Sunday, March 22, 2009

2 ആം ക്ളാസ്സും പ്രണയവും അതിന്റെ തുടര്‍ച്ചയും !


ഒരുപാട്‌ കാലത്തിനു ശേഷം പഴയ കൂട്ടുകാരെ കാണുന്നതോ സംസാരിക്കുന്നതോ ഒരു സുഖമുള്ള ഏര്‍പ്പാടാ. ആതും നമ്മള്‍ ഒത്തിരി ഇഷ്ടപ്പെട്ടിരുന്ന ഒരാളാണെങ്കില്‍ പറയുവേം വേണ്ട. അങ്ങനെ ഒരനുഭവം ഇക്കഴിഞ്ഞ ദിവസം എനിക്കും ഉണ്ടായി. പണ്ട്‌ 2 ആം ക്ളാസ്സില്‍ ഒപ്പം പഠിച്ച ഒരാളോട്‌ കുറെ നേരം ചാറ്റ്‌ ചെയ്തു. ആ ചെറിയ പ്രായത്തിലും വെറുമൊരു ക്ളാസ്സ്മേറ്റ്‌ മാത്രമായിരുന്നില്ല എനിക്കവള്‍. അതു കൊണ്ട്‌ തന്നെ ആവണം, ഒരുപാട്‌ സന്തോഷവും തോന്നി അന്നേരം..

*   *   *

ഇവിടെ ഓഫീസില്‍ എന്റെ ക്യുബിക്കിളില്‍ പുതുതായ്‌ വന്ന ഒരു മലയാളിയെ, (പേരു ധന്യ) പരിചയപ്പെടുകയായിരുന്നു ഞാന്‍.. ‘നാട്ടില്‍ എവിടെയാ, എവിടാ പഠിച്ചേ..? ‘ എന്നൊക്കെയുള്ള സ്ഥിരം ചോദ്യങ്ങള്‍ക്കിടയില്‍ അവള്‍ടെ ഒരു ഉത്തരം എന്റെ മനസ്സിലുടക്കി- നിര്‍മ്മല ഹൈസ്ക്കൂള്‍!! ആലുവയിലെ പ്രശസ്തമായ ഇംഗ്ളീഷ്‌ മീഡിയം ഗേള്‍സ്‌ ഹൈസ്കൂള്‍..

എന്റെ ഓര്‍മ്മകള്‍ പുറകോട്ട്‌ പോയി. ഒന്നോ രണ്ടോ അല്ല, ഏകദേശം 18 വര്‍ഷത്തോളം. അന്നു ഞാന്‍ 2 ആം ക്ളാസ്സില്‍ പഠിക്കുന്നു, ആലുവ സെന്റ്‌. ജോണ്സ്‌ സ്കൂളില്. ആ സ്ക്കൂളിനെ പറ്റിയുള്ള എന്റെ ഓര്‍മ്മകള്‍ എടുത്താല്‍ അതില്‍ അദ്യത്തെ പേജ്‌ അവളെ പറ്റിയാ - മിനു !! എന്റെ അമ്മയുടെ കൂട്ടുകാരിയുടെ മകള്‍. അമ്മക്ക്‌ ജോലി ഉള്ളതു കാരണം എന്നെ LKG ക്കും മുന്‍പേ കുറേ നാള്‍ അടുത്തൊരു YWCA യില്‍ ആക്കിയിരുന്നു. അവിടം മുതല്‍ക്കെ എന്റെ കൂടെ ഉണ്ടാരുന്നു മിനു. തമ്മില്‍ സംസാരിച്ചിട്ടുണ്ടോ എന്നൊന്നും ഓര്‍ക്കണില്ല. എന്നാലും ഉച്ചക്ക്‌ എല്ലാ കുട്ടികളും കൂടെ വരി വരി ആയി കിടന്നുറങ്ങുന്നതും, പിന്നെ 4 മണിക്ക്‌ എണീക്കുമ്പോ ഒന്നിച്ച്‌ ഇരുന്നു ബിസ്ക്കറ്റ്‌ ഒക്കെ കഴിക്കുന്നതും.. അങ്ങനെ എന്തൊക്കെയൊ അവ്യക്ത ചിത്രങ്ങള്‍ ഇപ്പഴും മനസിലുണ്ട്‌..


ധന്യയോട്‌ ഞാന്‍ ചോദിച്ചു - "അല്ലാ, ഒരു മിനുവിനെ അറിയോ നീയ്‌?"
"ഏത്‌.."
"1999 ഇല്‍ SSLC പാസ്സ്‌ ഔട്ട്‌ ആയ..?"
"മിനു ഗോപിനാഥ്‌. SSLC ക്ക്‌ റാങ്ക്‌ കിട്ടിയ..?"
"ആഹ്‌, അതു തന്നെ.."

ഞാനുമോര്‍ക്കുന്നുണ്ട്‌ റിസല്‍ട്ട്‌ വന്ന ആ ദിവസം. പത്രം അരിച്ച്‌ പെറുക്കി ഓരോ സ്കൂളിന്റേം വിജയ ശതമാനം ഒക്കെ നോക്കി വരുമ്പഴാ ഒരു ഫോട്ടോ കണ്ടേ.. മിനു - 13 ആം റാങ്ക്‌ !! കുറച്ച്‌ നേരം നോക്കി നിന്നു ഞാന്‍ ആ ഫോട്ടോയില്‍ തന്നെ..
"ശ്ശെടാ, ഇതു സുഭദ്രേടെ മോളല്ലേ?- അമ്മ പേപ്പര്‍ തട്ടിപ്പറിച്ചത്‌ പെട്ടെന്നാരുന്നു.
"കണ്ട്‌ പഠിക്കെടാ പിള്ളേരു മാര്ക്ക്‌‌ വാങ്ങിക്കുന്നത്‌.." - ഒരു വിധം  നല്ല മാര്ക്ക്‌‌ ഉണ്ടായിരുന്നിട്ടും വെറുതെ എന്നെ ഒന്നു വഴക്ക്‌ പറഞ്ഞു അമ്മ അന്നേരം..
"മിനു എന്റെ കൂടെ പഠിച്ചതാ 2 ആം ക്ളാസ്സ്‌ വരെ. പിന്നെ ഒന്നും അറിയില്ല. ഇപ്പൊ എവിടെയാ ആള്?" - ഞാന്‍ ധന്യയോട്‌ ചോദിച്ചു.

"അവള്‍  നമ്മുടെ കമ്പനിയില്‍ തന്നെ ഉണ്ട്‌, തിരുവനന്തപുരത്ത്‌."
"ആഹാ..അതു കൊള്ളാല്ലോ.."

പിന്നെയും കുറച്ച്‌ കാര്യങ്ങള്‍ ഒക്കെ പറഞ്ഞതിനു ശേഷം ഞാന്‍ എന്റെ ക്യുബിക്കിളിലേക്ക്‌ നീങ്ങി. ആദ്യം ചെയ്ത കാര്യം ചാറ്റ്‌ എടുത്ത്‌ "മിനു" എന്നു search ചെയ്യാന്‍ കൊടുത്തു. അങ്ങനെ ഒരാള്‍ ഈ കമ്പനിയില്‍ ഉണ്ടെങ്കില്‍ അപ്പൊ തന്നെ അറിയാന്‍ പറ്റും. തെളിഞ്ഞു വന്ന 3-4 മിനു കളില്‍ നിന്നും ഞാന്‍ കണ്ടെത്തി അവളെ - "Minu Gopinath, Base location: Thiruvananthapuram, Current location: US".

"അപ്പോ ആള്‍ ഇവിടില്ല"- എന്റെ പ്രതീക്ഷകള്ക്ക്‌ ഒരു ചെറിയ കടിഞ്ഞാണ്‍ വീണു.
എങ്കിലും ഒരു "friend request"അയച്ചു ഞാന്‍. എപ്പഴേലും ചാറ്റ്‌ എടുത്ത്‌ നോക്കുമ്പോ കണ്ടോളുമല്ലോ..
*   *   *
പിന്നെയും കുറെ ദിവസങ്ങള്‍ കഴിഞ്ഞാണു... കമ്പ്യൂട്ടര്‍ ന്റെ മൂലക്ക്‌ ഒരു കൊച്ചു സ്ക്രീന്‍ തെളിഞ്ഞു- "Minu_Gopinath online".
എപ്പഴോ എന്റെ request സ്വീകരിച്ചിട്ടുണ്ട്‌ അപ്പോള്‍. ഞാന്‍ സമയം പാഴാക്കിയില്ല..

"ഹായ്‌ മിനു"- ഞാന്‍ ടൈപ്പ്‌ ചെയ്തു.
"ഹായ്‌" -മറുപടി ഒറ്റ വാക്കില്‍ ഒതുങ്ങി.
"എന്നെ ഓര്‍മ്മ ഉണ്ടോന്നു അറിയില്ല.."
"എനിക്ക്‌.."

"കുറച്ച്‌ കൂടുതല്‍ പുറകോട്ട്‌ പോണം, ആലുവയില്‍ അല്ലേ വീട്‌?"
"അതെ.."
"സെന്റ്‌. ജോണ്‍സില്‍ അല്ലേ പഠിച്ചേ..?"
"ആ.."
"യെസ്സ്‌, അപ്പൊ ഞാന്‍ ഉദ്ദേശിച്ച ആള്‍ തന്നെ. ഒരു പഴയ ക്ളാസ്സ്മേറ്റ്‌ ആയിട്ട്‌ വരും. 2 ആം ക്ളാസ്സ്‌ വരെ നമ്മള്‍ ഒരേ ക്ളാസ്സില്‍ ആരുന്നു.."

കുറച്ച്‌ നേരത്തേക്ക്‌ ഒരു മറുപടിയും ഇല്ല..

"ഇപ്പൊ Bangalore ല് ആണല്ലേ?" - ഞാന്‍ പ്രതീക്ഷിക്കാത്തതാരുന്നു അവള്‍ടെ ആ ചോദ്യം.
"ഓഹോ അതിനിടയില്‍ എന്നെ പറ്റി ഒന്നു അന്വേഷിച്ചു അല്ലേ?"
"അല്ല.. ഞാന്‍.. ആരാണെന്നറിയാതെ വന്നപ്പോ.."
"ok.." -ഓഫീസ്‌ ID വച്ച്‌ വെറുതെ ഒന്നു സേര്‍ച്ച്‌ ചെയ്താല്‍ മതി ഒരാളുടെ ഡീറ്റെയില്‍സ്‌ അറിയാന്‍.

പിന്നെയും ഇത്തിരി നേരം ഒന്നും മിണ്ടാതെ കടന്നു പോയി. അല്ല, എനിക്ക്‌ ഒരു തുടര്‍ച്ച കിട്ടിയില്ല എന്നു തന്നെ പറയാം. അവളായിട്ട്‌ ഇങ്ങോട്ട്‌ ഒന്നും ചോദിച്ചുമില്ലാ.. എന്തൊക്കെയോ പണികള്‍ ചെയ്ത്‌ തീര്‍ക്കാനുണ്ടാരുന്നു എനിക്ക്‌. എങ്കിലും ഒന്നിലും മനസ്സുറച്ചില്ല. അവളോട്‌ ഇനിയും എന്തൊക്കെയോ സംസാരിക്കണം ന്നു മാത്രാരുന്നു മനസില്..

"അല്ലാ, ഒരു ‘ നികിത ‘ യെ ഓര്‍ക്കണുണ്ടോ ഇയാള്‍? നികിത എസ്‌ നായര്. ഇയാള്‍ടെ വല്യ friend ആരുന്നില്ലേ? ഞാന്‍ വീണ്ടും ചോദിച്ചു.. ചോദ്യത്തിലെ ആ "ഇയാള്‍" ഞാന്‍ മനപ്പൂര്‍വം ചേര്‍ത്തതാ. പേരു വിളിക്കണ്ട എന്നു കരുതി.

"ആ.. നികിത.. അയാളെ ഒക്കെ ഓര്‍മ്മ ഉണ്ടോ?"
"ഉവ്വ്‌.. പിന്നെ ഒരു മൊഹിയുദ്ദീന്‍ ഇജാസ്‌, TVM ത്തേക്ക്‌ പോയ ശബരിനാഥ്‌, ഓട്ടോയില്‍ സ്കൂളില്‍ വന്നിരുന്ന ഊന എസ്‌ അമീര്‍ഖാന്‍, പിന്നെ ഒരിക്കല്‍  ഇടിയിട്ട്‌ എന്റെ ടൈ വലിച്ച്‌ പൊട്ടിച്ച രജേശ്വരി.. ഇവരെ ഒക്കെ ഓര്‍മ്മ ഉണ്ട്‌..

"ആഹാ കൊള്ളാല്ലോ.."

പിന്നെ 1st standard ലെ നമ്മുടെ ക്ളാസ്സ്‌ ടീച്ചര്‍  ‘ഹെലെനി ടീച്ചര്‍‘..
- ഞാന്‍ എന്റെ ഓര്‍മയ്ക്ക്‌ കിട്ടുന്ന അംഗീകാരങ്ങള്‍  കൂട്ടാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.

"യേയ്‌ തെറ്റി, ഹെലെനി ടീച്ചര്‍ നമ്മുടെ ക്ളാസ്സ്‌  ടീച്ചര്‍ ആരുന്നില്ല, 1 ബി ടെ ആരുന്നു !!"
"ആ.. ശരിയാ.. മറന്നൂ ഞാന്‍.."
-എനിക്ക്‌  നല്ല  ഉറപ്പുണ്ടാരുന്നേലും സമ്മതിച്ച്‌ കൊടുത്തൂ ഞാന്‍. പലപ്പോഴും പെണ്‍കുട്ടികളോട്‌ സംസാരിക്കുമ്പൊ നമ്മുടെ നിലപാടുകളില്‍ തന്നെ ഉറച്ച്‌ നില്‍ക്കാന്‍ പറ്റീന്നു വരില്ല. അങ്ങനെ ചെയ്താല്, ചിലപ്പൊ ആ ഒരൊറ്റ നിമിഷം മതി, എല്ലാ സ്വപ്ന സൌധങ്ങളും തകരാന്‍..

"എനിക്ക്‌.. ഇവരെ ഒക്കെ ഓര്‍മ്മ കിട്ടണുണ്ട്‌. എങ്കിലും തന്റെ മുഖം മാത്രം ഓര്‍ത്തെടുക്കാന്‍ പറ്റണില്ലല്ലോ.." അവള്‍ തുടര്‍ന്നു.

ഞാന്‍ പക്ഷെ പിന്മാറാന്‍ ഒരുക്കമാരുന്നില്ല - "നമ്മുടെ ക്ളാസ്സ്‌  ഓര്‍ക്കണില്ലേ ഇയാള്? 2 ആം നിലയില്‍ വാട്ടര്‍ ടാങ്കിന്റെ അടുത്ത്‌?  അവള്‍ടെ ഓര്‍മ്മകളെ മാക്സിമം ഉണര്‍ത്താന്‍ ശ്രമിച്ചു കൊണ്ടിരുന്നു ഞാന്‍..

വീണ്ടും ഒരു കൊച്ചു ഇടവേള വീണു സംസാരത്തിനു്‌. 2 മിനിറ്റ്‌ നേരത്തേക്ക്‌ എതിര്‍ ഭാഗത്ത്‌ നിന്നു ഒരു മറുപടിയും വന്നില്ല.

"1st ബെഞ്ചില്‍ അല്ലേ ഇരുന്നിരുന്നേ? പെട്ടെന്നാരുനു അവള്‍ടെ ചോദ്യം.
"ആവോ.. ഞാന്‍ ഓര്‍ക്കണില്ല.."
"എന്നാല്‍ ഞാന്‍ ഓര്‍ക്കുന്നുണ്ട്‌, നമ്മള്‍ 1സ്റ്റ്‌ ബെഞ്ചിലാ ഇരുന്നിരുന്നെ. ഞാനും രാഹുലും താനും.. !!"

ഏഹ്‌ അതെപ്പൊ?? എനിക്കൊരു ഓര്‍മ്മയും കിട്ടീല്ല.. എങ്കിലും ഞാന്‍..
"Oh was it !!!!" - സധാരണ ഇടുന്നതിലും 2 ‘ എക്സ്ക്ളമേഷന് ‘ കൂടുതല്‍ ഇട്ടു അദ്ഭുതം കാട്ടാന്‍ ശ്രമിച്ചൂ അവള്‍ടെ മുന്‍പില്. പക്ഷെ എന്റെ മനസ്സിലെ ചിന്ത വേറൊന്നാരുന്നു- ഞങ്ങള്‍ അടുത്തടുത്താണോ ഇരുന്നിരുന്നേ? അതോ നേരത്തെ പറഞ്ഞ ആ രാഹുല്‍ നടുക്കാണോ ഇരുന്നേ?? ഒന്നും ഓര്‍മ്മ കിട്ടുന്നില്ലല്ലോ ഈശ്വരാ.. അവളോട്‌ ചോദിച്ചാലോ, യേയ്‌ വേണ്ട..

"അതേ.., രാഹുല്‍ നേം എനിക്ക്‌ ഓര്‍മ്മ കിട്ടണുണ്ട്‌ ട്ടോ, ഭയങ്കര വഴക്കാളി അയിരുന്നില്ലേ ആളു്‌?" - അവള് വീണ്ടും..

"ഇതേതവനാ ഈ രാഹുല്? അവന്‍ വിട്ടു പോണില്ലല്ലോ" - ഞാന്‍ വിഷയം മാറ്റാന്‍ ശ്രമിച്ചു. അല്ലേല്‍ അടുത്ത ഡയലോഗ്‌ എന്റെ മാത്രം മുഖം ഓര്‍മ്മ കിട്ടണില്ല എന്നാരിക്കും. അതു കേള്‍ക്കാന്‍ വയ്യ..

ഞാന്‍ വീണ്ടും ഓര്‍മ്മകളുടെ ചെപ്പ്‌ തുറന്നു..

"ആ ഒന്നൂടെ ഓര്‍ക്കുന്നു, SSLCക്ക്‌ 13ത്‌ റാങ്ക്‌ കിട്ടീല്ലെ ഇയാള്‍ക്ക്‌? അന്നു പത്രത്തില്‍ കണ്ടാരുന്നു..

"13ത്‌ അല്ല 12 ത്‌ ആണു്‌ !! - അവള്‍ സീരിയസ്‌ ആയെന്നു തോന്നി..
"പോട്ടെ ഒരു റാങ്ക്‌ ന്റെ വ്യത്യാസമല്ലേ, ഇവിടെ SSLC ജയിക്കാത്തവര്‍ എത്ര പേര്‍ ഉണ്ടെന്നറിയോ ഓരോ കൊല്ലവും കേരളത്തില്‍ !!"

ഇതിനു അവള്‍ടെ മറുപടി ഒരു ‘‘ ആരുന്നു. എന്റെ മറുപടി ഇഷ്ടപ്പെട്ട പോലെ ഒരു കൊച്ചു smiley. അവള്‍ക്കറിയോ  കുറച്ച്‌ നാളുകള്‍ക്കാണേല്‍ പോലും ഞാന്‍ അന്നു ആ പത്രക്കടലാസ്‌ എന്റെ അലമാരയില്‍ സൂക്ഷിച്ച്‌ വച്ച കഥ..

"പിന്നെ എന്താ ഇപ്പഴത്തെ status? കല്യാണം ഒക്കെ കഴിഞ്ഞോ??
"ഇല്ല.. ഇപ്പഴും ഒറ്റക്ക്‌ തന്നെ.. സ്വതന്ത്രയായി.."

ധന്യ എന്നോട്‌ പറഞ്ഞിരുന്നു ഈ കാര്യം. എങ്കിലും അവളായിട്ട്‌ തന്നെ അതൊന്നു്‌ പറയട്ടേന്നു കരുതി.

"ഇപ്പോ എവ്ടാ താമസം? ആലുവയില്‍ തന്നാണോ?" ആദ്യമായി അവള്‍ ഇങ്ങോട്ടൊരു ചോദ്യം എറിഞ്ഞു.

"അല്ല, എന്റെ 8 ആം ക്ളാസ്സ്‌ വരെയെ ആലുവയില്‍ ഉണ്ടാരുന്നുള്ളു. പിന്നെ പറവൂര്‍ക്ക്‌ മാറി"- ഞാന്‍ ‍എന്റെ ചരിത്രം പറഞ്ഞ്‌ തുടങ്ങി.

"ഞാന്‍ 8ഉം, 10ഉം ഡിഗ്രീമൊക്കെ കഴിഞ്ഞു. എന്നിട്ടും ആലുവയില്‍ തന്നാണല്ലോ താമസം"

അവള്‍ അല്‍പം കൂടി ഫ്രീ ആയ പോലെ തോന്നി എനിക്ക്‌, എന്നാലും പറവൂര്‍ക്ക്‌ താമസം മാറ്റാനുള്ള അച്ഛന്റെ ആ തീരുമാനം.. ഒന്നൂടെ ആലോചിച്ചിട്ടു പോരാരുന്നോ അത്‌? ആ, ഇനി ഇപ്പൊ പറഞ്ഞിട്ടെന്ത്‌ കാര്യം !!


ഞാന്‍എന്റെ ഓര്‍മ്മയുടെ പുസ്തകത്തിലെ അവസാന പേജിലേക്കെത്തി. എന്റെ തുരുപ്പു ചീട്ട്‌..

"ഇയാള്‍ടെ ഒരു ഫോട്ടോ എന്റെ കയ്യില്‍ ഉണ്ട്‌ !!"
"ചുമ്മാ??"
"ഞാന്‍ ഒന്നും വെറുതെ പറയാറില്ല.."
"എങ്ങനെ?"

"പണ്ട്‌ YWCA യില്‍ പഠിച്ച ഒരു കാലം ഓര്‍ക്കുന്നോ ഇയാള്? സ്ക്കൂളീ ചേരുന്നതിനും മുന്‍പ്‌.."
"ആ ഉണ്ട്‌.."

"അന്നവിടുത്തെ X-mas സമയത്ത്‌ ഒരു ടാബ്ളോ യില്‍ കയറി നിന്നത്‌ ഓര്‍ക്കണുണ്ടോ? ഉണ്ണിയേശു പിറന്നതിന്റെ..? ഇയാള്‍ക്ക്‌ ഒരു മാലാഖയുടെ വേഷമാരുന്നു. വെള്ള ഉടുപ്പൊക്കെ ഇട്ട്‌, പുറകില്‍ ചിറക്‌ ഒക്കെ ഫിറ്റ്‌ ചെയ്ത്‌.."

"ആ ഫോട്ടോ എന്റെ കയ്യിലും ഉണ്ട്‌.. പക്ഷെ ഇയാള്?

"ഞാനുമുണ്ട്‌ അതില്, ഇടത്‌ വശത്തായിട്ട്‌. എതോ വടിയൊക്കെ പിടിച്ച്‌ ഒരു ആട്ടിടയന്റെ വേഷത്തില്.. തലയില്‍ ഒരു സ്കാര്‍ഫ്‌ ഒക്കെ കെട്ടീരുന്നൂന്നു തോന്നണു."

-അറിയാതെ ഒരു ചിരി വിടര്‍ന്നു എന്റെ ചുണ്ടില്, അതൊക്കെ ഓര്‍ത്തപ്പോ.

"ആഹാ.. ഞാന്‍ ഇന്നു പോണുണ്ട്‌ വീട്ടില്. തീര്‍ച്ചയായും നോക്കാംട്ടോ ആ ഫോട്ടോ. പഴയ ഏതോ ആല്‍ബത്തില്‍ ഇരിപ്പുണ്ട്‌ അത്‌."

"നോക്കണം.." -ഞാന്‍ മറുപടി പറഞ്ഞു.

വീണ്ടും ഇത്തിരി നേരം നിശബ്ദത. ഓര്‍മകള്‍ എല്ലാം ശൂന്യമായ പോലെ, ഇനി പറയാന്‍ ഒന്നും ബാക്കി ഇല്ലല്ലോ എനിക്ക്‌..

ഞാന്‍ ചോദിച്ചു എന്നാലും, - "എന്നാ വരുന്നേ ഇനി വീട്ടില്‍ പോയാല്‍ തിരിച്ച്‌ ?
"Monday വരുമ്.. അപ്പൊ പറയാം.."
"എന്ത്‌??"

"അല്ല, ഫോട്ടോ യുടെ കാര്യം.."
"ഓഹ്‌.."
"So, bye for now.." അവള്‍ സംഭാഷണം അവസാനിപ്പിക്കാനുള്ള സൂചന നല്‍കിക്കഴിഞ്ഞു.

"Happy journey.." - ഞാന്‍ ‘bye‘ പറഞ്ഞില്ല പകരം.
"journey?"

"അല്ല, നാട്ടില്‍ പോവുന്നൂന്ന്‌ പറഞ്ഞില്ലാരുന്നോ..?"
"ഓ അതാണോ? തിരുവനന്തപുരത്ത്‌ നിന്ന്‌ ആലുവ എത്താന്‍ എത്ര നേരം വേണം.."

ഞാന്‍ എന്തേലും ഒരു വിഷയം ഉണ്ടാക്കുവാരുന്നു സംസാരിക്കാന്‍. അവള്‍ക്ക്‌ അതു മനസ്സിലായോ എന്നു എനിക്ക്‌ അറിയില്ല. എങ്കിലും നിര്‍ത്താം, മതി. ഇനിയും ദിവസങ്ങള്‍ എനിക്ക്‌ വേണ്ടി ബാക്കി ഉണ്ടാകും എന്നു എവിടെയോ ഒരു പ്രതീക്ഷ തോന്നി എനിക്ക്‌..

‘  ഒരു smiley കൂടി അയച്ചു ഞാന്‍. പലപ്പോഴും വാക്കുകള്‍ കിട്ടാതാവുമ്പോ ഒരു അനുഗ്രഹമാണീവ.

"ശരി മിനൂ, എനിക്ക്‌ കുറച്ച്‌ work ഉണ്ട്‌. I ‘ m stopping.."
"K, bye. അപ്പോ Monday കാണാം"
*   *   *

അവിടെ തീര്‍ന്നതാ ആ സംസാരം. എങ്കിലും എനിക്ക്‌ വല്ലാത്ത സന്തോഷം തോന്നി അന്ന്‌. പഴയ ഒരു സൌഹൃദം പുതുക്കിയതിന്റെ ആണോ, അതോ സൌഹൃദത്തിലും ഉപരിയായി എന്തേലും എന്റെ മനസ്സില്‍ ഉണ്ടായിട്ടാണോ.. അറിയില്ല. അപ്പോ തന്നെ കരുതീതാ ഈ ഒരു കണ്ടുമുട്ടലിനെ കുറിച്ച്‌ എഴുതണം ന്ന്‌. അന്നു തന്നെ തുടങ്ങുവേം ചെയ്തു. പക്ഷെ ഇടയ്ക്ക്‌ നിന്നു പോയിരുന്നു..

*   *   *

അങ്ങനെ ഞാന്‍ കാത്തിരുന്ന ആ Monday വന്നു. അവള്‍ നാട്ടീന്നു വരുന്ന ദിവസം. ചാറ്റ്‌ എടുത്ത്‌ നോക്കി ഞാന്‍, ആള്‍ online ഉണ്ട്‌. അപ്പോ അവള്‍ തിരിച്ചെത്തി ഓഫീസില്..
എന്റെ മനസ്സില്‍ വല്ലാത്ത ഒരു ആകാംക്ഷ നിറഞ്ഞു- "പറഞ്ഞ പോലെ ആ ഫോട്ടോ നോക്കീട്ടുണ്ടാവുമോ അവള്‌? അതോ മറന്നു പോയ്ട്ടുണ്ടാവുമോ?  ചോദിച്ചാലോ? വേണ്ടാ, അവളായിട്ട്‌ ഇങ്ങോട്ട്‌ പറയട്ടെ..
പോരാത്തതിനു ഇവിടം വരെ സംഭവിച്ച കഥ എഴുതി പൂര്‍ത്തിയാക്കുവേം വേണം. അതിനു ശേഷം മാത്രേ അവളോട്‌ ചോദിക്കുകയുള്ളു ഞാന്‍.. അവളാ ഫോട്ടോ നോക്കീട്ടുണ്ടേല്‍, എന്നെ തിരിച്ച്‌ അറിയുകയാണേല്‍.. എന്നോട്‌ ഇനിയും കൂട്ട്‌ ആവുകയാണേല്‍... ഈ കഥ കാട്ടി കൊടുക്കണം ഒരിക്കല്‍.. ഇതിലെ ഓരോ വാക്കും വായിച്ച്‌ കേള്‍പ്പിക്കണം അവളെ.

എന്റെ 18 വര്‍ഷത്തെ ഓര്‍മകളുടെ മധുരമുണ്ട്‌ അതില്‍.. ...


-അനില്‍സ്
www.panchasarappothi.blogspot.com


No comments:

Post a Comment