Saturday, November 17, 2018

മിനിമം ഫസ്റ്റ്...


ഇന്നലെയായിരുന്നു മോൾടെ നഴ്സറി സ്‌കൂളിലെ ഫാൻസി ഡ്രസ്സ് കോംപറ്റീഷൻ. കഴിഞ്ഞ ഒരാഴ്ചയായി, കാണുമ്പോഴെല്ലാം ടീച്ചർ ഇതേപ്പറ്റി ചോദിക്കുന്നുണ്ടേലും, തലേന്ന് മാത്രമാണ് എന്ത് വേഷം ചെയ്യണംന്ന് നമ്മൾ ആലോചിക്കുന്നത്. 'രാജകുമാരി', 'മീൻകാരി', 'പോലീസ്'... അങ്ങനെ പല ഐഡിയകളും മിന്നിയേലും, അവസാനം ഉറപ്പിച്ചത് ഒരു മരം ആക്കിക്കളയാം എന്നാണ്. 

വീട്ടിലെ ഫ്രിഡ്ജിന്റെ പഴയ ബേസ്ബോർഡ് പെട്ടി വെട്ടി കളറടിച്ച് ഒരു കുഞ്ഞു മരം റെഡിയാക്കി. നല്ല പാതിയും ഒപ്പം കൂടി പണിക്ക്. 

മോൾടെ അരപ്പൊക്കത്തിൽ മരത്തിന്റെ തടി, പുറകിൽ ഫിറ്റ് ചെയ്യാൻ പാകത്തിൽ കട്ടപ്പച്ച ഇലകളും ചില്ലകളും - ഇതായിരുന്നു ഡിസൈൻ. പിന്നെ ഡെക്കറേഷനു വേണ്ടി ഒരു മരപ്പൊത്ത്, അതിലൊരു മഞ്ഞക്കിളി, ചില്ലകൾക്കിടയിൽ 3 ആപ്പിളുകൾ... ഇത്രേം കൂടെ കൈയ്യീന്നിട്ടു.

"എങ്ങനുണ്ട് നമ്മുടെ മരം?" - പാതിരാത്രി ആയിട്ടും ഉറങ്ങാതെ, അരികിൽ നിന്ന മോളോട് ചോദിച്ചു.
"കൊള്ളാച്ഛാ... പക്ഷെ ആപ്പിളിന് പച്ചക്കളർ കൊടുക്കാർന്നില്ലേ?" 
"അതിപ്പോ എന്തിനാ... ആപ്പിളിന്റെ കളർ ചുവപ്പല്ലേ?"
"പച്ചാപ്പിളുമുണ്ടല്ലോ!"
"ആ... ശരിയാണ്. പക്ഷെ നമ്മൾ ഇപ്പൊ ഉണ്ടാക്കീത് ചുവന്ന ആപ്പിളിന്റെ മരമാ!"
"അതെന്താച്ഛാ നമ്മൾ പച്ചാപ്പിളിന്റെ മരം ഇണ്ടാക്കാഞ്ഞേ?"
"അത് നമുക്ക് അടുത്ത പ്രാവശ്യം ഉണ്ടാക്കാം. ഇപ്പൊ നീ ആ ഡയലോഗ് ഒന്നൂടെ പറഞ്ഞേ, നാളെ സ്റ്റേജിൽ കേറി പറയാനുള്ളതാ"

"ഞാൻ മരം. ഞാൻ നിങ്ങൾക്ക് തണല് തരും, പഴങ്ങൾ തരും, നല്ല വായു തരും... എന്നെ വെട്ടിക്കളയരുതേ!" - ഉറക്കച്ചടവിനിടയിലും ഇമ്പത്തിൽ അവൾ പറഞ്ഞൊപ്പിച്ചു.

"കലക്കി, എന്നാ വാ കിടന്നുറങ്ങാം. നാളെ നേരത്തെ പോവണ്ടതല്ലേ..."

* * *

രാവിലെയെണീറ്റ് ഓടിപ്പാഞ്ഞു സകുടുംബം സ്‌കൂളിലെത്തി. മരത്തിന്റെ പാർട്സും സ്കൂൾ ബാഗുമൊക്കെയായ് നടന്നപ്പോ ഞാൻ ഭാര്യയോട് പറഞ്ഞു - "എടിയേ, എനിക്കൊരു നാണക്കേട് ഫീൽ"
"എന്തിന്?"
"അല്ലാ, ഇത്തിരിപ്പോന്ന പിള്ളേർടെ ഫാൻസിഡ്രസ്സ്ന്നും പറഞ്ഞു ഞാനിവിടെ ഇരുന്നാൽ, വേറുള്ളോർക്ക് തോന്നൂല്ലേ എനിക്കൊരു പണീമില്ലാന്ന്!"
"അതിനു സാധ്യതയുണ്ട്!"

ഞങ്ങൾ നടന്ന് ഓഡിറ്റോറിയത്തിലേക്ക് കയറി. 

"ദേ, അങ്ങോട്ട് നോക്ക്യേ" - ഭാര്യ ചൂണ്ടിക്കാട്ടി.
"എന്ത്യേ?"
"നിങ്ങളെപ്പോലെ പണിയില്ലാത്ത ഒരു 10-100 അച്ഛന്മാർ!"

എല്ലാരും ഓഫീസ് ഡ്രെസ്സുമിട്ട്, കൈയ്യിൽ സ്‌നാക്‌സ് ബോക്സും വാട്ടർ ബോട്ടിലുമൊക്കെ പിടിച്ച് ഇരിക്കയാണ് - ഹാവൂ... മനസ്സിനിത്തിരി ആശ്വാസമായി :)

പെട്ടെന്നാണ് മോൾടെ ക്ലാസ് ടീച്ചർ ഓടി വന്നത് - "അല്ലാ, നിങ്ങൾ റെഡിയായല്ലേ വന്നത്? പരിപാടി ഇപ്പോ തുടങ്ങും. ദിയ രണ്ടാമതാ കേറണ്ടേ!"

"അതിനെന്താ, ഇപ്പോ റെഡി ആക്കാലോ മിസ്സേ"

ഇട്ടോണ്ടു പോയ യൂണിഫോം മാറ്റി പച്ച ടി-ഷർട്ടും പാന്റ്സും ഇടീച്ചു. മരത്തിന്റെ പാർട്ട്സ് ചേർത്ത് വച്ച്, ഡബിൾമുണ്ട് കീറി ചായം തേച്ചുണക്കിയ വള്ളികൾ കൊണ്ട് കെട്ടിയുറപ്പിച്ചു.

"ദിയക്കുട്ടാ, നമ്മ്ടെ മരം കലക്കീട്ട്ണ്ട്. പറയാനുള്ള ഡയലോഗ് ഒക്കെ  ഓർമയില്ലേ?''
''ഉം, ഇണ്ടച്ഛാ ''
"എന്നാ വാ പോയേക്കാം, സൂപ്പർ ആക്കണംട്ടാ 👍"
ഞാൻ സ്റ്റേജിനടുത്തേക്ക് ചെന്ന് പട്ടാളക്കാരന്റെയും, മഹാബലിയുടേയും, സിഗ്നൽ ലൈറ്റിന്റേയുമൊക്കെ കൂടെ വരിയിൽ നിർത്തി മോളെ.

പരിപാടി തുടങ്ങി... ആദ്യം തട്ടേൽ കയറീത് 'സിൻഡ്രല'. തിളങ്ങുന്ന വെള്ളയുടുപ്പും കുഞ്ഞു കിരീടവും ചൂടി, ടീച്ചർ പറഞ്ഞ ഡയലോഗിനൊപ്പിച്ച് ചിരിച്ച് നിന്നു അവൾ. (കൈയ്യടി)

കാൻഡിഡേറ്റ് #2 - ദാ നമ്മ്ടെ 'മരം' സ്റ്റേജിലേക്ക്. വന്ന് എല്ലാരേം ഒന്ന് നോക്കിയതിനു ശേഷം മുന്നിലെ മൈക്കിലൂടെ ഡയലോഗ് പറഞ്ഞു തുടങ്ങി ആള്. പക്ഷെ ഒന്നും പുറത്തേക്ക് കേട്ടില്ലെന്ന് മാത്രം!

ഡെസ്പ്... മൈക്ക് കേടാണെന്ന് തോന്നണു. കാര്യം മനസിലാക്കിയ ടീച്ചർ ഓടിച്ചെന്ന് കൈയ്യിലിരുന്ന മറ്റൊരു മൈക്ക് മുന്നിൽ പിടിച്ചു.

"ങാ, ഇനി പറഞ്ഞോ"
"ങേ, എന്ത്?" - കാര്യം പിടികിട്ടീല്ല മോൾക്ക്.
"അല്ലാ, പറയാനുള്ളത് ഒന്നൂടെ പറയ് ദിയാ"

"ഞാനാണ് മരം... മരം... മരം." - അവിടെ ഫുൾ സ്റ്റോപ്പിട്ടു ഡയലോഗ്. പിന്നൊന്നും കിട്ടണില്ല.

"കമോൺ ദിയാ, യൂ ക്യാൻ. ഒന്നൂടെ ട്രൈ ചെയ്ത് നോക്കൂ" - 'ചന്ദ്രലേഖ' യിലെ സോമനെ അനുസ്മരിപ്പിച്ചു ടീച്ചർ.

മോൾ ട്രൈ ചെയ്തില്ലെന്നു മാത്രമല്ല, സ്റ്റേജിന്റെ മുന്നോട്ട് കയറി, അപ്പുറെ  നിന്ന എന്നെ നോക്കി ഉറക്കെ ചോദിച്ചു - "അച്ഛാ, ഇനി എന്തൂന്നാ പറയണേ???" 

ഇപ്പറഞ്ഞത് അങ്ങ് പുറകിൽ വരെ വ്യക്തമായി കേട്ടു :). അതോടെ ഞാനായി എല്ലാരുടേം നോട്ടപ്പുള്ളി. കൂട്ടത്തിൽ പ്രിൻസിപ്പാൾ വക അനൗൺസ്മെൻറ് വേറെയും - "ഫാദർ, കം കം... കുട്ടിയെ ഒന്ന് ഹെൽപ്പ് ചെയ്യൂ."

പിന്നെന്താ - ഞാൻ സ്റ്റേജിന്റെ തൊട്ടടുത്തേക്ക് ചെന്നു. 

പക്ഷെ അപ്പോഴേയ്ക്കും സീൻ പയ്യെ മാറിയാരുന്നു. ആൾക്കാരൊക്കെ ചിരിച്ചോണ്ടാണോന്നറിയില്ല, ഇത്തിരീശ്ശെ സങ്കടം വന്നു തുടങ്ങിയ നമ്മ്ടെ മരം, എന്നെ കണ്ടതും മേത്തേയ്‌ക്കെടുത്തൊരു ചാട്ടം!. കൈകൾ രണ്ടും എന്റെ കഴുത്തിൽ ചുറ്റി ലോക്കാക്കി, ഇത്തിരി നേരം അളളിപ്പിടിച്ച് കിടന്നൂ ആള്...

"എന്നാ വാ... നമുക്ക് അമ്മേടടുത്ത് പോയിരുന്ന് ബാക്കി പരിപാടി കാണാം" - ഞാനെന്റെ കുഞ്ഞു മരത്തിനേം പൊക്കിയെടുത്തോണ്ട് തിരിഞ്ഞു നടന്നു... ഹാളിൽ ഇരുന്നവരോടെല്ലാം നന്ദിയുണ്ട്, അവർ മോൾക്കും കൊടുത്തു ആ നടത്തത്തിനിടയിൽ നല്ലൊരു കൈയ്യടി.

"അച്ഛാ, സൂപ്പർ ആയാ നമ്മ്ടെ ഫാൻസിഡ്രസ്സ്?" - ഒക്കത്തിരുന്നവൾ ചോദിച്ചു. 
"പിന്നല്ലാ... അടുത്ത തവണ ഇതിലും സൂപ്പറാക്കാം നമ്മ്ക്ക്!" :)

* * *

പരിപാടീടെ റിസൽറ്റ് വന്നിട്ടില്ല ഇതു വരേം. ഞങ്ങളും കട്ട പ്രതീക്ഷയിലാണ് - മിനിമമൊരു 'ഫസ്റ്റ്' എങ്കിലും കിട്ടണം! 😊

~anils