Wednesday, January 9, 2019

കലണ്ടർ 2019 :)


രണ്ടു മൂന്നാഴ്ച മുന്നേ ആണ്, രാവിലെ പത്രമെടുക്കാനായ് ചെന്നു നോക്കീപ്പോ 
കൂട്ടത്തിലൊരതിഥിയുമുണ്ട് - നീലക്കുറിഞ്ഞിപ്പൂക്കളുടെ പടമുള്ള 2019ലെ ഒരു മനോരമ കലണ്ടർ!

അതിന്റെ ഭംഗി നോക്കിയങ്ങനെ നിന്നപ്പഴാ, തലേ ദിവസം വാട്ട്സാപ്പിൽ കണ്ടൊരു മെസേജ് മനസ്സിലേയ്ക്കോടിയെത്തിയത് - 

'സുഹൃത്തുക്കളെ... കേരളത്തിലെ പത്രങ്ങൾ അവരുടെ വരിക്കാർക്ക് 25 രൂപയ്ക്ക് കലണ്ടർ വിറ്റു തുടങ്ങി. ഒരു വർഷം 2500 രൂപയ്‌ക്കടുത്ത് പത്രം വാങ്ങുന്ന വരിക്കാർക്ക്, 10 രൂപ ചിലവിൽ പ്രിന്റ് ചെയ്യുന്ന ഒരു കലണ്ടർ സൗജന്യമായി കൊടുക്കാൻ അവർ തയ്യാറല്ല. ബാങ്കുകൾ, തുണിക്കടകൾ, മറ്റു വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവയൊക്കെ ഇത് സൗജന്യമായാണ് നൽകുന്നതെന്നോർക്കണം. തങ്ങളുടെ കലണ്ടറിന്റെ പരസ്യത്തിനായി കോടികൾ മുടക്കുന്ന ഈ പത്രമുതലാളിമാരുടെ അധാർമികതയ്‌ക്കെതിരെ പ്രതികരിക്കൂ!. 

മുകളിൽ പറഞ്ഞതിൽ സത്യമുണ്ടെന്ന് തോന്നുകയാണെങ്കിൽ, പണം കൊടുത്തു വാങ്ങുന്ന കലണ്ടറുകൾ വേണ്ടെന്ന് തീരുമാനിക്കാം. നിങ്ങളുടെ അനുവാദമില്ലാതെ പത്രത്തിനൊപ്പം കൊണ്ടിടുന്ന കലണ്ടറുകൾ ഏജന്റിന് തന്നെ തിരികെ കൊടുത്തു വിടുക! Share it' - 

ഒന്നാലോചിച്ച് നോക്കീപ്പോ സംഭവം സത്യാണല്ലോ - 'നാളെത്തന്നെയിത് തിരിച്ചു കൊടുത്തിട്ട് കാര്യം, അമ്പടാ' - ഞാൻ കലണ്ടർ ചുരുട്ടി ഭദ്രമായി അലമാരയിൽ വച്ചു.
''നിങ്ങളെന്തായിത് ഒളിപ്പിച്ച് വയ്ക്കുന്നേ? ഏതേലും ആണീലേയ്ക്ക് തൂക്കിയിടത്" - സഹധർമ്മിണിയാണ്.
''യേയ് ഇല്ലെടീ... ഇത് തിരിച്ചു കൊടുക്കാനുള്ളതാ''
"അതെന്തേ?"

ഞാൻ മെസേജിന്റെ ഡീറ്റെയിൽസ് മൊത്തം വിവരിച്ചു.

"അയ്യേ, നിങ്ങളിത്ര പിന്തിരിപ്പനായാലോ... ഒരു പാക്കറ്റ് പാൽ വാങ്ങണ കാശല്ലേയിതിന് കൊടുക്കേണ്ടൂ!''
''കാശിന്റെയല്ല... പ്രതികരിക്കേണ്ട കാര്യങ്ങൾ നമ്മൾ പ്രതികരിക്കണം. ഇതിപ്പോ നമ്മളോട് ചോദിച്ചിട്ടാണോ ആ പത്രക്കാരൻ ചെക്കൻ ഇവിടെ കൊണ്ടിട്ടേ?''
''അങ്ങനൊക്കെ നോക്കിയാ ഒരു കാര്യോം നടക്കൂല്ല. ഒന്നില്ലേലും നമുക്കാവശ്യമുള്ള ഒരു സാധനമല്ലേയിത്?''

''എടിയേ... ഒരു 2 ആഴ്ച കഴിഞ്ഞോട്ടേ, ഇഷ്ടം പോലെ കലണ്ടറുകൾ ഫ്രീയായി കിട്ടും KSFE ന്നൊക്കെ. അത് മാത്രമല്ല, കുറച്ചു നാളുകളായി ഈ മനോരമക്കാരുടെ കലണ്ടറത്ര ഇഷ്ടല്ല എനിക്ക്!"
''അതെന്താണാവോ?''

''എന്താണ്‌ വച്ചാ... പണ്ട് മുതൽക്കേ എല്ലാ കലണ്ടറിലും ഫസ്റ്റ് പേജിൽ ജനുവരീം, ഫെബ്രുവരീം കണ്ടല്ലേ നമ്മൾ ശീലിച്ചേക്കണേ. ഇവൻമാരാണത് ഇടയ്ക്ക് വച്ച് പരിഷ്ക്കരിച്ച് ജനുവരി മാത്രമാക്കീത്. അതോടെ മൊത്തത്തിൽ മാസങ്ങളുടെ ഓർഡർ അങ്ങ് മാറി. അതെനിക്ക് പിടിച്ചില്ല"
''പിന്നെ കാലത്തിനനുസരിച്ച് മാറണ്ടേ നമ്മൾ?. എനിക്കീ ഡിസൈനാ ഇഷ്ടായേ...''
''അതാവട്ടെ, പക്ഷെ ഞാനിത് നാളെ തിരിച്ചു കൊടുത്തിരിക്കും!''

* * *

ആറേകാലിന് അലാറം അടിച്ചപ്പോത്തന്നെ എണീറ്റ്, കലണ്ടറുമെടുത്ത് റെഡിയായിരുന്നു ഞാൻ. ഏതാണ്ട് ഒരു ആറരയോടെയാണ് എന്നും പത്രക്കാരൻ വരാറ്. പുറത്ത് നല്ല തണുപ്പായോണ്ട് ഹാളിലാണ് കസേരയുമിട്ടിരുന്നത്. 

''ടപ്പ്'' - പത്രം വീഴുന്ന ഒച്ച. 

ഞാൻ പടേന്ന് വാതിൽ തുറന്ന് നോക്കീപ്പോ പത്രം മാത്രേയുള്ളൂ, പത്രക്കാരനെ കാണാനില്ല. വേഗത്തിൽ വാതിൽ ചാരി കോണിപ്പടി ഇറങ്ങി ചെല്ലുമ്പോഴുണ്ട്, തന്റെ M80 യിൽ അടുത്ത ഫ്ലാറ്റ് ലാക്കാക്കി പറന്ന് കഴിഞ്ഞു അയാൾ.

'ഇയാളെന്താ കുട്ടിച്ചാത്തനോ, ഇത്ര പെട്ടെന്ന് അങ്ങ് താഴെയെത്താൻ! ങാ, ഏതായാലും നാളെ പിടിക്കാം കൈയ്യോടെ!' - തിരിച്ച് കയറി, കലണ്ടർ TV സ്റ്റാന്റിൽ വച്ച്, പ്രഭാതകൃത്യങ്ങളിലേയ്ക്ക് കടന്നൂ ഞാൻ.

* * *

വൈകിട്ട് ഓഫീസീന്നെത്തീപ്പോ കുറച്ച് വൈകി. ഡ്രസ്സ് പോലും മാറാതെ, ബെഡ് റൂമിലെ കിടക്കയിലേയ്ക്ക് ചാഞ്ഞപ്പോഴാണ് നഴ്സറിയിൽ പഠിക്കുന്ന മോൾ ഓടി വന്നേ.

''അച്ഛാ... ഈ ഡീഡെ താഴേയ്ക്ക് ഒരു വര വരച്ചാൽ പീയാകും"
"എന്താന്ന്?"
"ഇംഗ്ലീഷിലെ 'D' ഇല്ലേ, അതിന്റെ താഴേയ്ക്ക് നീട്ടി വരച്ചാൽ 'P' ആകും"
"അത് ശരിയാണല്ലോ!"
"പിന്നെ ഈ 'M' തിരിച്ചു വരച്ചാൽ 'W' ആകുമച്ഛാ!"
"ആ... അതും കൊള്ളാം" - ഞാൻ മോൾടെ പുറത്ത് തട്ടി.
"പിന്നേണ്ടല്ലോ, ഈ 'O' യുടെ ഉള്ളിൽ കണ്ണും വായും വരച്ചാൽ സ്മൈലി ആകും!"
"ശ്ശെടാ കലക്കീലോ, ഇതൊക്കെ ആരാ നിന്നെ പഠിപ്പിച്ച് തന്നേ?"
"സ്കൂളിലെ ടീച്ചറാണച്ഛാ"
"എത്, മാധുരി മിസ്സോ???"
"ഏയ്... വിജയമ്മ മിസ്സ്!. അല്ലാ... അച്ഛനറിയാമോ ഇങ്ങനൊക്കെ?"
"അറിയാമോന്നോ, നീ പോയാ പേനേം പേപ്പറുമെടുത്തോണ്ട് വാ. അച്ഛന്റെ കൈയ്യിൽ ഇതുപോലത്തെ പല നമ്പറുകളുമുണ്ട്"

ഒറ്റ ഓട്ടത്തിന് ഐറ്റംസുമായി തിരിച്ചെത്തി മോള് - "ഇന്നാ അച്ഛാ..."

അവൾ നീട്ടിപ്പിടിച്ച പേപ്പർ കണ്ട് എന്റെ ഉള്ളൊന്നാളി - 'ദൈവമേ, പത്രക്കാരന് തിരിച്ചു കൊടുക്കാൻ എടുത്ത് വച്ചിരുന്ന കലണ്ടർ!!!' 

''ഇങ്ങ്ട് തന്നേടീയത്'' - ഞാനത് പിടിച്ചു വാങ്ങി നോക്കുമ്പോഴുണ്ട് - 'A മുതൽ Z വരെ എല്ലാ സൈസിലുമുള്ള അക്ഷരങ്ങൾ, കൂളിംഗ് ഗ്ലാസ് വച്ചതും അല്ലാത്തതുമായ സ്മൈലികൾ, പാമ്പ്, അട്ട, ജിറാഫ് തുടങ്ങിയ ജന്തുജാലങ്ങൾ...' - എല്ലാം നല്ല വൃത്തിയായി ഫ്രണ്ട് പേജിൽ തന്നെ വരച്ചിട്ടിട്ടുണ്ട് കുഞ്ഞുമാക്രി!

''എങ്ങനേണ്ടച്ഛാ എന്റെ ഡ്രോയിങ്‌?''

സംഭവം, കല്യാണത്തിനിടാൻ ഷർട്ട് ഡ്രൈക്ലീൻ ചെയ്ത് വച്ച ജഗതിയുടെ അവസ്ഥ ആയേലും ഒരു വാക്കു പോലും വഴക്ക് പറഞ്ഞില്ല മോളെ. കാരണം ഇത് 100% എന്റെ തെറ്റാണ് -  ഇവളുടെ കൈയ്യെത്തും പൊക്കത്തിൽ ഞാനിതവിടെ വയ്ക്കാൻ പാടില്ലായിരുന്നു!

''എവിടെ, അച്ഛന്റെ നമ്പർ കാണട്ടെ...'' - ഭാര്യയും കൂടിയെത്തി അപ്പഴേക്കും സീനിൽ. 
''ഓ ഇനീപ്പോ അതിന്റെയൊന്നും ആവശ്യമുണ്ടെന്ന് തോന്നണില്ല, നീയിതിങ്ങോട്ടു നോക്ക്യ!" - ഞാൻ കലണ്ടർ നീട്ടിക്കാണിച്ചു.

"ഹഹഹ... നിങ്ങൾക്കിത് തന്നെ വേണം. ഞാനെത്ര വട്ടം പറഞ്ഞതാ..."
"ആ...ഇനിയിപ്പോ തിവിടെത്തന്നെ കിടക്കട്ടെ. പിള്ളേരുടെ കലാവാസന നമ്മൾ കണ്ടില്ലെന്ന് നടിക്കരുത്" - ഞാൻ പറഞ്ഞു.

"ഓഹോ, അപ്പോ മാസങ്ങളുടെ ഓർഡർ പ്രശ്‍നം?"
"അതൊക്കെ ഒരു പ്രോബ്ലം ആണോ... ഏതു കലണ്ടറാണേലും, മാസമേതാന്ന് നോക്കീട്ടല്ലേ നമ്മൾ തീയതി നോക്ക്വാ!"

"അപ്പൊ ഇനി നിങ്ങക്ക് ഫ്രീ കിട്ടാൻ പോണ ലക്ഷക്കണക്കിന് കലണ്ടറുകൾ ഈ കൊച്ചു വീട്ടിൽ എവിടെയിടും നമ്മൾ?"
"അതൊക്കെ നീ അടുക്കളയിലെങ്ങാനും തൂക്കിക്കോ... ഇനിയെന്തായാലും ഈ വീട്ടിലെ ആസ്ഥാന കലണ്ടർ ഇവൻ തന്നെ, മെയിൻ ഹാളിൽ തന്നെ ഇട്ടു കളയാം ഇവനെ!" 

"ഇപ്പോ അങ്ങനെയായോ കാര്യങ്ങൾ... എങ്കിൽ ഇത് കൊണ്ട് വേറൊരു കാര്യമുണ്ട്!" - അവളാ കലണ്ടറെടുത്തു കട്ടിലിനഭിമുഖമായ് ചുവരിൽ തൂക്കി.

"ഒന്നിങ്ങോട്ടു നോക്ക്യേ, എന്നും എണീക്കുമ്പോ കൃത്യം കണ്ണിൽ പെടില്ലേന്ന്?"
"ഉവ്വാ, എന്ത്യേ?"

കലണ്ടറിൽ 19 ആം തീയതിക്ക് ചുറ്റും ഒരു വട്ടം വരച്ചു അവൾ. എന്നിട്ട് ചോദിച്ചു - ''നമ്മുടെ കല്യാണ ആനിവേഴ്സറി എന്നാന്നറിയോ ചേട്ടന്?''
"അത്... ഈ മാസം 19 ആം തീയതി!"
"ഛെ... അടയാളപ്പെടുത്തണേനു മുന്നേ ചോദിച്ചാ മതിയാരുന്നു, പെട്ടേനെ..."
"യേയ്, ഇതൊക്കെ എനിക്കോർമ്മയില്ലേ!"
"പിന്നേ... കഴിഞ്ഞ 2 തവണേം മറന്ന ആളാ!"
"നീ അത് പറയരുത്. അപ്പോ കഴിഞ്ഞ കൊല്ലം കേക്ക് മുറിച്ച് ആഘോഷിച്ചതോ?"
"സാദാ പ്ലം-കേക്കിനെയൊന്നും ഇക്കാലത്ത് ആരും കേക്കിന്റെ ഗണത്തിൽ കൂട്ടാറില്ല!"
"നിനക്കിങ്ങനെ പറഞ്ഞാൽ മതി. അത് തന്നെ അന്നൊപ്പിച്ച പാട് എനിക്കറിയാം"
"അതിന് പാതിരാത്രിയല്ല കേക്ക് അന്വേഷിച്ച് ഇറങ്ങേണ്ടത്, മുന്നേ പ്ലാൻ ചെയ്യണം കാര്യങ്ങൾ. നിങ്ങടെ ആ കൂട്ടുകാരൻ സുബിനെ ഒക്കെ കണ്ട് പഠിക്ക്''
"നീ ഇമോഷണലാവാതെ... ഇപ്രാവശ്യം നമുക്കെല്ലാത്തിനും പരിഹാരമുണ്ടാക്കാം"

"ഉറപ്പാണോ? എങ്കി 'റെഡ് വെൽവെറ്റ്' തന്നെ വാങ്ങുവോ ഇത്തവണ?"
"കട്ട ഉറപ്പ്!" - കലണ്ടറിൽ അവൾ വരച്ച വട്ടം ഞാനൊന്ന് കടുപ്പിച്ച് വരച്ചു - (കർത്താവേ... മറക്കാണ്ട് ഓർമിപ്പിച്ചേക്കണേ!) 😊

~anils
www.panchasarappothi.blogspot.com
image courtesy - kalikkudukka