Wednesday, December 26, 2012

ക്രിസ്തുമസ് റിലീസസ്- 2012

ഇത്തവണത്തെ ക്രിസ്തുമസിന് മത്സരിക്കാനെത്തിയത് പ്രധാനമായും 3 ചിത്രങ്ങളാണ്. M & M ന്റെ 'കര്‍മയോദ്ധ', 'ബാവൂട്ടിയുടെ നാമത്തില്‍', പിന്നെ ആഷിഖ് അബുവിന്റെ 'ടാ തടിയാ'. ഇപ്പറഞ്ഞവയിലേതാണ് വിപണി പിടിച്ചടക്കിയത് എന്ന് ചോദിച്ചാല്‍, അത് ആഷിഖ് അബുവും തടിയനുമാണെന്നു നിസ്സംശയം പറയാം. കണ്ടു മടുത്ത കഥാപാത്രങ്ങളിലൂടെയും കഥാസന്ദര്ഭ‍ങ്ങളിലൂടെയും കയറിയിറങ്ങി എന്നതൊഴിച്ചാല്,‍ മോഹന്‍ലാലിനോ മമ്മൂട്ടിക്കോ ഒരു സംഭാവന നല്‍കാന്‍ കഴിഞ്ഞുവെന്നു കരുതുന്നില്ല. 


പ്രകാശം പരത്തി തടിയന്‍!

ജനക്കൂട്ടത്തിന്റെ മനസ്സറിഞ്ഞു പടം പിടിക്കാനറിയാവുന്ന സംവിധായകനാണ് ആഷിഖ് അബു. 22 FK കഴിഞ്ഞു 'ടാ തടിയാ' യില്‍ എത്തുമ്പോഴും അതിനു മാറ്റമില്ല. ഒരു പക്കാ എന്റര്‍ടൈനര് ‍എന്ന നിലയിലേക്ക് എത്തുന്നില്ലെങ്കിലും 'നല്ല ചിത്രം' എന്ന ലേബല്‍ ഉറപ്പായും കൊടുക്കാം ഇതിനു. ലക്കും ലഗാനുമില്ലാതെ കഴിച്ചു വളരുന്ന ലൂക്കാ ജോണ്‍(ശേഖര്‍ മേനോന്‍) എന്ന 'തടിയന്റെ'യും അവന്റെ നിഴലായി കൂടെ നടക്കുന്ന സണ്ണി(ശ്രീനാഥ് ഭാസി)യുടെയും ജീവിതമാണ് ഇക്കഥ. അവരുടെ പള്ളി, സ്കൂള്‍ ദിനങ്ങള്‍, മുത്തച്ഛന്‍ ആരംഭിച്ച 'പ്രകാശ്‌ കോണ്‍ഗ്രസ്‌' ന്റെ ചരിത്രം, മ്യൂസിക്ക് കമ്പോസിംഗ്... അങ്ങനെ ചില്ലറ തമാശകളുമായ്, കൊച്ചിയുടെ പശ്ചാത്തലത്തില്‍ 1st ഹാഫ് മുന്നോട്ടു നീങ്ങുന്നു... ഇന്റെര്‍വല്‍നു ശേഷമാണ് ചിത്രം അതിന്റെ ട്രാക്കില്‍ വീഴുന്നത്. സ്കൂളില്‍ തടിയന്റെ ഗേള്‍ഫ്രണ്ട് ആയിരുന്ന ആന്‍ മേരി താടിക്കാരന്‍(ആണ്‍ അഗസ്റിന്‍) തിരിച്ചു വരുന്നു. ആനിന്റെ പ്രേരണയാല്‍ തടി കുറയ്ക്കാന് 'വൈദ്യര്‍സ് ക്ളിനിക്കി'ല് ചേരുന്ന ലൂക്കാ അവിടെ അനുഭവിക്കുന്ന കഷ്ടപ്പാടുകളും, പിന്നീട് സ്വയം നടത്തുന്ന തിരിച്ചറിവുകളും... എല്ലാം രസകരമായി തന്നെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ഇതെല്ലാം ചെന്നെത്തുന്നത് നല്ലൊരു ക്ലൈമാക്സില്‍ ആണെന്നതും ചിത്രത്തിന് മുതല്‍ക്കൂട്ടാണ്. ശേഖറിന്റെയും ശ്രീനാഥിന്റെയും അഭിനയം, ബിജിബാലിന്റെ സംഗീതം, ഷൈജു ഖാലിദിന്റെ ക്യാമറ- ഇതെല്ലം പടത്തിന്റെ മൂഡിനു തികച്ചും അനുയോജ്യമാണ്. 'പപ്പായ'യുടെ പോസ്റ്ററുകളെയും മറക്കുന്നില്ല. അല്‍പ്പം ഇഴച്ചില്‍ അനുഭവപ്പെടുന്ന ഒന്നാം പകുതിയും, പ്രേക്ഷകരുടെ over expectation മാകാം ഈ ചിത്രം നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍. എങ്കിലും, 2 മണിക്കൂര്‍ നേരം relaxed ആയി ഇരുന്നു കാണാവുന്ന ഒരു light hearted സിനിമ എന്ന് വിശേഷിപ്പിക്കാം ഈ തടിയനെ. പടം കഴിയുമ്പോഴും, 'നൈറ്റ്‌ റൈഡര്‍' അമ്മച്ചിയും പിള്ളേരും തമ്മിലുള്ള ഡയലോഗുകളില് കൂടിയും, ‍നാമറിയാതെ നമ്മയുടെ ഒരു സന്ദേശം ഉള്ളിലേക്ക് എത്തിക്കാനും സംവിധായകന് കഴിയുന്നുണ്ട്. അതില്‍ ആഷിഖിനു അഭിമാനിക്കാം!. Verdict: Entertainer- 7/10 ഇഷ്ട സീന്‍: തടി കുറയ്ക്കാനായി ലൂക്കാ ചേരുന്ന വൈദ്യര്‍സ് ക്ളിനിക് ലെ ഡിന്നറും, തുടര്‍ന്ന് സഹമുറിയന്‍ സച്ചി "ഇതൊന്നും നമുക്ക് പറ്റണ പണിയല്ലപ്പാ" എന്ന് പറഞ്ഞു സ്ഥലം കാലിയാക്കുന്ന സീന്‍ :). * * * * * പഴയ വീഞ്ഞുമായി ബാവൂട്ടി!
ഇന്നത്തെ മലയാള സിനിമയില്‍ ഏറ്റവും വിലപിടിച്ച 'താരം' ആരെന്നു ചോദിച്ചാല്‍, അത് രഞ്ജിത്ത് ആണ്. അതു കൊണ്ട് തന്നെയാവണം പ്രാഞ്ചിയേട്ടനും പലേരിമാണിക്യത്തിനും ശേഷം മമ്മൂട്ടിക്കൊപ്പം 'ബാപ്പുട്ടി'യുമായ് വന്നപ്പോള്‍ പ്രതീക്ഷകള്‍ വാനോളമുയര്‍ന്നത്‌. സംവിധായകന്റെ റോളില്‍ അല്ല, പകരം ചിത്രത്തിന്റെ തിരക്കഥയും നിര്‍മ്മാണവും ആയിരുന്നു ഇത്തവണ രഞ്ജിത്തിന്റെ സംഭാവന. റിയാല്‍ എസ്റ്റേറ്റ്‌ ബിസിനസ്സ്കാരനും കോടീശ്വരനുമായ സേതു(ശങ്കര്‍ രാമകൃഷ്ണന്‍) , ഭാര്യ(കാവ്യാ മാധവന്‍), കുട്ടികള്‍, അയാളുടെ വിശ്വസ്തനായ ഡ്രൈവര്‍ ബാവുട്ടി(മമ്മൂട്ടി) , ഇവരാണ് പ്രധാന കഥാപാത്രങ്ങള്‍. ബാവുട്ടി വെറുമൊരു ഡ്രൈവര്‍ മാത്രമല്ല- എല്ലാരുടെയും സ്നേഹം നിറഞ്ഞ 'ബാവൂട്ടിക്ക'യാണ്‌, ഹോം വീഡിയോയിലെ നായക നടനാണ്‌, ചില സമയങ്ങളില്‍ സേതുവിന്‍റെ ബിസിനസ്‌ പങ്കാളി വരെ ആണ്. അങ്ങനെ ആ കുടുംബത്തിലെ ഒരു അംഗത്തെ പോലെ എല്ലാ കാര്യങ്ങളും നോക്കി നടത്തി, സന്തോഷമായി ബാവുട്ടിയുടെ ജീവിതം മുന്‍പോട്ടു പോകുന്നു. കഥയുടെ twist വരുന്നത് പെട്ടെന്നാണ്. സേതു വിദേശത്ത് പോയ സമയത്ത് ഭാര്യയെ അന്വേഷിച്ചെത്തുന്ന പഴയ കാമുകന്‍/ഭര്‍ത്താവ്. പണം മാത്രമാണ് അയാളുടെ ലക്‌ഷ്യം. ഇക്കാര്യം മനസ്സിലാക്കുന്ന ബാവുട്ടി, സേതു അറിയാതെ ഇതിനൊരു പരിഹാരം കാണാന്‍ ശ്രമിക്കുകയാണ്. അതിനായ് ഒട്ടേറെ ത്യാഗങ്ങള്‍ സഹിക്കുന്ന അയാള്‍ പക്ഷെ ഒറ്റപ്പെടുന്നു, എല്ലായിടത്തു നിന്നും "ഡ്രൈവര്‍ ഡ്രൈവറുടെ സ്ഥാനത്ത് നിന്നാല്‍ മതി" ഡയലോഗുകള്‍ കേള്‍ക്കുന്നു. ഈ സാഹചര്യത്തെ അതിജീവിച്ച് ബാവുട്ടി എങ്ങനെ സേതുവിന്റെന കുടുംബജീവിതത്തിലെ പൊട്ടിയ കണ്ണികള്‍ വിളക്കിച്ചേര്ക്കുനന്നു എന്നതാണ് സിനിമയുടെ ബാക്കി കഥ. തുടക്കത്തിലേ കാണിക്കുന്ന യത്തീംഖാനയുടെ പശ്ചാത്തലം, ഹോം വീഡിയോ ഷൂട്ടിംഗ്, ഹരിശ്രീ അശോകന്റെ 'അലവി' എന്ന കഥാപാത്രം, അങ്ങനെ രസകരമായ മുഹൂര്‍ത്തങ്ങള്‍ കുറച്ചുണ്ട് ചിത്രത്തില്‍. എങ്കിലും ഒരു രഞ്ജിത്ത് ചിത്രത്തില്‍ നിന്ന് പ്രേക്ഷകന്‍ പ്രതീക്ഷിച്ചത് നല്‍കാന്‍ ബാവുട്ടിക്കു കഴിഞ്ഞിട്ടില്ല. നല്ലൊരു കഥയുടെ അഭാവം തന്നെയാണ് പ്രധാന പോരായ്മ. ഒരു ലക്ഷ്യമില്ലാതെ പല കാര്യങ്ങള്‍ ഒരുമിച്ചു പറയാന്‍ ശ്രമിച്ചതും വിനയായെന്ന് വേണം കരുതാന്‍. മമ്മൂട്ടിയുടെ തന്നെ മുന്‍ ചിത്രങ്ങളായ വേഷം, രാപ്പകല്‍ തുടങ്ങിയവയോട് ബാവൂട്ടിക്ക് പല സീനുകളിലും സാമ്യത തോന്നുന്നു. മേമ്പൊടിക്ക് ചേര്‍ത്തതാണെങ്കിലും 'അനുരാഗത്തിന്‍ വേളയില്‍' സീനുകളുടെ ദൈര്‍ഘ്യം അല്‍പ്പം കൂടിപ്പോയില്ലേ എന്നും തോന്നാം. ഇനി സംവിധായകനെ പറ്റി ഒരു വാക്ക്- മലയാളികളെ ഏറെ രസിപ്പിച്ച ആനവാല്‍മോതിരം എന്ന ചിത്രത്തിന്റെ സംവിധായകനാണ് G.S. വിജയന്‍. എങ്കിലും എന്നും ഓര്‍ത്തു വയ്ക്കാവുന്ന ഒരു ചിത്രമായ്‌ ബാവുട്ടിയെ മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല, അത് ഒരാളുടെ മാത്രം കുഴപ്പമല്ലെങ്കില്‍ പോലും! Verdict: One time watch- 5.5/10 * * * * * നിരാശപ്പെടുത്തിയ കര്മയോദ്ധ!എനിക്ക് നല്ല സംശയമുണ്ട്, കീര്‍ത്തിചക്ര എന്ന ചിത്രം മേജര്‍ രവി തന്നെ സംവിധാനം ചെയ്തതാണോ എന്ന്. ആണെങ്കില്‍ അതേ ആള് തന്നെ എങ്ങനെ ഈ കുരുക്ഷേത്രയും, കണ്ടഹാറും ഇപ്പൊ ദാ കര്‍മയോദ്ധയും തുടര്‍ച്ചയായി പടച്ച് വിടുന്നു എന്ന് മനസ്സിലാകുന്നില്ല. ഒരു നല്ല തീം ഉണ്ടായിരുന്നിട്ടും, സ്ക്രിപ്റ്റിലോ,സംവിധാനത്തിലോ, എന്തിനു ടൈറ്റില്‍സിന്റെ കളര്‍ കോമ്പിനേഷനില്‍ വരെ ശ്രദ്ധ കൊടുക്കാതെ എങ്ങനേലും ഒരു സിനിമ എടുക്കുക എന്ന ഉദ്ദേശം മാത്രമായിരിക്കണം ഇതിനു പിന്നില്‍.... മുംബൈ പോലീസിലെ എന്‍കൌണ്ടര്‍ സ്പെഷ്യലിസ്റ്റ് മാധവമേനോന്‍ അഥവാ 'മാഡ് മാഡി'. കുറ്റവാളികളെകിട്ടിയാല്‍ നിയമത്തിനു വിട്ടു കൊടുക്കാതെ, തട്ടിക്കളയുക എന്നതാണ് ആള്‍ടെ പോളിസി. പക്ഷെ മുന്നേ 2 ഡയലോഗ് അടിക്കുംന്ന് മാത്രം. ഏതാണ്ട് ഇതേ പോലെ - "I'm Mad Maddy, brutal encounter specialist. I kill people !!!" "Have you heard of Mad Maddy? I'm Mad Maddy. I kill people. അത് കൊണ്ട് വേഗം സത്യം പറഞ്ഞോ!" ഈ മാഡ് മാഡി ഒരു പെണ്‍കുട്ടിയുടെ തിരോധാനം അന്വേഷിക്കാന്‍ കേരളത്തിലേക്ക് വരുന്നു. എത്തുമ്പോഴാണ് അറിയുന്നെ, കോവളത്ത് നിന്ന് ഒരു പെണ്‍കുട്ടി കൂടി മിസ്സ്‌ ആയിട്ടുണ്ട് എന്ന്. കൂട്ടത്തില്‍ 4 നഴ്സിംഗ് കുട്ടികളും. എല്ലാരേം കണ്ടു പിടിക്കാനുള്ള ശ്രമം തുടങ്ങുന്നു മാഡി. സഹായത്തിനു കോവളത്തെ പെണ്‍കുട്ടിയുടെ സഹോദരന്‍ മനുവും(ബിനീഷ് കോടിയേരി) കൂട്ടുകാരും. മൊബൈല്‍ ഫോണ്‍ trace ചെയ്യലും, മാഡിയുടെ guessകളുമല്ലതെ പ്രത്യേകിച്ച് ലോജിക്ക് ഒന്നും ഉപയോഗിക്കുന്നില്ല അന്വേഷണത്തിന്. പക്ഷെ guess കള്‍ എല്ലാം കിറു കൃത്യം ആകുന്നു. അവസാനം, 6 പേരെ രക്ഷപെടുത്താന്‍ ഇറങ്ങിപ്പുറപ്പെട്ട മാഡി വില്ലനെ തോല്‍പ്പിച്ച് സ്വന്തം മോളെയും, മനുവിന്റെ പെങ്ങളേയും മാത്രം മോചിപ്പിച്ച്‌ തിരിച്ചു വരുന്നു. ശുഭം! മുകളില്‍ പറഞ്ഞ കഥയോ, അത് അവതരിപ്പിച്ച രീതിയോ, അഭിനയമോ, MG ശ്രീകുമാറിന്റെ പാട്ടുകളോ, ... ഒന്നും ഒരു തരത്തിലുള്ള താല്‍പ്പര്യവും ജനിപ്പിക്കുന്നില്ല കാഴ്ചക്കാരനില്‍.. മൊബൈല്‍ ഫോണുകള്‍ വഴി ഇന്നത്തെ പെണ്‍കുട്ടികള്‍ എങ്ങനെ ചതിക്കുഴികളില്‍ വീഴുന്നു, അതിനെ ചെറുക്കാനുള്ള ഉപദേശങ്ങള്‍, അതൊക്കെ പല കഥാപത്രങ്ങളിലൂടെയും പറയിപ്പിക്കുന്നുണ്ട് മേജര്‍, സ്വാഭാവികത തീരെ ഇല്ലാതെ തന്നെ!. പല നടന്മാരും അഭിമുഖങ്ങളില്‍ ഒക്കെ പറഞ്ഞു കേട്ടിട്ടുണ്ട്-"മോഹന്‍ലാല്‍ കൂടെ അഭിനയിക്കുന്നുന്ടെങ്കില്‍ അതൊരു പ്രചോദനം ആണ്. നമ്മളറിയാതെ നമ്മുടെ അഭിനയവും മികച്ചതാവും" എന്നൊക്കെ. അതിനു നേര്‍ വിപരീതമൊരു കാര്യമാണ് കര്‍മയോദ്ധയില്‍ സംഭവിച്ചിരിക്കുന്നത്. ഡയലോഗുകള്‍ ഉറക്കെ പറയുക എന്നതിനപ്പുറം ഒന്നും ചെയ്യാനില്ലാത്ത നടീ-നടന്മാരുടെ(ചിത്രത്തിന്റെ സംവിധായകനും ഉണ്ട് ഉജ്ജ്വലമായൊരു റോളില്‍!) കൂടെ അഭിനയിക്കുമ്പോ മോഹന്‍ലാലിന്‍റെ ആക്ടിംഗ് ഗ്രാഫും താഴ്ചയിലേക്കാണ് പതിക്കുന്നതെന്നു കാണാനാകും. അങ്ങനെ അവസാന വിലയിരുത്തലില്‍, ഒട്ടനവധി ലൂപ്പ്ഹോളുകള്‍ അവശേഷിപ്പിക്കുന്ന ഒരു സാധാരണ ത്രില്ലര്‍ (?) മാത്രമായി മാറുന്നു ഈ കര്മയോദ്ധ!. Verdict: Avoidable- 4.5/10 PS: മേജര്‍ രവി തന്റെ അടുത്ത പ്രൊജക്റ്റ്‌ പ്രഖ്യാപിച്ചു കഴിഞ്ഞു- കുഞ്ചാക്കോ ബോബനെ വച്ച് നേവിയുടെ പശ്ചാത്തലത്തില്‍ ഒരു പ്രണയ കഥ!. കാത്തിരിക്കുന്നു അതിനായി :) ~അനില്‍സ് www.panchasarappothi.blogspot.com

Monday, February 6, 2012

ഇത് ദുല്ഖര്‍ ഷോ !
‘കാസനോവ’ കഴിഞ്ഞാല്‍ ഒരുപക്ഷെ 2012 ല്‍ ഏറ്റവുമധികം പ്രതീക്ഷകളോടെ ഇറങ്ങിയ ചിത്രമാണ്‌ ‘സെക്കന്ഡ് ഷോ’. അതിനു രണ്ടു കാരണങ്ങള്‍ ഉണ്ട്. 1) മമ്മൂട്ടിയുടെ മകന്‍ ദുല്ഖറിന്റെ അരങ്ങേറ്റം 2) ഫേസ്ബുക്കിലും നാട്ടിലെ മതില്പ്പുറത്തും ഒരേപോലെ ഹിറ്റ്‌ ആയ ചിത്രത്തിന്റെ പോസ്റ്ററുകള്‍.. എന്തായാലും ആ പ്രതീക്ഷകള്‍ നിറം മങ്ങാതെ കാക്കാന്‍ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന് കഴിഞ്ഞു, അതും തന്റെ ആദ്യ ചിത്രത്തിലൂടെ !

ചാപ്പാക്കുരിശും, ട്രാഫിക്കുമെല്ലാം തെളിച്ച പുതുതലമുറ സിനിമകളുടെ പാത തന്നെയാണ് സെക്കന്റ്‌ ഷോയും പിന്തുടരുന്നത്. തികച്ചും അപ്രതീക്ഷിതമായുള്ള നായകന്റെ ഇന്ട്രോഡക്ഷന്‍ സീന്‍. അവിടൊന്നൊരു ഫ്ലാഷ്ബാക്ക്‌… ആ കഥയാണെങ്കില്‍ ദാ ഇങ്ങനെയും- പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ നടക്കുന്ന 4-5 ചെറുപ്പക്കാര്‍, അവരുടെ കൊട്ടേഷന്‍ പണികള്‍, വെള്ളമടി സഭകള്‍, നായകനെ ചൊല്ലിയുള്ള അമ്മയുടെ ആവലാതി, ഇടക്കൊരു കൊച്ചു പ്രേമം, കൊട്ടേഷന്റെ തുടര്ച്ച...

ഇങ്ങനെ പുതുമ തീരെയില്ലാത്ത ഒരു പ്രമേയമായിട്ടു കൂടി, ആ കഥ പറഞ്ഞ രീതി കൊണ്ടാണ് ഈ ചിത്രം കയ്യടി നേടുന്നത്, പ്രത്യേകിച്ച് അത് നര്‍മത്തിന്റെ മേമ്പൊടി ചേര്ത്താകുമ്പോള്‍. എങ്കിലും, ‘ഇതാ ഒരു തമാശ സംഭവിക്കാന്‍ പോകുന്നു’ എന്ന മുന്‍വിധി പ്രേക്ഷകരില്‍ ഉണ്ടാകാതെ നോക്കുന്നതില്‍ സംവിധായകന്‍ ഏറെ ശ്രദ്ധിച്ചിട്ടുണ്ട്. കൂടുതലായി ഉപയോഗിക്കപ്പെട്ട രാത്രി സീനുകളും റിയലിസ്റ്റിക്കായ ക്യാമറ വര്ക്കും ചിത്രത്തെ ആകര്ഷകമാക്കുന്നു.

പിന്നെ സ്റ്റാര്‍കാസ്റ്റ്- മലയാള സിനിമ കണ്ടു പരിചയിച്ച 3 പേരെയേ ചിത്രത്തില്‍ കണ്ടുള്ളൂ- രോഹിണി, കുഞ്ചന്‍ പിന്നെ ബാബുരാജ്‌! ബാക്കി എല്ലാവരും ചേര്ന്ന് ചിത്രത്തിന് നല്കുന്ന ഫ്രഷ്‌നസ്സ് ചെറുതല്ല. പ്രത്യേകിച്ച് ദുല്ഖര്‍.. ഏകദേശം വാപ്പയുടെ തന്നെ ശരീരപ്രകൃതവും ശബ്ദവുമെല്ലാം ഈ നടന്റെ മുതല്ക്കൂട്ടാവും. ഡയലോഗിലെ വോയിസ്‌ മോഡുലേഷന്‍ മാത്രമാണ് ഒരു കുറവായി തോന്നിയത്. ദുല്ഖറിനെ കൂടാതെ ‘കുരുടി’ അഥവാ നെല്സണ്‍ മണ്ടേല, ഗീതു അഥവാ ഗീതാഞ്ജലി എന്നിവരും കൊള്ളാം. പടം തുടങ്ങി ആദ്യ 10 മിനിട്ടില്‍ കുരുടിയുടെ കഥാപാത്രം എവിടൊക്കെയോ ബോര്‍ അടിപ്പിച്ചെങ്കിലും, പടം അതിന്റെ ട്രാക്കില്‍ കയറിയതിനു ശേഷം, കുരുടിയുടെ വായില്‍ നിന്ന് എന്ത് വീഴുന്നുവോ അത് പൊട്ടിച്ചിരിക്കുള്ള മരുന്നായി മാറുകയാണ്. എന്തായാലും ഇനിയും കുറെ നല്ല ചിത്രങ്ങള്‍ നുമുക്ക് പ്രതീക്ഷിക്കാം ഇവരില്‍ നിന്നും.

Verdict: ഒരിക്കലും ഒരു മഹത്തായ സിനിമയല്ല ഇത്. ഏറെനാള്‍ ഇതിലെ കഥാസന്ദര്ഭങ്ങള്‍ ആരുടെയെങ്കിലും മനസ്സില്‍ തങ്ങി നില്ക്കുമെന്നും പറയാനാകില്ല. എങ്കിലും നല്ലൊരു കഥയോ തിരക്കഥയോ ഇല്ലാതെ വിഷ്വല്സില്‍ കൂടി മാത്രം ഒരു ചിത്രമൊരുക്കാം എന്ന് ചിന്തിച്ച ‘കാസനോവ’യും, തേഞ്ഞു പഴകിയ തമാശകളുമായെത്തിയ ‘സ്പാനിഷ് മസാല’യും വച്ച് നോക്കുമ്പോ, അതിനും ഏറെ മുകളിലാണ് പിള്ളേര് സെറ്റിന്റെ ഈ സെക്കന്ഡ് ‌ ഷോ !
+ves: മുകളില്‍ പറഞ്ഞതൊക്കെയും+ ക്ല്യ്മാക്സ്.
-ves: 1st ഹാഫ് ആയി തട്ടിച്ചു നോക്കുമ്പോ അല്പ്പം ദുര്ബലമായ 2nd ഹാഫ്.

Overall, 7/10 !

വാല്‍ക്കഷണം: സംവിധായകന്‍ കമലും ഉണ്ടായിരുന്നു തീയേറ്ററില്‍ ഷോയ്ക്ക്. ഇങ്ങനൊരു ചിത്രം, അതായത്‌ കഥ പറയുന്നതിലും, അവ വിഷ്വലൈസ് ചെയ്യുന്നതിലും ഒക്കെ സീനിയര്‍ സംവിധായകരില്‍ നിന്നും വ്യത്യസ്തമായ ഈ രീതിയെ അവര്‍ എങ്ങനെയാവും നോക്കിക്കാണുക? അറിയാനൊരാഗ്രഹം.

“കൊള്ളാം, 'സുബ്രമണ്യപുരം' ഒക്കെ പോലെ...”- ഇതായിരുന്നു പുള്ളിയുടെ അഭിപ്രായം.

അപ്പോഴാണത് ആലോചിച്ചത്. ശെരിയാണ് അതേ കഥാ സെറ്റപ്പൊക്കെ തന്നെയാണ്. പക്ഷെ അങ്ങനെയൊരു വയലന്സ് ഫീല്‍ തോന്നിയതുമില്ല. അതിനു പ്രധാന കാരണം പടത്തെ ഒരു ജോളി മൂഡില്‍ മുന്നോട്ടു കൊണ്ട് പോകുന്ന സംഭാഷണങ്ങളും അതിനൊത്ത ബാക്ക്ഗ്രൗണ്ട് മ്യൂസിക്കുമാണ്. വിനി വിശ്വലാലിനും 'അവിയല്‍ ' റെക്സ്‌ വിജയനുമിരിക്കട്ടെ അതിന്റെ ക്രെഡിറ്റ്‌...!!


അനില്‍സ്
www.panchasarappothi.blogspot.com

Sunday, December 11, 2011

പേര് പോലെ സുന്ദരം- Beautiful !

അനൂപ്‌ മേനോന്റെ‌ തൂലികയില്‍ വിരിഞ്ഞ, V.K പ്രകാശിന്റെ സംവിധാനത്തില്‍ ചിറകു വച്ച 'ബ്യൂട്ടിഫുള്‍ 'ന് ഇരിക്കട്ടെ ഇത്തവണത്തെ പൊന്‍തൂവല്‍ . 2 മണിക്കൂര്‍ പ്രേക്ഷകരെ ബോറടിപ്പിക്കാതെ തീയേറ്ററില്‍ ഇരുത്തിയതിനു മാത്രമല്ല, ജീവിതത്തെ എത്ര സിമ്പിള്‍ ആയി നേരിടാമെന്ന ഒരു സന്ദേശം കൂടി പകര്ന്നു നല്കി്യതിന് !

"വീല്‍ ചെയറില്‍ ഇരിക്കുന്ന നായകന്‍, അയാളെ ശുശ്രൂശിക്കുന്ന സുന്ദരിയായ ഒരു പെണ്‍കുട്ടിയും പിന്നെ അയാളുടെ കൂട്ടുകാരനും!- ഇങ്ങനെയുള്ള പോസ്റററുകള്‍ കണ്ടപ്പോള്‍ ‘പ്രണയ’ത്തിന്റെ മറ്റൊരു പതിപ്പാവുമോ ഈ സിനിമ എന്നൊരു ആശങ്ക മനസ്സിലെത്തിയിരുന്നു. പക്ഷെ, ഒരു സീനില്‍ പോലും അങ്ങനെയൊരു സാമ്യത തോന്നിക്കാതെ, തികച്ചും രസകരമായി കഥയെ മുന്നോട്ടു നയിക്കാന്‍ VKPക്ക് കഴിഞ്ഞു. 5 മാസം മുന്പിണറങ്ങിയ '3 കിങ്ങ്സ്‌' ഇങ്ങേരുടെ തന്നെ പടം ആണെന്ന് പറഞ്ഞാല്‍ ഇനി ചിലരെങ്കിലും വിശ്വസിക്കാതിരുന്നേക്കാം. അത്രയ്ക്ക് പാകത ചിത്രത്തിലുടനീളം ദൃശ്യമാണ്.

ഇനി കഥയിലേക്ക്- നേരത്തെ പറഞ്ഞ പോലെ, “ചെറുപ്പം മുതലേ ശരീരം തളര്ന്നു കിടക്കുന്ന കോടീശ്വരനായ സ്റ്റീഫന്‍ , അയാളും പാട്ടുകാരന്‍ ജോണുമായുള്ള സൌഹൃദം, അവര്‍ക്കിടയിലേക്ക് മഴ നനഞ്ഞെത്തുന്ന സുന്ദരിയായ ഹോംനേഴ്സ് അഞ്ജലി. ഇവരാണ് പ്രധാന കഥാപാത്രങ്ങള്‍ . ഇവര്‍ക്കിടയിലെ തമാശകള്‍ , നിശബ്ദമായ പ്രണയം, ഒടുവില്‍ സ്റ്റീഫനു മേലുള്ള  കൊലപാതകശ്രമം, അതിന്റെ അന്വേഷണം..."- അങ്ങനെ എവിടെയൊക്കെയോ നമ്മള്‍ കേട്ട് മറന്ന കഥ തന്നെ, പക്ഷെ അതെങ്ങനെ അവതരിപ്പിച്ചിരിക്കുന്നു എന്നതിലാണ് ഈ ചിത്രത്തിന്റെ വിജയം.

“സ്വയം നീങ്ങാനാകാതെ സ്റ്റീഫന്‍ വഴിയിലിരുന്നു മഴ കൊള്ളുന്ന ഒരു സീനുണ്ട് ചിത്രത്തില്‍ . ഇത് കണ്ടു കുറ്റബോധത്തോടെ ഓടിയെത്തുന്ന ജോണില്‍ നിന്നും ഒരു "സോറി" യാണ് നമ്മള്‍ പ്രതീക്ഷിച്ചത്. പക്ഷെ ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം പൊട്ടിച്ചിരിക്കുകയാണ് രണ്ടാളും. പ്രേക്ഷകരുടെ കണ്ണ് നനയിപ്പിക്കാന്‍ ഒക്കുമായിരുന്ന വൈകാരിക മുഹൂര്ത്തുങ്ങള്‍ കഥയില്‍ ഒട്ടനവധി ഉണ്ടായിരുന്നിട്ടും അതിനു ശ്രമിക്കാതെ ആ നിമിഷങ്ങളോരോന്നും ആഘോഷമാക്കാനാണ് ചിത്രം ആഹ്വാനം ചെയ്യുന്നത്.

'തൂവാനത്തുമ്പികളി'ലെ ക്ളാരയ്ക്കും മഴയ്ക്കും അകമ്പടിയായെത്തുന്ന നായികയുടെ introduction സീന്‍ , അനൂപ്‌ മേനോന്റെയും ജയസൂര്യയുടെയും നിയന്ത്രിതമായ എന്നാല്‍ അടുപ്പം തോന്നിപ്പിക്കുന്ന ഡയലോഗുകള്‍ ("അവളെ ഓര്‍ത്തു കുടിച്ച കള്ളും നനഞ്ഞ മഴയും വേസ്റ്റ് :)"), മികച്ച ക്യാമറ വര്‍ക്ക്, നല്ലൊരു പാട്ടും bgm ഉം, വലിച്ചു നീട്ടാതിരുന്ന ക്ലൈമാക്സ്‌ ... അങ്ങനെ എടുത്തു പറയാന്‍ ഏറെയുണ്ട് ബ്യൂട്ടിഫുള്‍ ന്. 2011 ലെ മികച്ച ചിത്രങ്ങളുടെ കൂട്ടത്തില്‍ നിസ്സംശയം പെടുത്താം ഈ കൊച്ചു ചിത്രത്തെ !

Verdict: 8.5/10

വാല്‍ക്കഷണം: ഇന്നലെ ഒരു TV ഇന്റര്‍വ്യൂ യില്‍ അനൂപ്‌ മേനോന്‍ പറഞ്ഞത് കേട്ടു. "സ്വതവേ എനിക്കങ്ങനെ എഴുതാന്‍ സാധിക്കാറില്ല, എവിടുന്നേലും ഒരു push വേണം, ഒരു compulsion. എങ്കിലേ എഴുത്ത് വരൂ!". നമുക്കാശിക്കാം, ഇടയ്ക്കിടെ ആരെങ്കിലും സ്നേഹപൂര്‍വ്വം നിര്‍ബന്ധിക്കട്ടെ ഈ ചെറുപ്പക്കാരനെ എന്ന് !


അനില്‍സ് 
www.panchasarappothi.blogspot.com


Friday, October 7, 2011

ഇന്ത്യന്‍ റുപ്പിയും സ്നേഹവീടും !


രഞ്ജിത്ത് എന്ന കലാകാരനില്‍ മലയാളികള്‍ക്കുള്ള വിശ്വാസം ഇപ്രാവശ്യവും തെറ്റിയില്ല. ജീവിതത്തോട് ചേര്ന്നു നില്ക്കുന്ന കഥയും കഥാപാത്രങ്ങളും സൃഷ്ടിക്കാനും, അത് ഹൃദയസ്പര്ശി്യായി അവതരിപ്പിക്കാനുമുള്ള കഴിവ് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് രഞ്ജിത്ത്- ഇന്ത്യന്‍ റുപ്പിയിലൂടെ !

ജയപ്രകാശ്‌ അഥവാ ജെ.പി എന്ന റിയല്‍ എസ്റ്റേറ്റ്‌ ബ്രോക്കറാണിതിലെ നായകന്‍. എങ്കിലും അയാളുടെ ജീവിതകഥയെക്കാളുപരി  ഇന്നത്തെ സമൂഹത്തില്‍ പണത്തിന്റെ വില(വിലയില്ലായ്മയും) എത്രത്തോളമുണ്ടെന്നതാണ് പ്രധാന വിഷയം. പണം എങ്ങനെ മനുഷ്യനെ സ്വാധീനിക്കുന്നെന്നും, എങ്ങനെ മനസ്സില്‍ പോലും കരുതാത്ത കാര്യങ്ങള്‍ അവനെക്കൊണ്ട് ചെയ്യിക്കുന്നെന്നും ഇന്ത്യന്‍ റുപ്പി പറഞ്ഞു തരുന്നു.

ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് അതൊരു രഞ്ജിത്ത് ചിത്രം ആണെന്നത് തന്നെയാണ്. ഏറെ ഒച്ചപ്പാടും ബഹളവും ഇല്ലാതെ, എങ്കില്‍ തന്നെ ലളിതമായ സന്ദര്ഭങ്ങളിലൂടെ, ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ കഥയെ മുന്നോട്ട് കൊണ്ട് പോകാന്‍ സംവിധായകന് കഴിയുന്നുണ്ട്. പ്രത്യേകിച്ച്, ജെ.പി യുടെ അനിയത്തിയെ പെണ്ണ് കാണാന്‍ വരുന്ന സീന്‍. അതിലും പിന്നീടുള്ള സീനുകളിലും തിലകന്‍ എന്ന നടന്‍റെ സംഭാവന ചെറുതല്ലെന്നത് എടുത്തു പറയേണ്ടതാണ്. പടം റിലീസിംഗിന് മുന്‍പ്‌ ഒരു അഭിമുഖത്തില്‍ രഞ്ജിത്ത് പറഞ്ഞിരുന്നു- “തിലകന്‍ ചേട്ടന്‍ ചെയ്ത കഥാപാത്രം അവതരിപ്പിക്കാന്‍ ഇന്ന് മലയാളത്തില്‍ വേറൊരു നടനില്ല!”. അത് 100% ശരിയാണെന്ന് സിനിമ കണ്ടാല്‍ ബോധ്യമാകും. ഒരു കാലത്ത്‌ മലയാള സിനിമയുടെ ശക്തി എന്നത് തന്നെ നായകനോപ്പമോ, ചിലപ്പോള്‍ അതിലും മേലെയായോ നില്ക്കുന്ന സ്വഭാവ നടന്മാരായിരുന്നു- നരേന്ദ്രപ്രസാദ്‌, മുരളി, സോമന്‍ , രാജന്‍.പി.ദേവ്... ആ നിര ഇന്ന് ശുഷ്ക്കമാണ്. എന്നിട്ടും സംഘടനയുടേയും, രാഷ്ട്രീയത്തിന്റെയും പേരില്‍ തിലകനെ പോലുള്ളൊരു കലാകാരനെ വിലക്കുന്നത് തികച്ചും ഖേദകരമാണെന്നേ പറയാന്‍ കഴിയൂ.

പിന്നെയുള്ളത് പ്രിഥ്വിരാജ്, ടിനി ടോം എന്നിവരുടെ പ്രകടനമാണ്. നിര്‍മാതാക്കളുടെ പേരെഴുതിക്കാണിച്ചപ്പോഴും, ഇന്ട്രോഡക്ഷന്‍ സീനിലും തനിക്ക് നേരെ ഉയര്ന്ന കൂവലിനെ(അതെന്തിന്റെ പേരിലായാല്‍ പോലും), പടം മുന്നോട്ടു പോവും തോറും കയ്യടികളാക്കി മാറ്റാന്‍ പ്രിഥ്വിക്ക് കഴിഞ്ഞു. ഏറെ വെല്ലുവിളികള്‍ നിറഞ്ഞതല്ലെങ്കില്‍ പോലും , ജെ.പി എന്ന കഥാപാത്രം പ്രിഥ്വിയുടെ കൈയ്യില്‍ ഭദ്രമാണ്. പിന്നെ, ചെയ്യുന്ന പ്രവൃത്തി ശരി ആയാലും തെറ്റ് ആയാലും നായകനൊപ്പം നില്‍ക്കുന്ന ‘സി.എച്ച്’ ആയി ടിനി ടോമും പക്വതയാര്‍ന്ന അഭിനയം കാഴ്ച വച്ചു. പേരിനൊരു നായിക എന്ന പട്ടമണിഞ്ഞു റിമ കല്ലിങ്കലും ഇവര്ക്ക് കൂട്ടായുണ്ട്.

തന്റെ യഥാര്‍ത്ഥ കൈയ്യൊപ്പ് പതിഞ്ഞ ആദ്യ സിനിമ 'ഇന്ത്യന്‍ റുപ്പി' ആയിരിക്കും എന്ന് രഞ്ജിത്ത് പറഞ്ഞിരുന്നു. എങ്കിലും പ്രാഞ്ചിയേട്ടനും, തിരക്കഥയ്ക്കും, കൈയ്യൊപ്പിനും ഒക്കെ മേലെയാണ് ഈ സിനിമയുടെ സ്ഥാനം എന്ന് തോന്നിയില്ല. അതിലൊക്കെ കണ്ട, പുതുമയുടെയും വ്യത്യസ്തതയുടെയും ഗന്ധം ഇതില്‍ കുറവുള്ളത് പോലെ. എങ്കില്‍ പോലും അതൊരു പോരായ്മ ആയി കരുതേണ്ടതില്ല. നല്ല സിനിമയ്ക്ക് വേണ്ടിയുള്ള ശ്രമങ്ങള്‍, അതിനിയും തുടരട്ടെ, Go for this Ranjith movie !

Verdict: 7/10.

* * *

പഴയ വീഞ്ഞ്, പഴയ കുപ്പി, സ്നേഹവീട് !

വലിയ സംവിധായകനും, ബാനറും ഒക്കെയാണെന്കിലും ചില പടങ്ങളുടെ അനൌണ്സ്മെന്റ് കേള്ക്കുമ്പോഴേ മനസ്സ് തീരുമാനിക്കാറുണ്ട്- “വേണ്ട, കാണണ്ട, എവിടെയോ ഒരു തട്ടിക്കൂട്ട് സ്മെല്ല് !”- ഊഹം മിക്കപ്പോഴും തെറ്റീട്ടില്ല- കുരുക്ഷേത്രയും, ഇന്നത്തെ ചിന്താവിഷയവും, മാമ്പഴക്കാലവും ഒക്കെ ചില എക്സാംപിള്സ്...

സ്നേഹവീടും ഉണ്ടായിരുന്നു ആ ലിസ്റ്റില്‍. എങ്കിലും പടം റിലീസ് ചെയ്ത ദിവസം "എന്തായി ആവോ" എന്നറിയാനൊരു ആകാംക്ഷ. കമ്പനിയില്‍ എല്ലാരും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്ന BB യില്‍ നിന്ന് കിട്ടിയ വിവരങ്ങള്‍ ഇതായിരുന്നു-

1. ഫസ്റ്റ് ഹാഫ് ഓക്കേ. കോമഡി ഉണ്ട്. മോഹന്ലാല്‍ നന്നായിട്ടുണ്ട്.
2. സെക്കന്‍റ് ഹാഫ് ഇഴച്ചിലാണ്.
3. ക്ലൈമാക്സ്‌ ബോര്‍ ആണ്.

എന്നിട്ടും, പോയി ഇന്ന് ഈ സിനിമയ്ക്ക്. മുകളില്‍ കൊടുത്തിട്ടുള്ള പോയിന്റ്് ഒന്നിനെ പറ്റി കൂടുതല്‍ ഒന്നും പറയാനില്ല. പക്ഷെ രണ്ടിലും മൂന്നിലും കുറച്ചു കൂട്ടിച്ചേര്ക്കാനുണ്ട് താനും.

ഒരു കല്യാണം പോലും കഴിക്കാതെ അമ്മയെ സ്നേഹിച്ചു നടക്കുന്ന നാട്ടിന്‍പുറത്തെ നായകനായി മോഹന്ലാല്‍. അയല്‍പക്കത്തെ സാധാരണക്കാരായി ഇന്നസെന്റും കെ.പി.എ.സി ലളിതയും. സോപ്പുകമ്പനിയില്‍ പണിയെടുക്കുന്ന നായിക. പിന്നെ കൃഷി, പശുക്കളെ നോക്കല്‍, നാടകം പ്രാക്ടീസ്... അങ്ങനെ സന്തോഷജീവിതം... പെട്ടെന്നാണ് നായകന്റെ് മകനെന്നു അവകാശപ്പെട്ടു പുതിയൊരു കഥാപാത്രം എത്തുന്നത്. അതിന്റെ പൊല്ലാപ്പുകള്‍... രഹസ്യത്തിന്റെ ചുരുളഴിച്ചു മാമുക്കോയ. അവസാനം ത്യാഗമയിയാകുന്ന നായകന്‍... കഥാന്ത്യം ശുഭം !

കേട്ട് പഴകിയ ഈ ത്രെഡില്‍ പോലും ഒരു സാധാരണ സിനിമയ്ക്കുള്ള സ്കോപ്പ്‌ ഉണ്ട്. ഫസ്റ്റ് ഹാഫ് തരക്കേടില്ലാതെ പോവുകയും ചെയ്തു. പക്ഷെ ഇന്റര്‍വെല്ലിനു ശേഷം എല്ലാം കൈ വിട്ട് പോവുകയാണ്. അടുത്ത കാലത്ത് കണ്ട ഏറ്റവും ഭാവനാശൂന്യവും ന്യായീകരിക്കാന്‍ പറ്റാത്തതുമായ കഥാവഴികള്‍ എന്ന് വേണമെങ്കില്‍ പറയാം. പിന്നീടുള്ള ഓരോ സീനിലും, തകര്ന്നു വീണ ഒരു തറയുടെ മുകളില്‍ വീണ്ടും നിലകള്‍ കെട്ടിപ്പൊക്കാന്‍ ശ്രമിക്കുന്ന ഒരാളെ അനുസ്മരിപ്പിക്കുകയാണ് സംവിധായകന്‍. ക്ലൈമാക്സ്‌ എത്തുന്നതോടെ അത് പൂര്ണ്ണമാകുന്നു. ‘ഇന്ത്യന്‍ റുപ്പി’ക്കൊടുവില്‍ എണീറ്റ്‌ നിന്ന് കയ്യടിച്ച അതേ പ്രേക്ഷകര്‍, പ്രത്യേകിച്ച് വികാരമൊന്നുമില്ലാതെയാണ് ‘സ്നേഹവീടി’നൊടുവില്‍ തീയേറ്റര്‍ വിട്ടത്‌.

സത്യന്‍ അന്തിക്കാട്‌ അല്പ്പമെങ്കിലും മാറിചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തൊടുപുഴ അല്ലെങ്കില്‍ പാലക്കാട് ലൊക്കേഷന്‍, ‘നാട്ടിലെ മഴയും പുഴയും’ കൂട്ടി 4 നൊസ്റ്റാള്ജിൊക് ഡയലോഗുകള്‍, ഇളയരാജയുടെ സംഗീതം... ഇത്രയുമായാല്‍ ‘സാധാരണക്കാരന്റെ സിനിമ’യാകും എന്ന വിശ്വാസമാണോ അദ്ദേഹത്തെ വീണ്ടും വീണ്ടും ഒരേ അച്ചില്‍ സിനിമകള്‍ എടുക്കാന്‍ പ്രേരിപ്പിക്കുന്നത് എന്നറിയില്ല.

ഒരു പക്ഷെ പ്രതീക്ഷകളുടെ അമിതഭാരമാകാം ഇങ്ങനെയൊക്കെ തോന്നിപ്പിക്കുന്നത്. എങ്കിലും എന്നും മനസ്സിലിട്ടു സൂക്ഷിക്കാന്‍, മറ്റേതൊരു സംവിധായകനെക്കാളും കൂടുതല്‍ കഥാപാത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ച ആളെന്ന നിലയില്‍- അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കാതിരിക്കുന്നതെങ്ങനെ?

Verdict: 4/10

http://www.panchasarappothi.blogspot.com/


Sunday, July 10, 2011

പുതുമയുടെ സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ !


എന്നും സാദാ ഭക്ഷണം കഴിച്ച് മടുത്തിരിക്കുന്ന ഒരാള്‍ക്ക്‌ മുന്നില്‍ വൈവിധ്യമാര്‍ന്ന കറികള്‍ കൂട്ടി ഒരു സദ്യ വിളമ്പിയ അനുഭവമാണ് 'സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍' സമ്മാനിക്കുന്നത്. മലയാള സിനിമയിലെ കഥാദാരിദ്ര്യത്തെ ചൊല്ലി നാഴികക്ക് നാല്‍പ്പതു വട്ടം മുറവിളി കൂട്ടുന്നവര്‍ തീര്‍ച്ചയായും ഒരു വട്ടമെന്കിലും കാണേണ്ടതാണ് ഈ 'ദോശ ഉണ്ടാക്കിയ കഥ'.

എന്നാല്‍ ഏറെ രസകരം, ഈ ചിത്രത്തിലും എടുത്തു പറയാനായി ഒരു കഥ ഇല്ലെന്നുള്ളതാണ്. പക്ഷെ ലളിതമായ ഒരു ത്രെഡില്‍ നിന്ന് മനസ്സ് തുറന്നു ആസ്വദിക്കാവുന്ന ഒരു സിനിമ ഒരുക്കിയ ആഷിക്ക് അബുവിനു എല്ലാ അഭിനന്ദനങ്ങളും നേരാം.

ആര്‍ക്കിയോളജിസ്റ്റ്‌ ആയ നായകന്‍ , ഡബ്ബിംഗ് ആര്ടിസ്റ്റ്‌ ആയ നായിക. ഇവരുടെ രണ്ടു പേരുടെയും ജീവിതത്തില്‍ ഏറ്റവും പ്രധാനം രുചിയുള്ള ഭക്ഷണവും കുക്കിങ്ങുമാണ്. ആ താല്‍പ്പര്യം തന്നെയാണ് അവരെ തമ്മില്‍ അടുപ്പിക്കുന്നതും. എങ്കിലും അവരുടെ റിലേഷന്‍ അല്ല ചിത്രത്തിന്റെ തീം. അത് 'തട്ടില്‍ കുട്ടി ദോശ'യും, മുളകിട്ട് വറ്റിച്ച ചെമ്പല്ലി കറിയും, റെയിന്‍ബോ കേക്കും ഒക്കെയാണ് :) ഇതിനിടയില്‍ വേറെയും കുറച്ചു കഥാപാത്രങ്ങള്‍ - നായകന്‍റെ സ്വന്തക്കാരന്‍ പയ്യന്‍, പാചകക്കാരന്‍ , നായികയുടെ കൂട്ടുകാരി, ഒരു ഡയലോഗ് പോലും ഇല്ലാത്തൊരു മൂപ്പന്‍ ... അങ്ങനെ...

മുന്‍പ്‌ പലപ്പോഴും ഇതേപോലുള്ള കഥാപാത്രങ്ങളില്‍ കണ്ടിട്ടുണ്ടെങ്കിലും ലാലിന്റെ മാനറിസങ്ങള്‍ക്ക് തികച്ചും അനുയോജ്യനാണ് ഇതിലെ ആര്‍ക്കിയോളജിസ്റ്റ്‌ കാളിദാസന്‍ . കൂടാതെ ശ്വേത മേനോന്‍ , ആസിഫ്‌, മൈഥിലി... എല്ലാവരും തങ്ങളുടെ ഭാഗങ്ങള്‍ സേഫ് ആക്കിയിട്ടുണ്ട്. പക്ഷെ ഇതിലെ സര്‍പ്രൈസ് എലമെന്റ്റ്‌ എന്ന് പറയാവുന്നത് ബാബുരാജ്‌ ആണ്. ഇന്നേ വരെ ഒരു ഗുണ്ടയുടെ റോളില്‍ മാത്രം നാം കണ്ടിട്ടുള്ള ബാബുരാജ്‌ ഇതിലെ പാചകക്കാരന്‍ ബാബു ആയി കസറിയിട്ടുന്ടെന്നു തന്നെ പറയാം !

വലിയ ബഹളങ്ങളില്ലാതെ ഒരു സ്ലോ കോമഡി ആയിട്ടാണ് തുടക്കം മുതല്‍ക്കെ പടം മുന്നോട്ട് നീങ്ങുന്നത്. ആ രസച്ചരട് മുറിയാതെ അവസാനം വരെയും പ്രേക്ഷകരെ പിടിച്ചിരുത്തുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. കളര്‍ഫുള്‍ ആയ വിഷ്വല്‍സ്, ഏച്ചു നില്‍ക്കാത്ത ഡയലോഗുകള്‍, അതിനു യോജിച്ച ബാക്ക് ഗ്രൌണ്ട് മ്യൂസിക്ക്... ഇതെല്ലാമാണ് സാള്‍ട്ട് ആന്‍ഡ്‌ പേപ്പറിന്റെ +ves. ബിജിബാലിന്റെ പാട്ടുകളും മോശമായില്ല. സിനിമ ആയി ബന്ധമൊന്നുമില്ലെങ്കിലും 'അവിയല്‍ ' ആരാധകര്‍ക്കായി അവരുടെ ഒരു പെര്‍ഫോര്‍മന്‍സ് കൂടിയുണ്ട് അവസാനം. അങ്ങനെ എല്ലാം കൂടി ചേരുമ്പോള്‍ നല്ലൊരു എന്റര്‍ട്ടെയ്നെര്‍ ആയി മാറുന്നു ഈ ചിത്രം.

Verdict: 8.5/10 - Go for it !

************************

ഇതിനോടൊപ്പം കഴിഞ്ഞ ദിവസം കണ്ട മറ്റൊരു ചിത്രത്തെ കുറിച്ച് കൂടി പരാമര്‍ശിക്കാതിരുന്നാല്‍ അത് യുകതമാവില്ല- "3 കിങ്ങ്സ്‌"

10ല്‍ 2 മാര്‍ക്ക് കൊടുക്കാം ഈ കിംഗ്സിന്- അത് ചിത്രത്തിന്റെ എന്തേലുമൊരു മേന്മയ്ക്കല്ല പക്ഷെ ഇങ്ങനെ ഒരു സിനിമ തട്ടിക്കൂടി എടുക്കാന്‍ കാണിച്ച ധൈര്യത്തിന് !

പടം തുടങ്ങി ഒരു 10 മിനിട്ടിനുള്ളില്‍ തന്നെ എങ്ങോട്ടാണ് പോക്കെന്ന് കൃത്യം മനസ്സിലാവും. പരസ്പരം പാര വയ്ക്കുന്ന 3 രാജ കുടുംബ സഹോദരങ്ങള്‍- ജയസൂര്യ, കുഞ്ചാക്കോ ബോബന്‍ , ഇന്ദ്രജിത്ത്. കൂട്ടിനു അണിഞ്ഞൊരുങ്ങി നടക്കാന്‍ മാത്രമായി 3 പെണ്‍തരികളും- സംവൃത, സന്ധ്യ, ആന്‍ . ഇവരൊന്നിച്ചു ഒരു നിധി കണ്ടെടുക്കാന്‍ പോണു- ഇതാണ് കഥ. യാതൊരു ലോഗിക്കുമില്ലാതെ മുന്നോട്ട് നീങ്ങുന്ന കഥാസന്ദര്‍ഭങ്ങളും, 'കോമഡി' സീനുകളും ഒക്കെയായ്‌ ഒരു തരത്തില്‍ അവസാനിപ്പിക്കുന്നു VKP ഈ ചിത്രം.

അഭിനയതിന്റെയോ ചിത്രത്തിന്റെ വേറെ പ്രത്യേകതകളെ കുറിച്ചോ ഒന്നും പറയുന്നില്ല, പറയാന്‍ ഒന്നുമില്ല എന്നതാണ് സത്യം !

Verdict: 2/10 - Avoidable

www.panchasarappothi.blogspot.com

Wednesday, April 13, 2011

ഫേസ്‌ബുക്കും മഴയും!


രാവിലെ മുതല്‍ക്കേയുള്ള 'ഭാരിച്ച' ജോലികള്‍ക്കൊടുവില്‍ ഒരു 7 മണിയോടെ ഓഫീസില്‍ നിന്നിറങ്ങി. ഭാഗ്യത്തിന് അപ്പൊ തന്നെ ബസ്സും കിട്ടി കഴക്കൂട്ടത്ത് വന്നിറങ്ങി. ഫുഡ്‌ പാര്‍സല്‍ വാങ്ങാനായി കടയില്‍ നിന്നപ്പോഴാണ് പുറത്തു മഴ പയ്യെ ചാറി തുടങ്ങിയത്.

"ചേട്ടാ ഒന്ന് വേഗം എടുത്തോ ട്ടോ, മഴ വരണ്ണ്ടേ!"
"എന്ന് വച്ചാ... എനിക്കാകെ 2 കൈയ്യല്ലേ ഉള്ളു, ഈ സ്പീഡൊക്കെയെ പറ്റൂ"
"ആ... എന്നാല്‍ ആ സ്പീഡില്‍ ഒന്ന് വേഗം എടുക്ക്"- ഞാനൊരല്‍പ്പം വിനയാന്വിതന്‍ ആയി.

ഒരിക്കല്‍ ഒന്ന് പെട്ടതാ ഈ മഴയില്‍ ഇതേ സ്ഥലത്ത്. അതും, കഴിഞ്ഞ ന്യൂഇയര്‍ ദിനത്തിന് തലേന്ന്. ടൌണില്‍ പോണം, കൂട്ടുകാരുടെ കൂടെ ആഘോഷിക്കണം എന്നൊക്കെയുള്ള പ്ളാന്‍സ് വെള്ളത്തിലായി. ഏതാണ്ട് ഒരു ഒന്നര മണിക്കൂര്‍ ഞാനീ തട്ടുകടയുടെ നീല ഷീറ്റിനടിയില്‍ റോഡിലൂടെ പോകുന്ന വണ്ടികളുടെ കണക്കെടുത്ത് നിന്നു. ആ ഓര്‍മ ഉള്ളത് കൊണ്ടാവണം ഞാന്‍ അല്‍പ്പം വേഗം നടന്നു വീട്ടിലേക്ക്.

അപ്പഴാണ് ഫോണ്‍ വന്നേ- അമ്മയാണ്.

"മോന്‍ വീട്ടില്‍ എത്തിയോ?"
"ആ പോയ്ക്കൊണ്ടിരിക്യാ"
"ഭക്ഷണം കഴിച്ചോ?"
"പാര്‍സല്‍ വാങ്ങീട്ടുണ്ട്, പോയിട്ട് വേണം കഴിക്കാന്‍".
"അപ്പൊ 3 നേരവും ഹോട്ടല്‍ ഭക്ഷണം ആണ്ല്ലേ?"
"yup"
"എന്താന്ന്?"
"അല്ലാ 'അതേ'ന്ന് പറയുവാരുന്നു..."

ഇന്നലെ വിളിച്ചപ്പോ ചോദിച്ച അതേ കാര്യങ്ങളാണേലും എല്ലാത്തിനും ഞാന്‍ മറുപടി കൊടുത്തു.

"അപ്പൊ വീട്ടില്‍ കുക്കിംഗ് ഒന്നുമില്ലേ?"
"അതിപ്പോ എല്ലാരും വരുമ്പോ ഒരു നേരമാവൂല്ലേ, ഞാന്‍ തന്നെ ഇന്നെങ്ങനെയോ നേരത്തെ ഇറങ്ങീതല്ലേ!"
"ഹും... അപ്പൊ വല്യ കഷ്ടപ്പാടാണല്ലേ മോന്"
"ഒഹ് അതൊന്നും സാരില്ല..." (എല്ലാം നിങ്ങള്ക്ക് വേണ്ടിയല്ലേ)

"പിന്നെ മോന്‍ ഒറ്റയ്ക്കാണോ നടക്കുന്നെ?"
"പിന്നെ ?.."
"ഈ രാത്രിയൊന്നും ഒറ്റയ്ക്ക് സഞ്ചാരം വേണ്ട, ആ ജിമ്മിയുടെ ഒപ്പം പോന്നാ പോരെ?"
"ഒഹ് അവന്‍ തോന്നിയ സമയത്തൊക്കെയാ വീട്ടില്‍ വരുന്നേ"
"എന്നാലും ഈ രാത്രി വല്ല പട്ടികളുമൊക്കെ കാണും വഴീല്..."
"പിന്നേ.. പട്ടി... ഞാന്‍ കൊച്ചു കൊച്ചല്ലേ, ആ... ഞാന്‍ ഫോണ്‍ വയ്ക്കുവാ, മഴ നന്നായി പെയ്തു തുടങ്ങി. ശെരി എന്നാ..."

വെറുതെ പറഞ്ഞതായിരുന്നില്ല, മഴ കനപ്പെട്ടിരുന്നു പയ്യെ... ഒരു വല്യ കയറ്റം കേറി വേണം വീട്ടിലേക്കെത്താന്‍. അതിന് ചോട്ടില്‍ എത്തീതും കൃത്യം കറന്റ് പോയി. ഇനീമുണ്ട് ഒരു 1/2 കിലോമീറ്റര്‍ . ഒരു ഫുള്‍ സ്റ്റോപ്പ്‌ ഇട്ട പോലെ ഞാന്‍ അവിടെ നിന്നു- "അമ്മേ ! വല്ല പട്ടീമുണ്ടാവുമോ വഴീല്???"

"പയ്യെ അങ്ങ് അങ്ങ് ഓടിയാലോ?"- കൂടുതല്‍ ആലോചിച്ചില്ല, ആ ഇരുട്ടത്ത് ഒരൂഹം വച്ച് നേരെ അങ്ങ് ഓടി. വീടിന്റെ സിറ്റ് ഔട്ടിലേക്ക് കയറീതും ഗയിറ്റ്‌ ഇടിച്ചു പൊളിച്ചു ജിമ്മിയുടെ ബൈക്കും വന്നു കയറി.

"അളിയാ ജിമ്മീ നനഞ്ഞോ?"
"ഹഹ.. നനയാനിനി ഒരു സ്ഥലവും ബാക്കിയില്ല"- അവന്‍ കാര്‍ പോര്‍ച്ചിലേക്ക് വണ്ടി കയറ്റി.
"എന്തായാലും നീയാ താക്കോല്‍ ഇങ്ങെടുക്ക്"- ഞാന്‍ അവനോട് പറഞ്ഞു.
"ഓ നീ ഇത് വരെ വീട്ടില്‍ കയറീല്ലേ? ഏതായാലും ഞാനൊരു നമ്പര്‍ കാണിച്ചു തരാം, നോക്കിക്കോ"

ബൈക്കില്‍ നിന്ന്‍ ഇറങ്ങാതെ തന്നെ ഒരല്‍പ്പം ഏന്തി വലിഞ്ഞു അവന്‍ അടുത്തുള്ള ജനല്‍പ്പടിയില്‍ (ദൈവമേ ഇത് കള്ളന്മാരൊന്നും വായിക്കാന്‍ ഇട വരുത്തരുതേ) നിന്നു താക്കോല്‍ എടുക്കാനുള്ള ശ്രമം തുടങ്ങി.

"എടാ കുറെ നേരമായല്ലോ, നീ അത് തള്ളി വീടിന്റെ ഉള്ളിലേക്ക് തന്നെ ഇടുവോ?"  
"പിന്നേ... ഞാനിതു എത്ര വട്ടം ചെയ്തിത്തുള്ള..."
"കിലും !"
"അയ്യോ... അത് താഴെ പോയീന്നാ തോന്നണേ"
"എടാ മഹാപാപീ... നിന്‍റെ ഒടുക്കത്തെ സ്റ്റൈല്‍ കണ്ടപ്പഴേ ഞാന്‍ കരുതീതാ."
"അതിനിപ്പോ ഞാന്‍ എന്ത് ചെയ്യാനാ, താക്കോല്‍ വെച്ചവന്റെ കുഴപ്പമാ. ഈ മൂലയ്ക്കാണോ വയ്ക്കുന്നെ?"
"അതിന് ആരാ രാവിലെ ലാസ്റ്റ് പൂട്ടി പോയെ?"- ഞാന്‍ ചോദിച്ചു.
"ഓ അതും ഞാന്‍ തന്നെയാണല്ലോ. ഇനി എന്താ ഇപ്പോ ചെയ്യാ"- അവന്‍ തലയ്ക്കു കൈ കൊടുത്തു നിന്നു.

"ഒരു കാര്യം ചെയ്യ്, ഓണര്‍ടെ കൈയ്യില്‍ ഡ്യൂപ്ളിക്കേറ്റ് കീ ഉണ്ടാവും, അത് വാങ്ങാം നമുക്ക്"
"കൊള്ളാം, നല്ല ഐഡിയ. എന്നാ നീ പോയി വാങ്ങീട്ടു വാ"- ജിമ്മി പറഞ്ഞു.
പിന്നേ എനിക്ക് വയ്യ, നീയല്ലേ തട്ടി ഇട്ടേ- ഞാന്‍ ഒഴിഞ്ഞു.

എങ്കിലും അവസാനം 'ഒരു ജ്യൂസ്‌ വാങ്ങിത്തരാം' എന്ന അവന്‍റെ വാഗ്ദാനത്തില്‍ ഞാന്‍ വീണ്ടു. അങ്ങനെ ഞങ്ങള്‍ രണ്ടാളും കൂടിപ്പോയി താക്കോല്‍ കൊണ്ടു വന്നു അകത്ത് കയറി. അപ്പഴും കറന്റ്‌ വന്നിരുന്നില്ല. പഴയൊരു ഓര്‍മ വച്ച് അവന്‍ അടുക്കളയില്‍ നിന്നു ഒരു മെഴുകുതിരി കണ്ടെടുത്തു കത്തിച്ചു.

"ഹോ എന്തൊരു ആശ്വാസം"- പാതി നനഞ്ഞ ഷര്‍ട്ട്‌ ഞാന്‍ വലിച്ചൂരി. ആ ഞൊടിയിടയില്‍ തന്നെ കുളിച്ച് കള്ളിമുണ്ടും ഷര്‍ട്ടുമിട്ടു ജിമ്മി ഫുഡ്‌ അടിക്കാന്‍ റെഡി ആയി എത്തിക്കഴിഞ്ഞിരുന്നു.

"ബാ ഇങ്ങിട് ഇരി"- കുറെ പത്രക്കടലാസ്സു നിലത്തു വിരിച്ചു അവന്‍ തീന്‍മേശ ശരിയാക്കി. തുറന്നിട്ട വാതിലില്‍ കൂടി വീശിയടിച്ച കാറ്റില്‍ പെടാതിരിക്കാന്‍ അവന്‍ മെഴുകുതിരി കുറച്ചു നാളായി പണിമുടക്കി നില്‍ക്കുന്ന TV ക്ക് മേലേക്ക് വച്ചു.

"എങ്ങനെ ഉണ്ട് എന്‍റെ കാന്റില്‍ ലൈറ്റ് ഡിന്നര്‍ സെറ്റപ്പ് ?"- ജിമ്മി ചോദിച്ചു.
"കൊള്ളാം, പക്ഷെ  അത് നിന്‍റെ കൂടെ ആയിപ്പോയതിലേ വിഷമമുള്ളൂ"
"നിന്‍റെ ഒരു സ്റ്റാന്‍ഡേര്‍ഡ് വച്ച് ഞാന്‍ തന്നെ കൂടുതലാ"
"ഹ ഹ... അത് കൊള്ളാം"

"ങാ അത് വിട്, നീ എന്താ വാങ്ങിയേ?"- ജിമ്മി അടുത്ത വിഷയമിട്ടു.
"ദോശ"
"ദോശേം?"
"കടല. നീയോ?"
"ഞാന്‍ പൊറോട്ട & ചിക്കന്‍ കറി. ആ മാളൂസ് ലെ നല്ല ബെസ്റ്റ് കറിയാ !"
"എടാ എന്നാലും നീ 55 രൂപ കറിക്ക് മാത്രം മുടക്കാറായോ? പണ്ട് MCA ക്കാലത്ത് വെള്ളയംബലത്തെ 'അമ്മ' ഹോട്ടലില്‍ കഞ്ഞിയുടെ വില 8 ല്‍ നിന്നു 10 ആക്കീപ്പോ ഡിന്നര്‍ ഒന്നരാടം ആക്കിയവനല്ലേ നീയ് !"
"അത് അന്തക്കാലം, അന്നേരം കൈയ്യില്‍ കാശുണ്ടോ?"
"ഇപ്പഴോ?"
"അതൊരു ചോദ്യമാണ്..."

ഒന്നും രണ്ടും പറഞ്ഞു ഏകദേശം ഒരു 1/2 മണിക്കൂര്‍ എടുത്തു കഴിച്ച് തീരാന്‍...

"വിശപ്പ്‌ മാറീല്ലല്ലോ അളിയാ"- നിരാശയില്‍ ഞാന്‍ വയറു തടവി.
"എനിക്കും..."
"ഹോ വീട്ടിലാരുന്നേല്‍ പിന്നേം കിട്ടിയേനെ"
"അതിപ്പോ പറഞ്ഞിട്ടെന്തു കാര്യം, വാ നമുക്ക് വെള്ളം കുടിക്കാം..."

അങ്ങനെ എല്ലാ കടലാസ് കഷണങ്ങളും പ്ളാസ്റ്റിക്ക്  കവറുകളും ചുരുട്ടി എടുത്ത് ഞങ്ങള്‍ അടുക്കളയിലേക്ക് നീങ്ങി.

"ഇത് നമ്മള്‍ കഴിച്ചതിലും കൂടുതല്‍ ഉണ്ടല്ലോ കൈയ്യില്‍"
"ഹഹ.. അത് ശരിയാ"
പുറം വാതില്‍ തുറന്നു വേസ്റ്റ് ഒക്കെ ഇരുളിലേക്ക് (അടുത്ത പറമ്പിലേക്ക് എന്ന് തിരുത്തി വായിക്കണം) വലിച്ചെറിഞ്ഞതിനു ശേഷം തിരിച്ച് ഹാളിലെത്തി. സാധാരണഗതിയില്‍ അവന്‍ അവന്‍റെ മുറിയിലേക്കും ഞാന്‍ എന്‍റെ മുറിയിലേക്കും പോകേണ്ടതാണ്. പക്ഷെ തുറന്നിട്ട വാതിലിലൂടെ അരിച്ചു കയറിയ തണുത്ത കാറ്റ് വല്ലാതെ മോഹിപ്പിച്ചു, ഞാന്‍ പുറത്തേക്ക് നീങ്ങി. ഷൂസുകള്‍ അലക്ഷ്യമായി ഇട്ടിരുന്ന സിറ്റ് ഔട്ടില്‍ ചുമ്മാ ഇരുന്നു. ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോ ഒരു കസേരയും എടുത്ത് ജിമ്മിയും എത്തി.

മഴ നന്നായി പെയ്യുകയാണ് മുറ്റത്ത്‌. ഞാനോര്‍ത്തു- ജീവിതത്തില്‍ ഏറ്റവും ഇഷ്ടമുള്ള ഒന്നാണിത്- മഴ. പക്ഷെ എത്ര കാലമായി ഇങ്ങനെ ഒരിത്തിരി നേരം ഇരുന്നു മഴ ആസ്വദിച്ചിട്ടു? പണ്ട്... അതായത് 10 ആം ക്ളാസ്സ് വരെ, 2 മാസം വെക്കേഷന്‍ എന്ന് പറഞ്ഞാല്‍ അത് മുഴുവന്‍ തൊടുപുഴ ആയിരുന്നു- അമ്മയുടെ വീട്ടില്‍. എങ്കിലും മഴ എത്തുക സ്കൂള്‍ തുറക്കുന്നതിനു മുന്‍പ് കൃത്യം ഒരാഴ്ച മുന്‍പ് മാത്രമാണ്. അന്നേരം വെള്ളം വന്നു നിറയുന്ന പാടങ്ങളിലേക്ക് പുഴയില്‍ നിന്ന് മീന്‍ കയറും (ഊത്ത കയറും എന്ന് നാട്ടു ഭാഷ). രാത്രി, മഴയത്ത് പെട്രോമാക്സ് തെളിച്ചു അമ്മാവനോടൊത്തു വരമ്പത്തൂടെയുള്ള കുഞ്ഞു യാത്രകള്‍... ഒരു മീനെങ്കിലും കിട്ടിയാല്‍ അതിന്റെ വലിയ ആഹ്ളാദം...

കോളേജ് ലെ ഓര്‍മകളും കുറവല്ല. കിണ്ണനോടും pk യോടും ഒപ്പം ക്ളാസ്സില്‍ നിന്ന് വീട് വരെ പെരുമഴയത്ത് നടക്കുമായിരുന്നു മിക്കപ്പോഴും. മുട്ടോളം വെള്ളം കയറിക്കിടന്ന നഗരത്തിലെ ആ വഴികള്‍ ഒരു തടസ്സമായി തോന്നിയിട്ടില്ല ഒരിക്കലും . മറ്റൊരു മഴയത്ത്, അതേ പാതയിലൂടെ തന്നെ എന്‍റെ പ്രിയപ്പെട്ടവളോടൊത്തു ഒരു നടത്തം... 
അവളുടെ കൈയ്യില്‍ ഉണ്ടായിരുന്നത് ഒരു കൊച്ചു കുട ആയിരുന്നിട്ടും അന്ന് പക്ഷെ ഞാനൊട്ടും നനഞ്ഞില്ല... പിന്നീട് ദൂരത്തായെങ്കിലും ഇടയ്ക്കെന്നോ മെസേജ് അയച്ചിട്ടുണ്ട് അവള്‍ക്ക് - "mazha peyyanu ivde... miss u..."- യാതൊരു പ്രയോജനവും ഇല്ലാത്ത ഓര്‍മകളില്‍ കൂടി ഞാന്‍ വെറുതെ സഞ്ചരിച്ചു കൊണ്ടിരുന്നു...

പെട്ടെന്നാണ് ഒരു അശരീരി കേട്ടത്-

"പെണ്ണെന്നു പറയുന്നത് ഒരു ചാറ്റല്‍ മഴ പോലാണ്.
ദൂരെ നിന്നു കാണാന്‍ നല്ല ഭംഗിയാണ്,
അടുത്തു വന്നാല്‍ സുഖമുള്ള കുളിരാണ്, പക്ഷെ,
നനഞ്ഞാല്‍ അറു ബോറാണ് !"

നോക്കുമ്പോ ജിമ്മിയുടെ വകയാണ് ഡയലോഗ് - "ദൈവമേ അവനെന്റെ മനസ്സ് വായിച്ചോ?"

"അളിയാ, നീ എന്താ ഇപ്പോ പറഞ്ഞേ?"
"ങേ, എന്ത്.. ഞാനെന്ത് പറഞ്ഞു?"
"ഇല്ലാ ഒന്നുമില്ല, നീ എന്തോ പറഞ്ഞ പോലെ എനിക്ക് തോന്നി."
"യേയ്, ഞാനൊന്നും പറഞ്ഞില്ല"

അവനും എന്നെപ്പോലെ തന്നെ എന്തൊക്കെയോ മണ്ടന്‍ ഓര്‍മകളില്‍ മുഴുകി ഇരിക്കയാണ്.. ഹഹ.. ഇരുന്നോട്ടെ, ശല്യപ്പെടുത്തണ്ട.

പിന്നെ എപ്പോഴാണ് ഞാനൊരു ഒരു IT ക്കാരന്‍ ആയത്? എങ്കിലും അതോടെ വെയിലും മഴയുമൊക്കെ വിട്ടു. രാവിലെ ചില്ലുകൊട്ടാരത്തില്‍ ജോലിക്ക് കേറിയാല്‍ പുറത്ത് എന്താണോ, ഒന്നും അറിയില്ല... അറിയേണ്ട ആവശ്യമില്ല എന്നതാകും ശെരി. മൊത്തത്തില്‍ ജീവിതത്തില്‍ ആകെ ഒരു തിരക്ക് പടര്‍ന്നു കയറി, പക്ഷെ എങ്ങോട്ടാണ് ആ ദ്രുതയാത്ര എന്ന് മാത്രം തിരിച്ചറിയാന്‍ പറ്റുന്നില്ല...

ഫേസ്ബുക്ക് ഉള്ളത് ഭാഗ്യം, പഴയ ഫ്രണ്ട്സിനോടൊക്കെ അല്ലേല്‍ എങ്ങനാ ഒന്ന് മിണ്ടുന്നത്. എന്തിനു പഴയതെന്നു പറയുന്നു, ഇപ്പൊ ഉള്ളവരോടും നേരില്‍ സംസാരിക്കാന്‍ എനിക്ക് വല്യ പിടിയില്ല. ഓഫീസില്‍ ഒരു ദിവസം മുഴുവന്‍ ഒന്നിച്ച്  ഇരിക്കുന്ന സെന്തിലിനോടും, സുബിനോടുമെല്ലാം വിശേഷങ്ങള്‍ പറയുന്നതും അന്യോന്യം പാരകള്‍ വച്ചു കമന്റ്‌ എഴുതുന്നതുമെല്ലാം ഇപ്പൊ രാത്രി വീട്ടില്‍ വന്നതിനു ശേഷമാണ്. ഒരു സിനിമ കണ്ടാല്‍ അഭിപ്രായം പറയാന്‍ , ഇന്ത്യയുടെ ക്രിക്കറ്റ്‌ കളി പാതി വഴിയെത്തിയാല്‍ അതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍... ഒന്നിനും ഇപ്പൊ വീടിനു വെളിയില്‍ ഇറങ്ങണ്ട.

വീട്ടില്‍ ചെല്ലുമ്പോ കമ്പ്യൂട്ടര്‍ന് മുന്നില്‍ ചടഞ്ഞു ഇരുന്നാല്‍ അച്ഛന്‍ ആദ്യം വന്നൊന്നു നോക്കി പോകും, രണ്ടാമത്തെ വരവില്‍ ചോദിക്കും- "ഓഫീസില്‍ എല്ലാ ദിവസവും മുഴുവന്‍ സമയോം ഇതിനു മുന്നിലല്ലേ, ഇവടെ വന്നാലും എന്ത് നോക്കാനാ നിനക്ക്?"
ഞാന്‍ ശ്രദ്ധിക്കാറില്ല ആ വാക്കുകള്‍- "അച്ഛന് ഇതൊന്നും അറിയാതോണ്ടാല്ലേ... ക്ഷമിച്ചേക്കാം."

മഴത്തുള്ളികള്‍ എന്‍റെ മേത്തേക്ക് വീശി അടിച്ചപ്പോ ഞാന്‍ എണീറ്റു. തല നനഞ്ഞിട്ടുണ്ട് ചെറുതായി. വീട്ടിലായിരുന്ണേല്‍ ബാക്കി പണി അമ്മയുടെതാണ്. പുറകെ നടന്നു തലതോര്‍ത്തലും, ഒപ്പം ഫ്രീ ആയി കുറെ ഉപദേശങ്ങളും... ഹഹ... ഞാന്‍ അപ്പൊ തന്നെ ഫോണ്‍ എടുത്ത് അമ്മയെ വിളിച്ചു. പക്ഷെ ടി.വി യില്‍ 'ദേവീമഹാത്മ്യ' ത്തിന്റെ ടൈം ആയതോണ്ട് അമ്മ പറഞ്ഞു- "ഞാനൊരിത്തിരി ബിസിയാ, നിന്‍റെ അച്ഛന് കൊടുക്കാം"

അച്ഛനോടും പിന്നെ ചേട്ടനോടും ഏറെ സംസാരിച്ചു. അത് കൊണ്ടും നിര്‍ത്തിയില്ല ഞാന്‍. ആ ഒറ്റ ഇരിപ്പിന് ഏഴോ എട്ടോ പേരെ വിളിച്ചു. നാട്ടിലെ കൂട്ടുകാര്‍, ബന്ധുക്കള്‍... അങ്ങനെ. എല്ലാരുടേം ആദ്യത്തെ ചോദ്യം ഏതാണ്ട് ഒരേ പോലൊക്കെ തന്നാരുന്നു- "ആ ഇതെന്താ പതിവില്ലാതെ?", "അല്ലാ നീ ജീവിച്ചിരുപ്പുണ്ടോ?".

അല്ലാ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ഞാന്‍ മാത്രമാണ് അകന്നത്. ഇവരെ ഒക്കെ ഒന്ന് വിളിച്ചിട്ട്... ഒഴിവു സമയമാണേല്‍ പോലും നാട്ടില്‍ ഒരു കല്യാണത്തിന് പോയിട്ട്... എത്രയായി? - സമയക്കുറവാണ് എല്ലാത്തിനും കാരണം !

"സമയക്കുറവ്"- അങ്ങനെ ഒന്നുണ്ടോ?- ഞാന്‍ സൂരജ് ചേട്ടനെ ഓര്‍ത്തു. എന്‍റെ കൂടെ ബാന്‍ഗ്ളൂരില്‍ ഉണ്ടാരുന്നതാണ്. പുള്ളി എന്നും ഉച്ചക്ക് വീട്ടിലേക്ക് ഫോണ്‍ വിളിക്കുമായിരുന്നു. "എന്താ ചേട്ടാ ഇത്ര സംസാരിക്കാന്‍ ?"- മറ്റു പലരോടുമൊപ്പം ഞാനും കളിയായി ചോദിച്ചിട്ടുണ്ട്.

"ഞാന്‍ അധികവും കേള്‍ക്കാറെ ഉള്ളു- കാലത്ത് പാല്‍ക്കാരന്‍ വൈകിയത്, അടുത്ത വീട്ടിലെ സുനിക്കുട്ടന് സൈക്കിള്‍ ഓവറോള്‍ ചെയ്യാന്‍ പൈസ കൊടുത്തത്... അങ്ങനെ ഒരു കൂട്ടം കാര്യങ്ങള്‍. കേട്ടിട്ട് മിക്കപ്പോഴും എനിക്ക് കാര്യമൊന്നുമില്ല, പക്ഷെ എന്നോട് മാത്രമേ അമ്മയ്ക്കത് പറയാന്‍ ഉള്ളു. So, ഈ ഒരു 10 മിനിറ്റേലും ഞാന്‍ കൊടുക്കണ്ടേ"- ഇതാരുന്നു പുള്ളീടെ മറുപടി.

ശെരിയാണ്... ഓണ്‍ലൈന്‍ കൂട്ടുകാരുടെ എണ്ണം ഒരു വശത്ത് കൂടീപ്പഴും പിന്നിട്ട വഴികളിലേക്കും അവിടെ എനിക്കായ് കാത്തു നിന്നവരെയും അറിഞ്ഞോ അറിയാതെയോ ഞാനും ഓര്‍ക്കാന്‍ വിട്ടു പോയി. 
ഇനിയും കുരുക്ക് മുറുകും മുന്‍പ് ഈ ഇന്റര്‍നെറ്റ്‌ വലയില്‍ നിന്ന് പുറത്ത് ചാടണം. പ്രത്യേകിച്ചൊരു ലക്‌ഷ്യം കുറിക്കാതെ ചാടിപ്പുറപ്പെട്ടിരുന്ന ആ കൊച്ചു യാത്രകളിലേക്ക്... കാലത്തെയുണ്ടായിരുന്ന ഷട്ടില്‍ കളിയിലേക്ക്(ഇപ്പഴേ അലാറം വച്ചേക്കാം, നാളെ പോവാനുള്ളതല്ലേ!)... 'mathrubhumi.com'ല്‍ നിന്ന് 'മാതൃഭൂമി' യിലേക്ക്... ഒക്കെ... ഒക്കെ ഒരു തിരിച്ച് പോക്ക് വേണം.

എനിക്കെന്നെ കുറിച്ച് തന്നെ ചെറിയൊരു അഭിമാനം തോന്നി-"വേറെ ആര് ചിന്തിക്കും ഇപ്പഴത്തെ കാലത്ത് ഇങ്ങനെയൊക്കെ!"- തിരിച്ചറിവിന്റെ ആ വെളിച്ചത്തില്‍ അല്‍പ്പനേരം കൂടി ഞാന്‍ അവിടെ തന്നെ ഇരുന്നു.

പെട്ടന്നാണ് അകത്തൂന്ന് ജിമ്മിയുടെ ശബ്ദം കേട്ടത്- "ഹൊയ് ഹൊയ്  കറന്റ് വന്നേ !!!". ഇതിനിടേലെപ്പഴോ അവന്‍ അകത്തേക്ക് പോയത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഞാനും ഒട്ടും സമയം പാഴാക്കിയില്ല, സിറ്റ് ഔട്ടീന്നു ചാടി എണീറ്റു.

"ലാപ്പ് ഓണ്‍ ചെയ്യട്ടെ... ഫേസ് ബുക്കില്‍ ആരുടെയേലും updates വന്നിട്ടുണ്ടേലോ. ഒരു പത്തു മിനിറ്റ്... അതില്‍ കൂടില്ല, ഉറപ്പ് !".

:)
അനില്‍സ് 


Monday, January 31, 2011

പാസ്സഞ്ചര്‍ മുതല്‍ അര്‍ജുനന്‍ വരെ !


ഒരുപാട് പ്രതീക്ഷയോടെയാണ് 'അര്‍ജുനന്‍ സാക്ഷി'ക്കു വേണ്ടി കാത്തിരുന്നത്, അതോടൊപ്പം ഒരല്‍പ്പം ആശങ്കയോടെയും. തന്‍റെ ആദ്യ ചിത്രമായ 'പാസ്സഞ്ചര്‍ ' ഉയര്‍ത്തി വിട്ട പ്രതീക്ഷകളെ സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ എങ്ങനെ കൈകാര്യം ചെയ്തിട്ടുണ്ടാവും എന്നോര്‍ത്തുള്ള മനുഷ്യസഹജമായ ചെറിയ ഒരു ആശങ്ക.

തിരുവനന്തപുരം 'ശ്രീകുമാര്‍ 'ലാണ് പടം കണ്ടത്. ടിക്കറ്റ്‌ എടുക്കാന്‍ അധികം തിരക്ക് ഉണ്ടായിരുന്നില്ലേലും, പടം തുടങ്ങാറായാതോടെ തീയേറ്റര്‍ ഏതാണ്ട് 80 ശതമാനത്തോളം നിറഞ്ഞു. പത്രപ്രവര്‍ത്തകയായ നായികയ്ക്ക് 'അര്‍ജുനന്‍ 'എന്നൊരാളുടെ പേരില്‍ വരുന്ന ഒരു കത്തില്‍ നിന്നാണ് കഥ തുടങ്ങുന്നത്. 1 വര്‍ഷം മുന്‍പ് നടന്ന, കൊച്ചി കളക്ടറുടെ കൊലപാതകത്തിന്റെ സാക്ഷിയാണ് താന്‍ എന്നായിരുന്നു ആ കത്തിന്റെ ഉള്ളടക്കം.

"ആരാണ് അര്‍ജുനന്‍ ?"- ആ ചോദ്യത്തിന് ഉത്തരം തേടിയുള്ള നെട്ടോട്ടമാണ് പിന്നീട് പോലീസും മീഡിയയും. അതിനിടയിലേക്കാണ് പ്രിഥ്വിരാജ് അവതരിപ്പിക്കുന്ന റോയ് മാത്യു എന്ന ആര്‍ക്കിട്ടെക്ടിന്റെ വരവ്. അറിഞ്ഞോ അറിയാതെയോ ഈ സംഭവങ്ങളിലെല്ലാം ഇടപെടേണ്ടി വരുന്നു നായകന്. ഇരുള്‍ മൂടിക്കിടന്നിരുന്ന ആ കൊലപാതകത്തിന്റെയും, നാടിന്റെ മുടങ്ങിപ്പോയ ഒരു വികസന പദ്ധതിയുടെയും ചരിത്രത്തിലേക്ക് അയാള്‍ സഞ്ചരിക്കുകയാണ്. കൂട്ടിനു നായികയായി ആന്‍ അഗസ്റിനും, ചങ്ങാതിയായി പഴയ നൂലുണ്ടയും(മെലിഞ്ഞു പുതിയ ഗെറ്റപ്പില്‍ !). ഇതാണ് ചിത്രത്തിന്റെ ത്രെഡ്.

തികച്ചും കാലിക പ്രസക്തിയുള്ള വിഷയം- പ്രത്യേകിച്ച്, ഒരു റോഡ്‌ വീതി കൂട്ടണം, അല്ലെങ്കില്‍ പാലം പണിയണം എന്ന് പറഞ്ഞാല്‍ പോലും 2 പക്ഷം ഉടലെടുക്കുന്ന കേരളത്തിലെ അവസ്ഥയില്‍. കച്ചവട സിനിമയ്ക്കുള്ള ഏറെ അവസരങ്ങള്‍ ഒത്തു വന്നിട്ടും ഇങ്ങനെ ഒരു ശ്രമം നടത്തിയ രഞ്ജിത്ത് ന് ആദ്യമേ ഒരു അഭിനന്ദനം. എങ്കിലും 'പാസ്സഞ്ചര്‍ 'മായ് താരതമ്യം ചെയ്യുമ്പോള്‍ (അല്ലെങ്കില്‍ പോലും) 'അര്‍ജുനന്‍ സാക്ഷി' പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല എന്ന് വേണം പറയാന്‍.

ഇന്റെര്‍വല്‍ വരെ സാമാന്യം നല്ല രീതിയില്‍ തന്നെയാണ് സിനിമ മുന്നോട്ട് പോകുന്നത്. എങ്കില്‍ പോലും "ഇത് വരെ കാര്യമായി ഒന്നും സംഭവിച്ചില്ലല്ലോ കഥയില്‍ " എന്നൊരു തോന്നല്‍ അറിയാതെ മനസ്സില്‍ വന്നു. പിന്നീട് കഥാഗതിക്കു വേഗമേറിയേലും പല സീനുകളിലും വിശ്വസിനീയതയുടെ കുറവ് അനുഭവപ്പെട്ടു. ഒരുപാട് 'പ്രൊജക്റ്റ്‌' ചെയ്യപ്പെട്ടു കാണിച്ച വില്ലന്മാര്‍ ഒന്നിനുമാവാതെ നിസ്സഹായരാകുന്നതിലും, climax ലും എല്ലാം ആ കുറവ് പ്രകടമായിരുന്നു.

ട്രാഫിക് ബ്ളോക്കില്‍ പെട്ടു ഗത്യന്തരമില്ലാതെ, പരിക്കേറ്റ തന്‍റെ സഹപ്രവര്‍ത്തകനെ നായകന്‍ തോളില്‍ ചുമന്നു ആശുപത്രിയില്‍ എത്തിക്കുന്ന ഒരു സീനുണ്ട് ചിത്രത്തില്‍. അതിന് ശേഷം കേരളത്തിലെ റോഡുകളുടെ ഇന്നത്തെ അവസ്ഥയും, "ദിവസവും എത്ര പേര്‍ ഇങ്ങനെ കഷ്ടപ്പെടുന്നുണ്ടാവും" എന്നുമൊക്കെ നായകന്‍ പരിതപിക്കുന്നു.

നീണ്ട ട്രാഫിക്‌ ബ്ളോക്കിന്റെയും, അതിനെ തുടര്‍ന്നു നായകന്‍ അനുഭവിക്കുന്ന ബുധിമുട്ടുമെല്ലാം കാണിച്ചതിന് ശേഷവും ആ സന്ദേശം കൊടുക്കാന്‍ ഒരു ഡയലോഗിന്റെ ആവശ്യം വരുന്നു രഞ്ജിത്ത് ന്. അവിടെയാണ് 'പാസഞ്ചര്‍' ഉം 'ട്രാഫിക്കു'മെല്ലാം ഈ ചിത്രത്തിന് മുകളില്‍ നില്‍ക്കുന്നത്. ആ സിനിമകള്‍ കണ്ടു കഴിയുമ്പോള്‍, നമ്മള്‍ അറിയാതെ തന്നെ അതിലെ സന്ദേശം ഉള്ളിലെയ്ക്കെത്തുന്നു. മിക്കപ്പോഴും അല്പ്പായുസ്സാണെങ്കില്‍ പോലും, "സമൂഹത്തിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം" എന്നുള്ള ചിന്ത കാണികളുടെ മനസ്സില്‍ വിടര്‍ത്താനുള്ള ശക്തി ആ സിനിമകള്‍ക്കുണ്ടായിരുന്നു.

സാധാരണക്കാരനോട് ലളിതമായി സംവദിക്കാനുള്ള ആ ശേഷി തന്നെയാണ് അര്‍ജുനന്‍ സാക്ഷിയുടെ മിസ്സിംഗ്‌ ലിങ്ക്. എങ്കിലും നേരത്തെ സൂചിപ്പിച്ചത് പോലെ ഇതിന്റെ theme ആണ് ഈ ചിത്രത്തെ വേറിട്ട്‌ നിര്‍ത്തുന്നതും. അതോടൊപ്പം അജയന്‍ വിന്സന്റിന്റെ ക്യാമറ വര്‍ക്ക്, ആനിന്റെയും, പ്രിഥ്വിയുടെയും സ്ക്രീന്‍ പ്രസന്‍സ് അതെല്ലാം തീര്‍ച്ചയായും ഈ ചിത്രത്തിന്റെ +ves ആണ്. ഒരു "Must watch" എന്ന നിലയിലേക്ക് ഉയരുന്നില്ലെങ്കിലും, "Ok movie" എന്ന ഗണത്തില്‍ പെടുത്താം അര്‍ജുനനെ !

Verdict: 6.5/10

അനില്‍സ് 
www.panchasarappothi.blogspot.com


Sunday, January 9, 2011

Green signal to Traffic !

എന്‍റെ ഒരുപാട് കാലത്തെ മോഹമായിരുന്നു "ENGLISH' ല്‍ എന്തേലും എഴുതണംന്ന്.  സംഭവം 1 തൊട്ടു 10 വരെ ഇംഗ്ളീഷ് മീഡിയത്തില്‍ ആണ് പഠിച്ചതേലും ഓര്‍ക്കാപ്പുറത്ത് ഒരാള്‍ കേറി "What's your name?" എന്ന് ചോദിച്ചാല്‍ 2 വട്ടം ആലോചിക്കും ഇപ്പഴും, മറുപടിയില്‍ "is" ആണോ "was" ആണോ എന്ന് :)

എങ്കിലും ഇന്ന് 2 ഉം കല്‍പ്പിച്ചു ഞാനൊരു 'പാര'ഗ്രാഫ് എഴുതി. സംഭവം ഒരു സിനിമയെ കുറിച്ചാണ്. ഈ വെള്ളിയാഴ്ച ഇറങ്ങിയ 'ട്രാഫിക്‌' എന്ന ഫിലിം. തീരെ ചെറിയ setup ല്‍ ആണ് പടം ഇറങ്ങിയതെങ്കിലും നല്ലൊരു പ്രതീക്ഷ എങ്ങനെയോ ഉണ്ടായിരുന്നു മനസ്സില്‍. അത് തെറ്റിയില്ല. ബാക്കി താഴെ ഉണ്ട്...Saw 'Traffic' over the weekend. Without any formal introduction, I must say it is one of the finest movies in recent times which can be put along with 'Passenger' or 'Cocktail' in terms of directional style. Young director Rajesh Pillai(who directed 'Hridayathil sookshikkan' which was a flop) has come back strongly with this well crafted movie.

The film is more about a single day in which a lot of things happen in the lives of four sets of people. From the very 1st scene, the story proceeds in four separate tracks which are led by Rahman, Sreenivasan, Vineeth Sreenivasan and Kunchakko Boban and ends with a risky mission. (The plot of the mission is based on a real incident which occurred in Chennai sometime back). It's not about whether the task will be accomplished or not, but how it will, is all about the movie.

Eventhough it's a complicated story and different narration style, the director and Script writers have succeeded to keep the audience gripped to their seats throughout the time. They were able to keep the same momentum and excitement till the end, thanks to sharp editing and appealing bg score. The film doesn't leave much loopholes too, even though its chances were pretty high.

The director got excellent support from the acting side too. It has a big line up other than the protagonists, like Saikumar, Asif Ali, Anoop Menon, Sandhya, Roma, Ramya Nambeeshan etc. Everyone made their roles remarkable, especially Rahman and Saikumar. They have truly performed well. It's evident from the outcome that the whole team has done so much homework before making this movie. A big kudos to their effort !

Do watch and promote this film. It won't disappoint you. And it will surely be an inspiration to other movie makers too, to come with 'real good' Malayalam movies !   

Verdict: 9/10

അനില്‍സ്

Tuesday, December 7, 2010

നാന്‍സീ പ്ലീസ് കം !


നാട്ടിലേക്കൊരു ട്രാന്‍സ്ഫറിനു ശ്രമം തുടങ്ങിയിട്ട് നാള്‍ കുറച്ചായി. ഒന്നല്ലെങ്കില്‍ മറ്റൊരു കാരണം പറഞ്ഞു മുടങ്ങാതെ അതെല്ലാം മുടങ്ങിക്കൊണ്ടിരുന്നു. പിന്നെ ഈ കഴിഞ്ഞ മാര്‍ച്ചിലാണ് PM സമ്മതിച്ചത്- 'പകരം ഒരാളെ കൊണ്ട് വന്നാല്‍ നിനക്ക് പോകാം !'

പിന്നീട് അതിനുള്ള ശ്രമമായി. അങ്ങനെ കഷ്ടപ്പെട്ട് തിരുവനന്തപുരം DC യില്‍ നിന്ന് ഒരാളെ കണ്ടെത്തി. കല്യാണമൊക്കെ കഴിഞ്ഞ് ബംഗ്ലൂര്‍ക്ക് എങ്ങനേലും എത്തിപ്പെടാന്‍ നോക്കിയിരുന്ന ഒരു രമ്യ. തസ്തിക കൊണ്ടും ചെയ്തിരുന്ന ജോലി കൊണ്ടും എല്ലാം ok. PM ഉടക്കൊന്നും വച്ചില്ല. ട്രാന്‍സ്ഫറിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. അപ്പോഴാണ് അത് വരെ യാതൊരു അപായ സൂചനയും തരാതെ ജിമ്മും മോഡലിങ്ങും ഒക്കെയായ് നടന്നിരുന്ന എന്റെ സഹപ്രവര്‍ത്തകന്‍ അങ്കുര്‍ രാജിക്കത്ത് നല്‍കിയത്- അവന്‍ MBA ക്ക് പോവുകയാണത്രെ !

എന്തിനേറെ പറയുന്നു, അതോടെ എന്റെ ട്രാന്‍സ്ഫര്‍ വീണ്ടും മുടങ്ങി. ഒരേ സമയത്ത് 2 പേരെ 'റിലീസ്' ചെയ്യാന്‍ പറ്റില്ലത്രേ. കമ്പനി വിടുന്നത് കൊണ്ട് സ്വാഭാവികമായും അവനു നറുക്ക് വീണു. മറ്റൊരാള്‍ക്ക് വേണ്ടി എന്റെ അവസരം നഷ്ടമായതിലായിരുന്നു എനിക്ക് വിഷമം. എങ്കിലും ഒന്നും പുറത്ത് കാണിച്ചില്ല. അല്ലാ, കാണിച്ചിട്ട് വല്യ കാര്യവുമില്ലായിരുന്നു...

എന്റെ കടുത്ത വിഷമം മാറിയത് വളരെ പെട്ടെന്നായിരുന്നു- അങ്കുര്‍നു പകരം വന്ന ആളെ കണ്ടപ്പോ- ജോഗി ശര്‍മ !. വെളുത്ത് കൊലുന്നനെയുള്ള ഒരു ഹരിയാനക്കാരി. കോട്ടന്‍ ചുരിദാറും, ഷോളും, മുഖത്ത് ആവശ്യത്തില്‍ കൂടുതല്‍ പരിഭ്രമവും- കണ്ടിട്ട് ഒരു പാവമാണെന്ന് തോന്നുന്നു...

ഏകദേശം ഒരു 2 ആഴ്ചത്തെ KT സെഷനു ശേഷം അങ്കുര്‍ ന്റെ 'ലാസ്റ്റ് ഡേ' എത്തി. 'ഓള്‍ ദ ബെസ്റ്റും' 'വണ്ടര്‍ഫുള്‍ ഫ്യൂച്ചര്‍' ഉം ഒക്കെ വാരിക്കോരി കൊടുത്ത് എല്ലാരും അവനെ യാത്രയാക്കി. വേര്‍പിരിയലിന്റെ നിമിഷമായിരുന്നെലും ഇനി മുതല്‍ ജോഗി ശര്‍മ എന്റെ മാത്രം അസിസ്റ്റന്റ്‌ ആണല്ലോ എന്നോര്‍ത്തപ്പോ മനസ്സില്‍ എവിടെയോ ഒരു ലഡ്ഡു പൊട്ടി !

അങ്ങനെ 'പിറ്റേന്ന്' ആയി. എന്നും 9:30 ആകുമ്പോ മാത്രം ഓഫീസില്‍ എത്തിയിരുന്ന ഞാന്‍ അന്നെത്തിയത് 8:45 നു. എന്റെ തൊട്ടടുത്തുള്ള കുബിക്കിളിലായി ജോഗിയും ഉണ്ട്. എന്നെ കണ്ടതും ജോഗി എണീറ്റ്‌ നിന്നൊരു 'ഗുഡ്മോണിംഗ്' പറഞ്ഞു. ഗൌരവം ഒട്ടും വിടാതെ ഞാനും തിരിച്ചൊരു ആശംസ നേര്‍ന്നു.

അന്ന് ആദ്യത്തെ ഐറ്റം സ്റ്റാറ്റസ് മീറ്റിംഗ് ആയിരുന്നു. കഴിഞ്ഞ ആഴ്ച എന്തൊക്കെ ചെയ്തു, അടുത്ത ആഴ്ച എന്തൊക്കെ ചെയ്യും (ഭാഗ്യം, ആ ആഴ്ച എന്ത് ചെയ്യണമെന്നു ആരും പറഞ്ഞു കേട്ടില്ല) എന്നൊക്കെയുള്ള വിശകലനങ്ങള്‍ കഴിഞ്ഞു PM എന്നെ നോക്കി പറഞ്ഞു- "താങ്കള്‍ക്ക് ബുദ്ധിമുട്ടാകും എന്നറിയാം, എന്നാലും പ്രൊജക്റ്റ്‌ലെ പുതിയ കുട്ടിയുടെ 'മെന്റര്‍' ആയി നിങ്ങളെ അപ്പോയിന്റ് ചെയ്യുകയാണ്. Take it as a challenge. പ്രോജക്ടില്‍ അവര്‍ക്ക് എന്ത് സംശയം വന്നാലും solve ചെയ്തു കൊടുക്കണം. Ok !"

പണ്ട് മുതല്‍ക്കേ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ യാതൊരു മടിയും കാട്ടാത്ത ഞാന്‍ അതങ്ങ് കേറി സമ്മതിച്ചു.

സംശയങ്ങളുടെ പെരുമഴയായിരുന്നു പിന്നീടുള്ള ദിവസങ്ങളില്‍ ഞങ്ങള്‍ രണ്ടാള്‍ക്കും. ജോഗിയ്ക്കൊരു സംശയം, അതിനു ഞാന്‍ പറഞ്ഞു കൊടുത്ത ഉത്തരം ശരിയാണോന്നു എനിക്ക് തന്നെ സംശയം... അങ്ങനെ...

എന്തായാലും രണ്ട്‌-രണ്ടര വര്ഷം മുന്പ് ഈ പണി തുടങ്ങിയപ്പോ ഞാന്‍ ചോദിച്ച ചോദ്യങ്ങളൊക്കെ തന്നെയാണ് ജോഗിയും ചോദിച്ചേ. അത് കൊണ്ട് തന്നെ പിടിച്ചു നില്‍ക്കാന്‍ അധികം കഷ്ടപ്പെടേന്ടി വന്നില്ല. എല്ലാത്തിനും ഒരല്‍പം ഗൌരവം മേമ്പൊടി ചേര്‍ത്ത് ഞാന്‍ മറുപടികള്‍ കൊടുത്തു പോന്നു.

പലപ്പോഴും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്, രാവിലെ വന്നാല്‍ പിന്നെ ഊണ് കഴിക്കാന്‍ അല്ലാതെ ജോഗി പുറത്തു പോവാറില്ല. ഒരിക്കല്‍ അതെപ്പറ്റി ഞാന്‍ ചോദിക്കുകയും ചെയ്തു.

"ആക്ച്വലി എനിക്കങ്ങനെ വല്യ ഫ്രണ്ട്സ് ഒന്നുമില്ല ഇവിടെ, അതാ.."

ഞാന്‍ കേള്‍ക്കാന്‍ കൊതിച്ച ഉത്തരം. ആരും കൂട്ടിനില്ലാത്ത ഒരനാഥ പെണ്‍കുട്ടിയ്ക്ക് ഞാന്‍ അഭയം നല്‍കാന്‍ പോകുന്നു.

"ഫ്രണ്ട്സ് ഇല്ല എന്നൊന്നും കരുതണ്ട, വൈകിട്ട് ഞാന്‍ ചായക്ക് ഇറങ്ങുമ്പോ വിളിക്കാം, ok"
"okies"

ഞാന്‍ വാക്ക് തെറ്റിച്ചില്ല, കൃത്യം 4 മണി ആയപ്പോ ചാറ്റ് വിന്‍ഡോയിലൂടെ ചോദിച്ചു- "T?"
ഒരു 2 മിനിറ്റ് എടുത്തു മറുപടി വരാന്‍- "സോറി, ഇപ്പൊ ഇല്ല !"
"അതെന്തേ?"
"I don't feel like coming" (എന്താന്ന് !!!)
"ഓക്കേ"- പിന്നെ നിര്‍ബന്ധിച്ചില്ല.

ദിവസങ്ങള്‍ കഴിയും തോറും ആദ്യത്തെ ഗൌരവമെല്ലാം പയ്യെ ഉടഞ്ഞു വീഴുകയായിരുന്നു. പ്രൊജക്റ്റ്‌നെ കുറിച്ച് മാത്രം ഉണ്ടായിരുന്ന ഞങ്ങളുടെ സംസാരങ്ങളില്‍ തമാശകള്‍ നിറഞ്ഞു. ആദ്യമൊക്കെ എന്തെങ്കിലും കാര്യങ്ങള്‍ ചോദിക്കാനായി വരുമ്പോ നില്‍ക്കുക മാത്രമുണ്ടായിരുന്ന ജോഗി പയ്യെ മേശപ്പുറമാക്കി തന്റെ ഇരിപ്പിടം. എനിക്കതൊരു കുഴപ്പമായിരുന്നില്ല. പക്ഷെ മറ്റു പലര്‍ക്കും അതൊട്ടായിരുന്നു താനും...

സന്ദീപ്‌ പറഞ്ഞാണ് ഞാന്‍ കാര്യങ്ങള്‍ അറിഞ്ഞത്- പണ്ട് വല്ലപ്പോഴും മാത്രം വന്നിരുന്ന, എന്നാല്‍ ജോഗി വന്നതിനു ശേഷം എല്ലാ ദിവസവും എന്റെ കുബിക്കിളില്‍ വന്നു സുഖ വിവരങ്ങള്‍ ആരാഞ്ഞു പോന്നിരുന്ന അവന്‍ എന്നോട് ചോദിച്ചു-

"അളിയാ നീ 'ശിപായിലഹള' ഫിലിം കണ്ടിട്ടുണ്ടോ?"
"ഉവ്വാ, 2 വട്ടം"
"ഇഷ്ടപ്പെട്ടോ?"
"പിന്നല്ലാതെ... ചിരിച്ചു ചിരിച്ചു ഒരു വഴിയാകും"
"എന്നാല്‍ അധികം ചിരിക്കണ്ട, അതിലെ ഒരാള്‍ടെ പേരാ ഇപ്പൊ ജോഗിയെ എല്ലാരും വിളിക്കണെ- നാന്‍സി !"
"എന്ത്.. എനിക്ക് മനസ്സിലായില്ല"
"അല്ലാ അതില്‍ വിജയരാഘവന്‍ ഇടയ്ക്കിടെ ഫോണ്‍ എടുത്ത് സെക്രട്ടറിയെ വിളിക്കില്ലേ- 'നാന്‍സീ പ്ലീസ് കം !' ന്ന്. ഇവിടേം അത് പോലൊരു 'ജോഗീ പ്ലീസ് കം' നടക്കുന്നുണ്ടോ എന്ന് അവര്‍ക്കൊക്കെ ഒരു സംശയം."
"ഈ അവരെന്ന് പറഞ്ഞാല്‍?"
"ഞാനും, പിന്നെ നമ്മുടെ ചേട്ടന്മാരും... ഹി ഹി... ആശ്വിനും, സൂരജ് ചേട്ടനും റിജോച്ചായനും എല്ലാരുമുണ്ട് "
"എടാ, അത് അവള്‍ സംശയങ്ങള്‍ ചോദിയ്ക്കാന്‍ വേണ്ടി..."
"സംശയങ്ങളോ, നിന്റെ അടുത്തോ, ഹി ഹി"- ജോഗിയെ ഒന്ന് ഏറിക്കണ്ണിട്ട് നോക്കി അവനങ്ങ്‌ പോയി. എങ്കിലും ഞാനതത്ര കാര്യമായെടുത്തില്ല .

ആയിടെയാണ് 'Arete award' പ്രഖ്യാപിച്ചേ. നമ്മുടെ അക്കൗണ്ട്‌ലെ ബെസ്റ്റ് ആള്‍ക്കാര്‍ക്ക് കൊടുക്കുന്ന ഒരു സര്‍ട്ടിഫിക്കറ്റ് ആണ് സംഭവം. 2 ആഴ്ച കാലയളവില്‍ ഏറ്റവും കൂടുതല്‍ നോമിനേഷന്‍സ് കിട്ടുന്ന ആള്‍ വിജയി . പരസ്പരസ്നേഹം കൊണ്ടാണോ എന്തോ, ആരും അങ്ങോട്ടും ഇങ്ങോട്ടും നോമിനേറ്റ് ചെയ്യാറില്ല. ആദ്യത്തെ തവണ അവാര്‍ഡ്‌ കിട്ടിയത് എന്‍റെ കൂട്ടുകാരന്‍ പ്രവീണിന്, പിന്നെ സന്ദീപിന്. രണ്ടു പേരെയും നറുക്കിട്ടാണ് എടുത്തത് എന്നൊരു പിന്നാമ്പുറ സംസാരം ഉണ്ടാരുന്നു. (പക്ഷെ ഞാനത് വിശ്വസിച്ചിട്ടില്ല കെട്ടോ ). എങ്കിലും അതോടെ ആ അവാര്‍ഡിന്റെ വിലയിടിഞ്ഞു എന്നത് നേരാണ്. 3 ആമത്തെ അഴ്ച്ചയാണിത് -

അവാര്‍ഡ്‌ വിവരം പുറത്തു വന്നു- കാര്യങ്ങളെല്ലാം വളരെ പെട്ടെന്ന് പഠിച്ചെടുത്തതിന് ജോഗിക്കും, പഠിപ്പിച്ചതിനു എനിക്കും അവാര്‍ഡ്‌ !

ജോഗിക്കങ്ങു വല്ലാത്ത സന്തോഷമായ്. വന്നു കുറച്ചു നാളുകള്‍ക്കുള്ളില്‍ അവാര്‍ഡേ !. എന്റെ കാര്യമാരുന്നു കഷ്ടം. വന്ന ആദ്യത്തെ മെയില്‍ തന്നെ ഇങ്ങനെ- "എന്നാലും നാന്‍സി അവാര്‍ഡ്‌ അടിച്ചെടുത്തല്ലോ, ഹി ഹി..."- ഇതേ പോലെ 7ഓ 8ഓ മെയിലുകള്‍.

എങ്കിലും അത് കൊണ്ടൊരു ഗുണം ഉണ്ടായി.

"താങ്ക്യൂ "- ശബ്ദം കേട്ടു ഞാന്‍ തിരിഞ്ഞു നോക്കി. ജോഗിയാണ് !
"എനിക്കൊരുപാട് സന്തോഷം തോന്നണു ഈ അവാര്‍ഡ്‌ കിട്ടീതില്‍.. So അതിനൊരു നന്ദി പറയാന്‍..."
"its Ok Nancy, sorry Jogi"
"So എന്‍റെ വക ചെറിയൊരു treat, അമുലില്‍"
"എപ്പോ? "
"ഇപ്പൊ"
"ഞാന്‍ റെഡി"

അങ്ങനെ ഞങ്ങള്‍ അമുലില്‍ എത്തി. അധികം തിരക്ക് ഉണ്ടാരുന്നില്ല. ചെറുതായി മഴയും ചാറുന്നുണ്ടാരുന്നു. ഓരോ സാന്‍ഡ് വിച്ചും ഐസ്ക്രീമും വാങ്ങി ഒഴിഞ്ഞു കിടന്ന ഒരു കുടക്കീഴില്‍ ഞങ്ങള്‍ ഇരുന്നു.

"പൊതുവേ അവളൊരു reserved ടൈപ്പ് ആണ്."
"No ബോയ്‌ഫ്രണ്ട് (ആ വാക്ക് കേള്‍ക്കുന്നതെ ദേഷ്യമാണ്)"
"വീട്ടുകാര്‍ പറഞ്ഞുറപ്പിക്കുന്ന ഒരു കല്യാണം"
"ഈ വീക്കെന്റ് മജെസ്ടിക്കില്‍ ഉള്ള റിലേറ്റീവിന്റെ വീട്ടില്‍ പോണം. അവിടെ ഒരു അമ്മൂമ്മയുണ്ട്. അവരെ അവള്‍ക്ക് എന്തിഷ്ടമാണെന്നോ !!!"

അങ്ങനെ കുറച്ചു കാര്യങ്ങള്‍ അവളുടെ ഹിന്ദിയും ഇംഗ്ലീഷും കലര്‍ന്ന വര്‍ത്തമാനത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയെടുത്തു. തൊട്ടടുത്ത കസേരയിലേക്ക് ഞാന്നു കിടന്നിരുന്ന അവളുടെ ഷാള്‍ വെള്ളത്തുള്ളികള്‍ വീണു അലിഞ്ഞില്ലാകുന്നത് ഞാന്‍ വെറുതെ നോക്കിയിരുന്നു.

"അയ്യോ ബസിനു ടൈം ആയല്ലോ"- കുടക്കീഴില്‍ വച്ച് പെട്ടെന്നായിരുന്നു അവള്‍ക്ക് ബോധോദയം ഉണ്ടായത്. അവള്‍ പോകാനായി എണീറ്റു. ഒറ്റയ്ക്ക് അവിടെ ഇരുന്നിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലാത്തതിനാല്‍ ഞാനും.

ദിവസങ്ങള്‍ പിന്നെയും നീങ്ങി. ആയിടെയാണ് ഞങ്ങളുടെ ഡിപ്പാര്‍ട്ടുമെന്റില്‍ ‍5000 ആള്‍ക്കാര്‍ തികഞ്ഞത്. കാശ് പൊടിക്കാന്‍ എന്ത് മാര്‍ഗം എന്നാലോചിച്ചിരുന്ന തലപ്പത്തെ ചില ടീംസ് അതങ്ങ് ആഘോഷമാക്കാന്‍ തീരുമാനിച്ചു- PE 5K celebrations !

പാട്ട്, കൂത്ത്‌, ഫുട്ബോള്‍, ഗുസ്തി, കച്ചികളി അങ്ങനെ ഇല്ലാത്തതൊന്നുമില്ല. ജോലിയില്‍ നിന്ന് മാറി നില്‍ക്കാന്‍ കിട്ടിയ ചാന്‍സ് ആയതിനാല്‍ എല്ലാരും ആവേശത്തോടെ ഓരോ ഐറ്റത്തെയും സമീപിച്ചു. നമ്മുടെ നാന്‍സിയും 2-3 ദിവസമായി ആകെ തിരക്കിലാണ്. ഒരു 11 മണിയോടെ പുറത്തേക്കു പോകും പിന്നെ 1:30 കഴിയുമ്പോ കയറും. 3 മണിക്ക് പിന്നെയും പോകും.

"ജോഗീ എന്താ പരിപാടി ?"- ഞാന്‍ ചോദിച്ചു.
"അത്... ഞാന്‍ PE-5K ടെ പരിപാടിയില്‍ ഉണ്ട്. അതിന്റെ റിഹേഴ്സലാ"
"ഓഹ് എന്താ ഐറ്റം?"
"ഫാഷന്‍ ഷോയും ഡാന്‍സും"
"ആഹാ, അങ്ങനെ ആക്റ്റീവ് ആവുകയാണല്ലേ?"
"അങ്ങനെ ഒന്നുമില്ല :)"
"എന്തായാലും കൊള്ളാം "
"അല്ലാ... അനിലിനു 'ഭാന്ഗ്ട' കളിയ്ക്കാന്‍ അറിയുവോ?"
"എന്താന്ന് !!!?"
"അല്ല... പഞാബി ഡാന്‍സില്‍ ഒരാള്‍ കുറവുണ്ട്, താല്‍പ്പര്യം ഉണ്ടേല്‍..."

നിമിഷനേരം കൊണ്ട് ഞാന്‍ 5 വര്ഷം പുറകോട്ടു പോയി. MCA ക്ക് പഠിക്കുമ്പോ കളിച്ച 'നൊസ്റ്റാള്‍ജിയ' ഇവന്റിനെ കുറിച്ച് വെറുതെ ഒന്ന് നൊസ്റ്റാള്ജിക്ക് ആയി. ഞങ്ങള്‍ 6 പേരായിരുന്നു. 3 പെണ്‍കുട്ട്യോളും 3 ആണ്‍കുട്ട്യോളും. ഡാന്‍സ് പഠിപ്പിക്കാനായ് പുറത്തൂന്നു ഒരുത്തനേം വരുത്തീട്ടുണ്ട്. എന്റെ കൂടെയുള്ള 2 അവന്മാരാണേല്‍ വന്‍ ഡാന്‍സേഴ്സ്. ആശാന്‍ പറയണത് പുല്ലു പോലെ നിമിഷങ്ങള്‍ക്കുള്ളില്‍ ചെയ്ത് കാണിക്കും. നമുക്കങ്ങനെ പെട്ടെന്ന് ചെയ്യുന്നതില്‍ ഇന്ററസ്റ്റ്‌ ഉണ്ടാരുന്നില്ല, അത് കൊണ്ട് രാത്രി റൂമില്‍ വന്നു അവന്മാരുടെ കാലു പിടിച്ച് എല്ലാം ഒരു വിധം ഒക്കെ പഠിച്ചെടുത്തു പിറ്റേന്ന് കാണിക്കും.

കൊച്ചിന്‍ യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവല്‍ ആരുന്നു അരങ്ങ്. പേര് വിളിച്ചപ്പോ തട്ടേലോട്ട് കയറി സംഭവം അങ്ങ് അവതരിപ്പിച്ചു- "മേരി സപ്നോം കി റാണി...". മൊത്തം10 ടീമുകളോളം ഉണ്ടായിരുന്നു. അധികം പ്രതീക്ഷ ഇല്ലാതിരുന്നത് കൊണ്ട് റിസള്‍ട്ട്നെ പറ്റി ടെന്‍ഷനും ഇല്ലായിരുന്നു. പക്ഷെ അവസാനം ഫലം വന്നപ്പോ- ദാ നമുക്ക് 3rd !!!

എല്ലാരും ഞെട്ടിയതിന്റെ കൂടെ ഞാനും നന്നായി ഒന്ന് ഞെട്ടി. പിന്നെ അത് സന്തോഷത്തിലേക്ക് വഴി മാറി. എല്ലാരും ആ ഓഡിറ്റോറിയത്തില്‍ കിടന്നു തുള്ളിച്ചാടി...

ആ ബഹളത്തിനിടയിലും ഞാന്‍ മൊബൈല്‍ എടുത്ത് കൊടകരയെ വിളിച്ചു- 'സമ്മാനം കിട്ടിയ വിവരം ക്ലാസ്സില്‍ അറിയിക്കണോല്ലോ ! '

"അളിയാ കൊടകരേ, നമ്മുടെ ഡാന്‍സിനു prize അടിച്ചെടാ !"
"ആ ഇവിടെ അറിഞ്ഞാരുന്നൂടാ വിവരം"
"നീയൊക്കെ എന്നെ വല്യ കളിയാക്കല്‍ അല്ലാരുന്നോ, ദാ ഇപ്പൊ നോക്ക്-യൂണിവേഴ്സിറ്റിയില്‍ 3rd വാങ്ങീല്ലേ !"
"സംഭവം കലക്കി. പക്ഷെ അവന്മാര്‍ വിളിച്ചപ്പോ പറഞ്ഞത് 1st കിട്ടേണ്ടതായിരുന്നു. പക്ഷെ നിന്റെ ഡാന്‍സ് കാരണമാ 3rd ആയേന്നാണല്ലോ, ഹി ഹി.."
"desp !"

അതോടെ 'ചിലങ്ക അഴിച്ചതാണ്' ഞാന്‍. പിന്നീട് ഒരു വേദിയിലും ഡാന്‍സ് എന്ന് പറഞ്ഞു വലിഞ്ഞു കയറീട്ടില്ല. വേണ്ട, ഇനിയുമൊരു പരീക്ഷണത്തിന്‌ സ്കോപ്പില്ല.

"ജോഗീ... പഞ്ചാബി ഡാന്‍സ് അറിഞ്ഞൂടാ എനിക്ക്"- ഞാന്‍ മറുപടി പറഞ്ഞു.
"come on... 2 ദിവസം കൊണ്ട് പഠിച്ചെടുക്കാംന്നേ"
"വേണ്ട, അത് ശെരിയാവൂല്ല"
"എങ്കി ശെരി. റിഹേഴ്സലിനു സമയമായി ഞാന്‍ പോട്ടെ"- വാതില്‍ക്കല്‍ കാത്തു നിന്ന ഏതോ ഒരു ഹിന്ദിക്കാരനു നേരെ 'ദാ ഞാന്‍ വരുന്നു' എന്ന ആന്ഗ്യത്തില്‍ കൈ പൊക്കി കാട്ടി നാന്‍സി ഓടിമറഞ്ഞു.

പിന്നീടുള്ള കുറച്ചു ദിവസങ്ങള്‍ നാന്‍സിയെ കാണാനേ കിട്ടിയിട്ടില്ല. ചെയ്യാനുള്ള പണികളും pending. ഇതങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. ഒന്ന് ഉപദേശിച്ചു കളയാം- ഞാന്‍ തീരുമാനിച്ചു. (പണി തീരാത്തതാണോ അതോ അവള്‍ ഫുള്‍ടൈം കണ്ട ഹിന്ദിക്കാരുടെ കൂടെ നടക്കുന്നതാണോ എന്നെ ചൊടിപ്പിച്ചത് ?. ആദ്യത്തെതാവാന്‍ ചാന്‍സ് കുറവാണ്)

അന്ന് ഉച്ച കഴിഞ്ഞു അവള്‍ വന്നപ്പോ ഞാന്‍ വിളിപ്പിച്ചു- "ജോഗീ 1 സെക്കന്റ്‌ "
"yep"
"കാലത്ത് ഒരു ഡിസ്കഷന്‍ ഉണ്ടായി. അതില്‍ ജോഗിയെ കുറിച്ച് അത്ര നല്ല അഭിപ്രായം അല്ല വന്നെ. കുറച്ചു നാള്‍ ആയി വന്‍ ഉഴപ്പാണ് എന്നാണ് മഹേഷും രൂപയും(ഞങ്ങളുടെ TL മാരാണ്. ജോഗിക്ക് തിരിച്ചു എന്തേലും ദേഷ്യം തോന്നിയാല്‍ അവര്‍ക്കും ഇരിക്കട്ടെ ഒരു പങ്ക്) എല്ലാം പറയുന്നേ."
"അത്.. ഇപ്പൊ ഈ പരിപാടികള്‍ കാരണം..."
"പരിപാടീം ജോലിയും എല്ലാം ഒന്നിച്ചു കൊണ്ട് പോകണം. അതല്ലേ success !"
"എനിക്ക് മനസ്സിലാവുന്നുണ്ട്"
"ഞാനായത് കൊണ്ട് ഇതൊക്കെ പറയുന്നു. എല്ലാം ജോഗിയുടെ നന്മയ്ക്ക് ആണെന്ന് കരുതിയാ മതി. OK"
"Ok"

അവള്‍ അന്ന് 6 മണി വരെ കുബിക്കിളില്‍ ഇരുന്നു !.

അങ്ങനെ PE-5K ആഘോഷദിനം വന്നെത്തി. കാലത്ത് വന്നതേ നാന്‍സി എല്ലാരുടേം അടുത്ത വന്നു പറഞ്ഞു- "ഇന്ന് ഞങ്ങള്‍ടെ പരിപാടിയാണ്, കൃത്യ സമയത്ത് വരണം".
"ഉറപ്പായും"- എല്ലാരും മാക്സിമം പ്രോത്സാഹിപ്പിച്ചു.

ഇത്തിരി കഴിഞ്ഞപ്പോ ഒരു മെയില്‍- ഇവിടെ അക്കൌണ്ടില്‍ പണ്ട് ഉണ്ടായിരുന്ന ഒരു കരണ്‍ദീപ് സിങ്ങിന്റെ ആണ്- "ഇന്ന് ഞങ്ങള്‍ടെ പരിപാടിയാണ്, കൃത്യ സമയത്ത് വരണം".

"ഓഹോ... അപ്പൊ ഇവരോന്നിച്ചാണ് അല്ലെ ഡാന്‍സ്"- ഈ കരണ്‍ദീപ് എന്ന് പറയുന്നവനെ പണ്ട് മുതലേ എനിക്കത്ര ഇഷ്ടം പോര. കണ്ടാലേ ഒരു ആജാന ബാഹു, കൈയ്യൊക്കെ ഏതാണ്ട് ഓരോ ഉലക്കയുടെ വണ്ണമുണ്ട്. കൂടാതെ ഒരു വല്യ താടിയും തൊപ്പിയും... ഇതൊക്കെ കൊണ്ട് മാത്രമല്ല കേട്ടോ ഇഷ്ടമല്ലാത്തത്. എന്തോ.. അവന്റെ ആ സ്വഭാവം എനിക്ക് പിടിക്കില്ല. പോരാത്തതിന് പണ്ടൊരു പ്രാവശ്യം അവന്റെ തലയില്‍ വച്ചിരുന്ന ടര്‍ബാനില്‍ ഞനൊന്നു തൊട്ടു. അതിനവന്‍ എന്തൊക്കെയാണോ അന്ന് പറഞ്ഞത്- "ഇത് സിക്കുകാര്‍ മാത്രം വയ്ക്കുന്ന തൊപ്പിയാണ്‌, അതില്‍ വേറാരും തൊടാന്‍ പാടില്ല..."- എനിക്കങ്ങു ദേഷ്യം വന്നേലും, അവസാനം ഞാനൊരു സോറി പറഞ്ഞതോടെ അവന്‍ ക്ഷമിച്ചു, എന്റെ ഭാഗ്യം !

പിന്നെയും ഇടയ്ക്കിടെ വരും കുബിക്കിളില്‍. എങ്കിലും അതീപ്പിന്നെ അവനോടു മിണ്ടാന്‍ പോയിട്ടില്ല. ആ മനുഷ്യനാണ് ഇന്ന് മെയില്‍ അയച്ചേക്കുന്നെ- "പരിപാടിക്ക് ചെല്ലണം, കയ്യടിച്ചു വിജയിപ്പിക്കണം" ന്നൊക്കെ.

ഞാനാ മെയില്‍ സന്ദീപിന് forward ചെയ്തു- "അളിയാ നിനക്കും കിട്ടിയോ ഇത്?"
മറുപടി ഉടന്‍ വന്നു- "വന്നൂടാ, അവന്റൊരു ഡാന്‍സ്. നമുക്ക് പോയി കൂവി പ്പൊളിച്ചാലോ?" (സന്ദീപിനും അത്ര താല്‍പ്പര്യം പോരാ കരണ്‍ദീപ് നെ)

അന്ന് വൈകിട്ടാണ് പരിപാടി. ഉച്ചയൂണ് കഴിഞ്ഞു ഓഫീസിലേക്ക് തിരികെ നടക്കുകയായിരുന്നു ഞാന്‍. സന്ദീപുമുണ്ട് കൂടെ. നോക്കീപ്പോ നമ്മുടെ നാന്‍സിയും കരണ്‍ദീപ് ഉം എതിരെ വരുന്നു.

"നില്‍ക്കാന്‍ സമയമില്ല, അപ്പൊ വൈകിട്ട് കാണാം"- ഇങ്ങനെ പറഞ്ഞു കരണ്‍ദീപ് വേഗത്തില്‍ നടന്നു .
"അല്ലാ... ആരേലും അവനോട് നില്‍ക്കാന്‍ പറഞ്ഞോ?"- ഞാന്‍ സന്ദീപിനോട് ചോദിച്ചു .

"ഹോ, എന്നാലും നമ്മുടെ നാന്‍സി അവന്റെ കൈയ്യിലായല്ലോ അളിയാ"- അതായിരുന്നു അവന്റെ സങ്കടം. "അല്ലാ നിന്നെ പറഞ്ഞാ മതിയല്ലോ, നിന്റെ കുബിക്കിളില്‍ ഇരിക്കുന്ന കൊച്ചല്ലേ. ഞാനെങ്ങാനും ആയിരുന്നേല്‍..."
"ആയിരുന്നേല്‍ ?"
"എടാ ഇടയ്ക്കിടെ ഒരു ചായയ്ക്കൊക്കെ വിളിച്ചോണ്ട് പോണം. എന്നാലെ ഇവര്‍ അങ്ങ് mingle ചെയ്യൂ "
""അത് പോയല്ലോ !"
"എടാ കള്ളാ, അതെപ്പോ? ഞാനറിഞ്ഞില്ലല്ലോ..."
"നിന്നെ അറിയിച്ചിട്ടല്ലേ പോകുന്നെ"
"ആ... അത് വിട് , എന്നിട്ട്... പോയിട്ട്..."
പോയിട്ടെന്താ ഓരോ സാന്‍ഡ് വിച്ചും ഐസ്ക്രീം ഉം കഴിച്ചു"
"എന്നിട്ട്..."
"എന്നിട്ടൊന്നൂല്ലാ... തിരിച്ചിങ്ങു പോന്നു"
"ഛെ.. അത്രോള്ളൂ?"
"നീ നന്നാവാന്‍ യാതൊരു സ്കോപ്പും ഇല്ലല്ലോ അളിയാ. ആ അത് പോട്ടെ, നീ ആ സിക്കുകാരന്റെ പരിപാടി എങ്ങനെ പൊളിക്കാംന്ന്‍ ആലോചിക്ക്- ഞാന്‍ അവനോട് പറഞ്ഞു.
വല്ല കോളേജ് ഒക്കെ ആരുന്നേല്‍ നമുക്ക് എളുപ്പമാരുന്നു. ഇതിപ്പോ കമ്പനിയില്‍... നമുക്ക് കൂവാം. അത് മാത്രേ ഞാന്‍ നോക്കിയിട്ട് ഒരു വഴി കാണുന്നുള്ളൂ.
"അതെ... നമ്മളെ കൊണ്ട് ആവും വിധം അങ്ങ് ആഞ്ഞു കൂവാം !"

വൈകുന്നേരം ആയി. ഞങ്ങള്‍ ഫുഡ്‌ കോര്‍ട്ട് 1 ല്‍ എത്തി. അവിടെ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ഒരു സ്റ്റേജ് ല്‍ ആണ് പരിപാടി. സല്‍മാന്‍ ഖാന്റെ ഡ്യൂപ്പ് എന്ന് സ്വയം പരിചയപ്പെടുത്തി വന്ന ഒരുത്തനും, കറുത്ത ഗൌണും പൊക്കമുള്ള ഷൂസും ഇട്ടു വന്ന ഒരുത്തിയും ആരുന്നു അവതാരകര്‍. അവരെക്കൊണ്ട് ആവും വിധം ശ്രമിച്ചിട്ടും ആള്‍ക്കാര്‍ക്ക് അത്ര വല്യ താല്‍പ്പര്യം ഒന്നും ഇല്ലാത്ത പോലെ. ആകെ ഒരു തണുപ്പന്‍ അന്തരീക്ഷം.

അപ്പോഴായിരിക്കണം സല്‍മാന് ഒരു ബുദ്ധി ഉദിച്ചേ- "ഏത് സ്റ്റേറ്റ് ആണ് ഏറ്റവും കിടിലന്‍?- കര്‍ണാടക, ഡല്‍ഹി, UP?"- ചോദ്യം ഓഡിയന്‍സിനോടാണ് .
അവിടുന്നും ഇവിടുന്നും 2-3 തണുപ്പന്‍ മറുപടികള്‍ വന്നു.

"ഒരു കാര്യം ചെയ്യ്‌, ഞാന്‍ ഓരോ സംസ്ഥാനത്തിന്റെയും പേര് പറയാം. അപ്പൊ അവിടുത്തെ ആള്‍ക്കാര്‍ ആര്‍പ്പു വിളിക്കണം. Ok. ആദ്യായിട്ട്- കര്‍ണാടക !"
"ഒയ്, ഒയ്, ഒയ്"- കുറെ പേര്‍ ഒച്ചയുണ്ടാക്കി.

"അളിയാ കേരളത്തിന്റെ പേര് വിളിക്കുമ്പോ നമുക്ക് തകര്‍ക്കണം"- ഞാന്‍ സന്ദീപിനോട് പറഞ്ഞു. അവനത് അടുത്തിരുന്ന ശ്രീജിത്തിനോടും ബിനോയിയോടും(എന്റെ PM) ആശ്വിനോടും പറഞ്ഞു.

"തമിഴ്‌നാട്"
"ബംഗാള്‍"
"ആന്ധ്രാപ്രദേശ്‌..."

ഒന്നിനും ഞങ്ങള്‍ കയ്യടിച്ചില്ല. പക്ഷെ അവസാനം അങ്ങ് തലപ്പത്തിരിക്കുന്ന ജമ്മു കാശ്മീര്‍ വരെ പറഞ്ഞിട്ടും അവന്‍ കേരളത്തിന്റെ പേര് വിളിച്ചില്ല. പകരം ഒരു ഡയലോഗ് ആരുന്നു- "അങ്ങനെ നമുക്ക് മനസ്സിലായി എല്ലാ സ്റ്റേറ്റ്സും ഒരേ പോലെ ആണെന്ന്. അടുത്ത ഐറ്റം മാജിക്‌ ഷോ !"

"അതൊരു മാതിരി അലമ്പായിപ്പോയി"- പുറകിലിരുന്ന ഏതോ മലയാളികളുടെ രോദനം ഞങ്ങളും കേട്ടു. കേറിയങ്ങ് പ്രതികരിച്ചാലോ എന്നൊരു തോന്നല്‍ ഉള്ളില്‍ വന്നെങ്കിലും പുറംനാട്ടുകാരുടെ എണ്ണക്കൂടുതല്‍ എന്നെ അതീന്നു പിന്തിരിപ്പിച്ചു .

മാജിക്‌ ഷോ പ്രതീക്ഷിച്ചതിലും മോശമായിരുന്നു. പണ്ട് സ്കൂളില്‍ 50 പൈസക്ക് ടിക്കറ്റ്‌ വച്ച് കാണിക്കുന്ന അതെ പരിപാടി. തൊപ്പിയില്‍ നിന്ന് തൂവാല, തൂവാലക്കുള്ളില്‍ നിന്ന് പൂവ്, അങ്ങനെ ചില അദ്ഭുതങ്ങള്‍. ആ സമയം പാഴാക്കാതെ ഞങ്ങള്‍ പോയി ഫ്രീ ഫുഡ്‌ കഴിച്ചു തിരിച്ചെത്തി.

പയ്യെ കലാ(പ)പരിപാടികള്‍ തുടങ്ങുകയാണ്. ഞാനെന്റെ ക്യാമറയുമായി പുറകിലെ തൂണിന്റെ അടുത്തേക്ക് മാറി- "കുറച്ചു ഫോട്ടോസ് എടുത്തേക്കാം, ഒന്നൂല്ലേല്‍ നമ്മുടെ നാന്‍സി ഉള്ളതല്ലേ !"

ഫാഷന്‍ ഷോ തുടങ്ങി. അത് വരെ ഉച്ചസ്ഥായിയില്‍ ആയിരുന്ന ലൈറ്റ്കള്‍ മിഴി പാതി അടച്ചു. ചുവപ്പും പച്ചയുമൊക്കെയായി പുതിയ വിളക്കുകള്‍ തെളിഞ്ഞു. ഏതോ ഹിറ്റ്‌ ഇംഗ്ലീഷ് പാട്ട് (പാട്ടെന്നു പറയാന്‍ പറ്റില്ല, ആകെ കേള്‍ക്കാവുന്നത് ബീറ്റ്സ് മാത്രമാണ്- ദിഷ്ക്യൂം , ദിഷ്ക്യൂം..) സ്പീക്കറിലൂടെ ഒഴുകി...

നിരനിരയായി നടന്നു വന്നവര്‍ക്കിടയില്‍ ഞാന്‍ നോക്കി. അതാ... കറുത്ത ഉടുപ്പനിഞ്ഞു, കഴുത്തില്‍ വലിയ മുത്തുമാല അണിഞ്ഞു അവള്‍- നാന്‍സി- കൊള്ളാം സൂപ്പര്‍ ആയ്ട്ടുണ്ട് !
അരികത്തിരുന്ന സന്ദീപ്‌ എന്നെ തോണ്ടി വിളിച്ചു- "അളിയാ കൊച്ചു തകര്‍ത്തല്ലോ !"
"പിന്നെ തകര്‍ക്കാതിരിക്കുമോ, ഞാനല്ലേ മെന്റര്‍ !"- ഞാന്‍ ഉള്ളാലെ ഒന്ന് അഭിമാനിച്ചു. എന്റെ ഫോട്ടോ എടുപ്പ് തുടര്‍ന്നു - ക്ലോസപ്പ്, ലോങ്ങ്‌ ഷോട്ട്... ഒന്നും പറയണ്ട. ഇതിനിടയില്‍ നമ്മുടെ കരണ്‍ദീപ് ഉം വന്നിരുന്നു സ്റെജില്‍, പക്ഷെ അവന്റെ ഫോട്ടോ ഞാന്‍ മനപ്പൂര്‍വം എടുത്തില്ല.

ഫാഷന്‍ ഷോ കഴിഞ്ഞതോടെ ആളുകള്‍ ഒന്നൂടെ ഉഷാറായി. എടുത്ത ഫോട്ടോസ് ഞാന്‍ ഞാന്‍ ചുമ്മാ ഓടിച്ചു നോക്കി- "എല്ലാത്തിലും നാന്‍സി നന്നായ്ട്ടുണ്ട്. ഫോട്ടോഷോപ്പില്‍ ഇട്ടു ഒന്നൂടെ വെളുപ്പിച്ചു നാളെ കൊടുക്കാം അവള്‍ക്ക്. സന്തോഷം കൊണ്ട് തുള്ളിച്ചാടും അവള്‍... ഹോ..."

അടുത്തത് പഞ്ചാബി ഡാന്‍സ് ആണ് . ഇതിലും ഉണ്ട് നാന്‍സി . ഞാനെന്റെ ആയുധവുമായി കസേരയുടെ മുകളിലേയ്ക്ക് കയറി നിന്നു- "ഒരു കാരണവശാലും view തടസ്സപ്പെടരുതല്ലോ !"

"യേ, ബല്ലേ ബല്ലേ..."- ഡാന്‍സ് തുടങ്ങി . പുറകിലെ 2 മൂലയില്‍ നിന്നായി ഡാന്‍സേഴ്സ് സ്റ്റെജിലേക്ക് എത്തി. desp !- നാന്‍സിയുടെ pair കരണ്‍ദീപ് !. എങ്കിലും അവര്‍ ഒരു distance വിട്ടാണ് നിന്നിരുന്നത്. അതോണ്ട് തന്നെ അതെനിക്കത്ര പ്രശ്നമായി തോന്നിയുമില്ല.

പഞ്ചാബി പാട്ടിന്റെ താളമങ്ങു കൊഴുത്തു - നമ്മുടെ കരണ്‍ദീപ് മുന്നോട്ടു കയറി വന്നു അവിടെ കിടന്നിരുന്ന ഒരു വല്യ വടിയെടുത്തു വായുവില്‍ ചുഴറ്റാന്‍ തുടങ്ങി. എത്ര നേരം അവന്‍ അങ്ങനെ ചെയ്തെന്നു അറിയില്ല, പക്ഷെ കാണികളുടെ നിലയ്ക്കാത്ത കരഘോഷം ചുറ്റും. ഞാന്‍ സന്ദീപിനെ നോക്കി - അവന്‍ എണീറ്റ്‌ നിന്ന് കൈയ്യടിക്കുന്നു- "എടാ.. !!!"

എല്ലാരുടേം അകമഴിഞ്ഞ പിന്തുണ കൂടി ആയപ്പോ കരണ്‍ദീപ് നു ആവേശം ഇരട്ടിച്ചു. ചടുലമായ സ്റ്റെപ്പുകള്‍ ഒക്കെ ഇട്ടു തകര്‍ത്താടി. ക്ലൈമാക്സ്‌ എത്താറായി- നോക്കുമ്പോ അവന്‍ നേരെ പോയി നമ്മുടെ നാന്‍സിയെ എടുത്തു ഒരു പൊക്കല്‍. നേരത്തെ വടി ചുഴറ്റിയ ലാഘവത്തോടെ അവളെ കൈകളിലിട്ടങ്ങു കറക്കി. നാന്‍സി ആണേല്‍ നാണം കൊണ്ട് മുഖം പൊത്തുന്നു.

വീണ്ടും കയ്യടികളുടെ ബഹളം ! (എന്റെ നെഞ്ചിലാണോ)

"ഇങ്ങനെ ഒക്കെ ആണെന്ന് അറിഞ്ഞിരുന്നേല്‍ വേണേല്‍ ഡാന്‍സില്‍ ഒരു കൈ നോക്കാരുന്നു അല്ലെ, ഹി ഹി.."- എന്റെ PM ആണ്. കളിയാക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാറില്ല പുള്ളി.

ഞാന്‍ മറുപടി പറഞ്ഞില്ല. എന്റെ സംശയം മറ്റൊന്നായിരുന്നു- ആ എടുത്തു പൊക്കല്‍ കരന്‍ദീപിനു അപ്പൊ തോന്നിയ സ്റ്റെപ്പ് ആണോ? അല്ലാതെ നാന്‍സി സമ്മതിക്കുമോ ഇങ്ങനെ ഒരു കാട്ടായത്തിനു !

ഏതായാലും അതോടെ ഫോട്ടോ എടുപ്പ് നിര്‍ത്തി താഴെ കസേരയില്‍ ഇരുന്നു. അപ്പോഴാണ്‌ അടുത്തവന്‍, സന്ദീപ്‌ - "അളിയാ നീ എന്തിനാ മോളിലോട്ട് ഫ്ലാഷ് അടിച്ചേ?"
"ഞാനോ?"
ആന്ന്... ആ ഹിന്ദിക്കാരന്‍ നാന്‍സിയെ എടുത്തു പൊക്കിയ ഷോക്കില്‍ നീ മോളിലോട്ടാ ഫോട്ടോ എടുത്തേന്നാ ഇവിടെ എല്ലാരും പറയുന്നേ... "
"ഈ എല്ലാരുംന്നു പറഞ്ഞാ?"
"ഞാനും.. പിന്നെ ഞാനും. ഹി ഹി"
"ഒന്ന് പോടാ ഇവിടുന്നു... ഫോട്ടോ നല്ല ക്ലിയര്‍ ആയി പതിഞ്ഞിട്ടുണ്ട്."

എന്തായാലും അതോടെ ഞാന്‍ ഫോട്ടോ എടുപ്പ് നിര്‍ത്തി താഴെ കസേരയില്‍ വന്നിരുന്നു. എടുത്ത ഫോട്ടോസ് ഒക്കെ ഒന്ന് നോക്കുക പോലും ചെയ്യാതെ പരിപാടിയും കണ്ടു റൂമിലേക്ക് തിരിച്ചു - ഇനി എങ്ങാനും പതിഞ്ഞിട്ടില്ലേലോ !

വാല്‍ക്കഷ്ണം: പിന്നെയുള്ള 1-2 ദിവസം കുബിക്കിളില്‍ ആകെയൊരു ബഹളമായിരുന്നു. ഓരോരുത്തര്‍ വരുന്നു- "ഡാന്‍സ് സെറ്റപ്പ് ആയിരുന്നു കേട്ടോ" എന്നൊക്കെ പറഞ്ഞു നാന്സിക്ക് അഭിനന്ദനങ്ങള്‍ കൈ മാറുന്നു. ഞാന്‍ വല്യ താല്‍പ്പര്യം ഒന്നും കാട്ടാന്‍ പോയില്ല. ഒരു ഡാന്‍സ് കളിച്ചെന്നും വച്ച് ? (ഇതിന്റെ പേരാണോ അസൂയ, അറിയില്ല !)

എന്തായാലും ആ ആഴ്ച ഞാന്‍ നാട്ടില്‍ പോയി തിരിച്ചെത്തി. നോക്കുമ്പോ നാന്‍സി ഉണ്ട് കുബിക്കിളില്‍.

"ഗുഡ് മോര്‍ണിംഗ്"- ഞാന്‍ പറഞ്ഞു.
"ഗുഡ് മോര്‍ണിംഗ്, നാട്ടില്‍ പോയാരുന്നല്ലേ?"
"ഉവ്വ്, പിന്നെ എങ്ങനെ ഉണ്ടാരുന്നു വീക്കെന്റ്?"
"ഞങ്ങള്‍ 'അന്ജാനാ അന്ജാനി'ക്ക് പോയി"
"ഓ, എങ്ങനെ ഉണ്ട് പടം?
"എനിക്ക് നന്നായി ഇഷ്ടപ്പെട്ടു"
പിന്നെ?
കരന്ദീപിനു തീരെ ഇഷ്ട്ടപ്പെട്ടില്ല. അമ്മാതിരി റൊമാന്റിക്‌ സിനിമകള്‍ റിയലിസ്റ്റിക്ക് അല്ലത്രേ !
"ഓ, അവനും ഉണ്ടാരുന്നോ?"- പിന്നെ എനിക്കൊന്നും സംസാരിക്കണംന്നുണ്ടാരുന്നില്ല.
"അല്ലാ... അനില്‍ ഹിന്ദിപ്പടങ്ങള്‍ ഒക്കെ കാണാറുണ്ടോ"
"ഉണ്ടോന്നോ, ഇപ്പൊ ദാ ലേറ്റസ്റ്റ് കണ്ടത് 'ദബാങ്ങ്' ആണ്, കൊള്ളാം പടം ! (ഭാഗ്യം ഇന്നലെ നാട്ടീന്നു വന്നപ്പോ ബസ്സില്‍ ഇട്ട പടമാണ്. ഉറക്കം മുടങ്ങുന്നതില്‍ അന്നേരം ഒട്ടേറെ പരിഭവിച്ചേലും ഇപ്പൊ ഗുണമായി)
"ഈസ്‌ ഇറ്റ്‌, ഞങ്ങള്‍ അടുത്ത ആഴ്ച പോണുണ്ട്? അനില്‍ വരുന്നുണ്ടോ?കരണും ഫ്രണ്ട്സും ഉണ്ടാവും"
"ഓ ഇല്ല... നിങ്ങള്‍ പോയിട്ട് വാ. അല്ലേലും ആ പടം 2 പ്രാവശ്യം കാണാന്‍ ഒന്നൂല്ല !-"

ഞാന്‍ സംഭാഷണം പയ്യെ നിര്‍ത്തി എന്റെ സീറ്റിലേക്ക് നീങ്ങി. ഇനി എപ്പഴേലും മിണ്ടണംന്നു തോന്നിയാലും വിളിക്കാല്ലോ- "നാന്‍സീ പ്ലീസ്‌..."


:)
http://www.panchasarappothi.blogspot.com/

Saturday, November 13, 2010

കണ്ണട !


ഓണത്തിന് നടത്തിയ പൂക്കള മത്സരത്തിന്റെ സമ്മാനം ഇത് വരേം കൊടുത്തിട്ടില്ല. ഇനീം അത് ചെയ്തില്ലേല്‍ ചിലപ്പോ പുറത്തിറങ്ങി നടക്കാന്‍ പറ്റീന്നു വരില്ല. ഞാന്‍ പ്രധാന കമ്മിറ്റിക്കാരെ വിളിച്ചു-

"അളിയാ ശ്രീജിത്തെ.. നമുക്ക് വൈകുന്നേരം ഒന്ന് 'മടിവാള' വരെ പോയാലോ?"
"ഊം എന്താ കാര്യം?"
"പൂക്കളത്തിന്റെ ഗിഫ്റ്റ് വാങ്ങണ്ടേ?"
"ഓ.. അത് ശെരിയാ.. പക്ഷെ എനിക്ക് വരാന്‍ പറ്റില്ലല്ലോ"
"അതെന്താ?
"പണീസ്.. ഒരു രക്ഷേമില്ല, ഒരു 9:15 എങ്കിലുമാകും ഞാന്‍ ഇറങ്ങുമ്പോ. നീ ആ സേവ്യര്‍നെ എങ്ങാന്‍ വിളിച്ചു നോക്ക്. ഓക്കേ.."

പിന്നെ അവനെ നിര്‍ബന്ധിച്ചില്ല. നേരെ സേവ്യറെ തന്നെ വിളിച്ചു.

"ഹലോ.."- മറുതലയ്ക്കല്‍ ഫോണ്‍ എടുത്തു.
"ആ ഹലോ സേവ്യറെ, എന്തുണ്ട്.. അന്ന് പരിപാടി കഴിഞ്ഞേ പിന്നെ കണ്ടേ ഇല്ലല്ലോ"
"ഓ പറയാന്‍ വിട്ട് പോയി, ഞാന്‍ ഒരു 1 ആഴ്ചയോളമായി പുനെയിലാ. ക്ലയന്റ്സ് ആയി ചില്ലറ ഡിസ്ക്കഷന്‍സ്..
ഒരു മാസം കൂടി എടുക്കും അങ്ങ് തിരിച്ചെത്താന്‍"
"ഓ.."
"എന്തേലും അത്യാവശ്യം?"
"യേയ് ഇല്ല, ഞാന്‍ ചുമ്മാ വിളിച്ചതാ"
"എങ്കി ശെരി എന്നാ, ഇത്തിരി പണിയിലാ.."
"ഓക്കേ ടാ എന്നാ"

ഒരുത്തനൂടെ ബാക്കി ഉണ്ട്, അവനേം വിളിച്ചു നോക്കാം. എന്ത് കാരണം പറഞ്ഞാവും അവനും ഒഴിയുക എന്ന് ഞാന്‍ വെറുതെ ആലോചിച്ചു.

"ഹരീ, നമ്മളാ സമ്മാനം കൊടുത്തില്ലല്ലോ ഇത് വരെ?"
"യേത്?"
"പൂക്കളം"
"ഓ ശെരിയാണല്ലോ. അതിന്റെ കാശൊക്കെ കിട്ടിയാരുന്നോ?"
"ഉവ്വ് ഇന്നലെ കിട്ടി"
"എങ്കി പിന്നെന്താ പ്രശ്നം?"
"അല്ല.. പോയി വാങ്ങണ്ടേ എന്തേലും?"
"എന്നാല്‍ ഒരു കാര്യം ചെയ്യ്‌, ഞാന്‍ വൈകുന്നേരം എന്തായാലും മടിവാള വരെ ഒന്ന് പോണുണ്ട്. എന്‍റെ കണ്ണട മാറ്റാന്‍ കൊടുത്തിട്ടുണ്ടേ.വേണേല്‍ നമുക്ക് ഒരുമിച്ചു പോകാം അപ്പൊ"
"ഇപ്പഴാണേല്‍ പുതിയ ബൈക്കും ഉണ്ടല്ലോ, ഇപ്പറഞ്ഞ നേരം കൊണ്ടു പോയി വരാം"
"ഓക്കേ, done."

അങ്ങനെ ഒരു 7 മണിയോടെ ഓഫീസിനു വെളിയില്‍ ഇറങ്ങി നിന്നു ഞാന്‍. ഒരു 10 മിനിറ്റ് ആയിക്കാണും ചാര നിറത്തിലുള്ള ഒരു Apache ബൈക്ക് മുന്നില്‍ വന്ന് നിന്നു. ഹരിയാണ്, പക്ഷെ അവന്‍റെ അപ്പിയറന്സില്‍ ആകെ ഒരു മാറ്റം. പതിവ് ഓഫീസ് വേഷത്തിനു പുറമേ കഴുത്തില്‍ ഒരു ചെയിന്‍, അവനേക്കാളും വലിയ കറുത്ത ഒരു ജാക്കറ്റ്, കൈയ്യുറ, അമേരിക്കയുടെ കൊടി കണക്കുള്ള തുണി കൊണ്ട് തലയില്‍ ഒരു കെട്ട്, അതിന് പുറത്തൊരു ഗമണ്ടന്‍ ഹെല്‍മറ്റ്... അങ്ങനെ മൊത്തത്തില്‍ ഒരു ഊടായ്പ്പ് ലുക്ക്...


"എങ്ങനെയുണ്ട് എന്‍റെ പുതിയ സ്റ്റൈല്‍?" 
"ബൈക്കിനൊപ്പം ഫ്രീ കിട്ടിയതാണോ?"
"ഹ ഹ.. കാശ് എണ്ണിക്കൊടുത്തു വാങ്ങിയതാ ഞാന്‍. എന്നാലും എങ്ങനെ ഉണ്ടെന്ന് പറഞ്ഞില്ലല്ലോ?"
"കൊള്ളാടാ നന്നായ്ട്ടുണ്ട്, ആകെയൊരു 'യോ യോ' ലുക്ക്" (ഇങ്ങനെ ഒക്കെ പറഞ്ഞില്ലേല്‍ അവന്‍ ബൈക്കേ കേറ്റാതെ അങ്ങ് പോയാലോ !)
"താങ്ക്യൂ താങ്ക്യൂ.. എന്നാ വണ്ടിയേലോട്ട് കേറിക്കോ."


അങ്ങനെ ഞങ്ങള്‍ യാത്ര തുടങ്ങി... മഴ പയ്യെ ചാറുന്നുണ്ടാരുന്നെങ്കില്‍ കൂടി ഹരിയ്ക്ക് അതൊരു പ്രശ്നം ആരുന്നില്ല, വണ്ടി 100-100 ല്‍ പാഞ്ഞു. ഇടയ്ക്ക് ഒന്ന് രണ്ടു വട്ടം, പിന്നോട്ട് നോക്കാതെ അവനെന്നെ തോണ്ടി വിളിക്കുകയും ചെയ്തു.

"ദാ ഇവിടെ നോക്ക്"- ഹെല്‍മെറ്റിന്റെ ഇടയിലൂടെ അവന്റെ നേര്‍ത്ത ശബ്ദം പുറത്ത് വന്നു.
"എന്ത്?"
"സ്പീഡോമീറ്റര്‍ നോക്കാന്‍... കണ്ടില്ലേ നൂറ്.. നൂറ് !"
"എടാ നമുക്ക് അവ്ടെ എത്തീട്ട് യാതൊരു ദൃതിയുമില്ലല്ലോ. പയ്യെ പോയാ പോരെ?"
"ഛെ, എന്നാ പിന്നെ ബസിനു പോയാ മതീല്ലാരുന്നോ... ലൈഫ് ആയാല്‍ കുറച്ച് ത്രില്‍ ഒക്കെ വേണ്ടേ?"
"ഓഹ് ശരി..."- ഞാന്‍ കൂടുതലൊന്നും മിണ്ടിയില്ല.

വണ്ടി ബൊമ്മനഹള്ളി സിഗ്നല്‍ എത്തി. ഒരു പറ്റം വണ്ടികള്‍ ഉണ്ട് മുന്‍പില്‍. എങ്കിലും കിട്ടിയ ഗ്യാപ്പില്‍ കൂടി ഒക്കെ ബൈക്കിന് വഴി പാകി നിമിഷങ്ങള്‍ക്കുള്ളില്‍ നമ്മള്‍ മുന്‍പിലെത്തി. ആ ഡ്രൈവിംഗ് പാടവം കണ്ടു ഒരു നിമിഷത്തേക്ക് ചെറിയ ഒരു ബഹുമാനം തോന്നിയോ അവനോട്?. പച്ച  വെളിച്ചം  തെളിഞ്ഞതും  വണ്ടികള്‍  മുന്നോട്ട്  ആര്‍ത്തിരമ്പി. എല്ലാര്ക്കും ആദ്യം എത്താനുള്ള തിരക്ക്. ഇടത്തെന്നോ വലത്തെന്നോ വ്യത്യാസമില്ലതെയാണ് 2 കാറുകള്‍ ഞങ്ങളുടെ ബൈക്കിന്റെ ഒപ്പം പാഞ്ഞെത്തിയത്‌.

“ആഹാ നമ്മളോടാ കളി?”- ഹരിയും വിട്ടു കൊടുത്തില്ല, ആക്സിലറേറ്ററില്‍ ആഞ്ഞു പിടിച്ചു…

അവിടെയും വിജയം ഹരിക്കൊപ്പം തന്നെ നിന്നു. മറ്റു രണ്ടു കാറുകളേയും ബഹുദൂരം പിന്നിലാക്കി നമ്മുടെ വണ്ടി മുന്നോട്ട്  കുതിച്ചു. വെട്ടിച്ചും പാളിച്ചുമൊക്കെയാണേലും, ഒന്നാമതെത്താനുള്ള അവന്റെ ആ വാശി എനിക്കിഷ്ടപ്പെട്ടു. എന്നാലും, ബൈക്കിന്റെ പുറകില്‍ ഞാനും  ഇരിപ്പുണ്ടല്ലോ എന്നോര്‍ത്തപ്പോ അവനെ പ്രോല്സാഹിപ്പിക്കണ്ട എന്ന് കരുതി. ഞാന്‍ പയ്യെ അവന്റെ തോളില്‍ കൈ വച്ച്  പറഞ്ഞു-“ഹരീ.. പതുക്കെ..”
 “ഛെ, യാത്രയുടെ ത്രില്‍ കളയാതെ. നമ്മുടെ നാട്ടിലെ മാതിരിയല്ല, ഇവിടെ ഇങ്ങനെ ഓടിച്ചെങ്കില്‍ മാത്രേ ടൈമിനു എത്തുള്ളു”
ഞാന്‍ വീണ്ടും എന്‍റെ മറുപടി നിശബ്ദതയില്‍ ഒതുക്കി.

“അല്ല അനിലിനു ലൈസെന്‍സ് ഇല്ലേ ?”
“വണ്ടി ഓടിക്കാന്‍ ഉള്ള ഒരെണ്ണം കൈയ്യിലുണ്ട്, അല്ലാതെ ഇങ്ങനെ പരാക്രമം കാട്ടാനുള്ളത് എടുത്തിട്ടില്ല.”
"ഹഹ അതെനിക്ക് രസിച്ചു, ഏതായാലും ധൈര്യമായിട്ട് ഇരിക്കെന്നെ, ഞാനല്ലേ ഓടിക്കുന്നെ”
"ധൈര്യത്തിന് കുറവുണ്ടായിട്ടല്ല, എന്നാലും ഞാന്‍ പറഞ്ഞെന്നെ ഉള്ളു..”
എന്റെ അമ്മയും ഇടയ്ക്കിടെ ഇങ്ങനെ പറയും"
"അമ്മയും കേറാറുണ്ടോ ഇതിന്റെ പുറത്ത്?"
"ഒരിക്കല്‍ മാത്രം, പിന്നെ കേറീട്ടില്ല"
"ആഹ്.. അവരെ കുറ്റം പറയാന്‍ പറ്റില്ല"
"ഛെ ഈ അനിലും ഒരു പഴഞ്ചനാണോ? ചെത്തേണ്ട പ്രായത്തില്‍ നമ്മള്‍ ചെത്തണ്ടേ?”
"അല്ല.. അത് വേണം.."
"എന്നിട്ടാണോ ഇങ്ങനെ പറയുന്നേ?"
"യേയ്  ഞാനാ അര്‍ത്ഥത്തിലല്ലെടാ പറഞ്ഞെ... കുറച്ചു സ്പീഡൊക്കെ ആവാം.. അല്ലാതെന്താ ഒരു ത്രില്‍.. വണ്ടി പോട്ടെ.."

വണ്ടി വീണ്ടും ടോപ്‌ ഗിയറിലേക്ക്..

ഹരി പറഞ്ഞ കണക്ക് ശരിയാണേല്‍ കൃത്യം 12 മിനിറ്റ് കൊണ്ട് ഇലക്ട്രോണിക് സിറ്റിയില്‍ നിന്ന് മടിവാള എത്തി. ഗിഫ്റ്റ്  ഒക്കെ വാങ്ങിയതിനു ശേഷം അവനു കേറാനുള്ള opticals കടയുടെ മുന്‍പിലായി ബൈക്ക് നിര്‍ത്തി.

"ഒരു 5 മി നിട്ടേ, ദാ വരുന്നു ഞാന്‍.."
അവന്‍ വാക്ക് തെറ്റിച്ചില്ല, കൃത്യം 5 മിനുട്ടില്‍ തിരിച്ചെത്തി.
“അനിലേ പുതിയ കണ്ണട എങ്ങനുണ്ട്?"
"അപ്പഴാ ഞാനത് ശ്രദ്ധിച്ചേ… കറുത്ത ഫ്രെയിം വച്ച് കട്ടി കുറഞ്ഞ ഒരു കണ്ണട, അവനത് നന്നായി ചേരുന്നുമുണ്ട്.
“കൊള്ളാടാ.. സെറ്റപ്പ് ആയിട്ടുണ്ട്”
"ഹോ.. ഇപ്പഴാ മര്യാദക്ക് ഒന്ന് കണ്ണ് പിടിക്കുന്നേ ! ”
"എന്താന്ന്? അപ്പൊ ഇങ്ങട് വന്നപ്പോ..? നിന്റെ കണ്ണട..?"
"അതല്ലേ ലെന്‍സ്‌ മാറ്റാന്‍ ഇവടെ കൊടുത്തിരുന്നെ. എന്തായാലും ഇപ്പൊ  കൊള്ളാം, എല്ലാം നല്ല ക്ലിയറായി കാണാന്‍ പറ്റുന്നുണ്ട് !"     .
"എടാ മഹാപാപീ  !!!"
"പേടിക്കണ്ടാ ന്നേ, നമ്മള്‍ സുരക്ഷിതമായി ഇത്രേടം എത്തീല്ലേ. ഇത് പോലെ തന്നെ തിരിച്ചും അങ്ങെത്തും. ഇപ്പോഴാണേല്‍ extra ഈ കണ്ണടയും ഉണ്ടല്ലോ എനിക്ക് !"

"സംസാരിച്ച് നിന്നു സമയം പോയ്‌. എന്നാ നമുക്ക് തിരികെ വിട്ടാലോ..?"- വീണ്ടും ബൈക്ക് സ്റ്റാര്‍ട്ടാക്കി ഹരി ചോദിച്ചു.
ഒരു 2 മിനിട്ടെടുത്തു എനിക്ക്, ആ ചോദ്യം എന്നോട് തന്നെ ഉള്ളതാണെന്ന് മനസ്സിലാക്കാന്‍... "ഇല്ലളിയാ നീ വിട്ടോ, എനിക്ക് ഒന്ന് രണ്ടു കടകളില്‍ കൂടി കേറാനുണ്ട് ”- ഞാന്‍ ബസ്‌ സ്റ്റോപ്പ്‌ ലക്ഷ്യമാക്കി നടന്നു.

അല്ലാ.. ബസ്‌ യാത്രയുടെ ത്രില്ലും നമ്മള്‍ ഇടയ്ക്കിടെ അറിയണോല്ലോ :)

അനില്‍സ്
www.panchasarappothi.blogspot.com

Tuesday, November 2, 2010

അഭിപ്രായങ്ങള്‍ മാറാന്‍... നിമിഷങ്ങള്‍ മതി !


എന്നും നാട്ടില്‍ എത്തുമ്പോ "ഓ നീ ഇത്തവണയും നന്നായില്ലല്ലോ, ഒരിച്ചിരീം കൂടി തടി വേണ്ടേടാ പിള്ളേരായാല്‍" എന്നൊക്കെ പരിഭവം പറഞ്ഞിരുന്ന അമ്മ, ഇന്നെന്നെ തൂക്കി നോക്കീപ്പോ weight ല്‍ പ്രത്യേകിച്ച് പുരോഗതി ഇല്ലാതിരുന്നിട്ടും യാതൊരു പരാതിയും പറഞ്ഞില്ല. ആ മുഖത്ത് ചെറിയൊരു പുഞ്ചിരീം വിടര്‍ന്നാരുന്നോ എന്നെനിക്ക് നല്ല സംശയവും തോന്നി...

സ്ഥലം: ഗുരുവായൂര്‍ അമ്പലം, തുലാഭാര കൌണ്ടര്‍ :)

അനില്‍സ്
www.panchasarappothi.blogspot.com

Wednesday, October 6, 2010

റംസാന്‍ റിലീസസ് !


ഒരല്‍പ്പം വൈകിയിട്ടാണേലും റംസാന്‍ ചിത്രങ്ങള്‍ ഒക്കെ കണ്ടു. അടുത്ത കാലങ്ങളില്‍ വച്ച് മലയാളത്തിന് ഒരു നല്ല സിനിമാക്കാലം എന്ന് പറയാം, ഇറങ്ങിയ പ്രധാന 3 സിനിമകളും വിജയിക്കുകയും അതോടൊപ്പം നല്ല അഭിപ്രായം നേടുകയും ചെയ്തു. എങ്കിലും തമ്മില്‍ താരതമ്യപ്പെടുത്തുമ്പോള്‍ പ്രമേയത്തിലും അവതരണത്തിലും ചില വ്യത്യാസങ്ങള്‍ ഈ സിനിമകള്‍ നമുക്ക് മുന്‍പില്‍ നിരത്തുന്നു.ഒരു 'TOP 3' എന്ന ടൈറ്റില്‍ ഈ ലേഖനത്തിന് കൊടുക്കുകയാണെങ്കില്‍ അതില്‍ ആദ്യത്തെ സ്ഥാനം പ്രാഞ്ചിയേട്ടനു കൊടുക്കാന്‍ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല എനിക്ക്.

1. പ്രാഞ്ചിയേട്ടന്‍ & the Saint
പണ്ട് മുതല്‍ക്കേ അരിക്കച്ചവടം നടത്തി വന്നത് കാരണം നാട്ടുകാര്‍ സ്നേഹത്തോടെ 'അരിപ്പ്രാഞ്ചീ' എന്ന് വിളിക്കുന്ന കോടീശ്വരനായ നായക കഥാപാത്രം. ആ പേര് തീരെ ഇഷ്ടമല്ലാത്ത അയാള്‍ അതൊന്നു മാറ്റി സമൂഹത്തില്‍ ഒരു 'വില' ഉണ്ടാക്കാന്‍ നടത്തുന്ന കാട്ടായങ്ങളും അതിന്റെ ദാരുണമായ പരിണത ഫലങ്ങളുമാണ് കഥയുടെ ഇതിവൃത്തം.

മറ്റൊരു 'അഴകിയ രാവണന്‍' പ്രതീക്ഷിച്ചാണ് തീയേറ്ററില്‍ എത്തിയത്. എങ്കിലും ഇന്റെര്‍വല്‍ ആയപ്പോഴേക്കും ഒന്ന്  ഞാന്‍ തീര്‍ച്ചപെടുത്തി- അടുത്ത കാലത്ത് കണ്ടത്തില്‍ വച്ച് ഏറ്റവും ആസ്വദിച്ച ഒരു സിനിമ ! 

തികച്ചും ലളിതമായ ഒരു കഥാതന്തുവിനെ അതിന്റെ അവതരണ മികവ് കൊണ്ടു രഞ്ജിത്ത് മികവുറ്റതാക്കിയിരിക്കുന്നു. തുടക്കം മുതല്‍ നര്‍മ്മത്തില്‍ ചാലിച്ച്, എന്നാല്‍ അതിനായ് ബോധപൂര്‍വം ഒരു രംഗം ഒരുക്കാതെയാണ് ചിത്രത്തിന്റെ തിരക്കഥ. രണ്ടാം പകുതിയില്‍ ഗണപതിയുടെയും ട്യൂഷന്‍ മാസ്റ്റര്‍ ആയ ജഗതിയുടെയും കഥാപാത്രങ്ങള്‍ എത്തുമ്പോള്‍ മാത്രമാണ് സിനിമ അല്‍പ്പമെങ്കിലും വലിയുന്നത്. അത്ര നേരവും തൃശൂര്‍ 'സലാങ്ങില്‍' മുന്നേറിയിരുന്ന കോമഡി ട്രാക്കിന് പെട്ടെന്ന് ഒരു മാറ്റം അനുഭവപ്പെടുന്നുണ്ട് അന്നേരം. എങ്കിലും അതിനെ ഒക്കെ സാധൂകരിക്കുന്ന രീതിയില്‍ തികച്ചും ലളിതമായി എന്നാല്‍ അര്‍ത്ഥവത്തായി ഇതിന്റെ ക്ലൈമാക്സ്‌  ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.

ഒരു അഭിമുഖത്തില്‍ രഞ്ജിത്ത് പറഞ്ഞത് വായിച്ചു- "എന്‍റെ മനസ്സില്‍ ഉണ്ടായിരുന്ന ഈ സിനിമ ഇങ്ങനെ തന്നെ എടുക്കാന്‍ ഒരു നിര്‍മാതാവും തയ്യാറായില്ല, അത് കൊണ്ടാണ് ഞാന്‍ തന്നെ ഇത് നിര്‍മ്മിക്കുന്നതും !". ഈ പറഞ്ഞത് സത്യം ആണെങ്കില്‍ അദ്ദേഹത്തിന് അഭിവാദ്യങ്ങള്‍, സ്വന്തം ചിന്തകളെയും വ്യക്തിത്വത്തെയും മറ്റൊരാള്‍ക്ക് വേണ്ടി അടിയറ വയ്ക്കാത്തതിന് !

 കച്ചവട സിനിമയുടെ ചേരുവകള്‍ നന്നായി അറിയാവുന്ന ഒരു സിനിമാക്കരനാണ് താന്‍ എന്ന് ആറാം തമ്പുരാനും, നരസിംഹവും, സമ്മര്‍ ഇന്‍ ബേത്ലഹേം ഉം ഒക്കെ വഴി തെളിയിച്ച ആളാണ്‌ രഞ്ജിത്ത്. വേണമെങ്കില്‍ സൂപ്പര്‍ സ്റാറിനെ വച്ച് 100 ദിവസം ഓടാവുന്ന മറ്റൊരു മസാല ചിത്രം ചെയ്യാന്‍ അദ്ദേഹത്തിന് ഒരുപാട് യത്നിക്കേണ്ടി വരില്ല. ഏന്നിട്ടും ഇങ്ങനെ ഒരു പരീക്ഷണത്തിന്‌ (ഇത് മാത്രമല്ല, മുന്പ് ഇറങ്ങിയ പാലേരി മാണിക്യം, കേരള കഫെ, തിരക്കഥ, കൈയ്യൊപ്പ്) കാട്ടിയ ധൈര്യം മലയാള സിനിമയ്ക്ക് തീര്‍ച്ചയായും മുതല്‍ക്കൂട്ടവുകയാണ്.

വേറെ എടുത്തു പറയേണ്ട പ്രകടനം മമ്മൂട്ടിയുടെതാണ്‌. അടുത്തിടെയായി കോമഡി ടച്ചുള്ള കഥാപാത്രങ്ങള്‍ ഏറെ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും പ്രാഞ്ചിയെട്ടനെ അവരില്‍ നിന്നൊക്കെ വ്യതസ്തനാക്കുന്നതില്‍ ഈ നടന്റെ സംഭാവന വളരെ വലുതാണ്‌. ജീവിതത്തില്‍ പേര് നേടാനായി ചെയ്തു കൂട്ടുന്ന കാര്യങ്ങള്‍ പരാജയപ്പെടുമ്പോള്‍ ഓരോ തവണയും ആ കഥാപാത്രത്തോട് നമുക്ക് സ്നേഹവും സഹതാപവും തോന്നുന്നു. ഒരു പക്ഷെ നമ്മുടെ എല്ലാം തന്നെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ആ കഥാപാത്രത്തിന്റെ മാനറിസങ്ങള്‍ വളരെ മനോഹരമായി പകര്‍ന്നാടി മമ്മൂട്ടി എന്ന് നിസ്സംശയം പറയാം. ബാക്കി സഹതാരങ്ങളായ ഇന്നസെന്റും, സിദ്ധിക്കും പ്രിയാമണിയും പിന്നെ 'Saint' ഉം എല്ലാം അവരുടെ വേഷം നന്നാക്കിയിട്ടുണ്ട്.

വാല്‍ക്കഷ്ണം: ഞാന്‍ ഈ ചിത്രം കണ്ടത് ബാംഗ്ലൂര്‍ വച്ചാണ്. അവ്ടെ കണ്ടിറങ്ങിയ ഒരു വിധം എല്ലാര്‍ക്കും തന്നെ ഇഷ്ടമായി. പക്ഷെ ഇങ്ങു നാട്ടില്‍ അത്ര അഭിപ്രായം കേള്‍ക്കാന്‍ കഴിഞ്ഞില്ല പടത്തെ പറ്റി, പ്രത്യേകിച്ച് ഫാമിലി ഓഡിയന്സില്‍ നിന്ന്. അത് കൊണ്ടു തന്നെ യുവാക്കാള്‍ക്കാണോ ഇത്തരം വ്യത്യസ്ത ചിത്രങ്ങളെ പെട്ടെന്ന് അംഗീകരിക്കാന്‍ പറ്റുക എന്നൊരു സംശയം എനിക്ക് ബാക്കിയുണ്ട്...

Verdict: 8/10

2. എല്‍സമ്മ എന്ന ആണ്‍കുട്ടി
ഏറെ പുതുമകള്‍ ഒന്നും അവകാശപ്പെടാനില്ലെങ്കിലും നല്ല സിനിമകളുടെ കൂട്ടത്തില്‍ പെടുത്താം എല്‍സമ്മയെ. സ്വന്തം സ്വപ്നങ്ങളും പ്രതീക്ഷകളും മാറ്റി വച്ച് വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ ഒറ്റയ്ക്ക് നടത്തുന്ന നായികയുടെ കഥ- പല വട്ടം കണ്ടു പരിചയിച്ചതാണെങ്കിലും പുതുമുഖം ആന്‍ മോശമാക്കിയിട്ടില്ല.

പടത്തിന്റെ പ്രധാന മേന്മ അതിന്റെ ദൃശ്യഭംഗി തന്നെയാണ്. 'ബാലന്പിള്ള സിറ്റി' എന്ന ഗ്രാമത്തെ അതിന്റെ എല്ലാ ചാരുതയോടെയും ലാല്‍ ജോസ് അണിയിച്ചൊരുക്കിയിരിക്കുന്നു. കൂടാതെ അഭിനേതാക്കളായ കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും ആനും എല്ലാവരും ഒരു ഫ്രെഷ്നെസ് നല്‍കിയിട്ടുണ്ട് ചിത്രത്തിന്, പ്രത്യേകിച്ച് ഇന്ദ്രജിത്ത്- 'ക്ലാസ്സ്‌മേറ്റ്സ് ' ലെ വേഷത്തിനോട് സാമ്യത ഉണ്ടെങ്കിലും ആ പൂവാല കഥാപാത്രം ഇന്ദ്രന്റെ കൈയ്യില്‍ ഭദ്രമായിരുന്നു.

പാട്ടുകള്‍ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന പുതു തലമുറയിലെ ഒരു സംവിധായകനാണ് ലാല്‍ ജോസ്. തന്റെ സ്ഥിരം സംഗീത സംവിധായകനായ വിദ്യാസാഗറെ വിട്ടു രാജാമണിയെ ഈ ചിത്രത്തിലേക്ക് ക്ഷണിച്ച അദ്ദേഹത്തിന് തെറ്റ് പറ്റിയില്ല എന്ന് വേണം പറയാന്‍. എത്ര പേര്‍ ഇത് അന്ഗീകരിക്കും എന്നറിയില്ല, പക്ഷെ, പതിവ് പാതയില്‍ നിന്ന് വ്യത്യസ്തമായി ഫ്യൂഷന്‍ രീതിയില്‍ ഒരുക്കപ്പെട്ട പാട്ടുകള്‍ ചിത്രത്തിന്റെ മൂഡിനു ചേരുന്നത് തന്നെയാണ്.

എങ്കിലും ചില ഏച്ചുകെട്ടലുകള്‍ ഉള്ളതായി തോന്നി പടത്തിന്- SSLC യ്ക്ക് ഡിസ്റ്റിങ്ങ്ക്ഷന്‍ നേടിയിട്ടും വീട്ടുകാരെയും നാട്ടുകാരെയുമെല്ലാം തോറ്റുവെന്ന് വിശ്വസിപ്പിക്കുന്ന നായിക, ഒരു സാദാ പത്ര എജെന്റിന്റെ മുന്‍പില്‍ ട്രാന്‍സ്ഫെര്‍ ശെരിയാക്കാന്‍ തൊഴുകൈയ്യോടെ നില്‍ക്കുന്ന സ്ഥലം SI, തലയിണ കവറില്‍ വരെ തിരുകി കയറ്റിയ 'മാതൃഭൂമി' പത്രത്തിന്റെ പരസ്യം... അങ്ങനെ...

എന്തായാലും സത്യന്‍ അന്തിക്കാടിനെ പോലെ, സാദാ മനുഷ്യരുടെ നന്മയും സന്തോഷവുമെല്ലാം തന്റെ ചിത്രത്തിന്റെ വിഷയമാക്കുന്ന ലാല്‍ ജോസിന്റെ ചിത്രീകരണ മികവാകണം ഈ ചിത്രത്തെ ഏറ്റെടുക്കാന്‍ കുടുക്ബ പ്രേക്ഷകരെ പ്രേരിപ്പിച്ചത്. ഒരു വട്ടം തീര്‍ച്ചയായും കാണാം ഈ എല്‍സമ്മയെ !

Verdict: 6/10

3. ശിക്കാര്‍
റംസാന്‍ ചിത്രങ്ങളില്‍ വച്ച് ഏറ്റവും പണംവാരി പടം !

'ചിറ്റാഴ' എന്ന ഗ്രാമത്തിലേക്ക് ഈറ്റ വെട്ടു സീസണില്‍ എത്തുന്ന ബലരാമന്റെ കഥയാണ് ശിക്കാര്‍. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തിന്റെ രഹസ്യ സ്വഭാവമാണ് കഥയുടെ ത്രെഡും സസ്പെന്‍സും. 

തുടക്കം മുതല്ല്ക് തന്നെ ഒരു കച്ചവട സിനിമയ്ക്ക് വേണ്ട രീതിയില്‍ പാട്ടുകളും, തമാശയും, തല്ലു സീനുകളും സമം മിശ്രണം ചെയ്തെടുത്ത ഒരു 2 1/2 മണിക്കൂര്‍- വേണമെങ്കില്‍ അങ്ങനെ പറയാം ശിക്കാറിനെ. എങ്കില്‍ പോലും ചില കാര്യങ്ങള്‍ ഒഴിവാക്കിയെങ്കില്‍/കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇതിലും മെച്ചം ആക്കാമായിരുന്നു. നായകനെ സ്ക്രീനില്‍ അവതരിപ്പിച്ചതിന് ശേഷം പ്രത്യേകിച്ച് യാതൊരു ലക്ഷ്യവുമില്ലാതെ നീങ്ങിയ 1st ഹാഫ്, കഥയുമായ് ബന്ധമില്ലാതെ കോര്‍ത്തിണക്കിയ പാട്ടുകള്‍, ജഗതിയുടെയും സുരാജിന്റെയും വിരസമായ കോമഡി സീനുകള്‍... എല്ലാം ന്യൂനതകള്‍ ആയിട്ടാണ് തോന്നിയത്.

2nd ഹാഫിലാണ് പടം അതിന്റെ ട്രാക്കിലേക്ക് വീഴുന്നത്, പ്രത്യേകിച്ച് ഫ്ലാഷ് ബാക്ക് സീനുകളില്‍. അല്‍പ്പ നേരമേ ഉള്ളുവെങ്കിലും തമിഴ് നടന്‍ സമുദ്രക്കനിയുടെ സാന്നിധ്യം ശ്രദ്ധേയമായി. SP ബാലസുബ്രമണ്യത്തിന്റെ തെലുഗു ഗാനവും ഏറെ ആവേശം സമ്മാനിക്കുന്നുണ്ട് ചിത്രത്തിന്.

മനോഹരമായ ലൊക്കേഷനും, ഏറെ റിസ്ക്‌ എടുത്തു ചിത്രീകരിച്ച ക്ലൈമാക്സ്‌ ഉം ആണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമായി പറയപ്പെട്ടിരുന്നത്. അത് പൂര്‍ണമായി ശരിയാണ് താനും, പ്രത്യേകിച്ച് ക്ലൈമാക്സ്‌ സീനുകള്‍. സാഹസിക രംഗങ്ങളില്‍ ഡ്യൂപ്പിന്റെ സഹായമില്ലാതെ അഭിനയിച്ച അഭിനേതാക്കള്‍ക്കും, ചാരുത ഒട്ടും ചോരാതെ ആ രംഗങ്ങള്‍ പകര്‍ത്തിയെടുത്ത ക്യാമറമാന്‍ മനോജ്‌ പിള്ളയ്ക്കും അഭിമാനിക്കാം.

അഭിനേതാക്കളുടെ കാര്യം എടുത്താല്‍ മോഹന്‍ലാലിനെ കേന്ദ്രീകരിച്ചു എടുത്ത ഒരു സിനിമ തന്നെയാണ് ഇത്. കൂടെയുള്ള  കൈലാഷിനോ, അനന്യക്കോ, സ്നേഹയ്ക്കോ  ഒക്കെ കഥയെ സപ്പോര്‍ട്ട് ചെയ്യാനുള്ള ചുമതല മാത്രം. ശിക്കാറിലെ നായക വേഷത്തോട് സാമ്യത ഉള്ള 'നരനോ'  'ഭ്രമര'മോ ആയി താരതമ്യം ചെയ്‌താല്‍ അഭിനയ മുഹൂര്‍ത്തങ്ങള്‍ കുറവാണ് മോഹന്‍ലാലിനു ഇതില്‍. ഭയത്തിന്റെ നിഴല്‍ വീണ ഒരു മുഖഭാവം മാത്രമാണ് കൂടുതലും സീനുകളില്‍ സംവിധായകന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. എങ്കിലും ഒരു നില്‍പ്പ് കൊണ്ടോ, നോട്ടം കൊണ്ടോ ഇന്നും കേരളീയനെ ആവേശം കൊള്ളിക്കാന്‍ ലാലിനു കഴിയുന്നുണ്ട് ഇപ്പോഴും. 

എന്തായാലും ഈ ഒരു വിജയം മോഹന്‍ലാലിനെന്ന പോലെ ഏറെ അത്യാവശ്യമാരുന്നു സംവിധായകന്‍ പത്മകുമാറിനും. 'വര്‍ഗ്ഗ'വും, 'വാസ്തവ'വും ഒക്കെ ഒരുപാട് അഭിപ്രായങ്ങള്‍ നേടിയെങ്കിലും ഒരു കൊമേര്‍ഷ്യല്‍ വിജയം ഇത് വരെ അകലെ ആയിരുന്നു അദ്ദേഹത്തിനും. ആ ഒരു റേഞ്ച് അല്ലെങ്കിലും ശിക്കാര്‍ ഒരു നല്ല 'തുടക്ക'മാകട്ടെ, പ്രചോദനം ആകട്ടെ... ഏറെ നല്ല സിനിമകള്‍ വിരിയട്ടെ പത്മകുമാറില്‍ നിന്നും !

Verdict: 6/10

അനില്‍സ്


Saturday, July 17, 2010

പറയാമായിരുന്ന കള്ളം !


ഭാമ: "ഞാനെത്ര പ്രാവശ്യം വിളിച്ചു, നീയെന്താ ഫോണ്‍ എടുക്കാഞ്ഞേ?" 
മനു: "ഞാന്‍ അമ്പലത്തില്‍ പോയിരുന്നു, ദാ ഇപ്പൊ തിരിച്ച് വന്നേയുള്ളൂടീ." 
ഭാമ: "ഓഹ് OK, എന്നിട്ട് എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചോ?" 
മനു: "അത്... ഇല്ല !" 

----നിശബ്ദത  

ഭാമ: "ഈ സത്യസന്ധമായ മറുപടിയെക്കാള്‍ ഞാന്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചത് ഒരു കള്ളം ആയിരുന്നെടാ..."


അനില്‍സ്
http://panchasarappothi.blogspot.com/