന്നാ അവള്‍ കൈ അങ്ങു പൊക്കിയേ. ഞാന്‍ കരുതി- തീര്‍ന്നു- ഇസഹാക്കിനു തല്ലു കിട്ടി !!

പക്ഷെ അവള്‍ടെ കൈ പൊക്കല്‍ വേറെ ഒരുത്തനുള്ള സിഗ്നല്‍ ആരുന്നു. 1/2 മണിക്കൂറോളം വൈകിയേലും അവള്‍ടെ കൂടെ ഉത്തരവാദിത്തപ്പെട്ട ഒരുത്തന്‍ അവസാനം വന്നു കയറി. അവള്‍ ഇരുന്ന സീറ്റില്‍ ഇരുന്നു. അവളാകട്ടെ ഒരു സീറ്റ്‌ മാറീം അങ്ങിരുന്നു പടത്തിന്റെ ഇതു വരെ നടന്ന കഥയൊക്കെ അവനു പറഞ്ഞ്‌ കൊടുക്കുന്നു..


"ഹോ ആശ്വാസം ആയി അളിയാ ! ഞാന്‍ സന്തോഷം കൊണ്ട് എല്ലാരേം കെട്ടിപ്പിടിച്ചില്ലെന്നേ ഉള്ളു..

‘ Interval ‘ എന്നു എഴുതിക്കാണിച്ചപ്പൊ - എ6 ഇല്‍ നിന്നു ഒരു വിളി കേട്ടൂ - "ജയ്‌ ലാലേട്ടന്‍ !!!"



-അനില്‍സ്, 13th May 2009

Saturday, April 4, 2009

2 വരിക്കഥ..



ഇപ്പൊ ഞാന്‍ ആകാശത്ത് നോക്കാറില്ല. മുന്‍പ് നോക്കിയിരുന്നത്, "ഇന്നെത്ര നക്ഷത്രങ്ങളാല്ലേ മാനത്ത് !!" എന്നവളോട് പറയാന്‍ വേണ്ടി മാത്രവും...

Sunday, March 22, 2009

2 ആം ക്ളാസ്സും പ്രണയവും അതിന്റെ തുടര്‍ച്ചയും !


ഒരുപാട്‌ കാലത്തിനു ശേഷം പഴയ കൂട്ടുകാരെ കാണുന്നതോ സംസാരിക്കുന്നതോ ഒരു സുഖമുള്ള ഏര്‍പ്പാടാ. ആതും നമ്മള്‍ ഒത്തിരി ഇഷ്ടപ്പെട്ടിരുന്ന ഒരാളാണെങ്കില്‍ പറയുവേം വേണ്ട. അങ്ങനെ ഒരനുഭവം ഇക്കഴിഞ്ഞ ദിവസം എനിക്കും ഉണ്ടായി. പണ്ട്‌ 2 ആം ക്ളാസ്സില്‍ ഒപ്പം പഠിച്ച ഒരാളോട്‌ കുറെ നേരം ചാറ്റ്‌ ചെയ്തു. ആ ചെറിയ പ്രായത്തിലും വെറുമൊരു ക്ളാസ്സ്മേറ്റ്‌ മാത്രമായിരുന്നില്ല എനിക്കവള്‍. അതു കൊണ്ട്‌ തന്നെ ആവണം, ഒരുപാട്‌ സന്തോഷവും തോന്നി അന്നേരം..

*   *   *

ഇവിടെ ഓഫീസില്‍ എന്റെ ക്യുബിക്കിളില്‍ പുതുതായ്‌ വന്ന ഒരു മലയാളിയെ, (പേരു ധന്യ) പരിചയപ്പെടുകയായിരുന്നു ഞാന്‍.. ‘നാട്ടില്‍ എവിടെയാ, എവിടാ പഠിച്ചേ..? ‘ എന്നൊക്കെയുള്ള സ്ഥിരം ചോദ്യങ്ങള്‍ക്കിടയില്‍ അവള്‍ടെ ഒരു ഉത്തരം എന്റെ മനസ്സിലുടക്കി- നിര്‍മ്മല ഹൈസ്ക്കൂള്‍!! ആലുവയിലെ പ്രശസ്തമായ ഇംഗ്ളീഷ്‌ മീഡിയം ഗേള്‍സ്‌ ഹൈസ്കൂള്‍..

എന്റെ ഓര്‍മ്മകള്‍ പുറകോട്ട്‌ പോയി. ഒന്നോ രണ്ടോ അല്ല, ഏകദേശം 18 വര്‍ഷത്തോളം. അന്നു ഞാന്‍ 2 ആം ക്ളാസ്സില്‍ പഠിക്കുന്നു, ആലുവ സെന്റ്‌. ജോണ്സ്‌ സ്കൂളില്. ആ സ്ക്കൂളിനെ പറ്റിയുള്ള എന്റെ ഓര്‍മ്മകള്‍ എടുത്താല്‍ അതില്‍ അദ്യത്തെ പേജ്‌ അവളെ പറ്റിയാ - മിനു !! എന്റെ അമ്മയുടെ കൂട്ടുകാരിയുടെ മകള്‍. അമ്മക്ക്‌ ജോലി ഉള്ളതു കാരണം എന്നെ LKG ക്കും മുന്‍പേ കുറേ നാള്‍ അടുത്തൊരു YWCA യില്‍ ആക്കിയിരുന്നു. അവിടം മുതല്‍ക്കെ എന്റെ കൂടെ ഉണ്ടാരുന്നു മിനു. തമ്മില്‍ സംസാരിച്ചിട്ടുണ്ടോ എന്നൊന്നും ഓര്‍ക്കണില്ല. എന്നാലും ഉച്ചക്ക്‌ എല്ലാ കുട്ടികളും കൂടെ വരി വരി ആയി കിടന്നുറങ്ങുന്നതും, പിന്നെ 4 മണിക്ക്‌ എണീക്കുമ്പോ ഒന്നിച്ച്‌ ഇരുന്നു ബിസ്ക്കറ്റ്‌ ഒക്കെ കഴിക്കുന്നതും.. അങ്ങനെ എന്തൊക്കെയൊ അവ്യക്ത ചിത്രങ്ങള്‍ ഇപ്പഴും മനസിലുണ്ട്‌..


ധന്യയോട്‌ ഞാന്‍ ചോദിച്ചു - "അല്ലാ, ഒരു മിനുവിനെ അറിയോ നീയ്‌?"
"ഏത്‌.."
"1999 ഇല്‍ SSLC പാസ്സ്‌ ഔട്ട്‌ ആയ..?"
"മിനു ഗോപിനാഥ്‌. SSLC ക്ക്‌ റാങ്ക്‌ കിട്ടിയ..?"
"ആഹ്‌, അതു തന്നെ.."

ഞാനുമോര്‍ക്കുന്നുണ്ട്‌ റിസല്‍ട്ട്‌ വന്ന ആ ദിവസം. പത്രം അരിച്ച്‌ പെറുക്കി ഓരോ സ്കൂളിന്റേം വിജയ ശതമാനം ഒക്കെ നോക്കി വരുമ്പഴാ ഒരു ഫോട്ടോ കണ്ടേ.. മിനു - 13 ആം റാങ്ക്‌ !! കുറച്ച്‌ നേരം നോക്കി നിന്നു ഞാന്‍ ആ ഫോട്ടോയില്‍ തന്നെ..
"ശ്ശെടാ, ഇതു സുഭദ്രേടെ മോളല്ലേ?- അമ്മ പേപ്പര്‍ തട്ടിപ്പറിച്ചത്‌ പെട്ടെന്നാരുന്നു.
"കണ്ട്‌ പഠിക്കെടാ പിള്ളേരു മാര്ക്ക്‌‌ വാങ്ങിക്കുന്നത്‌.." - ഒരു വിധം  നല്ല മാര്ക്ക്‌‌ ഉണ്ടായിരുന്നിട്ടും വെറുതെ എന്നെ ഒന്നു വഴക്ക്‌ പറഞ്ഞു അമ്മ അന്നേരം..
"മിനു എന്റെ കൂടെ പഠിച്ചതാ 2 ആം ക്ളാസ്സ്‌ വരെ. പിന്നെ ഒന്നും അറിയില്ല. ഇപ്പൊ എവിടെയാ ആള്?" - ഞാന്‍ ധന്യയോട്‌ ചോദിച്ചു.

"അവള്‍  നമ്മുടെ കമ്പനിയില്‍ തന്നെ ഉണ്ട്‌, തിരുവനന്തപുരത്ത്‌."
"ആഹാ..അതു കൊള്ളാല്ലോ.."

പിന്നെയും കുറച്ച്‌ കാര്യങ്ങള്‍ ഒക്കെ പറഞ്ഞതിനു ശേഷം ഞാന്‍ എന്റെ ക്യുബിക്കിളിലേക്ക്‌ നീങ്ങി. ആദ്യം ചെയ്ത കാര്യം ചാറ്റ്‌ എടുത്ത്‌ "മിനു" എന്നു search ചെയ്യാന്‍ കൊടുത്തു. അങ്ങനെ ഒരാള്‍ ഈ കമ്പനിയില്‍ ഉണ്ടെങ്കില്‍ അപ്പൊ തന്നെ അറിയാന്‍ പറ്റും. തെളിഞ്ഞു വന്ന 3-4 മിനു കളില്‍ നിന്നും ഞാന്‍ കണ്ടെത്തി അവളെ - "Minu Gopinath, Base location: Thiruvananthapuram, Current location: US".

"അപ്പോ ആള്‍ ഇവിടില്ല"- എന്റെ പ്രതീക്ഷകള്ക്ക്‌ ഒരു ചെറിയ കടിഞ്ഞാണ്‍ വീണു.
എങ്കിലും ഒരു "friend request"അയച്ചു ഞാന്‍. എപ്പഴേലും ചാറ്റ്‌ എടുത്ത്‌ നോക്കുമ്പോ കണ്ടോളുമല്ലോ..
*   *   *
പിന്നെയും കുറെ ദിവസങ്ങള്‍ കഴിഞ്ഞാണു... കമ്പ്യൂട്ടര്‍ ന്റെ മൂലക്ക്‌ ഒരു കൊച്ചു സ്ക്രീന്‍ തെളിഞ്ഞു- "Minu_Gopinath online".
എപ്പഴോ എന്റെ request സ്വീകരിച്ചിട്ടുണ്ട്‌ അപ്പോള്‍. ഞാന്‍ സമയം പാഴാക്കിയില്ല..

"ഹായ്‌ മിനു"- ഞാന്‍ ടൈപ്പ്‌ ചെയ്തു.
"ഹായ്‌" -മറുപടി ഒറ്റ വാക്കില്‍ ഒതുങ്ങി.
"എന്നെ ഓര്‍മ്മ ഉണ്ടോന്നു അറിയില്ല.."
"എനിക്ക്‌.."

"കുറച്ച്‌ കൂടുതല്‍ പുറകോട്ട്‌ പോണം, ആലുവയില്‍ അല്ലേ വീട്‌?"
"അതെ.."
"സെന്റ്‌. ജോണ്‍സില്‍ അല്ലേ പഠിച്ചേ..?"
"ആ.."
"യെസ്സ്‌, അപ്പൊ ഞാന്‍ ഉദ്ദേശിച്ച ആള്‍ തന്നെ. ഒരു പഴയ ക്ളാസ്സ്മേറ്റ്‌ ആയിട്ട്‌ വരും. 2 ആം ക്ളാസ്സ്‌ വരെ നമ്മള്‍ ഒരേ ക്ളാസ്സില്‍ ആരുന്നു.."

കുറച്ച്‌ നേരത്തേക്ക്‌ ഒരു മറുപടിയും ഇല്ല..

"ഇപ്പൊ Bangalore ല് ആണല്ലേ?" - ഞാന്‍ പ്രതീക്ഷിക്കാത്തതാരുന്നു അവള്‍ടെ ആ ചോദ്യം.
"ഓഹോ അതിനിടയില്‍ എന്നെ പറ്റി ഒന്നു അന്വേഷിച്ചു അല്ലേ?"
"അല്ല.. ഞാന്‍.. ആരാണെന്നറിയാതെ വന്നപ്പോ.."
"ok.." -ഓഫീസ്‌ ID വച്ച്‌ വെറുതെ ഒന്നു സേര്‍ച്ച്‌ ചെയ്താല്‍ മതി ഒരാളുടെ ഡീറ്റെയില്‍സ്‌ അറിയാന്‍.

പിന്നെയും ഇത്തിരി നേരം ഒന്നും മിണ്ടാതെ കടന്നു പോയി. അല്ല, എനിക്ക്‌ ഒരു തുടര്‍ച്ച കിട്ടിയില്ല എന്നു തന്നെ പറയാം. അവളായിട്ട്‌ ഇങ്ങോട്ട്‌ ഒന്നും ചോദിച്ചുമില്ലാ.. എന്തൊക്കെയോ പണികള്‍ ചെയ്ത്‌ തീര്‍ക്കാനുണ്ടാരുന്നു എനിക്ക്‌. എങ്കിലും ഒന്നിലും മനസ്സുറച്ചില്ല. അവളോട്‌ ഇനിയും എന്തൊക്കെയോ സംസാരിക്കണം ന്നു മാത്രാരുന്നു മനസില്..

"അല്ലാ, ഒരു ‘ നികിത ‘ യെ ഓര്‍ക്കണുണ്ടോ ഇയാള്‍? നികിത എസ്‌ നായര്. ഇയാള്‍ടെ വല്യ friend ആരുന്നില്ലേ? ഞാന്‍ വീണ്ടും ചോദിച്ചു.. ചോദ്യത്തിലെ ആ "ഇയാള്‍" ഞാന്‍ മനപ്പൂര്‍വം ചേര്‍ത്തതാ. പേരു വിളിക്കണ്ട എന്നു കരുതി.

"ആ.. നികിത.. അയാളെ ഒക്കെ ഓര്‍മ്മ ഉണ്ടോ?"
"ഉവ്വ്‌.. പിന്നെ ഒരു മൊഹിയുദ്ദീന്‍ ഇജാസ്‌, TVM ത്തേക്ക്‌ പോയ ശബരിനാഥ്‌, ഓട്ടോയില്‍ സ്കൂളില്‍ വന്നിരുന്ന ഊന എസ്‌ അമീര്‍ഖാന്‍, പിന്നെ ഒരിക്കല്‍  ഇടിയിട്ട്‌ എന്റെ ടൈ വലിച്ച്‌ പൊട്ടിച്ച രജേശ്വരി.. ഇവരെ ഒക്കെ ഓര്‍മ്മ ഉണ്ട്‌..

"ആഹാ കൊള്ളാല്ലോ.."

പിന്നെ 1st standard ലെ നമ്മുടെ ക്ളാസ്സ്‌ ടീച്ചര്‍  ‘ഹെലെനി ടീച്ചര്‍‘..
- ഞാന്‍ എന്റെ ഓര്‍മയ്ക്ക്‌ കിട്ടുന്ന അംഗീകാരങ്ങള്‍  കൂട്ടാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.

"യേയ്‌ തെറ്റി, ഹെലെനി ടീച്ചര്‍ നമ്മുടെ ക്ളാസ്സ്‌  ടീച്ചര്‍ ആരുന്നില്ല, 1 ബി ടെ ആരുന്നു !!"
"ആ.. ശരിയാ.. മറന്നൂ ഞാന്‍.."
-എനിക്ക്‌  നല്ല  ഉറപ്പുണ്ടാരുന്നേലും സമ്മതിച്ച്‌ കൊടുത്തൂ ഞാന്‍. പലപ്പോഴും പെണ്‍കുട്ടികളോട്‌ സംസാരിക്കുമ്പൊ നമ്മുടെ നിലപാടുകളില്‍ തന്നെ ഉറച്ച്‌ നില്‍ക്കാന്‍ പറ്റീന്നു വരില്ല. അങ്ങനെ ചെയ്താല്, ചിലപ്പൊ ആ ഒരൊറ്റ നിമിഷം മതി, എല്ലാ സ്വപ്ന സൌധങ്ങളും തകരാന്‍..

"എനിക്ക്‌.. ഇവരെ ഒക്കെ ഓര്‍മ്മ കിട്ടണുണ്ട്‌. എങ്കിലും തന്റെ മുഖം മാത്രം ഓര്‍ത്തെടുക്കാന്‍ പറ്റണില്ലല്ലോ.." അവള്‍ തുടര്‍ന്നു.

ഞാന്‍ പക്ഷെ പിന്മാറാന്‍ ഒരുക്കമാരുന്നില്ല - "നമ്മുടെ ക്ളാസ്സ്‌  ഓര്‍ക്കണില്ലേ ഇയാള്? 2 ആം നിലയില്‍ വാട്ടര്‍ ടാങ്കിന്റെ അടുത്ത്‌?  അവള്‍ടെ ഓര്‍മ്മകളെ മാക്സിമം ഉണര്‍ത്താന്‍ ശ്രമിച്ചു കൊണ്ടിരുന്നു ഞാന്‍..

വീണ്ടും ഒരു കൊച്ചു ഇടവേള വീണു സംസാരത്തിനു്‌. 2 മിനിറ്റ്‌ നേരത്തേക്ക്‌ എതിര്‍ ഭാഗത്ത്‌ നിന്നു ഒരു മറുപടിയും വന്നില്ല.

"1st ബെഞ്ചില്‍ അല്ലേ ഇരുന്നിരുന്നേ? പെട്ടെന്നാരുനു അവള്‍ടെ ചോദ്യം.
"ആവോ.. ഞാന്‍ ഓര്‍ക്കണില്ല.."
"എന്നാല്‍ ഞാന്‍ ഓര്‍ക്കുന്നുണ്ട്‌, നമ്മള്‍ 1സ്റ്റ്‌ ബെഞ്ചിലാ ഇരുന്നിരുന്നെ. ഞാനും രാഹുലും താനും.. !!"

ഏഹ്‌ അതെപ്പൊ?? എനിക്കൊരു ഓര്‍മ്മയും കിട്ടീല്ല.. എങ്കിലും ഞാന്‍..
"Oh was it !!!!" - സധാരണ ഇടുന്നതിലും 2 ‘ എക്സ്ക്ളമേഷന് ‘ കൂടുതല്‍ ഇട്ടു അദ്ഭുതം കാട്ടാന്‍ ശ്രമിച്ചൂ അവള്‍ടെ മുന്‍പില്. പക്ഷെ എന്റെ മനസ്സിലെ ചിന്ത വേറൊന്നാരുന്നു- ഞങ്ങള്‍ അടുത്തടുത്താണോ ഇരുന്നിരുന്നേ? അതോ നേരത്തെ പറഞ്ഞ ആ രാഹുല്‍ നടുക്കാണോ ഇരുന്നേ?? ഒന്നും ഓര്‍മ്മ കിട്ടുന്നില്ലല്ലോ ഈശ്വരാ.. അവളോട്‌ ചോദിച്ചാലോ, യേയ്‌ വേണ്ട..

"അതേ.., രാഹുല്‍ നേം എനിക്ക്‌ ഓര്‍മ്മ കിട്ടണുണ്ട്‌ ട്ടോ, ഭയങ്കര വഴക്കാളി അയിരുന്നില്ലേ ആളു്‌?" - അവള് വീണ്ടും..

"ഇതേതവനാ ഈ രാഹുല്? അവന്‍ വിട്ടു പോണില്ലല്ലോ" - ഞാന്‍ വിഷയം മാറ്റാന്‍ ശ്രമിച്ചു. അല്ലേല്‍ അടുത്ത ഡയലോഗ്‌ എന്റെ മാത്രം മുഖം ഓര്‍മ്മ കിട്ടണില്ല എന്നാരിക്കും. അതു കേള്‍ക്കാന്‍ വയ്യ..

ഞാന്‍ വീണ്ടും ഓര്‍മ്മകളുടെ ചെപ്പ്‌ തുറന്നു..

"ആ ഒന്നൂടെ ഓര്‍ക്കുന്നു, SSLCക്ക്‌ 13ത്‌ റാങ്ക്‌ കിട്ടീല്ലെ ഇയാള്‍ക്ക്‌? അന്നു പത്രത്തില്‍ കണ്ടാരുന്നു..

"13ത്‌ അല്ല 12 ത്‌ ആണു്‌ !! - അവള്‍ സീരിയസ്‌ ആയെന്നു തോന്നി..
"പോട്ടെ ഒരു റാങ്ക്‌ ന്റെ വ്യത്യാസമല്ലേ, ഇവിടെ SSLC ജയിക്കാത്തവര്‍ എത്ര പേര്‍ ഉണ്ടെന്നറിയോ ഓരോ കൊല്ലവും കേരളത്തില്‍ !!"

ഇതിനു അവള്‍ടെ മറുപടി ഒരു ‘‘ ആരുന്നു. എന്റെ മറുപടി ഇഷ്ടപ്പെട്ട പോലെ ഒരു കൊച്ചു smiley. അവള്‍ക്കറിയോ  കുറച്ച്‌ നാളുകള്‍ക്കാണേല്‍ പോലും ഞാന്‍ അന്നു ആ പത്രക്കടലാസ്‌ എന്റെ അലമാരയില്‍ സൂക്ഷിച്ച്‌ വച്ച കഥ..

"പിന്നെ എന്താ ഇപ്പഴത്തെ status? കല്യാണം ഒക്കെ കഴിഞ്ഞോ??
"ഇല്ല.. ഇപ്പഴും ഒറ്റക്ക്‌ തന്നെ.. സ്വതന്ത്രയായി.."

ധന്യ എന്നോട്‌ പറഞ്ഞിരുന്നു ഈ കാര്യം. എങ്കിലും അവളായിട്ട്‌ തന്നെ അതൊന്നു്‌ പറയട്ടേന്നു കരുതി.

"ഇപ്പോ എവ്ടാ താമസം? ആലുവയില്‍ തന്നാണോ?" ആദ്യമായി അവള്‍ ഇങ്ങോട്ടൊരു ചോദ്യം എറിഞ്ഞു.

"അല്ല, എന്റെ 8 ആം ക്ളാസ്സ്‌ വരെയെ ആലുവയില്‍ ഉണ്ടാരുന്നുള്ളു. പിന്നെ പറവൂര്‍ക്ക്‌ മാറി"- ഞാന്‍ ‍എന്റെ ചരിത്രം പറഞ്ഞ്‌ തുടങ്ങി.

"ഞാന്‍ 8ഉം, 10ഉം ഡിഗ്രീമൊക്കെ കഴിഞ്ഞു. എന്നിട്ടും ആലുവയില്‍ തന്നാണല്ലോ താമസം"

അവള്‍ അല്‍പം കൂടി ഫ്രീ ആയ പോലെ തോന്നി എനിക്ക്‌, എന്നാലും പറവൂര്‍ക്ക്‌ താമസം മാറ്റാനുള്ള അച്ഛന്റെ ആ തീരുമാനം.. ഒന്നൂടെ ആലോചിച്ചിട്ടു പോരാരുന്നോ അത്‌? ആ, ഇനി ഇപ്പൊ പറഞ്ഞിട്ടെന്ത്‌ കാര്യം !!


ഞാന്‍എന്റെ ഓര്‍മ്മയുടെ പുസ്തകത്തിലെ അവസാന പേജിലേക്കെത്തി. എന്റെ തുരുപ്പു ചീട്ട്‌..

"ഇയാള്‍ടെ ഒരു ഫോട്ടോ എന്റെ കയ്യില്‍ ഉണ്ട്‌ !!"
"ചുമ്മാ??"
"ഞാന്‍ ഒന്നും വെറുതെ പറയാറില്ല.."
"എങ്ങനെ?"

"പണ്ട്‌ YWCA യില്‍ പഠിച്ച ഒരു കാലം ഓര്‍ക്കുന്നോ ഇയാള്? സ്ക്കൂളീ ചേരുന്നതിനും മുന്‍പ്‌.."
"ആ ഉണ്ട്‌.."

"അന്നവിടുത്തെ X-mas സമയത്ത്‌ ഒരു ടാബ്ളോ യില്‍ കയറി നിന്നത്‌ ഓര്‍ക്കണുണ്ടോ? ഉണ്ണിയേശു പിറന്നതിന്റെ..? ഇയാള്‍ക്ക്‌ ഒരു മാലാഖയുടെ വേഷമാരുന്നു. വെള്ള ഉടുപ്പൊക്കെ ഇട്ട്‌, പുറകില്‍ ചിറക്‌ ഒക്കെ ഫിറ്റ്‌ ചെയ്ത്‌.."

"ആ ഫോട്ടോ എന്റെ കയ്യിലും ഉണ്ട്‌.. പക്ഷെ ഇയാള്?

"ഞാനുമുണ്ട്‌ അതില്, ഇടത്‌ വശത്തായിട്ട്‌. എതോ വടിയൊക്കെ പിടിച്ച്‌ ഒരു ആട്ടിടയന്റെ വേഷത്തില്.. തലയില്‍ ഒരു സ്കാര്‍ഫ്‌ ഒക്കെ കെട്ടീരുന്നൂന്നു തോന്നണു."

-അറിയാതെ ഒരു ചിരി വിടര്‍ന്നു എന്റെ ചുണ്ടില്, അതൊക്കെ ഓര്‍ത്തപ്പോ.

"ആഹാ.. ഞാന്‍ ഇന്നു പോണുണ്ട്‌ വീട്ടില്. തീര്‍ച്ചയായും നോക്കാംട്ടോ ആ ഫോട്ടോ. പഴയ ഏതോ ആല്‍ബത്തില്‍ ഇരിപ്പുണ്ട്‌ അത്‌."

"നോക്കണം.." -ഞാന്‍ മറുപടി പറഞ്ഞു.

വീണ്ടും ഇത്തിരി നേരം നിശബ്ദത. ഓര്‍മകള്‍ എല്ലാം ശൂന്യമായ പോലെ, ഇനി പറയാന്‍ ഒന്നും ബാക്കി ഇല്ലല്ലോ എനിക്ക്‌..

ഞാന്‍ ചോദിച്ചു എന്നാലും, - "എന്നാ വരുന്നേ ഇനി വീട്ടില്‍ പോയാല്‍ തിരിച്ച്‌ ?
"Monday വരുമ്.. അപ്പൊ പറയാം.."
"എന്ത്‌??"

"അല്ല, ഫോട്ടോ യുടെ കാര്യം.."
"ഓഹ്‌.."
"So, bye for now.." അവള്‍ സംഭാഷണം അവസാനിപ്പിക്കാനുള്ള സൂചന നല്‍കിക്കഴിഞ്ഞു.

"Happy journey.." - ഞാന്‍ ‘bye‘ പറഞ്ഞില്ല പകരം.
"journey?"

"അല്ല, നാട്ടില്‍ പോവുന്നൂന്ന്‌ പറഞ്ഞില്ലാരുന്നോ..?"
"ഓ അതാണോ? തിരുവനന്തപുരത്ത്‌ നിന്ന്‌ ആലുവ എത്താന്‍ എത്ര നേരം വേണം.."

ഞാന്‍ എന്തേലും ഒരു വിഷയം ഉണ്ടാക്കുവാരുന്നു സംസാരിക്കാന്‍. അവള്‍ക്ക്‌ അതു മനസ്സിലായോ എന്നു എനിക്ക്‌ അറിയില്ല. എങ്കിലും നിര്‍ത്താം, മതി. ഇനിയും ദിവസങ്ങള്‍ എനിക്ക്‌ വേണ്ടി ബാക്കി ഉണ്ടാകും എന്നു എവിടെയോ ഒരു പ്രതീക്ഷ തോന്നി എനിക്ക്‌..

‘  ഒരു smiley കൂടി അയച്ചു ഞാന്‍. പലപ്പോഴും വാക്കുകള്‍ കിട്ടാതാവുമ്പോ ഒരു അനുഗ്രഹമാണീവ.

"ശരി മിനൂ, എനിക്ക്‌ കുറച്ച്‌ work ഉണ്ട്‌. I ‘ m stopping.."
"K, bye. അപ്പോ Monday കാണാം"
*   *   *

അവിടെ തീര്‍ന്നതാ ആ സംസാരം. എങ്കിലും എനിക്ക്‌ വല്ലാത്ത സന്തോഷം തോന്നി അന്ന്‌. പഴയ ഒരു സൌഹൃദം പുതുക്കിയതിന്റെ ആണോ, അതോ സൌഹൃദത്തിലും ഉപരിയായി എന്തേലും എന്റെ മനസ്സില്‍ ഉണ്ടായിട്ടാണോ.. അറിയില്ല. അപ്പോ തന്നെ കരുതീതാ ഈ ഒരു കണ്ടുമുട്ടലിനെ കുറിച്ച്‌ എഴുതണം ന്ന്‌. അന്നു തന്നെ തുടങ്ങുവേം ചെയ്തു. പക്ഷെ ഇടയ്ക്ക്‌ നിന്നു പോയിരുന്നു..

*   *   *

അങ്ങനെ ഞാന്‍ കാത്തിരുന്ന ആ Monday വന്നു. അവള്‍ നാട്ടീന്നു വരുന്ന ദിവസം. ചാറ്റ്‌ എടുത്ത്‌ നോക്കി ഞാന്‍, ആള്‍ online ഉണ്ട്‌. അപ്പോ അവള്‍ തിരിച്ചെത്തി ഓഫീസില്..
എന്റെ മനസ്സില്‍ വല്ലാത്ത ഒരു ആകാംക്ഷ നിറഞ്ഞു- "പറഞ്ഞ പോലെ ആ ഫോട്ടോ നോക്കീട്ടുണ്ടാവുമോ അവള്‌? അതോ മറന്നു പോയ്ട്ടുണ്ടാവുമോ?  ചോദിച്ചാലോ? വേണ്ടാ, അവളായിട്ട്‌ ഇങ്ങോട്ട്‌ പറയട്ടെ..
പോരാത്തതിനു ഇവിടം വരെ സംഭവിച്ച കഥ എഴുതി പൂര്‍ത്തിയാക്കുവേം വേണം. അതിനു ശേഷം മാത്രേ അവളോട്‌ ചോദിക്കുകയുള്ളു ഞാന്‍.. അവളാ ഫോട്ടോ നോക്കീട്ടുണ്ടേല്‍, എന്നെ തിരിച്ച്‌ അറിയുകയാണേല്‍.. എന്നോട്‌ ഇനിയും കൂട്ട്‌ ആവുകയാണേല്‍... ഈ കഥ കാട്ടി കൊടുക്കണം ഒരിക്കല്‍.. ഇതിലെ ഓരോ വാക്കും വായിച്ച്‌ കേള്‍പ്പിക്കണം അവളെ.

എന്റെ 18 വര്‍ഷത്തെ ഓര്‍മകളുടെ മധുരമുണ്ട്‌ അതില്‍.. ...


-അനില്‍സ്
www.panchasarappothi.blogspot.com