Tuesday, December 7, 2010

നാന്‍സീ പ്ലീസ് കം !


നാട്ടിലേക്കൊരു ട്രാന്‍സ്ഫറിനു ശ്രമം തുടങ്ങിയിട്ട് നാള്‍ കുറച്ചായി. ഒന്നല്ലെങ്കില്‍ മറ്റൊരു കാരണം പറഞ്ഞു മുടങ്ങാതെ അതെല്ലാം മുടങ്ങിക്കൊണ്ടിരുന്നു. പിന്നെ ഈ കഴിഞ്ഞ മാര്‍ച്ചിലാണ് PM സമ്മതിച്ചത്- 'പകരം ഒരാളെ കൊണ്ട് വന്നാല്‍ നിനക്ക് പോകാം !'

പിന്നീട് അതിനുള്ള ശ്രമമായി. അങ്ങനെ കഷ്ടപ്പെട്ട് തിരുവനന്തപുരം DC യില്‍ നിന്ന് ഒരാളെ കണ്ടെത്തി. കല്യാണമൊക്കെ കഴിഞ്ഞ് ബംഗ്ലൂര്‍ക്ക് എങ്ങനേലും എത്തിപ്പെടാന്‍ നോക്കിയിരുന്ന ഒരു രമ്യ. തസ്തിക കൊണ്ടും ചെയ്തിരുന്ന ജോലി കൊണ്ടും എല്ലാം ok. PM ഉടക്കൊന്നും വച്ചില്ല. ട്രാന്‍സ്ഫറിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. അപ്പോഴാണ് അത് വരെ യാതൊരു അപായ സൂചനയും തരാതെ ജിമ്മും മോഡലിങ്ങും ഒക്കെയായ് നടന്നിരുന്ന എന്റെ സഹപ്രവര്‍ത്തകന്‍ അങ്കുര്‍ രാജിക്കത്ത് നല്‍കിയത്- അവന്‍ MBA ക്ക് പോവുകയാണത്രെ !

എന്തിനേറെ പറയുന്നു, അതോടെ എന്റെ ട്രാന്‍സ്ഫര്‍ വീണ്ടും മുടങ്ങി. ഒരേ സമയത്ത് 2 പേരെ 'റിലീസ്' ചെയ്യാന്‍ പറ്റില്ലത്രേ. കമ്പനി വിടുന്നത് കൊണ്ട് സ്വാഭാവികമായും അവനു നറുക്ക് വീണു. മറ്റൊരാള്‍ക്ക് വേണ്ടി എന്റെ അവസരം നഷ്ടമായതിലായിരുന്നു എനിക്ക് വിഷമം. എങ്കിലും ഒന്നും പുറത്ത് കാണിച്ചില്ല. അല്ലാ, കാണിച്ചിട്ട് വല്യ കാര്യവുമില്ലായിരുന്നു...

എന്റെ കടുത്ത വിഷമം മാറിയത് വളരെ പെട്ടെന്നായിരുന്നു- അങ്കുര്‍നു പകരം വന്ന ആളെ കണ്ടപ്പോ- ജോഗി ശര്‍മ !. വെളുത്ത് കൊലുന്നനെയുള്ള ഒരു ഹരിയാനക്കാരി. കോട്ടന്‍ ചുരിദാറും, ഷോളും, മുഖത്ത് ആവശ്യത്തില്‍ കൂടുതല്‍ പരിഭ്രമവും- കണ്ടിട്ട് ഒരു പാവമാണെന്ന് തോന്നുന്നു...

ഏകദേശം ഒരു 2 ആഴ്ചത്തെ KT സെഷനു ശേഷം അങ്കുര്‍ ന്റെ 'ലാസ്റ്റ് ഡേ' എത്തി. 'ഓള്‍ ദ ബെസ്റ്റും' 'വണ്ടര്‍ഫുള്‍ ഫ്യൂച്ചര്‍' ഉം ഒക്കെ വാരിക്കോരി കൊടുത്ത് എല്ലാരും അവനെ യാത്രയാക്കി. വേര്‍പിരിയലിന്റെ നിമിഷമായിരുന്നെലും ഇനി മുതല്‍ ജോഗി ശര്‍മ എന്റെ മാത്രം അസിസ്റ്റന്റ്‌ ആണല്ലോ എന്നോര്‍ത്തപ്പോ മനസ്സില്‍ എവിടെയോ ഒരു ലഡ്ഡു പൊട്ടി !

അങ്ങനെ 'പിറ്റേന്ന്' ആയി. എന്നും 9:30 ആകുമ്പോ മാത്രം ഓഫീസില്‍ എത്തിയിരുന്ന ഞാന്‍ അന്നെത്തിയത് 8:45 നു. എന്റെ തൊട്ടടുത്തുള്ള കുബിക്കിളിലായി ജോഗിയും ഉണ്ട്. എന്നെ കണ്ടതും ജോഗി എണീറ്റ്‌ നിന്നൊരു 'ഗുഡ്മോണിംഗ്' പറഞ്ഞു. ഗൌരവം ഒട്ടും വിടാതെ ഞാനും തിരിച്ചൊരു ആശംസ നേര്‍ന്നു.

അന്ന് ആദ്യത്തെ ഐറ്റം സ്റ്റാറ്റസ് മീറ്റിംഗ് ആയിരുന്നു. കഴിഞ്ഞ ആഴ്ച എന്തൊക്കെ ചെയ്തു, അടുത്ത ആഴ്ച എന്തൊക്കെ ചെയ്യും (ഭാഗ്യം, ആ ആഴ്ച എന്ത് ചെയ്യണമെന്നു ആരും പറഞ്ഞു കേട്ടില്ല) എന്നൊക്കെയുള്ള വിശകലനങ്ങള്‍ കഴിഞ്ഞു PM എന്നെ നോക്കി പറഞ്ഞു- "താങ്കള്‍ക്ക് ബുദ്ധിമുട്ടാകും എന്നറിയാം, എന്നാലും പ്രൊജക്റ്റ്‌ലെ പുതിയ കുട്ടിയുടെ 'മെന്റര്‍' ആയി നിങ്ങളെ അപ്പോയിന്റ് ചെയ്യുകയാണ്. Take it as a challenge. പ്രോജക്ടില്‍ അവര്‍ക്ക് എന്ത് സംശയം വന്നാലും solve ചെയ്തു കൊടുക്കണം. Ok !"

പണ്ട് മുതല്‍ക്കേ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ യാതൊരു മടിയും കാട്ടാത്ത ഞാന്‍ അതങ്ങ് കേറി സമ്മതിച്ചു.

സംശയങ്ങളുടെ പെരുമഴയായിരുന്നു പിന്നീടുള്ള ദിവസങ്ങളില്‍ ഞങ്ങള്‍ രണ്ടാള്‍ക്കും. ജോഗിയ്ക്കൊരു സംശയം, അതിനു ഞാന്‍ പറഞ്ഞു കൊടുത്ത ഉത്തരം ശരിയാണോന്നു എനിക്ക് തന്നെ സംശയം... അങ്ങനെ...

എന്തായാലും രണ്ട്‌-രണ്ടര വര്ഷം മുന്പ് ഈ പണി തുടങ്ങിയപ്പോ ഞാന്‍ ചോദിച്ച ചോദ്യങ്ങളൊക്കെ തന്നെയാണ് ജോഗിയും ചോദിച്ചേ. അത് കൊണ്ട് തന്നെ പിടിച്ചു നില്‍ക്കാന്‍ അധികം കഷ്ടപ്പെടേന്ടി വന്നില്ല. എല്ലാത്തിനും ഒരല്‍പം ഗൌരവം മേമ്പൊടി ചേര്‍ത്ത് ഞാന്‍ മറുപടികള്‍ കൊടുത്തു പോന്നു.

പലപ്പോഴും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്, രാവിലെ വന്നാല്‍ പിന്നെ ഊണ് കഴിക്കാന്‍ അല്ലാതെ ജോഗി പുറത്തു പോവാറില്ല. ഒരിക്കല്‍ അതെപ്പറ്റി ഞാന്‍ ചോദിക്കുകയും ചെയ്തു.

"ആക്ച്വലി എനിക്കങ്ങനെ വല്യ ഫ്രണ്ട്സ് ഒന്നുമില്ല ഇവിടെ, അതാ.."

ഞാന്‍ കേള്‍ക്കാന്‍ കൊതിച്ച ഉത്തരം. ആരും കൂട്ടിനില്ലാത്ത ഒരനാഥ പെണ്‍കുട്ടിയ്ക്ക് ഞാന്‍ അഭയം നല്‍കാന്‍ പോകുന്നു.

"ഫ്രണ്ട്സ് ഇല്ല എന്നൊന്നും കരുതണ്ട, വൈകിട്ട് ഞാന്‍ ചായക്ക് ഇറങ്ങുമ്പോ വിളിക്കാം, ok"
"okies"

ഞാന്‍ വാക്ക് തെറ്റിച്ചില്ല, കൃത്യം 4 മണി ആയപ്പോ ചാറ്റ് വിന്‍ഡോയിലൂടെ ചോദിച്ചു- "T?"
ഒരു 2 മിനിറ്റ് എടുത്തു മറുപടി വരാന്‍- "സോറി, ഇപ്പൊ ഇല്ല !"
"അതെന്തേ?"
"I don't feel like coming" (എന്താന്ന് !!!)
"ഓക്കേ"- പിന്നെ നിര്‍ബന്ധിച്ചില്ല.

ദിവസങ്ങള്‍ കഴിയും തോറും ആദ്യത്തെ ഗൌരവമെല്ലാം പയ്യെ ഉടഞ്ഞു വീഴുകയായിരുന്നു. പ്രൊജക്റ്റ്‌നെ കുറിച്ച് മാത്രം ഉണ്ടായിരുന്ന ഞങ്ങളുടെ സംസാരങ്ങളില്‍ തമാശകള്‍ നിറഞ്ഞു. ആദ്യമൊക്കെ എന്തെങ്കിലും കാര്യങ്ങള്‍ ചോദിക്കാനായി വരുമ്പോ നില്‍ക്കുക മാത്രമുണ്ടായിരുന്ന ജോഗി പയ്യെ മേശപ്പുറമാക്കി തന്റെ ഇരിപ്പിടം. എനിക്കതൊരു കുഴപ്പമായിരുന്നില്ല. പക്ഷെ മറ്റു പലര്‍ക്കും അതൊട്ടായിരുന്നു താനും...

സന്ദീപ്‌ പറഞ്ഞാണ് ഞാന്‍ കാര്യങ്ങള്‍ അറിഞ്ഞത്- പണ്ട് വല്ലപ്പോഴും മാത്രം വന്നിരുന്ന, എന്നാല്‍ ജോഗി വന്നതിനു ശേഷം എല്ലാ ദിവസവും എന്റെ കുബിക്കിളില്‍ വന്നു സുഖ വിവരങ്ങള്‍ ആരാഞ്ഞു പോന്നിരുന്ന അവന്‍ എന്നോട് ചോദിച്ചു-

"അളിയാ നീ 'ശിപായിലഹള' ഫിലിം കണ്ടിട്ടുണ്ടോ?"
"ഉവ്വാ, 2 വട്ടം"
"ഇഷ്ടപ്പെട്ടോ?"
"പിന്നല്ലാതെ... ചിരിച്ചു ചിരിച്ചു ഒരു വഴിയാകും"
"എന്നാല്‍ അധികം ചിരിക്കണ്ട, അതിലെ ഒരാള്‍ടെ പേരാ ഇപ്പൊ ജോഗിയെ എല്ലാരും വിളിക്കണെ- നാന്‍സി !"
"എന്ത്.. എനിക്ക് മനസ്സിലായില്ല"
"അല്ലാ അതില്‍ വിജയരാഘവന്‍ ഇടയ്ക്കിടെ ഫോണ്‍ എടുത്ത് സെക്രട്ടറിയെ വിളിക്കില്ലേ- 'നാന്‍സീ പ്ലീസ് കം !' ന്ന്. ഇവിടേം അത് പോലൊരു 'ജോഗീ പ്ലീസ് കം' നടക്കുന്നുണ്ടോ എന്ന് അവര്‍ക്കൊക്കെ ഒരു സംശയം."
"ഈ അവരെന്ന് പറഞ്ഞാല്‍?"
"ഞാനും, പിന്നെ നമ്മുടെ ചേട്ടന്മാരും... ഹി ഹി... ആശ്വിനും, സൂരജ് ചേട്ടനും റിജോച്ചായനും എല്ലാരുമുണ്ട് "
"എടാ, അത് അവള്‍ സംശയങ്ങള്‍ ചോദിയ്ക്കാന്‍ വേണ്ടി..."
"സംശയങ്ങളോ, നിന്റെ അടുത്തോ, ഹി ഹി"- ജോഗിയെ ഒന്ന് ഏറിക്കണ്ണിട്ട് നോക്കി അവനങ്ങ്‌ പോയി. എങ്കിലും ഞാനതത്ര കാര്യമായെടുത്തില്ല .

ആയിടെയാണ് 'Arete award' പ്രഖ്യാപിച്ചേ. നമ്മുടെ അക്കൗണ്ട്‌ലെ ബെസ്റ്റ് ആള്‍ക്കാര്‍ക്ക് കൊടുക്കുന്ന ഒരു സര്‍ട്ടിഫിക്കറ്റ് ആണ് സംഭവം. 2 ആഴ്ച കാലയളവില്‍ ഏറ്റവും കൂടുതല്‍ നോമിനേഷന്‍സ് കിട്ടുന്ന ആള്‍ വിജയി . പരസ്പരസ്നേഹം കൊണ്ടാണോ എന്തോ, ആരും അങ്ങോട്ടും ഇങ്ങോട്ടും നോമിനേറ്റ് ചെയ്യാറില്ല. ആദ്യത്തെ തവണ അവാര്‍ഡ്‌ കിട്ടിയത് എന്‍റെ കൂട്ടുകാരന്‍ പ്രവീണിന്, പിന്നെ സന്ദീപിന്. രണ്ടു പേരെയും നറുക്കിട്ടാണ് എടുത്തത് എന്നൊരു പിന്നാമ്പുറ സംസാരം ഉണ്ടാരുന്നു. (പക്ഷെ ഞാനത് വിശ്വസിച്ചിട്ടില്ല കെട്ടോ ). എങ്കിലും അതോടെ ആ അവാര്‍ഡിന്റെ വിലയിടിഞ്ഞു എന്നത് നേരാണ്. 3 ആമത്തെ അഴ്ച്ചയാണിത് -

അവാര്‍ഡ്‌ വിവരം പുറത്തു വന്നു- കാര്യങ്ങളെല്ലാം വളരെ പെട്ടെന്ന് പഠിച്ചെടുത്തതിന് ജോഗിക്കും, പഠിപ്പിച്ചതിനു എനിക്കും അവാര്‍ഡ്‌ !

ജോഗിക്കങ്ങു വല്ലാത്ത സന്തോഷമായ്. വന്നു കുറച്ചു നാളുകള്‍ക്കുള്ളില്‍ അവാര്‍ഡേ !. എന്റെ കാര്യമാരുന്നു കഷ്ടം. വന്ന ആദ്യത്തെ മെയില്‍ തന്നെ ഇങ്ങനെ- "എന്നാലും നാന്‍സി അവാര്‍ഡ്‌ അടിച്ചെടുത്തല്ലോ, ഹി ഹി..."- ഇതേ പോലെ 7ഓ 8ഓ മെയിലുകള്‍.

എങ്കിലും അത് കൊണ്ടൊരു ഗുണം ഉണ്ടായി.

"താങ്ക്യൂ "- ശബ്ദം കേട്ടു ഞാന്‍ തിരിഞ്ഞു നോക്കി. ജോഗിയാണ് !
"എനിക്കൊരുപാട് സന്തോഷം തോന്നണു ഈ അവാര്‍ഡ്‌ കിട്ടീതില്‍.. So അതിനൊരു നന്ദി പറയാന്‍..."
"its Ok Nancy, sorry Jogi"
"So എന്‍റെ വക ചെറിയൊരു treat, അമുലില്‍"
"എപ്പോ? "
"ഇപ്പൊ"
"ഞാന്‍ റെഡി"

അങ്ങനെ ഞങ്ങള്‍ അമുലില്‍ എത്തി. അധികം തിരക്ക് ഉണ്ടാരുന്നില്ല. ചെറുതായി മഴയും ചാറുന്നുണ്ടാരുന്നു. ഓരോ സാന്‍ഡ് വിച്ചും ഐസ്ക്രീമും വാങ്ങി ഒഴിഞ്ഞു കിടന്ന ഒരു കുടക്കീഴില്‍ ഞങ്ങള്‍ ഇരുന്നു.

"പൊതുവേ അവളൊരു reserved ടൈപ്പ് ആണ്."
"No ബോയ്‌ഫ്രണ്ട് (ആ വാക്ക് കേള്‍ക്കുന്നതെ ദേഷ്യമാണ്)"
"വീട്ടുകാര്‍ പറഞ്ഞുറപ്പിക്കുന്ന ഒരു കല്യാണം"
"ഈ വീക്കെന്റ് മജെസ്ടിക്കില്‍ ഉള്ള റിലേറ്റീവിന്റെ വീട്ടില്‍ പോണം. അവിടെ ഒരു അമ്മൂമ്മയുണ്ട്. അവരെ അവള്‍ക്ക് എന്തിഷ്ടമാണെന്നോ !!!"

അങ്ങനെ കുറച്ചു കാര്യങ്ങള്‍ അവളുടെ ഹിന്ദിയും ഇംഗ്ലീഷും കലര്‍ന്ന വര്‍ത്തമാനത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയെടുത്തു. തൊട്ടടുത്ത കസേരയിലേക്ക് ഞാന്നു കിടന്നിരുന്ന അവളുടെ ഷാള്‍ വെള്ളത്തുള്ളികള്‍ വീണു അലിഞ്ഞില്ലാകുന്നത് ഞാന്‍ വെറുതെ നോക്കിയിരുന്നു.

"അയ്യോ ബസിനു ടൈം ആയല്ലോ"- കുടക്കീഴില്‍ വച്ച് പെട്ടെന്നായിരുന്നു അവള്‍ക്ക് ബോധോദയം ഉണ്ടായത്. അവള്‍ പോകാനായി എണീറ്റു. ഒറ്റയ്ക്ക് അവിടെ ഇരുന്നിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലാത്തതിനാല്‍ ഞാനും.

ദിവസങ്ങള്‍ പിന്നെയും നീങ്ങി. ആയിടെയാണ് ഞങ്ങളുടെ ഡിപ്പാര്‍ട്ടുമെന്റില്‍ ‍5000 ആള്‍ക്കാര്‍ തികഞ്ഞത്. കാശ് പൊടിക്കാന്‍ എന്ത് മാര്‍ഗം എന്നാലോചിച്ചിരുന്ന തലപ്പത്തെ ചില ടീംസ് അതങ്ങ് ആഘോഷമാക്കാന്‍ തീരുമാനിച്ചു- PE 5K celebrations !

പാട്ട്, കൂത്ത്‌, ഫുട്ബോള്‍, ഗുസ്തി, കച്ചികളി അങ്ങനെ ഇല്ലാത്തതൊന്നുമില്ല. ജോലിയില്‍ നിന്ന് മാറി നില്‍ക്കാന്‍ കിട്ടിയ ചാന്‍സ് ആയതിനാല്‍ എല്ലാരും ആവേശത്തോടെ ഓരോ ഐറ്റത്തെയും സമീപിച്ചു. നമ്മുടെ നാന്‍സിയും 2-3 ദിവസമായി ആകെ തിരക്കിലാണ്. ഒരു 11 മണിയോടെ പുറത്തേക്കു പോകും പിന്നെ 1:30 കഴിയുമ്പോ കയറും. 3 മണിക്ക് പിന്നെയും പോകും.

"ജോഗീ എന്താ പരിപാടി ?"- ഞാന്‍ ചോദിച്ചു.
"അത്... ഞാന്‍ PE-5K ടെ പരിപാടിയില്‍ ഉണ്ട്. അതിന്റെ റിഹേഴ്സലാ"
"ഓഹ് എന്താ ഐറ്റം?"
"ഫാഷന്‍ ഷോയും ഡാന്‍സും"
"ആഹാ, അങ്ങനെ ആക്റ്റീവ് ആവുകയാണല്ലേ?"
"അങ്ങനെ ഒന്നുമില്ല :)"
"എന്തായാലും കൊള്ളാം "
"അല്ലാ... അനിലിനു 'ഭാന്ഗ്ട' കളിയ്ക്കാന്‍ അറിയുവോ?"
"എന്താന്ന് !!!?"
"അല്ല... പഞാബി ഡാന്‍സില്‍ ഒരാള്‍ കുറവുണ്ട്, താല്‍പ്പര്യം ഉണ്ടേല്‍..."

നിമിഷനേരം കൊണ്ട് ഞാന്‍ 5 വര്ഷം പുറകോട്ടു പോയി. MCA ക്ക് പഠിക്കുമ്പോ കളിച്ച 'നൊസ്റ്റാള്‍ജിയ' ഇവന്റിനെ കുറിച്ച് വെറുതെ ഒന്ന് നൊസ്റ്റാള്ജിക്ക് ആയി. ഞങ്ങള്‍ 6 പേരായിരുന്നു. 3 പെണ്‍കുട്ട്യോളും 3 ആണ്‍കുട്ട്യോളും. ഡാന്‍സ് പഠിപ്പിക്കാനായ് പുറത്തൂന്നു ഒരുത്തനേം വരുത്തീട്ടുണ്ട്. എന്റെ കൂടെയുള്ള 2 അവന്മാരാണേല്‍ വന്‍ ഡാന്‍സേഴ്സ്. ആശാന്‍ പറയണത് പുല്ലു പോലെ നിമിഷങ്ങള്‍ക്കുള്ളില്‍ ചെയ്ത് കാണിക്കും. നമുക്കങ്ങനെ പെട്ടെന്ന് ചെയ്യുന്നതില്‍ ഇന്ററസ്റ്റ്‌ ഉണ്ടാരുന്നില്ല, അത് കൊണ്ട് രാത്രി റൂമില്‍ വന്നു അവന്മാരുടെ കാലു പിടിച്ച് എല്ലാം ഒരു വിധം ഒക്കെ പഠിച്ചെടുത്തു പിറ്റേന്ന് കാണിക്കും.

കൊച്ചിന്‍ യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവല്‍ ആരുന്നു അരങ്ങ്. പേര് വിളിച്ചപ്പോ തട്ടേലോട്ട് കയറി സംഭവം അങ്ങ് അവതരിപ്പിച്ചു- "മേരി സപ്നോം കി റാണി...". മൊത്തം10 ടീമുകളോളം ഉണ്ടായിരുന്നു. അധികം പ്രതീക്ഷ ഇല്ലാതിരുന്നത് കൊണ്ട് റിസള്‍ട്ട്നെ പറ്റി ടെന്‍ഷനും ഇല്ലായിരുന്നു. പക്ഷെ അവസാനം ഫലം വന്നപ്പോ- ദാ നമുക്ക് 3rd !!!

എല്ലാരും ഞെട്ടിയതിന്റെ കൂടെ ഞാനും നന്നായി ഒന്ന് ഞെട്ടി. പിന്നെ അത് സന്തോഷത്തിലേക്ക് വഴി മാറി. എല്ലാരും ആ ഓഡിറ്റോറിയത്തില്‍ കിടന്നു തുള്ളിച്ചാടി...

ആ ബഹളത്തിനിടയിലും ഞാന്‍ മൊബൈല്‍ എടുത്ത് കൊടകരയെ വിളിച്ചു- 'സമ്മാനം കിട്ടിയ വിവരം ക്ലാസ്സില്‍ അറിയിക്കണോല്ലോ ! '

"അളിയാ കൊടകരേ, നമ്മുടെ ഡാന്‍സിനു prize അടിച്ചെടാ !"
"ആ ഇവിടെ അറിഞ്ഞാരുന്നൂടാ വിവരം"
"നീയൊക്കെ എന്നെ വല്യ കളിയാക്കല്‍ അല്ലാരുന്നോ, ദാ ഇപ്പൊ നോക്ക്-യൂണിവേഴ്സിറ്റിയില്‍ 3rd വാങ്ങീല്ലേ !"
"സംഭവം കലക്കി. പക്ഷെ അവന്മാര്‍ വിളിച്ചപ്പോ പറഞ്ഞത് 1st കിട്ടേണ്ടതായിരുന്നു. പക്ഷെ നിന്റെ ഡാന്‍സ് കാരണമാ 3rd ആയേന്നാണല്ലോ, ഹി ഹി.."
"desp !"

അതോടെ 'ചിലങ്ക അഴിച്ചതാണ്' ഞാന്‍. പിന്നീട് ഒരു വേദിയിലും ഡാന്‍സ് എന്ന് പറഞ്ഞു വലിഞ്ഞു കയറീട്ടില്ല. വേണ്ട, ഇനിയുമൊരു പരീക്ഷണത്തിന്‌ സ്കോപ്പില്ല.

"ജോഗീ... പഞ്ചാബി ഡാന്‍സ് അറിഞ്ഞൂടാ എനിക്ക്"- ഞാന്‍ മറുപടി പറഞ്ഞു.
"come on... 2 ദിവസം കൊണ്ട് പഠിച്ചെടുക്കാംന്നേ"
"വേണ്ട, അത് ശെരിയാവൂല്ല"
"എങ്കി ശെരി. റിഹേഴ്സലിനു സമയമായി ഞാന്‍ പോട്ടെ"- വാതില്‍ക്കല്‍ കാത്തു നിന്ന ഏതോ ഒരു ഹിന്ദിക്കാരനു നേരെ 'ദാ ഞാന്‍ വരുന്നു' എന്ന ആന്ഗ്യത്തില്‍ കൈ പൊക്കി കാട്ടി നാന്‍സി ഓടിമറഞ്ഞു.

പിന്നീടുള്ള കുറച്ചു ദിവസങ്ങള്‍ നാന്‍സിയെ കാണാനേ കിട്ടിയിട്ടില്ല. ചെയ്യാനുള്ള പണികളും pending. ഇതങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. ഒന്ന് ഉപദേശിച്ചു കളയാം- ഞാന്‍ തീരുമാനിച്ചു. (പണി തീരാത്തതാണോ അതോ അവള്‍ ഫുള്‍ടൈം കണ്ട ഹിന്ദിക്കാരുടെ കൂടെ നടക്കുന്നതാണോ എന്നെ ചൊടിപ്പിച്ചത് ?. ആദ്യത്തെതാവാന്‍ ചാന്‍സ് കുറവാണ്)

അന്ന് ഉച്ച കഴിഞ്ഞു അവള്‍ വന്നപ്പോ ഞാന്‍ വിളിപ്പിച്ചു- "ജോഗീ 1 സെക്കന്റ്‌ "
"yep"
"കാലത്ത് ഒരു ഡിസ്കഷന്‍ ഉണ്ടായി. അതില്‍ ജോഗിയെ കുറിച്ച് അത്ര നല്ല അഭിപ്രായം അല്ല വന്നെ. കുറച്ചു നാള്‍ ആയി വന്‍ ഉഴപ്പാണ് എന്നാണ് മഹേഷും രൂപയും(ഞങ്ങളുടെ TL മാരാണ്. ജോഗിക്ക് തിരിച്ചു എന്തേലും ദേഷ്യം തോന്നിയാല്‍ അവര്‍ക്കും ഇരിക്കട്ടെ ഒരു പങ്ക്) എല്ലാം പറയുന്നേ."
"അത്.. ഇപ്പൊ ഈ പരിപാടികള്‍ കാരണം..."
"പരിപാടീം ജോലിയും എല്ലാം ഒന്നിച്ചു കൊണ്ട് പോകണം. അതല്ലേ success !"
"എനിക്ക് മനസ്സിലാവുന്നുണ്ട്"
"ഞാനായത് കൊണ്ട് ഇതൊക്കെ പറയുന്നു. എല്ലാം ജോഗിയുടെ നന്മയ്ക്ക് ആണെന്ന് കരുതിയാ മതി. OK"
"Ok"

അവള്‍ അന്ന് 6 മണി വരെ കുബിക്കിളില്‍ ഇരുന്നു !.

അങ്ങനെ PE-5K ആഘോഷദിനം വന്നെത്തി. കാലത്ത് വന്നതേ നാന്‍സി എല്ലാരുടേം അടുത്ത വന്നു പറഞ്ഞു- "ഇന്ന് ഞങ്ങള്‍ടെ പരിപാടിയാണ്, കൃത്യ സമയത്ത് വരണം".
"ഉറപ്പായും"- എല്ലാരും മാക്സിമം പ്രോത്സാഹിപ്പിച്ചു.

ഇത്തിരി കഴിഞ്ഞപ്പോ ഒരു മെയില്‍- ഇവിടെ അക്കൌണ്ടില്‍ പണ്ട് ഉണ്ടായിരുന്ന ഒരു കരണ്‍ദീപ് സിങ്ങിന്റെ ആണ്- "ഇന്ന് ഞങ്ങള്‍ടെ പരിപാടിയാണ്, കൃത്യ സമയത്ത് വരണം".

"ഓഹോ... അപ്പൊ ഇവരോന്നിച്ചാണ് അല്ലെ ഡാന്‍സ്"- ഈ കരണ്‍ദീപ് എന്ന് പറയുന്നവനെ പണ്ട് മുതലേ എനിക്കത്ര ഇഷ്ടം പോര. കണ്ടാലേ ഒരു ആജാന ബാഹു, കൈയ്യൊക്കെ ഏതാണ്ട് ഓരോ ഉലക്കയുടെ വണ്ണമുണ്ട്. കൂടാതെ ഒരു വല്യ താടിയും തൊപ്പിയും... ഇതൊക്കെ കൊണ്ട് മാത്രമല്ല കേട്ടോ ഇഷ്ടമല്ലാത്തത്. എന്തോ.. അവന്റെ ആ സ്വഭാവം എനിക്ക് പിടിക്കില്ല. പോരാത്തതിന് പണ്ടൊരു പ്രാവശ്യം അവന്റെ തലയില്‍ വച്ചിരുന്ന ടര്‍ബാനില്‍ ഞനൊന്നു തൊട്ടു. അതിനവന്‍ എന്തൊക്കെയാണോ അന്ന് പറഞ്ഞത്- "ഇത് സിക്കുകാര്‍ മാത്രം വയ്ക്കുന്ന തൊപ്പിയാണ്‌, അതില്‍ വേറാരും തൊടാന്‍ പാടില്ല..."- എനിക്കങ്ങു ദേഷ്യം വന്നേലും, അവസാനം ഞാനൊരു സോറി പറഞ്ഞതോടെ അവന്‍ ക്ഷമിച്ചു, എന്റെ ഭാഗ്യം !

പിന്നെയും ഇടയ്ക്കിടെ വരും കുബിക്കിളില്‍. എങ്കിലും അതീപ്പിന്നെ അവനോടു മിണ്ടാന്‍ പോയിട്ടില്ല. ആ മനുഷ്യനാണ് ഇന്ന് മെയില്‍ അയച്ചേക്കുന്നെ- "പരിപാടിക്ക് ചെല്ലണം, കയ്യടിച്ചു വിജയിപ്പിക്കണം" ന്നൊക്കെ.

ഞാനാ മെയില്‍ സന്ദീപിന് forward ചെയ്തു- "അളിയാ നിനക്കും കിട്ടിയോ ഇത്?"
മറുപടി ഉടന്‍ വന്നു- "വന്നൂടാ, അവന്റൊരു ഡാന്‍സ്. നമുക്ക് പോയി കൂവി പ്പൊളിച്ചാലോ?" (സന്ദീപിനും അത്ര താല്‍പ്പര്യം പോരാ കരണ്‍ദീപ് നെ)

അന്ന് വൈകിട്ടാണ് പരിപാടി. ഉച്ചയൂണ് കഴിഞ്ഞു ഓഫീസിലേക്ക് തിരികെ നടക്കുകയായിരുന്നു ഞാന്‍. സന്ദീപുമുണ്ട് കൂടെ. നോക്കീപ്പോ നമ്മുടെ നാന്‍സിയും കരണ്‍ദീപ് ഉം എതിരെ വരുന്നു.

"നില്‍ക്കാന്‍ സമയമില്ല, അപ്പൊ വൈകിട്ട് കാണാം"- ഇങ്ങനെ പറഞ്ഞു കരണ്‍ദീപ് വേഗത്തില്‍ നടന്നു .
"അല്ലാ... ആരേലും അവനോട് നില്‍ക്കാന്‍ പറഞ്ഞോ?"- ഞാന്‍ സന്ദീപിനോട് ചോദിച്ചു .

"ഹോ, എന്നാലും നമ്മുടെ നാന്‍സി അവന്റെ കൈയ്യിലായല്ലോ അളിയാ"- അതായിരുന്നു അവന്റെ സങ്കടം. "അല്ലാ നിന്നെ പറഞ്ഞാ മതിയല്ലോ, നിന്റെ കുബിക്കിളില്‍ ഇരിക്കുന്ന കൊച്ചല്ലേ. ഞാനെങ്ങാനും ആയിരുന്നേല്‍..."
"ആയിരുന്നേല്‍ ?"
"എടാ ഇടയ്ക്കിടെ ഒരു ചായയ്ക്കൊക്കെ വിളിച്ചോണ്ട് പോണം. എന്നാലെ ഇവര്‍ അങ്ങ് mingle ചെയ്യൂ "
""അത് പോയല്ലോ !"
"എടാ കള്ളാ, അതെപ്പോ? ഞാനറിഞ്ഞില്ലല്ലോ..."
"നിന്നെ അറിയിച്ചിട്ടല്ലേ പോകുന്നെ"
"ആ... അത് വിട് , എന്നിട്ട്... പോയിട്ട്..."
പോയിട്ടെന്താ ഓരോ സാന്‍ഡ് വിച്ചും ഐസ്ക്രീം ഉം കഴിച്ചു"
"എന്നിട്ട്..."
"എന്നിട്ടൊന്നൂല്ലാ... തിരിച്ചിങ്ങു പോന്നു"
"ഛെ.. അത്രോള്ളൂ?"
"നീ നന്നാവാന്‍ യാതൊരു സ്കോപ്പും ഇല്ലല്ലോ അളിയാ. ആ അത് പോട്ടെ, നീ ആ സിക്കുകാരന്റെ പരിപാടി എങ്ങനെ പൊളിക്കാംന്ന്‍ ആലോചിക്ക്- ഞാന്‍ അവനോട് പറഞ്ഞു.
വല്ല കോളേജ് ഒക്കെ ആരുന്നേല്‍ നമുക്ക് എളുപ്പമാരുന്നു. ഇതിപ്പോ കമ്പനിയില്‍... നമുക്ക് കൂവാം. അത് മാത്രേ ഞാന്‍ നോക്കിയിട്ട് ഒരു വഴി കാണുന്നുള്ളൂ.
"അതെ... നമ്മളെ കൊണ്ട് ആവും വിധം അങ്ങ് ആഞ്ഞു കൂവാം !"

വൈകുന്നേരം ആയി. ഞങ്ങള്‍ ഫുഡ്‌ കോര്‍ട്ട് 1 ല്‍ എത്തി. അവിടെ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ഒരു സ്റ്റേജ് ല്‍ ആണ് പരിപാടി. സല്‍മാന്‍ ഖാന്റെ ഡ്യൂപ്പ് എന്ന് സ്വയം പരിചയപ്പെടുത്തി വന്ന ഒരുത്തനും, കറുത്ത ഗൌണും പൊക്കമുള്ള ഷൂസും ഇട്ടു വന്ന ഒരുത്തിയും ആരുന്നു അവതാരകര്‍. അവരെക്കൊണ്ട് ആവും വിധം ശ്രമിച്ചിട്ടും ആള്‍ക്കാര്‍ക്ക് അത്ര വല്യ താല്‍പ്പര്യം ഒന്നും ഇല്ലാത്ത പോലെ. ആകെ ഒരു തണുപ്പന്‍ അന്തരീക്ഷം.

അപ്പോഴായിരിക്കണം സല്‍മാന് ഒരു ബുദ്ധി ഉദിച്ചേ- "ഏത് സ്റ്റേറ്റ് ആണ് ഏറ്റവും കിടിലന്‍?- കര്‍ണാടക, ഡല്‍ഹി, UP?"- ചോദ്യം ഓഡിയന്‍സിനോടാണ് .
അവിടുന്നും ഇവിടുന്നും 2-3 തണുപ്പന്‍ മറുപടികള്‍ വന്നു.

"ഒരു കാര്യം ചെയ്യ്‌, ഞാന്‍ ഓരോ സംസ്ഥാനത്തിന്റെയും പേര് പറയാം. അപ്പൊ അവിടുത്തെ ആള്‍ക്കാര്‍ ആര്‍പ്പു വിളിക്കണം. Ok. ആദ്യായിട്ട്- കര്‍ണാടക !"
"ഒയ്, ഒയ്, ഒയ്"- കുറെ പേര്‍ ഒച്ചയുണ്ടാക്കി.

"അളിയാ കേരളത്തിന്റെ പേര് വിളിക്കുമ്പോ നമുക്ക് തകര്‍ക്കണം"- ഞാന്‍ സന്ദീപിനോട് പറഞ്ഞു. അവനത് അടുത്തിരുന്ന ശ്രീജിത്തിനോടും ബിനോയിയോടും(എന്റെ PM) ആശ്വിനോടും പറഞ്ഞു.

"തമിഴ്‌നാട്"
"ബംഗാള്‍"
"ആന്ധ്രാപ്രദേശ്‌..."

ഒന്നിനും ഞങ്ങള്‍ കയ്യടിച്ചില്ല. പക്ഷെ അവസാനം അങ്ങ് തലപ്പത്തിരിക്കുന്ന ജമ്മു കാശ്മീര്‍ വരെ പറഞ്ഞിട്ടും അവന്‍ കേരളത്തിന്റെ പേര് വിളിച്ചില്ല. പകരം ഒരു ഡയലോഗ് ആരുന്നു- "അങ്ങനെ നമുക്ക് മനസ്സിലായി എല്ലാ സ്റ്റേറ്റ്സും ഒരേ പോലെ ആണെന്ന്. അടുത്ത ഐറ്റം മാജിക്‌ ഷോ !"

"അതൊരു മാതിരി അലമ്പായിപ്പോയി"- പുറകിലിരുന്ന ഏതോ മലയാളികളുടെ രോദനം ഞങ്ങളും കേട്ടു. കേറിയങ്ങ് പ്രതികരിച്ചാലോ എന്നൊരു തോന്നല്‍ ഉള്ളില്‍ വന്നെങ്കിലും പുറംനാട്ടുകാരുടെ എണ്ണക്കൂടുതല്‍ എന്നെ അതീന്നു പിന്തിരിപ്പിച്ചു .

മാജിക്‌ ഷോ പ്രതീക്ഷിച്ചതിലും മോശമായിരുന്നു. പണ്ട് സ്കൂളില്‍ 50 പൈസക്ക് ടിക്കറ്റ്‌ വച്ച് കാണിക്കുന്ന അതെ പരിപാടി. തൊപ്പിയില്‍ നിന്ന് തൂവാല, തൂവാലക്കുള്ളില്‍ നിന്ന് പൂവ്, അങ്ങനെ ചില അദ്ഭുതങ്ങള്‍. ആ സമയം പാഴാക്കാതെ ഞങ്ങള്‍ പോയി ഫ്രീ ഫുഡ്‌ കഴിച്ചു തിരിച്ചെത്തി.

പയ്യെ കലാ(പ)പരിപാടികള്‍ തുടങ്ങുകയാണ്. ഞാനെന്റെ ക്യാമറയുമായി പുറകിലെ തൂണിന്റെ അടുത്തേക്ക് മാറി- "കുറച്ചു ഫോട്ടോസ് എടുത്തേക്കാം, ഒന്നൂല്ലേല്‍ നമ്മുടെ നാന്‍സി ഉള്ളതല്ലേ !"

ഫാഷന്‍ ഷോ തുടങ്ങി. അത് വരെ ഉച്ചസ്ഥായിയില്‍ ആയിരുന്ന ലൈറ്റ്കള്‍ മിഴി പാതി അടച്ചു. ചുവപ്പും പച്ചയുമൊക്കെയായി പുതിയ വിളക്കുകള്‍ തെളിഞ്ഞു. ഏതോ ഹിറ്റ്‌ ഇംഗ്ലീഷ് പാട്ട് (പാട്ടെന്നു പറയാന്‍ പറ്റില്ല, ആകെ കേള്‍ക്കാവുന്നത് ബീറ്റ്സ് മാത്രമാണ്- ദിഷ്ക്യൂം , ദിഷ്ക്യൂം..) സ്പീക്കറിലൂടെ ഒഴുകി...

നിരനിരയായി നടന്നു വന്നവര്‍ക്കിടയില്‍ ഞാന്‍ നോക്കി. അതാ... കറുത്ത ഉടുപ്പനിഞ്ഞു, കഴുത്തില്‍ വലിയ മുത്തുമാല അണിഞ്ഞു അവള്‍- നാന്‍സി- കൊള്ളാം സൂപ്പര്‍ ആയ്ട്ടുണ്ട് !
അരികത്തിരുന്ന സന്ദീപ്‌ എന്നെ തോണ്ടി വിളിച്ചു- "അളിയാ കൊച്ചു തകര്‍ത്തല്ലോ !"
"പിന്നെ തകര്‍ക്കാതിരിക്കുമോ, ഞാനല്ലേ മെന്റര്‍ !"- ഞാന്‍ ഉള്ളാലെ ഒന്ന് അഭിമാനിച്ചു. എന്റെ ഫോട്ടോ എടുപ്പ് തുടര്‍ന്നു - ക്ലോസപ്പ്, ലോങ്ങ്‌ ഷോട്ട്... ഒന്നും പറയണ്ട. ഇതിനിടയില്‍ നമ്മുടെ കരണ്‍ദീപ് ഉം വന്നിരുന്നു സ്റെജില്‍, പക്ഷെ അവന്റെ ഫോട്ടോ ഞാന്‍ മനപ്പൂര്‍വം എടുത്തില്ല.

ഫാഷന്‍ ഷോ കഴിഞ്ഞതോടെ ആളുകള്‍ ഒന്നൂടെ ഉഷാറായി. എടുത്ത ഫോട്ടോസ് ഞാന്‍ ഞാന്‍ ചുമ്മാ ഓടിച്ചു നോക്കി- "എല്ലാത്തിലും നാന്‍സി നന്നായ്ട്ടുണ്ട്. ഫോട്ടോഷോപ്പില്‍ ഇട്ടു ഒന്നൂടെ വെളുപ്പിച്ചു നാളെ കൊടുക്കാം അവള്‍ക്ക്. സന്തോഷം കൊണ്ട് തുള്ളിച്ചാടും അവള്‍... ഹോ..."

അടുത്തത് പഞ്ചാബി ഡാന്‍സ് ആണ് . ഇതിലും ഉണ്ട് നാന്‍സി . ഞാനെന്റെ ആയുധവുമായി കസേരയുടെ മുകളിലേയ്ക്ക് കയറി നിന്നു- "ഒരു കാരണവശാലും view തടസ്സപ്പെടരുതല്ലോ !"

"യേ, ബല്ലേ ബല്ലേ..."- ഡാന്‍സ് തുടങ്ങി . പുറകിലെ 2 മൂലയില്‍ നിന്നായി ഡാന്‍സേഴ്സ് സ്റ്റെജിലേക്ക് എത്തി. desp !- നാന്‍സിയുടെ pair കരണ്‍ദീപ് !. എങ്കിലും അവര്‍ ഒരു distance വിട്ടാണ് നിന്നിരുന്നത്. അതോണ്ട് തന്നെ അതെനിക്കത്ര പ്രശ്നമായി തോന്നിയുമില്ല.

പഞ്ചാബി പാട്ടിന്റെ താളമങ്ങു കൊഴുത്തു - നമ്മുടെ കരണ്‍ദീപ് മുന്നോട്ടു കയറി വന്നു അവിടെ കിടന്നിരുന്ന ഒരു വല്യ വടിയെടുത്തു വായുവില്‍ ചുഴറ്റാന്‍ തുടങ്ങി. എത്ര നേരം അവന്‍ അങ്ങനെ ചെയ്തെന്നു അറിയില്ല, പക്ഷെ കാണികളുടെ നിലയ്ക്കാത്ത കരഘോഷം ചുറ്റും. ഞാന്‍ സന്ദീപിനെ നോക്കി - അവന്‍ എണീറ്റ്‌ നിന്ന് കൈയ്യടിക്കുന്നു- "എടാ.. !!!"

എല്ലാരുടേം അകമഴിഞ്ഞ പിന്തുണ കൂടി ആയപ്പോ കരണ്‍ദീപ് നു ആവേശം ഇരട്ടിച്ചു. ചടുലമായ സ്റ്റെപ്പുകള്‍ ഒക്കെ ഇട്ടു തകര്‍ത്താടി. ക്ലൈമാക്സ്‌ എത്താറായി- നോക്കുമ്പോ അവന്‍ നേരെ പോയി നമ്മുടെ നാന്‍സിയെ എടുത്തു ഒരു പൊക്കല്‍. നേരത്തെ വടി ചുഴറ്റിയ ലാഘവത്തോടെ അവളെ കൈകളിലിട്ടങ്ങു കറക്കി. നാന്‍സി ആണേല്‍ നാണം കൊണ്ട് മുഖം പൊത്തുന്നു.

വീണ്ടും കയ്യടികളുടെ ബഹളം ! (എന്റെ നെഞ്ചിലാണോ)

"ഇങ്ങനെ ഒക്കെ ആണെന്ന് അറിഞ്ഞിരുന്നേല്‍ വേണേല്‍ ഡാന്‍സില്‍ ഒരു കൈ നോക്കാരുന്നു അല്ലെ, ഹി ഹി.."- എന്റെ PM ആണ്. കളിയാക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാറില്ല പുള്ളി.

ഞാന്‍ മറുപടി പറഞ്ഞില്ല. എന്റെ സംശയം മറ്റൊന്നായിരുന്നു- ആ എടുത്തു പൊക്കല്‍ കരന്‍ദീപിനു അപ്പൊ തോന്നിയ സ്റ്റെപ്പ് ആണോ? അല്ലാതെ നാന്‍സി സമ്മതിക്കുമോ ഇങ്ങനെ ഒരു കാട്ടായത്തിനു !

ഏതായാലും അതോടെ ഫോട്ടോ എടുപ്പ് നിര്‍ത്തി താഴെ കസേരയില്‍ ഇരുന്നു. അപ്പോഴാണ്‌ അടുത്തവന്‍, സന്ദീപ്‌ - "അളിയാ നീ എന്തിനാ മോളിലോട്ട് ഫ്ലാഷ് അടിച്ചേ?"
"ഞാനോ?"
ആന്ന്... ആ ഹിന്ദിക്കാരന്‍ നാന്‍സിയെ എടുത്തു പൊക്കിയ ഷോക്കില്‍ നീ മോളിലോട്ടാ ഫോട്ടോ എടുത്തേന്നാ ഇവിടെ എല്ലാരും പറയുന്നേ... "
"ഈ എല്ലാരുംന്നു പറഞ്ഞാ?"
"ഞാനും.. പിന്നെ ഞാനും. ഹി ഹി"
"ഒന്ന് പോടാ ഇവിടുന്നു... ഫോട്ടോ നല്ല ക്ലിയര്‍ ആയി പതിഞ്ഞിട്ടുണ്ട്."

എന്തായാലും അതോടെ ഞാന്‍ ഫോട്ടോ എടുപ്പ് നിര്‍ത്തി താഴെ കസേരയില്‍ വന്നിരുന്നു. എടുത്ത ഫോട്ടോസ് ഒക്കെ ഒന്ന് നോക്കുക പോലും ചെയ്യാതെ പരിപാടിയും കണ്ടു റൂമിലേക്ക് തിരിച്ചു - ഇനി എങ്ങാനും പതിഞ്ഞിട്ടില്ലേലോ !

വാല്‍ക്കഷ്ണം: പിന്നെയുള്ള 1-2 ദിവസം കുബിക്കിളില്‍ ആകെയൊരു ബഹളമായിരുന്നു. ഓരോരുത്തര്‍ വരുന്നു- "ഡാന്‍സ് സെറ്റപ്പ് ആയിരുന്നു കേട്ടോ" എന്നൊക്കെ പറഞ്ഞു നാന്സിക്ക് അഭിനന്ദനങ്ങള്‍ കൈ മാറുന്നു. ഞാന്‍ വല്യ താല്‍പ്പര്യം ഒന്നും കാട്ടാന്‍ പോയില്ല. ഒരു ഡാന്‍സ് കളിച്ചെന്നും വച്ച് ? (ഇതിന്റെ പേരാണോ അസൂയ, അറിയില്ല !)

എന്തായാലും ആ ആഴ്ച ഞാന്‍ നാട്ടില്‍ പോയി തിരിച്ചെത്തി. നോക്കുമ്പോ നാന്‍സി ഉണ്ട് കുബിക്കിളില്‍.

"ഗുഡ് മോര്‍ണിംഗ്"- ഞാന്‍ പറഞ്ഞു.
"ഗുഡ് മോര്‍ണിംഗ്, നാട്ടില്‍ പോയാരുന്നല്ലേ?"
"ഉവ്വ്, പിന്നെ എങ്ങനെ ഉണ്ടാരുന്നു വീക്കെന്റ്?"
"ഞങ്ങള്‍ 'അന്ജാനാ അന്ജാനി'ക്ക് പോയി"
"ഓ, എങ്ങനെ ഉണ്ട് പടം?
"എനിക്ക് നന്നായി ഇഷ്ടപ്പെട്ടു"
പിന്നെ?
കരന്ദീപിനു തീരെ ഇഷ്ട്ടപ്പെട്ടില്ല. അമ്മാതിരി റൊമാന്റിക്‌ സിനിമകള്‍ റിയലിസ്റ്റിക്ക് അല്ലത്രേ !
"ഓ, അവനും ഉണ്ടാരുന്നോ?"- പിന്നെ എനിക്കൊന്നും സംസാരിക്കണംന്നുണ്ടാരുന്നില്ല.
"അല്ലാ... അനില്‍ ഹിന്ദിപ്പടങ്ങള്‍ ഒക്കെ കാണാറുണ്ടോ"
"ഉണ്ടോന്നോ, ഇപ്പൊ ദാ ലേറ്റസ്റ്റ് കണ്ടത് 'ദബാങ്ങ്' ആണ്, കൊള്ളാം പടം ! (ഭാഗ്യം ഇന്നലെ നാട്ടീന്നു വന്നപ്പോ ബസ്സില്‍ ഇട്ട പടമാണ്. ഉറക്കം മുടങ്ങുന്നതില്‍ അന്നേരം ഒട്ടേറെ പരിഭവിച്ചേലും ഇപ്പൊ ഗുണമായി)
"ഈസ്‌ ഇറ്റ്‌, ഞങ്ങള്‍ അടുത്ത ആഴ്ച പോണുണ്ട്? അനില്‍ വരുന്നുണ്ടോ?കരണും ഫ്രണ്ട്സും ഉണ്ടാവും"
"ഓ ഇല്ല... നിങ്ങള്‍ പോയിട്ട് വാ. അല്ലേലും ആ പടം 2 പ്രാവശ്യം കാണാന്‍ ഒന്നൂല്ല !-"

ഞാന്‍ സംഭാഷണം പയ്യെ നിര്‍ത്തി എന്റെ സീറ്റിലേക്ക് നീങ്ങി. ഇനി എപ്പഴേലും മിണ്ടണംന്നു തോന്നിയാലും വിളിക്കാല്ലോ- "നാന്‍സീ പ്ലീസ്‌..."


:)
http://www.panchasarappothi.blogspot.com/