Tuesday, December 7, 2010
നാന്‍സീ പ്ലീസ് കം !
നാട്ടിലേക്കൊരു ട്രാന്‍സ്ഫറിനു ശ്രമം തുടങ്ങിയിട്ട് നാള്‍ കുറച്ചായി. ഒന്നല്ലെങ്കില്‍ മറ്റൊരു കാരണം പറഞ്ഞു മുടങ്ങാതെ അതെല്ലാം മുടങ്ങിക്കൊണ്ടിരുന്നു. പിന്നെ ഈ കഴിഞ്ഞ മാര്‍ച്ചിലാണ് PM സമ്മതിച്ചത്- 'പകരം ഒരാളെ കൊണ്ട് വന്നാല്‍ നിനക്ക് പോകാം !'
പിന്നീട് അതിനുള്ള ശ്രമമായി. അങ്ങനെ കഷ്ടപ്പെട്ട് തിരുവനന്തപുരം DC യില്‍ നിന്ന് ഒരാളെ കണ്ടെത്തി. കല്യാണമൊക്കെ കഴിഞ്ഞ് ബംഗ്ലൂര്‍ക്ക് എങ്ങനേലും എത്തിപ്പെടാന്‍ നോക്കിയിരുന്ന ഒരു രമ്യ. തസ്തിക കൊണ്ടും ചെയ്തിരുന്ന ജോലി കൊണ്ടും എല്ലാം ok. PM ഉടക്കൊന്നും വച്ചില്ല. ട്രാന്‍സ്ഫറിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. അപ്പോഴാണ് അത് വരെ യാതൊരു അപായ സൂചനയും തരാതെ ജിമ്മും മോഡലിങ്ങും ഒക്കെയായ് നടന്നിരുന്ന എന്റെ സഹപ്രവര്‍ത്തകന്‍ അങ്കുര്‍ രാജിക്കത്ത് നല്‍കിയത്- അവന്‍ MBA ക്ക് പോവുകയാണത്രെ !
എന്തിനേറെ പറയുന്നു, അതോടെ എന്റെ ട്രാന്‍സ്ഫര്‍ വീണ്ടും മുടങ്ങി. ഒരേ സമയത്ത് 2 പേരെ 'റിലീസ്' ചെയ്യാന്‍ പറ്റില്ലത്രേ. കമ്പനി വിടുന്നത് കൊണ്ട് സ്വാഭാവികമായും അവനു നറുക്ക് വീണു. മറ്റൊരാള്‍ക്ക് വേണ്ടി എന്റെ അവസരം നഷ്ടമായതിലായിരുന്നു എനിക്ക് വിഷമം. എങ്കിലും ഒന്നും പുറത്ത് കാണിച്ചില്ല. അല്ലാ, കാണിച്ചിട്ട് വല്യ കാര്യവുമില്ലായിരുന്നു...
എന്റെ കടുത്ത വിഷമം മാറിയത് വളരെ പെട്ടെന്നായിരുന്നു- അങ്കുര്‍നു പകരം വന്ന ആളെ കണ്ടപ്പോ- ജോഗി ശര്‍മ !. വെളുത്ത് കൊലുന്നനെയുള്ള ഒരു ഹരിയാനക്കാരി. കോട്ടന്‍ ചുരിദാറും, ഷോളും, മുഖത്ത് ആവശ്യത്തില്‍ കൂടുതല്‍ പരിഭ്രമവും- കണ്ടിട്ട് ഒരു പാവമാണെന്ന് തോന്നുന്നു...
ഏകദേശം ഒരു 2 ആഴ്ചത്തെ KT സെഷനു ശേഷം അങ്കുര്‍ ന്റെ 'ലാസ്റ്റ് ഡേ' എത്തി. 'ഓള്‍ ദ ബെസ്റ്റും' 'വണ്ടര്‍ഫുള്‍ ഫ്യൂച്ചര്‍' ഉം ഒക്കെ വാരിക്കോരി കൊടുത്ത് എല്ലാരും അവനെ യാത്രയാക്കി. വേര്‍പിരിയലിന്റെ നിമിഷമായിരുന്നെലും ഇനി മുതല്‍ ജോഗി ശര്‍മ എന്റെ മാത്രം അസിസ്റ്റന്റ് ആണല്ലോ എന്നോര്‍ത്തപ്പോ മനസ്സില്‍ എവിടെയോ ഒരു ലഡ്ഡു പൊട്ടി !
അങ്ങനെ 'പിറ്റേന്ന്' ആയി. എന്നും 9:30 ആകുമ്പോ മാത്രം ഓഫീസില്‍ എത്തിയിരുന്ന ഞാന്‍ അന്നെത്തിയത് 8:45 നു. എന്റെ തൊട്ടടുത്തുള്ള കുബിക്കിളിലായി ജോഗിയും ഉണ്ട്. എന്നെ കണ്ടതും ജോഗി എണീറ്റ് നിന്നൊരു 'ഗുഡ്മോണിംഗ്' പറഞ്ഞു. ഗൌരവം ഒട്ടും വിടാതെ ഞാനും തിരിച്ചൊരു ആശംസ നേര്‍ന്നു.
അന്ന് ആദ്യത്തെ ഐറ്റം സ്റ്റാറ്റസ് മീറ്റിംഗ് ആയിരുന്നു. കഴിഞ്ഞ ആഴ്ച എന്തൊക്കെ ചെയ്തു, അടുത്ത ആഴ്ച എന്തൊക്കെ ചെയ്യും (ഭാഗ്യം, ആ ആഴ്ച എന്ത് ചെയ്യണമെന്നു ആരും പറഞ്ഞു കേട്ടില്ല) എന്നൊക്കെയുള്ള വിശകലനങ്ങള്‍ കഴിഞ്ഞു PM എന്നെ നോക്കി പറഞ്ഞു- "താങ്കള്‍ക്ക് ബുദ്ധിമുട്ടാകും എന്നറിയാം, എന്നാലും പ്രൊജക്റ്റ്‌ലെ പുതിയ കുട്ടിയുടെ 'മെന്റര്‍' ആയി നിങ്ങളെ അപ്പോയിന്റ് ചെയ്യുകയാണ്. Take it as a challenge. പ്രോജക്ടില്‍ അവര്‍ക്ക് എന്ത് സംശയം വന്നാലും solve ചെയ്തു കൊടുക്കണം. Ok !"
പണ്ട് മുതല്‍ക്കേ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ യാതൊരു മടിയും കാട്ടാത്ത ഞാന്‍ അതങ്ങ് കേറി സമ്മതിച്ചു.
സംശയങ്ങളുടെ പെരുമഴയായിരുന്നു പിന്നീടുള്ള ദിവസങ്ങളില്‍ ഞങ്ങള്‍ രണ്ടാള്‍ക്കും. ജോഗിയ്ക്കൊരു സംശയം, അതിനു ഞാന്‍ പറഞ്ഞു കൊടുത്ത ഉത്തരം ശരിയാണോന്നു എനിക്ക് തന്നെ സംശയം... അങ്ങനെ...
എന്തായാലും രണ്ട്-രണ്ടര വര്ഷം മുന്പ് ഈ പണി തുടങ്ങിയപ്പോ ഞാന്‍ ചോദിച്ച ചോദ്യങ്ങളൊക്കെ തന്നെയാണ് ജോഗിയും ചോദിച്ചേ. അത് കൊണ്ട് തന്നെ പിടിച്ചു നില്‍ക്കാന്‍ അധികം കഷ്ടപ്പെടേന്ടി വന്നില്ല. എല്ലാത്തിനും ഒരല്‍പം ഗൌരവം മേമ്പൊടി ചേര്‍ത്ത് ഞാന്‍ മറുപടികള്‍ കൊടുത്തു പോന്നു.
പലപ്പോഴും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്, രാവിലെ വന്നാല്‍ പിന്നെ ഊണ് കഴിക്കാന്‍ അല്ലാതെ ജോഗി പുറത്തു പോവാറില്ല. ഒരിക്കല്‍ അതെപ്പറ്റി ഞാന്‍ ചോദിക്കുകയും ചെയ്തു.
"ആക്ച്വലി എനിക്കങ്ങനെ വല്യ ഫ്രണ്ട്സ് ഒന്നുമില്ല ഇവിടെ, അതാ.."
ഞാന്‍ കേള്‍ക്കാന്‍ കൊതിച്ച ഉത്തരം. ആരും കൂട്ടിനില്ലാത്ത ഒരനാഥ പെണ്‍കുട്ടിയ്ക്ക് ഞാന്‍ അഭയം നല്‍കാന്‍ പോകുന്നു.
"ഫ്രണ്ട്സ് ഇല്ല എന്നൊന്നും കരുതണ്ട, വൈകിട്ട് ഞാന്‍ ചായക്ക് ഇറങ്ങുമ്പോ വിളിക്കാം, ok"
"okies"
ഞാന്‍ വാക്ക് തെറ്റിച്ചില്ല, കൃത്യം 4 മണി ആയപ്പോ ചാറ്റ് വിന്‍ഡോയിലൂടെ ചോദിച്ചു- "T?"
ഒരു 2 മിനിറ്റ് എടുത്തു മറുപടി വരാന്‍- "സോറി, ഇപ്പൊ ഇല്ല !"
"അതെന്തേ?"
"I don't feel like coming" (എന്താന്ന് !!!)
"ഓക്കേ"- പിന്നെ നിര്‍ബന്ധിച്ചില്ല.
ദിവസങ്ങള്‍ കഴിയും തോറും ആദ്യത്തെ ഗൌരവമെല്ലാം പയ്യെ ഉടഞ്ഞു വീഴുകയായിരുന്നു. പ്രൊജക്റ്റ്‌നെ കുറിച്ച് മാത്രം ഉണ്ടായിരുന്ന ഞങ്ങളുടെ സംസാരങ്ങളില്‍ തമാശകള്‍ നിറഞ്ഞു. ആദ്യമൊക്കെ എന്തെങ്കിലും കാര്യങ്ങള്‍ ചോദിക്കാനായി വരുമ്പോ നില്‍ക്കുക മാത്രമുണ്ടായിരുന്ന ജോഗി പയ്യെ മേശപ്പുറമാക്കി തന്റെ ഇരിപ്പിടം. എനിക്കതൊരു കുഴപ്പമായിരുന്നില്ല. പക്ഷെ മറ്റു പലര്‍ക്കും അതൊട്ടായിരുന്നു താനും...
സന്ദീപ് പറഞ്ഞാണ് ഞാന്‍ കാര്യങ്ങള്‍ അറിഞ്ഞത്- പണ്ട് വല്ലപ്പോഴും മാത്രം വന്നിരുന്ന, എന്നാല്‍ ജോഗി വന്നതിനു ശേഷം എല്ലാ ദിവസവും എന്റെ കുബിക്കിളില്‍ വന്നു സുഖ വിവരങ്ങള്‍ ആരാഞ്ഞു പോന്നിരുന്ന അവന്‍ എന്നോട് ചോദിച്ചു-
"അളിയാ നീ 'ശിപായിലഹള' ഫിലിം കണ്ടിട്ടുണ്ടോ?"
"ഉവ്വാ, 2 വട്ടം"
"ഇഷ്ടപ്പെട്ടോ?"
"പിന്നല്ലാതെ... ചിരിച്ചു ചിരിച്ചു ഒരു വഴിയാകും"
"എന്നാല്‍ അധികം ചിരിക്കണ്ട, അതിലെ ഒരാള്‍ടെ പേരാ ഇപ്പൊ ജോഗിയെ എല്ലാരും വിളിക്കണെ- നാന്‍സി !"
"എന്ത്.. എനിക്ക് മനസ്സിലായില്ല"
"അല്ലാ അതില്‍ വിജയരാഘവന്‍ ഇടയ്ക്കിടെ ഫോണ്‍ എടുത്ത് സെക്രട്ടറിയെ വിളിക്കില്ലേ- 'നാന്‍സീ പ്ലീസ് കം !' ന്ന്. ഇവിടേം അത് പോലൊരു 'ജോഗീ പ്ലീസ് കം' നടക്കുന്നുണ്ടോ എന്ന് അവര്‍ക്കൊക്കെ ഒരു സംശയം."
"ഈ അവരെന്ന് പറഞ്ഞാല്‍?"
"ഞാനും, പിന്നെ നമ്മുടെ ചേട്ടന്മാരും... ഹി ഹി... ആശ്വിനും, സൂരജ് ചേട്ടനും റിജോച്ചായനും എല്ലാരുമുണ്ട് "
"എടാ, അത് അവള്‍ സംശയങ്ങള്‍ ചോദിയ്ക്കാന്‍ വേണ്ടി..."
"സംശയങ്ങളോ, നിന്റെ അടുത്തോ, ഹി ഹി"- ജോഗിയെ ഒന്ന് ഏറിക്കണ്ണിട്ട് നോക്കി അവനങ്ങ് പോയി. എങ്കിലും ഞാനതത്ര കാര്യമായെടുത്തില്ല .
ആയിടെയാണ് 'Arete award' പ്രഖ്യാപിച്ചേ. നമ്മുടെ അക്കൗണ്ട്‌ലെ ബെസ്റ്റ് ആള്‍ക്കാര്‍ക്ക് കൊടുക്കുന്ന ഒരു സര്‍ട്ടിഫിക്കറ്റ് ആണ് സംഭവം. 2 ആഴ്ച കാലയളവില്‍ ഏറ്റവും കൂടുതല്‍ നോമിനേഷന്‍സ് കിട്ടുന്ന ആള്‍ വിജയി . പരസ്പരസ്നേഹം കൊണ്ടാണോ എന്തോ, ആരും അങ്ങോട്ടും ഇങ്ങോട്ടും നോമിനേറ്റ് ചെയ്യാറില്ല. ആദ്യത്തെ തവണ അവാര്‍ഡ് കിട്ടിയത് എന്‍റെ കൂട്ടുകാരന്‍ പ്രവീണിന്, പിന്നെ സന്ദീപിന്. രണ്ടു പേരെയും നറുക്കിട്ടാണ് എടുത്തത് എന്നൊരു പിന്നാമ്പുറ സംസാരം ഉണ്ടാരുന്നു. (പക്ഷെ ഞാനത് വിശ്വസിച്ചിട്ടില്ല കെട്ടോ ). എങ്കിലും അതോടെ ആ അവാര്‍ഡിന്റെ വിലയിടിഞ്ഞു എന്നത് നേരാണ്. 3 ആമത്തെ അഴ്ച്ചയാണിത് -
അവാര്‍ഡ് വിവരം പുറത്തു വന്നു- കാര്യങ്ങളെല്ലാം വളരെ പെട്ടെന്ന് പഠിച്ചെടുത്തതിന് ജോഗിക്കും, പഠിപ്പിച്ചതിനു എനിക്കും അവാര്‍ഡ് !
ജോഗിക്കങ്ങു വല്ലാത്ത സന്തോഷമായ്. വന്നു കുറച്ചു നാളുകള്‍ക്കുള്ളില്‍ അവാര്‍ഡേ !. എന്റെ കാര്യമാരുന്നു കഷ്ടം. വന്ന ആദ്യത്തെ മെയില്‍ തന്നെ ഇങ്ങനെ- "എന്നാലും നാന്‍സി അവാര്‍ഡ് അടിച്ചെടുത്തല്ലോ, ഹി ഹി..."- ഇതേ പോലെ 7ഓ 8ഓ മെയിലുകള്‍.
എങ്കിലും അത് കൊണ്ടൊരു ഗുണം ഉണ്ടായി.
"താങ്ക്യൂ "- ശബ്ദം കേട്ടു ഞാന്‍ തിരിഞ്ഞു നോക്കി. ജോഗിയാണ് !
"എനിക്കൊരുപാട് സന്തോഷം തോന്നണു ഈ അവാര്‍ഡ് കിട്ടീതില്‍.. So അതിനൊരു നന്ദി പറയാന്‍..."
"its Ok Nancy, sorry Jogi"
"So എന്‍റെ വക ചെറിയൊരു treat, അമുലില്‍"
"എപ്പോ? "
"ഇപ്പൊ"
"ഞാന്‍ റെഡി"
അങ്ങനെ ഞങ്ങള്‍ അമുലില്‍ എത്തി. അധികം തിരക്ക് ഉണ്ടാരുന്നില്ല. ചെറുതായി മഴയും ചാറുന്നുണ്ടാരുന്നു. ഓരോ സാന്‍ഡ് വിച്ചും ഐസ്ക്രീമും വാങ്ങി ഒഴിഞ്ഞു കിടന്ന ഒരു കുടക്കീഴില്‍ ഞങ്ങള്‍ ഇരുന്നു.
"പൊതുവേ അവളൊരു reserved ടൈപ്പ് ആണ്."
"No ബോയ്‌ഫ്രണ്ട് (ആ വാക്ക് കേള്‍ക്കുന്നതെ ദേഷ്യമാണ്)"
"വീട്ടുകാര്‍ പറഞ്ഞുറപ്പിക്കുന്ന ഒരു കല്യാണം"
"ഈ വീക്കെന്റ് മജെസ്ടിക്കില്‍ ഉള്ള റിലേറ്റീവിന്റെ വീട്ടില്‍ പോണം. അവിടെ ഒരു അമ്മൂമ്മയുണ്ട്. അവരെ അവള്‍ക്ക് എന്തിഷ്ടമാണെന്നോ !!!"
അങ്ങനെ കുറച്ചു കാര്യങ്ങള്‍ അവളുടെ ഹിന്ദിയും ഇംഗ്ലീഷും കലര്‍ന്ന വര്‍ത്തമാനത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയെടുത്തു. തൊട്ടടുത്ത കസേരയിലേക്ക് ഞാന്നു കിടന്നിരുന്ന അവളുടെ ഷാള്‍ വെള്ളത്തുള്ളികള്‍ വീണു അലിഞ്ഞില്ലാകുന്നത് ഞാന്‍ വെറുതെ നോക്കിയിരുന്നു.
"അയ്യോ ബസിനു ടൈം ആയല്ലോ"- കുടക്കീഴില്‍ വച്ച് പെട്ടെന്നായിരുന്നു അവള്‍ക്ക് ബോധോദയം ഉണ്ടായത്. അവള്‍ പോകാനായി എണീറ്റു. ഒറ്റയ്ക്ക് അവിടെ ഇരുന്നിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലാത്തതിനാല്‍ ഞാനും.
ദിവസങ്ങള്‍ പിന്നെയും നീങ്ങി. ആയിടെയാണ് ഞങ്ങളുടെ ഡിപ്പാര്‍ട്ടുമെന്റില്‍ 5000 ആള്‍ക്കാര്‍ തികഞ്ഞത്. കാശ് പൊടിക്കാന്‍ എന്ത് മാര്‍ഗം എന്നാലോചിച്ചിരുന്ന തലപ്പത്തെ ചില ടീംസ് അതങ്ങ് ആഘോഷമാക്കാന്‍ തീരുമാനിച്ചു- PE 5K celebrations !
പാട്ട്, കൂത്ത്, ഫുട്ബോള്‍, ഗുസ്തി, കച്ചികളി അങ്ങനെ ഇല്ലാത്തതൊന്നുമില്ല. ജോലിയില്‍ നിന്ന് മാറി നില്‍ക്കാന്‍ കിട്ടിയ ചാന്‍സ് ആയതിനാല്‍ എല്ലാരും ആവേശത്തോടെ ഓരോ ഐറ്റത്തെയും സമീപിച്ചു. നമ്മുടെ നാന്‍സിയും 2-3 ദിവസമായി ആകെ തിരക്കിലാണ്. ഒരു 11 മണിയോടെ പുറത്തേക്കു പോകും പിന്നെ 1:30 കഴിയുമ്പോ കയറും. 3 മണിക്ക് പിന്നെയും പോകും.
"ജോഗീ എന്താ പരിപാടി ?"- ഞാന്‍ ചോദിച്ചു.
"അത്... ഞാന്‍ PE-5K ടെ പരിപാടിയില്‍ ഉണ്ട്. അതിന്റെ റിഹേഴ്സലാ"
"ഓഹ് എന്താ ഐറ്റം?"
"ഫാഷന്‍ ഷോയും ഡാന്‍സും"
"ആഹാ, അങ്ങനെ ആക്റ്റീവ് ആവുകയാണല്ലേ?"
"അങ്ങനെ ഒന്നുമില്ല :)"
"എന്തായാലും കൊള്ളാം "
"അല്ലാ... അനിലിനു 'ഭാന്ഗ്ട' കളിയ്ക്കാന്‍ അറിയുവോ?"
"എന്താന്ന് !!!?"
"അല്ല... പഞാബി ഡാന്‍സില്‍ ഒരാള്‍ കുറവുണ്ട്, താല്‍പ്പര്യം ഉണ്ടേല്‍..."
നിമിഷനേരം കൊണ്ട് ഞാന്‍ 5 വര്ഷം പുറകോട്ടു പോയി. MCA ക്ക് പഠിക്കുമ്പോ കളിച്ച 'നൊസ്റ്റാള്‍ജിയ' ഇവന്റിനെ കുറിച്ച് വെറുതെ ഒന്ന് നൊസ്റ്റാള്ജിക്ക് ആയി. ഞങ്ങള്‍ 6 പേരായിരുന്നു. 3 പെണ്‍കുട്ട്യോളും 3 ആണ്‍കുട്ട്യോളും. ഡാന്‍സ് പഠിപ്പിക്കാനായ് പുറത്തൂന്നു ഒരുത്തനേം വരുത്തീട്ടുണ്ട്. എന്റെ കൂടെയുള്ള 2 അവന്മാരാണേല്‍ വന്‍ ഡാന്‍സേഴ്സ്. ആശാന്‍ പറയണത് പുല്ലു പോലെ നിമിഷങ്ങള്‍ക്കുള്ളില്‍ ചെയ്ത് കാണിക്കും. നമുക്കങ്ങനെ പെട്ടെന്ന് ചെയ്യുന്നതില്‍ ഇന്ററസ്റ്റ് ഉണ്ടാരുന്നില്ല, അത് കൊണ്ട് രാത്രി റൂമില്‍ വന്നു അവന്മാരുടെ കാലു പിടിച്ച് എല്ലാം ഒരു വിധം ഒക്കെ പഠിച്ചെടുത്തു പിറ്റേന്ന് കാണിക്കും.
കൊച്ചിന്‍ യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവല്‍ ആരുന്നു അരങ്ങ്. പേര് വിളിച്ചപ്പോ തട്ടേലോട്ട് കയറി സംഭവം അങ്ങ് അവതരിപ്പിച്ചു- "മേരി സപ്നോം കി റാണി...". മൊത്തം10 ടീമുകളോളം ഉണ്ടായിരുന്നു. അധികം പ്രതീക്ഷ ഇല്ലാതിരുന്നത് കൊണ്ട് റിസള്‍ട്ട്നെ പറ്റി ടെന്‍ഷനും ഇല്ലായിരുന്നു. പക്ഷെ അവസാനം ഫലം വന്നപ്പോ- ദാ നമുക്ക് 3rd !!!
എല്ലാരും ഞെട്ടിയതിന്റെ കൂടെ ഞാനും നന്നായി ഒന്ന് ഞെട്ടി. പിന്നെ അത് സന്തോഷത്തിലേക്ക് വഴി മാറി. എല്ലാരും ആ ഓഡിറ്റോറിയത്തില്‍ കിടന്നു തുള്ളിച്ചാടി...
ആ ബഹളത്തിനിടയിലും ഞാന്‍ മൊബൈല്‍ എടുത്ത് കൊടകരയെ വിളിച്ചു- 'സമ്മാനം കിട്ടിയ വിവരം ക്ലാസ്സില്‍ അറിയിക്കണോല്ലോ ! '
"അളിയാ കൊടകരേ, നമ്മുടെ ഡാന്‍സിനു prize അടിച്ചെടാ !"
"ആ ഇവിടെ അറിഞ്ഞാരുന്നൂടാ വിവരം"
"നീയൊക്കെ എന്നെ വല്യ കളിയാക്കല്‍ അല്ലാരുന്നോ, ദാ ഇപ്പൊ നോക്ക്-യൂണിവേഴ്സിറ്റിയില്‍ 3rd വാങ്ങീല്ലേ !"
"സംഭവം കലക്കി. പക്ഷെ അവന്മാര്‍ വിളിച്ചപ്പോ പറഞ്ഞത് 1st കിട്ടേണ്ടതായിരുന്നു. പക്ഷെ നിന്റെ ഡാന്‍സ് കാരണമാ 3rd ആയേന്നാണല്ലോ, ഹി ഹി.."
"desp !"
അതോടെ 'ചിലങ്ക അഴിച്ചതാണ്' ഞാന്‍. പിന്നീട് ഒരു വേദിയിലും ഡാന്‍സ് എന്ന് പറഞ്ഞു വലിഞ്ഞു കയറീട്ടില്ല. വേണ്ട, ഇനിയുമൊരു പരീക്ഷണത്തിന് സ്കോപ്പില്ല.
"ജോഗീ... പഞ്ചാബി ഡാന്‍സ് അറിഞ്ഞൂടാ എനിക്ക്"- ഞാന്‍ മറുപടി പറഞ്ഞു.
"come on... 2 ദിവസം കൊണ്ട് പഠിച്ചെടുക്കാംന്നേ"
"വേണ്ട, അത് ശെരിയാവൂല്ല"
"എങ്കി ശെരി. റിഹേഴ്സലിനു സമയമായി ഞാന്‍ പോട്ടെ"- വാതില്‍ക്കല്‍ കാത്തു നിന്ന ഏതോ ഒരു ഹിന്ദിക്കാരനു നേരെ 'ദാ ഞാന്‍ വരുന്നു' എന്ന ആന്ഗ്യത്തില്‍ കൈ പൊക്കി കാട്ടി നാന്‍സി ഓടിമറഞ്ഞു.
പിന്നീടുള്ള കുറച്ചു ദിവസങ്ങള്‍ നാന്‍സിയെ കാണാനേ കിട്ടിയിട്ടില്ല. ചെയ്യാനുള്ള പണികളും pending. ഇതങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. ഒന്ന് ഉപദേശിച്ചു കളയാം- ഞാന്‍ തീരുമാനിച്ചു. (പണി തീരാത്തതാണോ അതോ അവള്‍ ഫുള്‍ടൈം കണ്ട ഹിന്ദിക്കാരുടെ കൂടെ നടക്കുന്നതാണോ എന്നെ ചൊടിപ്പിച്ചത് ?. ആദ്യത്തെതാവാന്‍ ചാന്‍സ് കുറവാണ്)
അന്ന് ഉച്ച കഴിഞ്ഞു അവള്‍ വന്നപ്പോ ഞാന്‍ വിളിപ്പിച്ചു- "ജോഗീ 1 സെക്കന്റ് "
"yep"
"കാലത്ത് ഒരു ഡിസ്കഷന്‍ ഉണ്ടായി. അതില്‍ ജോഗിയെ കുറിച്ച് അത്ര നല്ല അഭിപ്രായം അല്ല വന്നെ. കുറച്ചു നാള്‍ ആയി വന്‍ ഉഴപ്പാണ് എന്നാണ് മഹേഷും രൂപയും(ഞങ്ങളുടെ TL മാരാണ്. ജോഗിക്ക് തിരിച്ചു എന്തേലും ദേഷ്യം തോന്നിയാല്‍ അവര്‍ക്കും ഇരിക്കട്ടെ ഒരു പങ്ക്) എല്ലാം പറയുന്നേ."
"അത്.. ഇപ്പൊ ഈ പരിപാടികള്‍ കാരണം..."
"പരിപാടീം ജോലിയും എല്ലാം ഒന്നിച്ചു കൊണ്ട് പോകണം. അതല്ലേ success !"
"എനിക്ക് മനസ്സിലാവുന്നുണ്ട്"
"ഞാനായത് കൊണ്ട് ഇതൊക്കെ പറയുന്നു. എല്ലാം ജോഗിയുടെ നന്മയ്ക്ക് ആണെന്ന് കരുതിയാ മതി. OK"
"Ok"
അവള്‍ അന്ന് 6 മണി വരെ കുബിക്കിളില്‍ ഇരുന്നു !.
അങ്ങനെ PE-5K ആഘോഷദിനം വന്നെത്തി. കാലത്ത് വന്നതേ നാന്‍സി എല്ലാരുടേം അടുത്ത വന്നു പറഞ്ഞു- "ഇന്ന് ഞങ്ങള്‍ടെ പരിപാടിയാണ്, കൃത്യ സമയത്ത് വരണം".
"ഉറപ്പായും"- എല്ലാരും മാക്സിമം പ്രോത്സാഹിപ്പിച്ചു.
ഇത്തിരി കഴിഞ്ഞപ്പോ ഒരു മെയില്‍- ഇവിടെ അക്കൌണ്ടില്‍ പണ്ട് ഉണ്ടായിരുന്ന ഒരു കരണ്‍ദീപ് സിങ്ങിന്റെ ആണ്- "ഇന്ന് ഞങ്ങള്‍ടെ പരിപാടിയാണ്, കൃത്യ സമയത്ത് വരണം".
"ഓഹോ... അപ്പൊ ഇവരോന്നിച്ചാണ് അല്ലെ ഡാന്‍സ്"- ഈ കരണ്‍ദീപ് എന്ന് പറയുന്നവനെ പണ്ട് മുതലേ എനിക്കത്ര ഇഷ്ടം പോര. കണ്ടാലേ ഒരു ആജാന ബാഹു, കൈയ്യൊക്കെ ഏതാണ്ട് ഓരോ ഉലക്കയുടെ വണ്ണമുണ്ട്. കൂടാതെ ഒരു വല്യ താടിയും തൊപ്പിയും... ഇതൊക്കെ കൊണ്ട് മാത്രമല്ല കേട്ടോ ഇഷ്ടമല്ലാത്തത്. എന്തോ.. അവന്റെ ആ സ്വഭാവം എനിക്ക് പിടിക്കില്ല. പോരാത്തതിന് പണ്ടൊരു പ്രാവശ്യം അവന്റെ തലയില്‍ വച്ചിരുന്ന ടര്‍ബാനില്‍ ഞനൊന്നു തൊട്ടു. അതിനവന്‍ എന്തൊക്കെയാണോ അന്ന് പറഞ്ഞത്- "ഇത് സിക്കുകാര്‍ മാത്രം വയ്ക്കുന്ന തൊപ്പിയാണ്, അതില്‍ വേറാരും തൊടാന്‍ പാടില്ല..."- എനിക്കങ്ങു ദേഷ്യം വന്നേലും, അവസാനം ഞാനൊരു സോറി പറഞ്ഞതോടെ അവന്‍ ക്ഷമിച്ചു, എന്റെ ഭാഗ്യം !
പിന്നെയും ഇടയ്ക്കിടെ വരും കുബിക്കിളില്‍. എങ്കിലും അതീപ്പിന്നെ അവനോടു മിണ്ടാന്‍ പോയിട്ടില്ല. ആ മനുഷ്യനാണ് ഇന്ന് മെയില്‍ അയച്ചേക്കുന്നെ- "പരിപാടിക്ക് ചെല്ലണം, കയ്യടിച്ചു വിജയിപ്പിക്കണം" ന്നൊക്കെ.
ഞാനാ മെയില്‍ സന്ദീപിന് forward ചെയ്തു- "അളിയാ നിനക്കും കിട്ടിയോ ഇത്?"
മറുപടി ഉടന്‍ വന്നു- "വന്നൂടാ, അവന്റൊരു ഡാന്‍സ്. നമുക്ക് പോയി കൂവി പ്പൊളിച്ചാലോ?" (സന്ദീപിനും അത്ര താല്‍പ്പര്യം പോരാ കരണ്‍ദീപ് നെ)
അന്ന് വൈകിട്ടാണ് പരിപാടി. ഉച്ചയൂണ് കഴിഞ്ഞു ഓഫീസിലേക്ക് തിരികെ നടക്കുകയായിരുന്നു ഞാന്‍. സന്ദീപുമുണ്ട് കൂടെ. നോക്കീപ്പോ നമ്മുടെ നാന്‍സിയും കരണ്‍ദീപ് ഉം എതിരെ വരുന്നു.
"നില്‍ക്കാന്‍ സമയമില്ല, അപ്പൊ വൈകിട്ട് കാണാം"- ഇങ്ങനെ പറഞ്ഞു കരണ്‍ദീപ് വേഗത്തില്‍ നടന്നു .
"അല്ലാ... ആരേലും അവനോട് നില്‍ക്കാന്‍ പറഞ്ഞോ?"- ഞാന്‍ സന്ദീപിനോട് ചോദിച്ചു .
"ഹോ, എന്നാലും നമ്മുടെ നാന്‍സി അവന്റെ കൈയ്യിലായല്ലോ അളിയാ"- അതായിരുന്നു അവന്റെ സങ്കടം. "അല്ലാ നിന്നെ പറഞ്ഞാ മതിയല്ലോ, നിന്റെ കുബിക്കിളില്‍ ഇരിക്കുന്ന കൊച്ചല്ലേ. ഞാനെങ്ങാനും ആയിരുന്നേല്‍..."
"ആയിരുന്നേല്‍ ?"
"എടാ ഇടയ്ക്കിടെ ഒരു ചായയ്ക്കൊക്കെ വിളിച്ചോണ്ട് പോണം. എന്നാലെ ഇവര്‍ അങ്ങ് mingle ചെയ്യൂ "
""അത് പോയല്ലോ !"
"എടാ കള്ളാ, അതെപ്പോ? ഞാനറിഞ്ഞില്ലല്ലോ..."
"നിന്നെ അറിയിച്ചിട്ടല്ലേ പോകുന്നെ"
"ആ... അത് വിട് , എന്നിട്ട്... പോയിട്ട്..."
പോയിട്ടെന്താ ഓരോ സാന്‍ഡ് വിച്ചും ഐസ്ക്രീം ഉം കഴിച്ചു"
"എന്നിട്ട്..."
"എന്നിട്ടൊന്നൂല്ലാ... തിരിച്ചിങ്ങു പോന്നു"
"ഛെ.. അത്രോള്ളൂ?"
"നീ നന്നാവാന്‍ യാതൊരു സ്കോപ്പും ഇല്ലല്ലോ അളിയാ. ആ അത് പോട്ടെ, നീ ആ സിക്കുകാരന്റെ പരിപാടി എങ്ങനെ പൊളിക്കാംന്ന്‍ ആലോചിക്ക്- ഞാന്‍ അവനോട് പറഞ്ഞു.
വല്ല കോളേജ് ഒക്കെ ആരുന്നേല്‍ നമുക്ക് എളുപ്പമാരുന്നു. ഇതിപ്പോ കമ്പനിയില്‍... നമുക്ക് കൂവാം. അത് മാത്രേ ഞാന്‍ നോക്കിയിട്ട് ഒരു വഴി കാണുന്നുള്ളൂ.
"അതെ... നമ്മളെ കൊണ്ട് ആവും വിധം അങ്ങ് ആഞ്ഞു കൂവാം !"
വൈകുന്നേരം ആയി. ഞങ്ങള്‍ ഫുഡ് കോര്‍ട്ട് 1 ല്‍ എത്തി. അവിടെ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ഒരു സ്റ്റേജ് ല്‍ ആണ് പരിപാടി. സല്‍മാന്‍ ഖാന്റെ ഡ്യൂപ്പ് എന്ന് സ്വയം പരിചയപ്പെടുത്തി വന്ന ഒരുത്തനും, കറുത്ത ഗൌണും പൊക്കമുള്ള ഷൂസും ഇട്ടു വന്ന ഒരുത്തിയും ആരുന്നു അവതാരകര്‍. അവരെക്കൊണ്ട് ആവും വിധം ശ്രമിച്ചിട്ടും ആള്‍ക്കാര്‍ക്ക് അത്ര വല്യ താല്‍പ്പര്യം ഒന്നും ഇല്ലാത്ത പോലെ. ആകെ ഒരു തണുപ്പന്‍ അന്തരീക്ഷം.
അപ്പോഴായിരിക്കണം സല്‍മാന് ഒരു ബുദ്ധി ഉദിച്ചേ- "ഏത് സ്റ്റേറ്റ് ആണ് ഏറ്റവും കിടിലന്‍?- കര്‍ണാടക, ഡല്‍ഹി, UP?"- ചോദ്യം ഓഡിയന്‍സിനോടാണ് .
അവിടുന്നും ഇവിടുന്നും 2-3 തണുപ്പന്‍ മറുപടികള്‍ വന്നു.
"ഒരു കാര്യം ചെയ്യ്, ഞാന്‍ ഓരോ സംസ്ഥാനത്തിന്റെയും പേര് പറയാം. അപ്പൊ അവിടുത്തെ ആള്‍ക്കാര്‍ ആര്‍പ്പു വിളിക്കണം. Ok. ആദ്യായിട്ട്- കര്‍ണാടക !"
"ഒയ്, ഒയ്, ഒയ്"- കുറെ പേര്‍ ഒച്ചയുണ്ടാക്കി.
"അളിയാ കേരളത്തിന്റെ പേര് വിളിക്കുമ്പോ നമുക്ക് തകര്‍ക്കണം"- ഞാന്‍ സന്ദീപിനോട് പറഞ്ഞു. അവനത് അടുത്തിരുന്ന ശ്രീജിത്തിനോടും ബിനോയിയോടും(എന്റെ PM) ആശ്വിനോടും പറഞ്ഞു.
"തമിഴ്‌നാട്"
"ബംഗാള്‍"
"ആന്ധ്രാപ്രദേശ്..."
ഒന്നിനും ഞങ്ങള്‍ കയ്യടിച്ചില്ല. പക്ഷെ അവസാനം അങ്ങ് തലപ്പത്തിരിക്കുന്ന ജമ്മു കാശ്മീര്‍ വരെ പറഞ്ഞിട്ടും അവന്‍ കേരളത്തിന്റെ പേര് വിളിച്ചില്ല. പകരം ഒരു ഡയലോഗ് ആരുന്നു- "അങ്ങനെ നമുക്ക് മനസ്സിലായി എല്ലാ സ്റ്റേറ്റ്സും ഒരേ പോലെ ആണെന്ന്. അടുത്ത ഐറ്റം മാജിക് ഷോ !"
"അതൊരു മാതിരി അലമ്പായിപ്പോയി"- പുറകിലിരുന്ന ഏതോ മലയാളികളുടെ രോദനം ഞങ്ങളും കേട്ടു. കേറിയങ്ങ് പ്രതികരിച്ചാലോ എന്നൊരു തോന്നല്‍ ഉള്ളില്‍ വന്നെങ്കിലും പുറംനാട്ടുകാരുടെ എണ്ണക്കൂടുതല്‍ എന്നെ അതീന്നു പിന്തിരിപ്പിച്ചു .
മാജിക് ഷോ പ്രതീക്ഷിച്ചതിലും മോശമായിരുന്നു. പണ്ട് സ്കൂളില്‍ 50 പൈസക്ക് ടിക്കറ്റ് വച്ച് കാണിക്കുന്ന അതെ പരിപാടി. തൊപ്പിയില്‍ നിന്ന് തൂവാല, തൂവാലക്കുള്ളില്‍ നിന്ന് പൂവ്, അങ്ങനെ ചില അദ്ഭുതങ്ങള്‍. ആ സമയം പാഴാക്കാതെ ഞങ്ങള്‍ പോയി ഫ്രീ ഫുഡ് കഴിച്ചു തിരിച്ചെത്തി.
പയ്യെ കലാ(പ)പരിപാടികള്‍ തുടങ്ങുകയാണ്. ഞാനെന്റെ ക്യാമറയുമായി പുറകിലെ തൂണിന്റെ അടുത്തേക്ക് മാറി- "കുറച്ചു ഫോട്ടോസ് എടുത്തേക്കാം, ഒന്നൂല്ലേല്‍ നമ്മുടെ നാന്‍സി ഉള്ളതല്ലേ !"
ഫാഷന്‍ ഷോ തുടങ്ങി. അത് വരെ ഉച്ചസ്ഥായിയില്‍ ആയിരുന്ന ലൈറ്റ്കള്‍ മിഴി പാതി അടച്ചു. ചുവപ്പും പച്ചയുമൊക്കെയായി പുതിയ വിളക്കുകള്‍ തെളിഞ്ഞു. ഏതോ ഹിറ്റ് ഇംഗ്ലീഷ് പാട്ട് (പാട്ടെന്നു പറയാന്‍ പറ്റില്ല, ആകെ കേള്‍ക്കാവുന്നത് ബീറ്റ്സ് മാത്രമാണ്- ദിഷ്ക്യൂം , ദിഷ്ക്യൂം..) സ്പീക്കറിലൂടെ ഒഴുകി...
നിരനിരയായി നടന്നു വന്നവര്‍ക്കിടയില്‍ ഞാന്‍ നോക്കി. അതാ... കറുത്ത ഉടുപ്പനിഞ്ഞു, കഴുത്തില്‍ വലിയ മുത്തുമാല അണിഞ്ഞു അവള്‍- നാന്‍സി- കൊള്ളാം സൂപ്പര്‍ ആയ്ട്ടുണ്ട് !
അരികത്തിരുന്ന സന്ദീപ് എന്നെ തോണ്ടി വിളിച്ചു- "അളിയാ കൊച്ചു തകര്‍ത്തല്ലോ !"
"പിന്നെ തകര്‍ക്കാതിരിക്കുമോ, ഞാനല്ലേ മെന്റര്‍ !"- ഞാന്‍ ഉള്ളാലെ ഒന്ന് അഭിമാനിച്ചു. എന്റെ ഫോട്ടോ എടുപ്പ് തുടര്‍ന്നു - ക്ലോസപ്പ്, ലോങ്ങ് ഷോട്ട്... ഒന്നും പറയണ്ട. ഇതിനിടയില്‍ നമ്മുടെ കരണ്‍ദീപ് ഉം വന്നിരുന്നു സ്റെജില്‍, പക്ഷെ അവന്റെ ഫോട്ടോ ഞാന്‍ മനപ്പൂര്‍വം എടുത്തില്ല.
ഫാഷന്‍ ഷോ കഴിഞ്ഞതോടെ ആളുകള്‍ ഒന്നൂടെ ഉഷാറായി. എടുത്ത ഫോട്ടോസ് ഞാന്‍ ഞാന്‍ ചുമ്മാ ഓടിച്ചു നോക്കി- "എല്ലാത്തിലും നാന്‍സി നന്നായ്ട്ടുണ്ട്. ഫോട്ടോഷോപ്പില്‍ ഇട്ടു ഒന്നൂടെ വെളുപ്പിച്ചു നാളെ കൊടുക്കാം അവള്‍ക്ക്. സന്തോഷം കൊണ്ട് തുള്ളിച്ചാടും അവള്‍... ഹോ..."
അടുത്തത് പഞ്ചാബി ഡാന്‍സ് ആണ് . ഇതിലും ഉണ്ട് നാന്‍സി . ഞാനെന്റെ ആയുധവുമായി കസേരയുടെ മുകളിലേയ്ക്ക് കയറി നിന്നു- "ഒരു കാരണവശാലും view തടസ്സപ്പെടരുതല്ലോ !"
"യേ, ബല്ലേ ബല്ലേ..."- ഡാന്‍സ് തുടങ്ങി . പുറകിലെ 2 മൂലയില്‍ നിന്നായി ഡാന്‍സേഴ്സ് സ്റ്റെജിലേക്ക് എത്തി. desp !- നാന്‍സിയുടെ pair കരണ്‍ദീപ് !. എങ്കിലും അവര്‍ ഒരു distance വിട്ടാണ് നിന്നിരുന്നത്. അതോണ്ട് തന്നെ അതെനിക്കത്ര പ്രശ്നമായി തോന്നിയുമില്ല.
പഞ്ചാബി പാട്ടിന്റെ താളമങ്ങു കൊഴുത്തു - നമ്മുടെ കരണ്‍ദീപ് മുന്നോട്ടു കയറി വന്നു അവിടെ കിടന്നിരുന്ന ഒരു വല്യ വടിയെടുത്തു വായുവില്‍ ചുഴറ്റാന്‍ തുടങ്ങി. എത്ര നേരം അവന്‍ അങ്ങനെ ചെയ്തെന്നു അറിയില്ല, പക്ഷെ കാണികളുടെ നിലയ്ക്കാത്ത കരഘോഷം ചുറ്റും. ഞാന്‍ സന്ദീപിനെ നോക്കി - അവന്‍ എണീറ്റ് നിന്ന് കൈയ്യടിക്കുന്നു- "എടാ.. !!!"
എല്ലാരുടേം അകമഴിഞ്ഞ പിന്തുണ കൂടി ആയപ്പോ കരണ്‍ദീപ് നു ആവേശം ഇരട്ടിച്ചു. ചടുലമായ സ്റ്റെപ്പുകള്‍ ഒക്കെ ഇട്ടു തകര്‍ത്താടി. ക്ലൈമാക്സ് എത്താറായി- നോക്കുമ്പോ അവന്‍ നേരെ പോയി നമ്മുടെ നാന്‍സിയെ എടുത്തു ഒരു പൊക്കല്‍. നേരത്തെ വടി ചുഴറ്റിയ ലാഘവത്തോടെ അവളെ കൈകളിലിട്ടങ്ങു കറക്കി. നാന്‍സി ആണേല്‍ നാണം കൊണ്ട് മുഖം പൊത്തുന്നു.
വീണ്ടും കയ്യടികളുടെ ബഹളം ! (എന്റെ നെഞ്ചിലാണോ)
"ഇങ്ങനെ ഒക്കെ ആണെന്ന് അറിഞ്ഞിരുന്നേല്‍ വേണേല്‍ ഡാന്‍സില്‍ ഒരു കൈ നോക്കാരുന്നു അല്ലെ, ഹി ഹി.."- എന്റെ PM ആണ്. കളിയാക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാറില്ല പുള്ളി.
ഞാന്‍ മറുപടി പറഞ്ഞില്ല. എന്റെ സംശയം മറ്റൊന്നായിരുന്നു- ആ എടുത്തു പൊക്കല്‍ കരന്‍ദീപിനു അപ്പൊ തോന്നിയ സ്റ്റെപ്പ് ആണോ? അല്ലാതെ നാന്‍സി സമ്മതിക്കുമോ ഇങ്ങനെ ഒരു കാട്ടായത്തിനു !
ഏതായാലും അതോടെ ഫോട്ടോ എടുപ്പ് നിര്‍ത്തി താഴെ കസേരയില്‍ ഇരുന്നു. അപ്പോഴാണ് അടുത്തവന്‍, സന്ദീപ് - "അളിയാ നീ എന്തിനാ മോളിലോട്ട് ഫ്ലാഷ് അടിച്ചേ?"
"ഞാനോ?"
ആന്ന്... ആ ഹിന്ദിക്കാരന്‍ നാന്‍സിയെ എടുത്തു പൊക്കിയ ഷോക്കില്‍ നീ മോളിലോട്ടാ ഫോട്ടോ എടുത്തേന്നാ ഇവിടെ എല്ലാരും പറയുന്നേ... "
"ഈ എല്ലാരുംന്നു പറഞ്ഞാ?"
"ഞാനും.. പിന്നെ ഞാനും. ഹി ഹി"
"ഒന്ന് പോടാ ഇവിടുന്നു... ഫോട്ടോ നല്ല ക്ലിയര്‍ ആയി പതിഞ്ഞിട്ടുണ്ട്."
എന്തായാലും അതോടെ ഞാന്‍ ഫോട്ടോ എടുപ്പ് നിര്‍ത്തി താഴെ കസേരയില്‍ വന്നിരുന്നു. എടുത്ത ഫോട്ടോസ് ഒക്കെ ഒന്ന് നോക്കുക പോലും ചെയ്യാതെ പരിപാടിയും കണ്ടു റൂമിലേക്ക് തിരിച്ചു - ഇനി എങ്ങാനും പതിഞ്ഞിട്ടില്ലേലോ !
വാല്‍ക്കഷ്ണം: പിന്നെയുള്ള 1-2 ദിവസം കുബിക്കിളില്‍ ആകെയൊരു ബഹളമായിരുന്നു. ഓരോരുത്തര്‍ വരുന്നു- "ഡാന്‍സ് സെറ്റപ്പ് ആയിരുന്നു കേട്ടോ" എന്നൊക്കെ പറഞ്ഞു നാന്സിക്ക് അഭിനന്ദനങ്ങള്‍ കൈ മാറുന്നു. ഞാന്‍ വല്യ താല്‍പ്പര്യം ഒന്നും കാട്ടാന്‍ പോയില്ല. ഒരു ഡാന്‍സ് കളിച്ചെന്നും വച്ച് ? (ഇതിന്റെ പേരാണോ അസൂയ, അറിയില്ല !)
എന്തായാലും ആ ആഴ്ച ഞാന്‍ നാട്ടില്‍ പോയി തിരിച്ചെത്തി. നോക്കുമ്പോ നാന്‍സി ഉണ്ട് കുബിക്കിളില്‍.
"ഗുഡ് മോര്‍ണിംഗ്"- ഞാന്‍ പറഞ്ഞു.
"ഗുഡ് മോര്‍ണിംഗ്, നാട്ടില്‍ പോയാരുന്നല്ലേ?"
"ഉവ്വ്, പിന്നെ എങ്ങനെ ഉണ്ടാരുന്നു വീക്കെന്റ്?"
"ഞങ്ങള്‍ 'അന്ജാനാ അന്ജാനി'ക്ക് പോയി"
"ഓ, എങ്ങനെ ഉണ്ട് പടം?
"എനിക്ക് നന്നായി ഇഷ്ടപ്പെട്ടു"
പിന്നെ?
കരന്ദീപിനു തീരെ ഇഷ്ട്ടപ്പെട്ടില്ല. അമ്മാതിരി റൊമാന്റിക് സിനിമകള്‍ റിയലിസ്റ്റിക്ക് അല്ലത്രേ !
"ഓ, അവനും ഉണ്ടാരുന്നോ?"- പിന്നെ എനിക്കൊന്നും സംസാരിക്കണംന്നുണ്ടാരുന്നില്ല.
"അല്ലാ... അനില്‍ ഹിന്ദിപ്പടങ്ങള്‍ ഒക്കെ കാണാറുണ്ടോ"
"ഉണ്ടോന്നോ, ഇപ്പൊ ദാ ലേറ്റസ്റ്റ് കണ്ടത് 'ദബാങ്ങ്' ആണ്, കൊള്ളാം പടം ! (ഭാഗ്യം ഇന്നലെ നാട്ടീന്നു വന്നപ്പോ ബസ്സില്‍ ഇട്ട പടമാണ്. ഉറക്കം മുടങ്ങുന്നതില്‍ അന്നേരം ഒട്ടേറെ പരിഭവിച്ചേലും ഇപ്പൊ ഗുണമായി)
"ഈസ് ഇറ്റ്, ഞങ്ങള്‍ അടുത്ത ആഴ്ച പോണുണ്ട്? അനില്‍ വരുന്നുണ്ടോ?കരണും ഫ്രണ്ട്സും ഉണ്ടാവും"
"ഓ ഇല്ല... നിങ്ങള്‍ പോയിട്ട് വാ. അല്ലേലും ആ പടം 2 പ്രാവശ്യം കാണാന്‍ ഒന്നൂല്ല !-"
ഞാന്‍ സംഭാഷണം പയ്യെ നിര്‍ത്തി എന്റെ സീറ്റിലേക്ക് നീങ്ങി. ഇനി എപ്പഴേലും മിണ്ടണംന്നു തോന്നിയാലും വിളിക്കാല്ലോ- "നാന്‍സീ പ്ലീസ്..."
:)
http://www.panchasarappothi.blogspot.com/
Saturday, November 13, 2010
കണ്ണട !
ഓണത്തിന് നടത്തിയ പൂക്കള മത്സരത്തിന്റെ സമ്മാനം ഇത് വരേം കൊടുത്തിട്ടില്ല. ഇനീം അത് ചെയ്തില്ലേല്‍ ചിലപ്പോ പുറത്തിറങ്ങി നടക്കാന്‍ പറ്റീന്നു വരില്ല. ഞാന്‍ പ്രധാന കമ്മിറ്റിക്കാരെ വിളിച്ചു-
"അളിയാ ശ്രീജിത്തെ.. നമുക്ക് വൈകുന്നേരം ഒന്ന് 'മടിവാള' വരെ പോയാലോ?"
"ഊം എന്താ കാര്യം?"
"പൂക്കളത്തിന്റെ ഗിഫ്റ്റ് വാങ്ങണ്ടേ?"
"ഓ.. അത് ശെരിയാ.. പക്ഷെ എനിക്ക് വരാന്‍ പറ്റില്ലല്ലോ"
"അതെന്താ?
"പണീസ്.. ഒരു രക്ഷേമില്ല, ഒരു 9:15 എങ്കിലുമാകും ഞാന്‍ ഇറങ്ങുമ്പോ. നീ ആ സേവ്യര്‍നെ എങ്ങാന്‍ വിളിച്ചു നോക്ക്. ഓക്കേ.."
പിന്നെ അവനെ നിര്‍ബന്ധിച്ചില്ല. നേരെ സേവ്യറെ തന്നെ വിളിച്ചു.
"ഹലോ.."- മറുതലയ്ക്കല്‍ ഫോണ്‍ എടുത്തു.
"ആ ഹലോ സേവ്യറെ, എന്തുണ്ട്.. അന്ന് പരിപാടി കഴിഞ്ഞേ പിന്നെ കണ്ടേ ഇല്ലല്ലോ"
"ഓ പറയാന്‍ വിട്ട് പോയി, ഞാന്‍ ഒരു 1 ആഴ്ചയോളമായി പുനെയിലാ. ക്ലയന്റ്സ് ആയി ചില്ലറ ഡിസ്ക്കഷന്‍സ്..
ഒരു മാസം കൂടി എടുക്കും അങ്ങ് തിരിച്ചെത്താന്‍"
"ഓ.."
"എന്തേലും അത്യാവശ്യം?"
"യേയ് ഇല്ല, ഞാന്‍ ചുമ്മാ വിളിച്ചതാ"
"എങ്കി ശെരി എന്നാ, ഇത്തിരി പണിയിലാ.."
"ഓക്കേ ടാ എന്നാ"
ഒരുത്തനൂടെ ബാക്കി ഉണ്ട്, അവനേം വിളിച്ചു നോക്കാം. എന്ത് കാരണം പറഞ്ഞാവും അവനും ഒഴിയുക എന്ന് ഞാന്‍ വെറുതെ ആലോചിച്ചു.
"ഹരീ, നമ്മളാ സമ്മാനം കൊടുത്തില്ലല്ലോ ഇത് വരെ?"
"യേത്?"
"പൂക്കളം"
"ഓ ശെരിയാണല്ലോ. അതിന്റെ കാശൊക്കെ കിട്ടിയാരുന്നോ?"
"ഉവ്വ് ഇന്നലെ കിട്ടി"
"എങ്കി പിന്നെന്താ പ്രശ്നം?"
"അല്ല.. പോയി വാങ്ങണ്ടേ എന്തേലും?"
"എന്നാല്‍ ഒരു കാര്യം ചെയ്യ്, ഞാന്‍ വൈകുന്നേരം എന്തായാലും മടിവാള വരെ ഒന്ന് പോണുണ്ട്. എന്‍റെ കണ്ണട മാറ്റാന്‍ കൊടുത്തിട്ടുണ്ടേ.വേണേല്‍ നമുക്ക് ഒരുമിച്ചു പോകാം അപ്പൊ"
"ഇപ്പഴാണേല്‍ പുതിയ ബൈക്കും ഉണ്ടല്ലോ, ഇപ്പറഞ്ഞ നേരം കൊണ്ടു പോയി വരാം"
"ഓക്കേ, done."
അങ്ങനെ ഒരു 7 മണിയോടെ ഓഫീസിനു വെളിയില്‍ ഇറങ്ങി നിന്നു ഞാന്‍. ഒരു 10 മിനിറ്റ് ആയിക്കാണും ചാര നിറത്തിലുള്ള ഒരു Apache ബൈക്ക് മുന്നില്‍ വന്ന് നിന്നു. ഹരിയാണ്, പക്ഷെ അവന്‍റെ അപ്പിയറന്സില്‍ ആകെ ഒരു മാറ്റം. പതിവ് ഓഫീസ് വേഷത്തിനു പുറമേ കഴുത്തില്‍ ഒരു ചെയിന്‍, അവനേക്കാളും വലിയ കറുത്ത ഒരു ജാക്കറ്റ്, കൈയ്യുറ, അമേരിക്കയുടെ കൊടി കണക്കുള്ള തുണി കൊണ്ട് തലയില്‍ ഒരു കെട്ട്, അതിന് പുറത്തൊരു ഗമണ്ടന്‍ ഹെല്‍മറ്റ്... അങ്ങനെ മൊത്തത്തില്‍ ഒരു ഊടായ്പ്പ് ലുക്ക്...
"എങ്ങനെയുണ്ട് എന്‍റെ പുതിയ സ്റ്റൈല്‍?"
"ബൈക്കിനൊപ്പം ഫ്രീ കിട്ടിയതാണോ?"
"ഹ ഹ.. കാശ് എണ്ണിക്കൊടുത്തു വാങ്ങിയതാ ഞാന്‍. എന്നാലും എങ്ങനെ ഉണ്ടെന്ന് പറഞ്ഞില്ലല്ലോ?"
"കൊള്ളാടാ നന്നായ്ട്ടുണ്ട്, ആകെയൊരു 'യോ യോ' ലുക്ക്" (ഇങ്ങനെ ഒക്കെ പറഞ്ഞില്ലേല്‍ അവന്‍ ബൈക്കേ കേറ്റാതെ അങ്ങ് പോയാലോ !)
"താങ്ക്യൂ താങ്ക്യൂ.. എന്നാ വണ്ടിയേലോട്ട് കേറിക്കോ."
അങ്ങനെ ഞങ്ങള്‍ യാത്ര തുടങ്ങി... മഴ പയ്യെ ചാറുന്നുണ്ടാരുന്നെങ്കില്‍ കൂടി ഹരിയ്ക്ക് അതൊരു പ്രശ്നം ആരുന്നില്ല, വണ്ടി 100-100 ല്‍ പാഞ്ഞു. ഇടയ്ക്ക് ഒന്ന് രണ്ടു വട്ടം, പിന്നോട്ട് നോക്കാതെ അവനെന്നെ തോണ്ടി വിളിക്കുകയും ചെയ്തു.
"ദാ ഇവിടെ നോക്ക്"- ഹെല്‍മെറ്റിന്റെ ഇടയിലൂടെ അവന്റെ നേര്‍ത്ത ശബ്ദം പുറത്ത് വന്നു.
"എന്ത്?"
"സ്പീഡോമീറ്റര്‍ നോക്കാന്‍... കണ്ടില്ലേ നൂറ്.. നൂറ് !"
"എടാ നമുക്ക് അവ്ടെ എത്തീട്ട് യാതൊരു ദൃതിയുമില്ലല്ലോ. പയ്യെ പോയാ പോരെ?"
"ഛെ, എന്നാ പിന്നെ ബസിനു പോയാ മതീല്ലാരുന്നോ... ലൈഫ് ആയാല്‍ കുറച്ച് ത്രില്‍ ഒക്കെ വേണ്ടേ?"
"ഓഹ് ശരി..."- ഞാന്‍ കൂടുതലൊന്നും മിണ്ടിയില്ല.
വണ്ടി ബൊമ്മനഹള്ളി സിഗ്നല്‍ എത്തി. ഒരു പറ്റം വണ്ടികള്‍ ഉണ്ട് മുന്‍പില്‍. എങ്കിലും കിട്ടിയ ഗ്യാപ്പില്‍ കൂടി ഒക്കെ ബൈക്കിന് വഴി പാകി നിമിഷങ്ങള്‍ക്കുള്ളില്‍ നമ്മള്‍ മുന്‍പിലെത്തി. ആ ഡ്രൈവിംഗ് പാടവം കണ്ടു ഒരു നിമിഷത്തേക്ക് ചെറിയ ഒരു ബഹുമാനം തോന്നിയോ അവനോട്?. പച്ച വെളിച്ചം തെളിഞ്ഞതും വണ്ടികള്‍ മുന്നോട്ട് ആര്‍ത്തിരമ്പി. എല്ലാര്ക്കും ആദ്യം എത്താനുള്ള തിരക്ക്. ഇടത്തെന്നോ വലത്തെന്നോ വ്യത്യാസമില്ലതെയാണ് 2 കാറുകള്‍ ഞങ്ങളുടെ ബൈക്കിന്റെ ഒപ്പം പാഞ്ഞെത്തിയത്.
“ആഹാ നമ്മളോടാ കളി?”- ഹരിയും വിട്ടു കൊടുത്തില്ല, ആക്സിലറേറ്ററില്‍ ആഞ്ഞു പിടിച്ചു…
അവിടെയും വിജയം ഹരിക്കൊപ്പം തന്നെ നിന്നു. മറ്റു രണ്ടു കാറുകളേയും ബഹുദൂരം പിന്നിലാക്കി നമ്മുടെ വണ്ടി മുന്നോട്ട് കുതിച്ചു. വെട്ടിച്ചും പാളിച്ചുമൊക്കെയാണേലും, ഒന്നാമതെത്താനുള്ള അവന്റെ ആ വാശി എനിക്കിഷ്ടപ്പെട്ടു. എന്നാലും, ബൈക്കിന്റെ പുറകില്‍ ഞാനും ഇരിപ്പുണ്ടല്ലോ എന്നോര്‍ത്തപ്പോ അവനെ പ്രോല്സാഹിപ്പിക്കണ്ട എന്ന് കരുതി. ഞാന്‍ പയ്യെ അവന്റെ തോളില്‍ കൈ വച്ച് പറഞ്ഞു-“ഹരീ.. പതുക്കെ..”
“ഛെ, യാത്രയുടെ ത്രില്‍ കളയാതെ. നമ്മുടെ നാട്ടിലെ മാതിരിയല്ല, ഇവിടെ ഇങ്ങനെ ഓടിച്ചെങ്കില്‍ മാത്രേ ടൈമിനു എത്തുള്ളു”
ഞാന്‍ വീണ്ടും എന്‍റെ മറുപടി നിശബ്ദതയില്‍ ഒതുക്കി.
“അല്ല അനിലിനു ലൈസെന്‍സ് ഇല്ലേ ?”
“വണ്ടി ഓടിക്കാന്‍ ഉള്ള ഒരെണ്ണം കൈയ്യിലുണ്ട്, അല്ലാതെ ഇങ്ങനെ പരാക്രമം കാട്ടാനുള്ളത് എടുത്തിട്ടില്ല.”
"ഹഹ അതെനിക്ക് രസിച്ചു, ഏതായാലും ധൈര്യമായിട്ട് ഇരിക്കെന്നെ, ഞാനല്ലേ ഓടിക്കുന്നെ”
"ധൈര്യത്തിന് കുറവുണ്ടായിട്ടല്ല, എന്നാലും ഞാന്‍ പറഞ്ഞെന്നെ ഉള്ളു..”
എന്റെ അമ്മയും ഇടയ്ക്കിടെ ഇങ്ങനെ പറയും"
"അമ്മയും കേറാറുണ്ടോ ഇതിന്റെ പുറത്ത്?"
"ഒരിക്കല്‍ മാത്രം, പിന്നെ കേറീട്ടില്ല"
"ആഹ്.. അവരെ കുറ്റം പറയാന്‍ പറ്റില്ല"
"ഛെ ഈ അനിലും ഒരു പഴഞ്ചനാണോ? ചെത്തേണ്ട പ്രായത്തില്‍ നമ്മള്‍ ചെത്തണ്ടേ?”
"അല്ല.. അത് വേണം.."
"എന്നിട്ടാണോ ഇങ്ങനെ പറയുന്നേ?"
"യേയ് ഞാനാ അര്‍ത്ഥത്തിലല്ലെടാ പറഞ്ഞെ... കുറച്ചു സ്പീഡൊക്കെ ആവാം.. അല്ലാതെന്താ ഒരു ത്രില്‍.. വണ്ടി പോട്ടെ.."
വണ്ടി വീണ്ടും ടോപ് ഗിയറിലേക്ക്..
ഹരി പറഞ്ഞ കണക്ക് ശരിയാണേല്‍ കൃത്യം 12 മിനിറ്റ് കൊണ്ട് ഇലക്ട്രോണിക് സിറ്റിയില്‍ നിന്ന് മടിവാള എത്തി. ഗിഫ്റ്റ് ഒക്കെ വാങ്ങിയതിനു ശേഷം അവനു കേറാനുള്ള opticals കടയുടെ മുന്‍പിലായി ബൈക്ക് നിര്‍ത്തി.
"ഒരു 5 മി നിട്ടേ, ദാ വരുന്നു ഞാന്‍.."
അവന്‍ വാക്ക് തെറ്റിച്ചില്ല, കൃത്യം 5 മിനുട്ടില്‍ തിരിച്ചെത്തി.
“അനിലേ പുതിയ കണ്ണട എങ്ങനുണ്ട്?"
"അപ്പഴാ ഞാനത് ശ്രദ്ധിച്ചേ… കറുത്ത ഫ്രെയിം വച്ച് കട്ടി കുറഞ്ഞ ഒരു കണ്ണട, അവനത് നന്നായി ചേരുന്നുമുണ്ട്.
“കൊള്ളാടാ.. സെറ്റപ്പ് ആയിട്ടുണ്ട്”
"ഹോ.. ഇപ്പഴാ മര്യാദക്ക് ഒന്ന് കണ്ണ് പിടിക്കുന്നേ ! ”
"എന്താന്ന്? അപ്പൊ ഇങ്ങട് വന്നപ്പോ..? നിന്റെ കണ്ണട..?"
"അതല്ലേ ലെന്‍സ് മാറ്റാന്‍ ഇവടെ കൊടുത്തിരുന്നെ. എന്തായാലും ഇപ്പൊ കൊള്ളാം, എല്ലാം നല്ല ക്ലിയറായി കാണാന്‍ പറ്റുന്നുണ്ട് !" .
"എടാ മഹാപാപീ !!!"
"പേടിക്കണ്ടാ ന്നേ, നമ്മള്‍ സുരക്ഷിതമായി ഇത്രേടം എത്തീല്ലേ. ഇത് പോലെ തന്നെ തിരിച്ചും അങ്ങെത്തും. ഇപ്പോഴാണേല്‍ extra ഈ കണ്ണടയും ഉണ്ടല്ലോ എനിക്ക് !"
"സംസാരിച്ച് നിന്നു സമയം പോയ്. എന്നാ നമുക്ക് തിരികെ വിട്ടാലോ..?"- വീണ്ടും ബൈക്ക് സ്റ്റാര്‍ട്ടാക്കി ഹരി ചോദിച്ചു.
ഒരു 2 മിനിട്ടെടുത്തു എനിക്ക്, ആ ചോദ്യം എന്നോട് തന്നെ ഉള്ളതാണെന്ന് മനസ്സിലാക്കാന്‍... "ഇല്ലളിയാ നീ വിട്ടോ, എനിക്ക് ഒന്ന് രണ്ടു കടകളില്‍ കൂടി കേറാനുണ്ട് ”- ഞാന്‍ ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു.
അല്ലാ.. ബസ് യാത്രയുടെ ത്രില്ലും നമ്മള്‍ ഇടയ്ക്കിടെ അറിയണോല്ലോ :)
അനില്‍സ്
www.panchasarappothi.blogspot.com
Tuesday, November 2, 2010
അഭിപ്രായങ്ങള്‍ മാറാന്‍... നിമിഷങ്ങള്‍ മതി !
എന്നും നാട്ടില്‍ എത്തുമ്പോ "ഓ നീ ഇത്തവണയും നന്നായില്ലല്ലോ, ഒരിച്ചിരീം കൂടി തടി വേണ്ടേടാ പിള്ളേരായാല്‍" എന്നൊക്കെ പരിഭവം പറഞ്ഞിരുന്ന അമ്മ, ഇന്നെന്നെ തൂക്കി നോക്കീപ്പോ weight ല്‍ പ്രത്യേകിച്ച് പുരോഗതി ഇല്ലാതിരുന്നിട്ടും യാതൊരു പരാതിയും പറഞ്ഞില്ല. ആ മുഖത്ത് ചെറിയൊരു പുഞ്ചിരീം വിടര്‍ന്നാരുന്നോ എന്നെനിക്ക് നല്ല സംശയവും തോന്നി...
സ്ഥലം: ഗുരുവായൂര്‍ അമ്പലം, തുലാഭാര കൌണ്ടര്‍ :)
അനില്‍സ്
www.panchasarappothi.blogspot.com
Saturday, July 17, 2010
പറയാമായിരുന്ന കള്ളം !
ഭാമ: "ഞാനെത്ര പ്രാവശ്യം വിളിച്ചു, നീയെന്താ ഫോണ്‍ എടുക്കാഞ്ഞേ?"
മനു: "ഞാന്‍ അമ്പലത്തില്‍ പോയിരുന്നു, ദാ ഇപ്പൊ തിരിച്ച് വന്നേയുള്ളൂടീ."
ഭാമ: "ഓഹ് OK, എന്നിട്ട് എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചോ?"
മനു: "അത്... ഇല്ല !"
----നിശബ്ദത
ഭാമ: "ഈ സത്യസന്ധമായ മറുപടിയെക്കാള്‍ ഞാന്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചത് ഒരു കള്ളം ആയിരുന്നെടാ..."
അനില്‍സ്
http://panchasarappothi.blogspot.com/
Thursday, June 24, 2010
ചില ഇഷ്ടങ്ങള്‍... അതങ്ങനെയാണ് !
"Back 2 hom... Italia"- ഇന്ന് ദാ ലോകകപ്പില്‍ ഇറ്റലി 2nd റൌണ്ട് കാണാതെ പുറത്തായപ്പോ ഓര്‍കുട്ടില്‍ തിരുത്തിയതാണ് ഞാന്‍. ഇന്നലെ വരെ സ്പോര്‍ട്സ് മാസികയുടെ ഫിക്സ്ച്ചറില്‍ ഞാന്‍ കുത്തിക്കുറിച്ച പ്രവചനങ്ങള്‍ ഒക്കെയും വെറുതെ ആയി. ഒരു അര്‍ത്ഥത്തില്‍ ലക്ഷ്യബോധമില്ലാതെ കളിച്ച അവരത് ഏറെക്കുറെ അര്‍ഹിച്ചതാണ്. എങ്കില്‍ പോലും പ്രിയപ്പെട്ട ടീം പുറത്തേക്ക് പോയപ്പോള്‍ എന്നോ ഒരിക്കല്‍ പിരിഞ്ഞു പോയ കാമുകിയുടെ മുഖം എന്തിനെന്നറിയാതെ മനസ്സിലേക്ക് കയറി വന്നു...
ഫുട്ബോളിന്റെ ലോകത്ത് പണ്ട് മുതലേ ഇഷ്ടം ഇറ്റലിയോട് തന്നെ ആയിരുന്നു. "ബ്രസീല്‍ ന്റെയോ അര്‍ജെന്റീന യുടെയോ വേഗത ഇല്ല... കളിയില്‍ സൌന്ദര്യം ഇല്ല... സ്വന്തം ഗോള്‍ പോസ്റ്റിനു മുന്നില്‍ കോട്ട കെട്ടി നില്‍ക്കുന്ന കാവല്‍ ഭടന്മാര്‍ മാത്രം..." ഇങ്ങനെ ആരോപണങ്ങള്‍ എന്നും എതിര് ഉണ്ടായിരുന്നെങ്കിലും, ആ വാക്കുകളിലും എന്തൊക്കെയോ അഭിമാനിക്കാന്‍ ഉണ്ടെന്ന് ഞാന്‍ കരുതി... പക്ഷെ ഇന്ന് അഭിമാനത്തിന്റെ ആ കോട്ടയും സ്ലോവാക്യ തകര്‍ത്തു.
1990 ലെ ലോകകപ്പാണ് ഞാന്‍ ആദ്യമായി കാണുന്നെ. ഫുട്ബോളിനെ കുറിച്ച് കാര്യമായി ഒന്നും അറിയാത്ത എനിക്ക് മുന്നില്‍ അന്ന് പന്ത് കൊണ്ടു ഇന്ദ്രജാലം കാട്ടിയത് ഷില്ലാച്ചി എന്ന ഇറ്റലിക്കാരന്‍ ആയിരുന്നു. അതായിരുന്നു തുടക്കം.
1994 ല്‍, ആലുവയിലെ ആ കുഞ്ഞു ക്വാര്‍ട്ടേഴ്സ് മുറിയില്‍, അച്ഛനോട് ഒപ്പം ഉറക്കമിളച്ചു കളി കാണുമ്പോഴേക്കും ഞാനൊരു പക്കാ 'ഇറ്റലിക്കാരന്‍' ആയി മാറിയിരുന്നു. ആവേശത്തിന് മാറ്റ് കൂട്ടാന്‍ അന്ന് ഫൈനലിലും കയറി നമ്മള്‍- എതിരാളികള്‍ സാംബ ചുവടിന്റെ താളവുമായ് എത്തിയ ബ്രസീലും ! 2 ടീമുകളും മത്സരിച്ചു കളിച്ചെങ്കിലും അവസാനം വിധി നിര്‍ണയത്തിന് പെനാല്‍റ്റി ഷൂട്ടൌട്ട് വേണ്ടി വന്നു. ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറി മറിഞ്ഞ നിമിഷങ്ങള്‍... അവസാനം കിക്ക് എടുക്കാന്‍ എത്തിയത് റോബര്‍ട്ടോ ബാജിയോ- ആ ലോകകപ്പിലെ ഇറ്റലിയുടെ സൂപ്പര്‍ താരം. ബാജിയോയുടെ ചിറകിലേറിയാണ് ഇറ്റലി ഫൈനലില്‍ എത്തിയതെന്നും വേണമെങ്കില്‍ പറയാം. ആര്‍ക്കും സംശയം ഉണ്ടായിരുന്നില്ല, ബാജിയോ ആ കിക്ക് വലയില്‍ എത്തിക്കുമെന്ന്. പക്ഷെ സംഭവിച്ചത് മറിച്ചായിരുന്നു- ഗോള്‍ പോസ്റ്റിന്റെ മൂലയ്ക്ക് തൊട്ടു മുകളിലൂടെ പന്ത് പുറത്തേക്ക് ! ബ്രസീല്‍ കളിക്കാരും ആരാധകരും ആഹ്ലാദത്തിന്റെ നിര്‍വൃതിയില്‍... മറു വശത്ത് നിരാശയുടെ കണ്ണുനീര്‍... ഫുട്ബോള്‍ ലോകത്തിന്റെ നെറുകയില്‍ നിന്ന ബാജിയോക്ക് അതൊരു ശപിക്കപ്പെട്ട നിമിഷമായി. അതിന് ശേഷം അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നതേയില്ല....
അതാണ് ഫുട്ബോള്‍- അനിശ്ചിതത്തിന്റെ കളി. റഫറി ഫൈനല്‍ വിസില്‍ ഊതുന്നത് വരെ ഒന്നും പ്രവചിക്കാന്‍ പറ്റില്ല. രാജാക്കന്മാര്‍ സാധാരണക്കാര്‍ ആകുന്നതും, പരല്‍ മീനുകള്‍ സ്രാവുകള്‍ ആകുന്നതും ഫുട്ബോളില്‍ തികച്ചും സ്വാഭാവികം മാത്രം...
ആദ്യം കാണുന്ന എന്തിനോടും കൂടുതല്‍ ഭ്രമം തോന്നുന്ന ആ ചെറിയ പ്രായത്തില്‍ മനസ്സിലുറച്ചതാണ് ഇറ്റലിയോടൊപ്പം മറ്റു ചിലതും- ഒന്ന് ലാലേട്ടന്‍, പിന്നെ മാതൃഭൂമി പത്രം, ബജാജ് സ്കൂട്ടറിന്റെ പരസ്യം, മംഗോബൈറ്റ് മിട്ടായി.... അങ്ങനെ chilathu... കാലഘട്ടം ഏറെ മാറിയിട്ടും, തിരിച്ചടികള്‍ ഏറെ ഉണ്ടായിട്ടും, ആ ഇഷ്ടങ്ങള്‍ അങ്ങനെ തന്നെ നില്‍ക്കുന്നു മനസ്സില്‍. ആ നീണ്ട യാത്രയില്‍ ഞാന്‍ ഏറ്റവും ഓര്‍ക്കുന്നത് 2 പേരെയാണ്. 'അര്‍ജെന്റിന'യുടെയും 'ബ്രസീലി'ന്റെയും ആരാധകര്‍ മാത്രമുള്ള നമ്മുടെ നാട്ടില്‍ എനിക്ക് കിട്ടിയ കൂട്ടുകാരന്‍- അമല്‍. ഡിഗ്രിക്ക് എനിക്കൊപ്പം പഠിച്ച അവന്‍ ഇടയ്ക്കു പറയുമായിരുന്നു- "എടാ, ഈ ഇന്ത്യയില്‍ തന്നെ ഒരു 5-6 പേരെ ഇറ്റലിയെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ ഉണ്ടാവൂ. അതില്‍ 2 പേര്‍ നമ്മളാടാ !!!" ലോകകപ്പും യൂറോ കപ്പുമെല്ലാം മാറി മാറി വന്നെങ്കിലും പിന്നൊന്ന് നെഞ്ചു നിവര്‍ത്താന്‍ അവസരം കിട്ടുന്നെ 2006 ലാണ്. MCA ക്ക് പഠിക്കുമ്പോ വന്ന ആ ലോകകപ്പ് 'ആല്‍ത്തറ' വീട്ടില്‍ എല്ലാര്‍ക്കുമൊന്നിച്ചാണ് കണ്ടത്. ആവേശം അണ പൊട്ടി ഒഴുകിയ ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ചു ലോകകിരീടം ചൂടിയപ്പോ സന്തോഷം കൊണ്ടു തന്നെ ആയിരിക്കണം അന്നെന്റെ കണ്ണ് നിറഞ്ഞത് എന്നെനിക്കുറപ്പുണ്ട്. ഇന്ന് ടൂര്‍ണമെന്റില്‍ നിന്നു പുറത്തായപ്പോഴെന്ന പോലെ, അന്നും ആദ്യമെന്നെ വിളിച്ചത് അമല്‍ ആയിരുന്നു- ഗള്‍ഫില്‍ നിന്ന്.
പിന്നെ രണ്ടാമത്തെ ആള്‍ കൊടകര. MCA യ്ക്കാണ് അവന്‍ ഒപ്പം കൂടുന്നെ. കണ്ടുമുട്ടി കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ക്ലാസ്സില്‍ ഒരു 'മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍' ഉണ്ടാക്കി ഞങ്ങള്‍ കുറച്ചു പേര്‍ ചേര്‍ന്ന്. നമ്മുടെ പ്രവര്‍ത്തന ഫലമായാണോ എന്തോ, പ്രത്യേകിച്ച് പക്ഷം ഒന്നും ഇല്ലാതെ നിന്നിരുന്നവരെല്ലാം കൂടി 'മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍' ഇറക്കി. ലാലേട്ടന്റെ 'നല്ല' സമയം ആരുന്നു അത്. ഒന്നിന് പുറകെ ഒന്നായി 'ഉടയോനും' 'ഫോട്ടോഗ്രാഫര്‍' ഉം 'മഹാസമുദ്രവും' മാറി മാറി വന്നു. ഒന്നും വിടാതെ, ആദ്യ ദിവസം തന്നെ പോയി കണ്ടു അതെല്ലാം. 'മഹാസമുദ്ര'ത്തിന് പോയത് ഇപ്പഴും ഓര്‍മയുണ്ട്- രാവിലെ 7 മണിക്ക് കുളിച്ച് കുറിയും തൊട്ടു തിരുവനന്തപുരം ധന്യ തീയേറ്റര്‍ ലേക്ക് പോവുകയാണ് ഞങ്ങള്‍. അപ്പോഴാണ് കൂടെ പഠിക്കുന്ന കൃഷ്ണപ്രിയയും സൌമ്യയും എതിരെ വരുന്നത്. വേഷം കണ്ടാലറിയാം, അമ്പലത്തില്‍ നിന്നാണ് അവരുടെ വരവെന്ന്.
നമ്മളെ കണ്ടതും കൃഷ്ണപ്രിയ: "ഓ, ഒന്നാം തിയതി ആയിട്ട് രാവിലെ തന്നെ അമ്പലത്തിലേക്ക് ആയിരിക്കും അല്ലേ... കൊള്ളാം !"
അല്ലാ, ക്ലാസ്സ് ഉണ്ടേലും ഇല്ലേലും 8:30 ആകാതെ എണീക്കാത്ത നമ്മളെ ആ നേരത്ത് നല്ല കോലത്തില്‍ കണ്ട അവള്‍ ആ ചോദ്യം ചോദിച്ചതില്‍ അദ്ഭുതപ്പെടാനുമില്ല. പക്ഷെ എന്നെ അമ്പരപ്പിച്ചത് കൊടകരയുടെ മറുപടിയാണ്- "ലാലേട്ടന്‍ ഞങ്ങളുടെ ദൈവമാണെങ്കില്‍... ധന്യ തീയേടര്‍ ഞങ്ങളുടെ അമ്പലമാണ്... ഇന്ന് നമ്മുടെ പടം റിലീസാ ഹേ !!!"
ആ പടവും പൊട്ടി. ഇപ്പോഴും അവസ്ഥക്ക് വലിയ മാറ്റം ഒന്നുമില്ല. വല്ലപ്പോഴും ഒരു ആശ്വാസത്തിന് ഒരു 'കീര്‍ത്തിചക്ര'യോ, 'ഭ്രമര'മോ ഒക്കെ ഇറങ്ങുന്നുണ്ടെലും, ഒപ്പം 'ഭഗവാനും', 'അലക്സാണ്ടര്‍' ഉം കൂടെ ഇറങ്ങുന്നു. ഓരോ പടത്തിന്റെയും ജാതകം അറിഞ്ഞു കഴിയുമ്പോ കൊടകര വിളിക്കും- "സാരില്ല അളിയാ, ലാലേട്ടന്‍ നന്നാവും. അടുത്ത പടം നീ നോക്കിക്കോ, സൂപ്പര്‍ ആയിരിക്കും !"
അത് പോലെ ഞാനും ഇപ്പൊ പ്രതീക്ഷ കൈ വിടുന്നില്ല. 2 വര്‍ഷം കഴിഞ്ഞു യൂറോ കപ്പ്, പിന്നെ ലോകകപ്പ്... ഇറ്റലി തിരിച്ച് വരും, തീര്‍ച്ച !!!
അനില്‍സ്
www.panchasarappothi.blogspot.com
Wednesday, May 12, 2010
പയ്യന്‍സ് (A Partial Road Story)
പഠിക്കുന്ന കാലത്ത് വീട്ടില്‍ ചെല്ലുമ്പോ അച്ഛനും അമ്മയും എപ്പഴും പറഞ്ഞിരുന്നത്- "എടാ നിനക്കറിയാല്ലോ, കഷ്ടപ്പെട്ടുണ്ടാക്കണ കാശാ, അതോണ്ട് മര്യാദക്ക് ഉഴാപ്പാണ്ടൊക്കെ പഠിച്ചോണം, കേട്ടല്ലോ". പിന്നെ ജോലി കിട്ടിയതിനു ശേഷം ചെല്ലുമ്പോ ടോണ്‍ ഒന്ന് മാറി - "മോനെ, ആകെ 2 ദിവസത്തേക്കാ വരുന്നേ, അതിനിടേല്‍ സിനിമ, കൂട്ടുകാര്‍ എന്നൊന്നും പറഞ്ഞു പോയേക്കരുത്" എന്നായി. എങ്കിലും നമുക്കങ്ങനെ വല്ലോം ഉണ്ടോ... ചെല്ലുന്നു, കൃത്യ സമയത്ത് ഫുഡ് ഉം കഴിച്ച് 'ഷഫാസ്' തിയേറ്ററും, ചെറായി ബീച്ചും ഒക്കെയായി ജീവിതമങ്ങ് പ്രശ്നമില്ലാതെ നീങ്ങി...
ഇക്കഴിഞ്ഞ പ്രാവശ്യം 2 ദിവസം ലീവ് എടുത്താണ് നാട്ടിലേക്ക് പോയെ. ശനിയും ഞായറും കൂടെ കൂട്ടിയാല്‍, മൊത്തം 4 ദിവസം ലാവിഷ് !.
വീട്ടിലെത്തിയ ആദ്യ ദിവസം ഫുള്ള് സുഖമായങ്ങുറങ്ങി. 'ഉറക്ക ക്ഷീണം' കൊണ്ടാണോ എന്തോ, പിറ്റേന്ന് കാലത്ത് എണീറ്റപ്പോ 9:30 ആയി. ചായക്ക് വേണ്ടി വെയിറ്റ് ചെയ്തു പിന്നെയും കിടന്നപ്പഴാ ശ്രദ്ധിച്ചേ, ആരോ വന്നിട്ടുണ്ട് വീട്ടില്‍. ഞാന്‍ എണീറ്റു പോയ് നോക്കി- ഹാളില്‍ ഒരു മീറ്റിംഗ് നടക്കുകയാണ്- ചേട്ടനാണ് പ്രതി സ്ഥാനത്ത്. അച്ഛനും അമ്മയും, പിന്നെ നമ്മുടെ സ്വന്തത്തില്‍ തന്നെ ഉള്ള ഉണ്ണി മാമനും എതിര്‍ ഭാഗത്ത്. വിഷയം 'കല്യാണം' ആണ്.
"എടാ നീ just ആ ഫോട്ടോ ഒന്ന് വാങ്ങി നോക്ക്..."- അച്ഛന്‍ ചേട്ടനോട് പറഞ്ഞു.
മറുപടി 'പരിപൂര്‍ണ്ണ നിശബ്ദത'.
"പ്രായം എത്ര ആയീന്നു കരുതിയാ, എന്നായാലും ഇതൊക്കെ വേണ്ടേ?"
ചേട്ടന്‍ ആണേല്‍ യാതൊരു പിടിയും കൊടുക്കാതെ അരികിലെ step ലേയ്ക്ക് കയറി നിന്നു.
"മോനെ, ഞങ്ങള്‍ക്കൊക്കെ പ്രായമായി വരുവാ. ഞാന്‍ ഇപ്പോ ദാ റിട്ടയറും ചെയ്തൂ സര്‍വീസീന്ന്. ഇതിനു മുന്‍പേ നടത്തണംന്ന് കരുതീതാ നിങ്ങടെ കാര്യമൊക്കെ. ആ, അതൊക്കെ പോട്ടെ, ഇനിയേലും പറയുന്നത് കേള്‍ക്ക് "- അമ്മയുടെ വക ചില്ലറ കട്ടിങ്ങ്സ്...
അതിലും ചേട്ടന്‍ വീഴുന്നില്ല എന്ന് കണ്ടപ്പോ ഉണ്ണി മാമന്‍ നേരിട്ട് ഇടപെട്ടു.
"ടാ... ഇത് രണ്ടും ഡിഗ്രി ദാ ഇപ്പൊ കഴിഞ്ഞു നില്‍ക്കുന്ന കുട്ടികള്‍... ത്രിശൂരുന്ന്. ഇനി മൂന്നാമത്തെ ആണെങ്കില്‍ MBA ക്കാരി, കോട്ടയത്തൂന്നു... അതിസുന്ദരി !!!- നീയൊന്നു നോക്ക് ഏതായാലും..."- ഉണ്ണി മാമനോടൊപ്പം ഞാനും പ്രതീക്ഷയോടെ ചേട്ടനെ നോക്കി.
"ഞാന്‍ ആദ്യമേ പറഞ്ഞല്ലോ.. എനിക്കിപ്പോ വേണ്ടാ കല്യാണം ന്ന്. പിന്നേമെന്തിനാ വെറുതെ..."- ചേട്ടന്‍ പ്രതീക്ഷയുടെ കിരണങ്ങള്‍ തല്ലിക്കെടുത്തി.
"എടാ നീ ഇപ്പൊ തന്നെ കല്യാണം കഴിക്കണംന്ന് ആര് പറഞ്ഞു, പക്ഷെ ഈ ഫോട്ടോ ഒന്ന് നോക്കാല്ലോ.. അല്ലേല്‍ വേണ്ട ഇവന്‍ നോക്കട്ടെ !"- ഉണ്ണി മാമന്‍ എന്നെ നോക്കി പറഞ്ഞു.
"അയ്യോ, എനിക്കിപ്പോ വേണ്ടാ !"
"നിനക്കല്ലെടാ, നിന്‍റെ ചേട്ടന് വേണ്ടീട്ട്..."
"അതെന്താ അവനു വേണ്ടാത്തേ... മൂത്തവന് വേണ്ടെങ്കി അവന്‍ നോക്കട്ടെ. ഇനി വേണമെങ്കി രണ്ടു പേരുടേം കൂടി ഒന്നിച്ചു നടത്താണേല്‍ അതുമാവാം. അല്ലാ പിന്നെ..."- അച്ഛന്‍ രോഷാകുലനായി.
സംഭവം, ക്വാര്‍ട്ടര്‍ സെഞ്ച്വറിയും കഴിഞ്ഞു പ്രായം മുന്നേറിയെങ്കിലും, ചുമ്മാ തെക്ക്-വടക്ക് നടക്കുന്നതല്ലാതെ ഇത് വരെയും ജീവിതത്തെ കുറിച്ച് കാര്യമായി ഒന്നും ചിന്തിച്ചിട്ടില്ല... ഇതിപ്പോ കല്യാണം???- "ഏയ്, അതൊന്നും ശരി ആവില്ല"- ഞാന്‍ മറുപടി പറഞ്ഞു
"ആ അതെന്തെലും ആട്ടെ, നീ ഇപ്പൊ ഈ ഫോട്ടോസ് ഒന്ന് നോക്ക്"- ഉണ്ണി മാമന്‍ ചൂണ്ടയില്‍ ഇരയെ കോര്‍ത്ത് എനിക്ക് നേരെ എറിഞ്ഞു.
ഞാന്‍ ചേട്ടനെ ഒന്ന് പാളി നോക്കി. ചേട്ടനാണേല്‍ 'ആ ഫോട്ടോയില്‍ എങ്ങാനും തൊട്ടാല്‍ നിന്‍റെ കൈ ഞാന്‍ വെട്ടിക്കളയും' ന്നുള്ള മട്ടില്‍ തിരിച്ച് എന്നെയും ഒന്ന് നോക്കി.
എന്ത് ചെയ്യണംന്ന അവസ്ഥയില്‍ ആയി ഞാന്‍. 3 പെണ്‍കുട്ടികള്‍ടെ ഫോട്ടോസ് ആണ് "എന്നെ ഒന്ന് നോക്കൂ" എന്നും പറഞ്ഞു മുന്നില്‍... വേണ്ടെന്നു വച്ചിട്ടും അറിയാതെ എന്‍റെ കൈ നീണ്ടു. എല്ലാരുടേയും മഹനീയ സാന്നിധ്യത്തില്‍ ഞാനാ ഫോട്ടോസ് ഏറ്റു വാങ്ങി !!!
"ദാ, ഇതാണ് നേരത്തെ പറഞ്ഞ ബി.കോം കാരി, ഇത് രണ്ടാമത്തെ... പിന്നെ... പിന്നെ ഇതാണ് നമ്മുടെ MBA ക്കാരി"- ഉണ്ണി മാമന്‍ എന്‍റെ സൈഡില്‍ നിന്ന് വിവരണം തുടര്‍ന്നു.
ഞാന്‍ മൂന്നു പേരെയും നോക്കി, ഏറിയാല്‍ ഒരു 2 സെക്കന്റ്, അപ്പഴേക്കും എവിടെ നിന്നോ ഒരു ടെന്‍ഷന്‍ വന്നു കയറി.. യാതൊരു പരിചയവും ഇല്ലാത്ത ആ 3 പേരും എന്‍റെ കൈയ്യിലിരുന്നു ചെറുതായി വിറച്ചു.
"എങ്ങനെ ഉണ്ട്?"- ഉണ്ണി മാമന്‍ ചോദിച്ചു?
"ആ.."
"എടാ പിള്ളേര് എങ്ങനെ ഉണ്ടെന്ന്?. ആ MBA ക്കാരിയെ കണ്ടാലേ അറിയാം ആള് ഡീസന്റ് ആണെന്ന് ല്ലേ?"
ഞാനെന്ത് പറയാനാ... ഒരു ഫോട്ടോ നോക്കി മനുഷ്യനെ മനസ്സിലാക്കാനുള്ള കഴിവൊന്നും ദൈവം സഹായിച്ചു കിട്ടീട്ടില്ല. ഞാന്‍ ഒന്നും മിണ്ടാതെ അതെല്ലാം തിരിച്ച് കൊടുത്തു. ആകെപ്പാടെ ഒരു പുലിവാല് പിടിച്ച പോലായി അവസ്ഥ. അവിടുന്ന് സ്കൂട്ടാവാന്‍ എന്തേലും വഴി ഉണ്ടോ?- ഞാനും പയ്യെ കോണിപ്പടിയുടെ അരികിലേക്ക് നീങ്ങി.
"എങ്ങനെ ഉണ്ടെടാ?"- ദാ.. ഒരാള്‍ കഴിഞ്ഞപ്പോ അടുത്ത ആള്‍, ഇതിപ്പോ അച്ഛന്‍റെ വക ആണ് ചോദ്യം.
"യേയ് ഇതൊന്നും ശരി ആവില്ല..."
" ഇത് ശരി അവില്ലേല്‍ നമുക്ക് വേറെ നോക്കാം, എന്ത് പറയുന്നു?"
"എന്റച്ഛാ... ഈ കല്യാണം ഒന്നും ഇപ്പൊ പറ്റൂല്ല. ആദ്യം ചേട്ടന്റെ കാര്യം ഒരു വഴിക്ക് ആവട്ടെ, എന്നിട്ട് നോക്കാം വേണേല്‍"
"ആര്‍ക്ക് വേണേല്‍? മൂത്തവനും കൊള്ളാം, ഇളയവനും കൊള്ളാം. ഇഷ്ടം പോലെ ചെയ്യ്..."- അച്ഛന്‍ എണീറ്റു മുറ്റത്തേക്ക് പോയി, പിന്നാലെ അമ്മയും.
അങ്ങനെ അപ്പൊ തല്‍ക്കാലത്തേക്ക് രക്ഷപെട്ടു.
പിന്നെയും ഒരു 2 ദിവസം കഴിഞ്ഞു കാണും. എന്തോ ഒരു കാര്യത്തിന് ആലുവ വരെ പോയതാ. കൂടെ അച്ഛനും ചേട്ടനും ഉണ്ട്. അവിടുന്ന് തിരിച്ച് ഇറങ്ങീപ്പോ സന്ധ്യയായി. എങ്കിലും തീരെ പയ്യെ ആണ് നമ്മുടെ മാരുതി 800 പറവൂര്‍ക്ക് നീങ്ങിയത്. ഞാനായിരുന്നു ഡ്രൈവിംഗ് സീറ്റില്‍. ചേട്ടന്‍ മുന്‍പിലും, അച്ഛന്‍ പുറകിലും...
പെട്ടെന്ന് പുറത്ത് മഴ ചെറുതായി പെയ്തു തുടങ്ങി. എനിക്ക് നേരത്തെ മുതലേ ഒരുപാട് ഇഷ്ടോള്ള ഒരു സംഭവമാണ്, മഴയത്ത് വണ്ടി ഓടിക്കാന്‍. അത് കൊണ്ടാവാം, ഉള്ളില്‍ ഒരു സന്തോഷം തോന്നി...
"അച്ഛാ ചില്ല് കേറ്റി ഇട്ടോ കെട്ടോ, അല്ലേല്‍ സീറ്റ് നനയും"- ഞാന്‍ പറഞ്ഞു. പക്ഷെ മറുപടിയൊന്നും കേട്ടില്ല.
വേഗം ഒന്ന് തിരിഞ്ഞു നോക്കീപ്പോ അച്ഛന്‍ സീറ്റിന്റെ നടുക്കിരുന്ന്, കൈകള്‍ രണ്ടും മുന്നിലെ സീറ്റിലൂന്നി കാഴ്ചയും കണ്ടിരിക്ക്യാ- "ചില്ലൊക്കെ നേരത്തെ കയറ്റി ഞാന്‍, അല്ലേലും കാശു മുടക്കി ഇതൊക്കെ വാങ്ങിയവനല്ലേ അതിന്റെ ദണ്ണം അറിയൂ !"
"ഓഹ് ശരി.."
വണ്ടി പിന്നെയും മുന്നോട്ട് നീങ്ങി. പെട്ടെന്നാണ് ഒരു ബൈക്ക് നമ്മുടെ വണ്ടിയെ ഓവര്‍ടേക്ക് ചെയ്തത്. നോക്കീപ്പോ ഏകദേശം 10-25 വയസ്സ് വരുന്ന ഒരു ചെക്കനും പെണ്ണുമാണ്. പെണ്‍കുട്ടിയെ ആണേല്‍ കാണാന്‍ അത്യാവശ്യം കൊള്ളാം. കടും നീല നിറത്തിലുള്ള അവളുടെ സാരി കാറിന്റെ ലയ്റ്റില്‍ മിന്നി തിളങ്ങി. എന്നോടൊപ്പം ചേട്ടനും അപ്പൊ ആ കുട്ടിയെ തന്നെയാണ് ശ്രദ്ധിക്കുന്നതെന്ന് അല്‍പ്പം നിരാശയോടെ ഞാന്‍ തിരിച്ചറിഞ്ഞു.
യാത്ര കോട്ടപ്പുറവും പിന്നിട്ട് തട്ടാമ്പടി എത്താറായി. അവരോട് പറയാതെ പെയ്ത മഴയെ തോല്‍പ്പിക്കാന്‍ കുറച്ച് സ്പീഡില്‍ ആണ് അവര്‍ വണ്ടി വിട്ടിരുന്നെ. ഞാനും അതിനനുസരിച്ച് നമ്മുടെ വണ്ടി പുറകില്‍ തന്നെ പിടിച്ചു പോന്നു. മഴ അപ്പഴും വിട്ടിരുന്നില്ല, ആ പെണ്‍കുട്ടി സാരിത്തലപ്പ് കൊണ്ടു അവള്‍ടെ തല പയ്യെ മൂടി...
"ആ ഫ്രണ്ടില്‍ പോണ കുട്ടീടെ സാരിക്കളര്‍ കൊള്ളാം ല്ലേ?"- ശ്രദ്ധിച്ചപ്പോ അച്ഛന്റെ വകയാണ് ഡയലോഗ്.
ഞാനൊന്നും മറുപടി പറഞ്ഞില്ല.
"നിങ്ങള്‍ കണ്ടില്ലേ ആ ബൈക്കിലെ കുട്ടിയെ?"- അച്ഛന്‍ വീണ്ടും.
അപ്പഴും ഞാനോ ചേട്ടനോ 'കമാ' എന്നൊരക്ഷരം മിണ്ടിയില്ല.
"ആ കുട്ടി നല്ല വെളുത്ത് ഇരിക്കണത് കൊണ്ടാ, ആ സാരിക്ക് ഇത്ര എടുപ്പ് തോന്നണേ.."- അച്ഛന്‍ കമന്ററി തുടര്‍ന്നു. ഞാനും ചേട്ടനും ആണേല്‍ ആ ബൈക്കും അതിലെ യാത്രക്കാരിയെയും അപ്പൊ മാത്രം കണ്ട പോലെ ഇരുന്നു.
"എടാ ഞാന്‍ പറയണത് വല്ലതും കേള്‍ക്കണുണ്ടോ നിങ്ങള്?"
"ങ്ങും.." - അച്ഛന്‍റെ സംഭാഷണത്തില്‍ വല്യ താല്‍പ്പര്യം ഒന്നും ഇല്ലാത്ത പോലെ ഒരു മറുപടി പറഞ്ഞു ചേട്ടന്‍.
"ആഹ് നീയൊക്കെ ഇവിടെ മൂളി ഇരുന്നോ. മര്യാദക്ക് കല്യാണം കഴിച്ചാല്‍ ഇത് പോലത്തെ പെണ്‍കൊച്ചിനെ ഒക്കെ ഇരുത്തി നിങ്ങക്കും പോവാം. ഞാന്‍ പറയാനുള്ളത് പറഞ്ഞു, നല്ല പ്രായത്തിലാണേല്‍ ഇതിനൊക്കെ ഒരു രസം ഉണ്ടാവും. അല്ലാണ്ട്..."
"ഹഹ.. സമ്മതിച്ചു അച്ഛാ !"- ചേട്ടന്‍ അച്ഛനെ നോക്കി പറഞ്ഞു.
"എന്ത് കല്യാണത്തിന് സമ്മതിച്ചോ???"
"അതല്ല, 'അച്ഛനെ സമ്മതിച്ചൂ' ന്ന്... കല്യാണമൊക്കെ നമുക്ക് പിന്നെ കഴിക്കാംന്നേ, ഞങ്ങള്‍ ഇപ്പഴും പയ്യന്‍സല്ലേ :)
അനില്‍സ്
Tuesday, March 16, 2010
ഉയിര്‍ത്തെഴുന്നേല്‍പ്പ്- (ഒരു ബ്ലഡ് ഡൊണേഷന്റെ കഥ)
Disclaimer: രക്തരൂഷിതമായ ഒരു പോരാട്ടത്തിന്റെ കഥയാണിത്. മനസ്സിന് മതിയായ ബലമുള്ളവര്‍ മാത്രം തുടര്‍ന്നു വായിക്കുക :-)
എന്നത്തേയും പോലൊരു സാധാരണ ദിവസം- കാലത്ത് 10 മണി...
ഓഫീസില്‍ വന്നിട്ട് ഏകദേശം ഒരു മണിക്കൂര്‍ ആയിക്കാണും. 'manoramaonline' വഴി നാട്ടിലെ വിശേഷങ്ങള്‍ ഒക്കെ ഒന്നറിഞ്ഞ്... "എന്നാല്‍ എന്തേലും പണി ചെയ്യാന്‍ തുടങ്ങിക്കളയാം" എന്ന് കരുതിയ സമയം.
അപ്പോഴാണ് ഒരു വിളി കേട്ടേ- "അളിയാ, ഞാനേ ബ്ലഡ് കൊടുക്കാന്‍ പോയിട്ട് വരാം"-
നോക്കീപ്പോ പ്രവീണ്‍ ആണ്, എന്‍റെ പ്രോജക്റ്റ് മേറ്റ്. ഇവിടെ കമ്പനിയില്‍ അന്നൊരു ഡൊണേഷന്‍ ക്യാമ്പ് നടക്കുന്നുണ്ട്. അതിന്റെ കാര്യമാണ് അവന്‍ പറഞ്ഞത്. ഞാന്‍ ആ പരിപാടീടെ ഒരു volunteer ആണ്, എന്ന് വച്ചാല്‍ registration, ബ്ലഡ് കൊടുത്ത് വരുന്നവര്‍ക്ക് ഫ്രൂട്ടിയും ബിസ്കറ്റും കൊടുക്കല്‍... അങ്ങനത്തെ ചില പണികള്‍...
"എടാ ഇപ്പൊ പോണോ? 12 മണിക്കാണേല്‍ ഞാനുമുണ്ട്."-മറുപടി പറഞ്ഞു ഞാന്‍.
"എന്തിന്...? ബ്ലഡ് കൊടുക്കാനോ, നീയോ.. ഹിഹി.."- അവനെന്നെ മൊത്തത്തില്‍ ഒന്ന് ഉഴിഞ്ഞു നോക്കി.
"അല്ലാ കൊടുക്കാനല്ല, പക്ഷെ ഞാന്‍ ആ സമയത്തെ volunteer ആണ്. So നമുക്ക് ഒന്നിച്ച് പോവാം.".
"Done, അപ്പോ 12 മണി !"- ക്യുബിക്കിള്‍ നിടയിലെ അരമതിലില്‍ കൈ ഊന്നി നിന്ന് അവന്‍ ഡീല്‍ ഉറപ്പിച്ചു.
ഞാന്‍ വീണ്ടും പണിയിലേക്ക് കടന്നു. എങ്കിലും എന്‍റെ അഭിമാനത്തിന് നേരെ വിരല്‍ ചൂണ്ടിക്കൊണ്ട്, പ്രവീണ്‍ ന്റെ ആ ചോദ്യം മനസ്സില്‍ വീണ്ടും വീണ്ടും ഉയര്‍ന്നു വന്നു-"ബ്ലഡ് കൊടുക്കാനോ, നീയോ???"
പണ്ട് കോളേജില്‍ പഠിച്ചപ്പോഴും , പിന്നീട് ഇവിടെ വന്നിട്ടും പലരെയും ഇക്കാര്യത്തിന് നിര്‍ബന്ധിച്ച് കൊണ്ട് പോയിട്ടുണ്ടേലും, ഇത് വരെ ഞാനായിട്ട് കൊടുത്തിട്ടില്ല-
"എന്നാ ഇന്നങ്ങ് കൊടുത്താലോ???"
"എന്നാ ഇന്നങ്ങ് കൊടുത്താലോ???"
അധികം ആലോചിക്കാന്‍ നിന്നില്ല അതേ കുറിച്ച്. കാരണം എന്തെങ്കിലും സംശയം ഉള്ള കാര്യത്തെ കുറിച്ച് കൂടുതല്‍ ചിന്തിക്കും തോറും, അത് ചെയ്യാതിരിക്കാനുള്ള chance ആണ് കൂടുക. ഞാന്‍ communicator എടുത്ത് പ്രവീണിനെ ping ചെയ്തു പറഞ്ഞു- "അളിയാ ഞ്ഞും വരണുണ്ട് ബ്ലഡ് കൊടുക്കാന്‍ !"
"എന്ത്?"- അവനൊന്നു ഞെട്ടിയോ, അറിയില്ല...
"ശരിക്കും... ഐശ്വര്യമായിട്ട് ഇന്നങ്ങ് തുടക്കം കുറിച്ചേക്കാം എന്ന് കരുതി. ഒരു കൂട്ടിനു നീയുമുണ്ടല്ലോ... "
"mmm..."
"ഏതായാലും ആരോടും പറയണ്ട നീയ് ഇപ്പൊ, നമുക്ക് പോയിട്ട് വരാം, ഓക്കേ.."
"ഹഹഹ.. ഓക്കേ"
12 PM
ഞങ്ങള്‍ ഇറങ്ങി മെഡിക്കല്‍ ബില്‍ഡിംഗ് ലേക്ക്...
"അല്ലാ നീയെന്താ ഇപ്പൊ പെട്ടെന്ന് ഇങ്ങനെ ഒരു തീരുമാനം എടുത്തേ?"- അവന്‍ ചോദിച്ചു.
"പെട്ടെന്നൊന്നും അല്ലെടാ, കുറച്ച് കാലമായി ഞാന്‍ കരുതുന്നു."
"നിനക്ക് പേടി ഒന്നുമില്ലല്ലോ ല്ലേ?"
"യേയ്.."
"നിനക്ക് പേടി ഒന്നുമില്ലല്ലോ ല്ലേ?"
"യേയ്.."
എങ്കിലും ഉള്ളിലെവിടെയോ ആ ഒരു ടെന്‍ഷന്‍ എന്നെ വിട്ടു പോയിരുന്നില്ല, ഞാന്‍ പയ്യെ അവനോട് ചോദിച്ചു- "ടാ, കുഴപ്പമാവുമോ?"
പണ്ട് ഇതേപോലൊരു സന്ദര്‍ഭത്തില്‍ എന്‍റെ അച്ഛനോട് ചോദിച്ച അതേ ചോദ്യം- "അച്ഛാ, കുഴപ്പമാവുമോ?"
ഞാനന്ന് ഡിഗ്രിക്ക് ചേര്‍ന്ന സമയം.എന്തോ പനിയോ മറ്റോ പിടിച്ച എന്നെയും കൊണ്ട് പറവൂരെ 'ശാന്തി ഹോസ്പിറ്റലില്‍' പോയതാണ് അച്ഛന്‍.
Dr. പറഞ്ഞു- "വേറെ കുഴപ്പം ഒന്നും ഇല്ല, ഈ മരുന്നൊക്കെ കഴിച്ചാല്‍ മതി."
"ശരി"- അച്ഛനാണ് മറുപടി പറഞ്ഞേ.
"വേറെ എന്തെങ്കിലും?"
"അല്ലാ Dr. ഇവനങ്ങ്ട് ഒരു തടി വയ്ക്കണില്ല, അതിനും എന്തേലും ഒരു മരുന്ന് എഴുതിത്തന്നാല്‍.."
"എന്തിനാ തടി?, ഇവിടെ എല്ലാരും ഉള്ള തടി കുറയ്ക്കാന്‍ നോക്കി നടക്കുവാ, അപ്പഴാ... ഇവന്‍ പൊക്കം വയ്ക്കണില്ലേ, അത് മതി. തടി ഒക്കെ ഒരു പ്രായത്തില്‍ തന്നെ വന്നോളും !" (ആ പ്രായം ഏതെന്നു ഇത് വരേം എനിക്ക് പിടി കിട്ടീട്ടില്ല :-))
"എന്നാലും Dr. എന്തേലും ടോണിക്കോ മറ്റോ..."
"ശരി... നമുക്കൊന്ന് try ചെയ്ത് കളയാം എന്നാല്‍, ഇവന്റെ ബ്ലഡ് ഒന്ന് ടെസ്റ്റ് ചെയ്യ് ആദ്യം"
"അയ്യോ അത് വേണ്ട !"- അച്ഛന്‍ ചാടിക്കേറി മറുപടി പറഞ്ഞു.
"അതെന്താ?" Dr. ചോദിച്ചു.
"കുറെ നാള്‍ ആയിട്ട് അങ്ങനെ ബ്ലഡ് എടുക്കാറില്ല ഇവന്റെ, മുന്പ് എടുത്തപ്പോഴൊക്കെ ഓരോ പ്രശ്നം ഉണ്ടാക്കീട്ടുമുണ്ട്... എന്തോ അവനൊരു പേടിയാണ് സംഭവം.."
"ഹഹഹ.. ഈ പേടിയൊക്കെ മാറ്റണ്ടേ നമുക്ക്, ഇത്തവണ അങ്ങ് എടുത്തു കളയാം അല്ലേ...?"- Dr. എന്നെ നോക്കി ചോദിച്ചു.
"ഊം.. ഊം.."- പറ്റില്ല എന്നാ അര്‍ത്ഥത്തില്‍ ഞാന്‍ തലയാട്ടി.
"ഊം.. ഊം.."- പറ്റില്ല എന്നാ അര്‍ത്ഥത്തില്‍ ഞാന്‍ തലയാട്ടി.
"കണ്ടോ ഫാദര്‍, അവന്‍ തല ആട്ടുന്നെ. He's ready. നിങ്ങളാ ഓരോന്ന് പറഞ്ഞ അവനെ പേടിപ്പിക്കുന്നെ. അപ്പൊ റിസല്‍ട്ട് ആയി വാ..."- Dr. സംസാരം അവസാനിപ്പിച്ചു.
- - - - -
ഞങ്ങള്‍ ഇറങ്ങി അവിടുന്ന്. ഒരല്‍പ്പം നടക്കാനുണ്ട് ലാബിലേക്ക്. മുന്‍കാല അനുഭവങ്ങള്‍ ഓര്‍ത്തിട്ടാണോ എന്തോ, അച്ഛന്‍ മുറുകെ പിടിച്ചിട്ടുണ്ട് എന്‍റെ കൈയ്യില്‍.
നിശബ്ദതയെ ആദ്യം ഭംഗിച്ചത് ഞാനാണ്- "അച്ഛാ..."
"ആ..."
"കുഴപ്പമാകുവോ?"
ഒരു 2 നിമിഷത്തേയ്ക്ക് അച്ഛന്‍ ഒന്നും പറഞ്ഞില്ല, പിന്നെ ചോദിച്ചു-" എടാ നിനക്ക് എത്ര വയസ്സായി?"
ഞാന്‍ കൂട്ടി നോക്കി- 10 ആം ക്ലാസ്സ് ന്ന് വച്ചാല്‍ 15, പിന്നെ പ്രീഡിഗ്രി 2 വര്ഷം, ഇപ്പൊ ഡിഗ്രി 1st ഇയര്‍- അപ്പൊ 18 !"
"ആഹ്.. 18 ന്ന് പറഞ്ഞാ പ്രായപൂര്‍ത്തിയായ ഒരു യുവാവായി. എന്നിട്ട് ഇങ്ങനെ ഒരു കുഞ്ഞ് കാര്യത്തിന് പറ്റൂല്ലാന്ന് പറഞ്ഞാല്‍ എന്തിനു കൊള്ളാം?"
"ശരിയാണല്ലോ"- ഞാനുമോര്‍ത്തു.
"ഇതൊക്കെ മനസ്സിന്റെ ഓരോ തോന്നലല്ലേ, ദാ അവിടെ നോക്ക് ഇത്തിരി ഇല്ലാത്ത പിള്ളേര്‍ വരെ ഒരു പ്രശ്നവും ഉണ്ടാക്കാതെ ഇരിക്കണത് . ഒരല്‍പ്പം ധൈര്യം ഒക്കെ വേണ്ടേ ആണ്‍പിള്ളേര്‍ ആയാല്‍ !" (അപ്പഴേക്കും ഞങ്ങള്‍ നടന്നു ലാബില്‍ എത്തിയിരുന്നു)
അച്ഛന്‍റെ വാക്കുകള്‍ ഞാന്‍ ശ്രദ്ധാപൂര്‍വ്വം കേട്ടു. അവ എനിക്ക് പകര്‍ന്നു തന്ന ഊര്‍ജം കുറച്ചൊന്നും ആരുന്നില്ല (അതോരിത്തിരി ഓവര്‍ ആയിപ്പോയോ എന്ന് പിന്നീട് തോന്നി :-))
ഞാന്‍ ലാബില്‍ ഇരുന്നു. എന്‍റെ തന്നെ പ്രായം കാണും, ഒരു കൊച്ചു സിസ്റ്റര്‍ വന്ന് പഞ്ഞി കൊണ്ട് എന്‍റെ കൈ തുടച്ചു.
"സിസ്റ്റര്‍... പതുക്കെ എടുത്താല്‍ മതി, അവനേ അധികം പരിചയം ഇല്ല."- അച്ഛന്‍ ആ കുട്ടിയോട് പറഞ്ഞു.
"ഛെ ഈ അച്ഛന്‍റെ ഒരു കാര്യം, ഇങ്ങനത്തെ sisters ന്റെ മുന്‍പില്‍ വച്ചാണോ ഇതൊക്കെ പറയുന്നേ?"- ഞാനച്ഛനെ രൂക്ഷമായൊന്നു നോക്കി.
സിസ്റ്റര്‍ സിറിഞ്ച് എടുത്തു. അതോടെ എന്നെക്കാളും ടെന്‍ഷന്‍ അച്ഛനായി...
അച്ഛന്‍ ഒരു സ്വകാര്യം പോലെ എന്നോട് പറഞ്ഞു- "ടാ, ഒരു ഉറുമ്പ് കടിക്കണ വേദനയേ ഉണ്ടാവൂ.. നീ പ്രശ്നം ഒന്നും ഉണ്ടാക്കരുത്"
"എല്ലാം ഞാനേറ്റു അച്ഛാ, ചിരിച്ച് കൊണ്ട് ഞാന്‍ മറുപടി പറഞ്ഞു."
എങ്കിലും അച്ഛന് വിശ്വാസം ആയില്ല- "മോനെ, നീ അങ്ങ്ട് നോക്കണ്ട, വേറെ എന്തേലും ആലോചിച് ഇരിക്ക്.."
"എന്തിനാ അങ്ങനെ, എന്നാ നോക്കിയിട്ട് തന്നെ കാര്യം- അങ്ങനല്ലേ ആണ്‍കുട്ടികള്‍ !"- ഞാന്‍ മനസ്സില്‍ കരുതി.
ബ്ലഡ് എടുക്കാന്‍ തുടങ്ങി. ഞാന്‍ പുല്ല് പോലെ നോക്കി ഇരുന്നു- ഒരിത്തിരി നേരത്തേക്ക് മാത്രം... പിന്നെ ദാ കിടക്കുന്നു വാഴ വെട്ടിയിട്ടതു പോലെ !
പിന്നീട് എനിക്ക് ബോധം വരുമ്പോ അവിടെ ഒരു ബെഞ്ചില്‍ കിടക്കുവാ ഞാന്‍. കൈയ്യിലൊരു ഗ്ലാസില്‍ വെള്ളവുമായി അച്ഛനും അടുത്തുണ്ട്. നേരത്തത്തെ സുന്ദരി നഴ്സുമാര്‍ ഒക്കെ ഒന്ന് മാറി നിന്ന് ചിരിക്കുന്നുണ്ട്...
- - - - -
ഇതെന്താ "കുഴപ്പമാവുമോ?" ന്ന് ചോദിച്ചിട്ട് നീ ചിരിക്കുന്നെ വെറുതെ?"- പ്രവീണ്‍ ന്റെ ചോദ്യം എന്നെ present tense ലേക്ക് കൊണ്ടു വന്നു.
ഞാന്‍ കഥയൊക്കെ അവനോടും പറഞ്ഞു. അതോടെ ടെന്‍ഷന്‍ മൊത്തം അവനായി-"അളിയാ നീ പ്രശ്നം ഉണ്ടാക്കുവോ??"
"ഒരു പ്രശ്നവും ഉണ്ടാവില്ല, ഞാനല്ലേ പറയണേ.. നീ വാ, ഹ.. ഹ.."
ഞങ്ങള്‍ ചെന്ന് രജിസ്റ്റര്‍ ചെയ്ത്, കൈയ്യില്‍ ഒരു സ്റ്റിക്കര്‍ ഒക്കെ ഒട്ടിച്ച് ക്യൂവില്‍ ഇരിക്ക്യാ, ഊഴവും കാത്ത്..
ഒരു 2 മിനിറ്റ് ആയിക്കാണും, ഓരോരുത്തരായി ഉള്ളിലേക്ക് പൊയ്ക്കൊണ്ടിരുന്നു...
"എടാ നമുക്കോരോ ജ്യൂസ് കുടിച്ചിട്ട് വന്നാലോ?"- ഞാന്‍ ചോദിച്ചു.
"ഇപ്പഴോ?"
"അല്ലാ... അങ്ങനെ എന്തൊക്കെയോ ഉണ്ട്."
"അങ്ങനൊന്നുമില്ല, empty stomach ആകരുതെന്നേ ഉള്ളു. നീ breakfast കഴിച്ചതല്ലേ?"
"അതാണ്, എന്നാലും ഇത്തിരി വെള്ളം..."
"അവിടെ ഇരിയെടാ, നമ്മുടെ turn ഇപ്പൊ ആകും."
"ശരി..
വീണ്ടും ഒരു 2 മിനിറ്റ്...
വീണ്ടും ഒരു 2 മിനിറ്റ്...
"അല്ലാ ഞാനേ.. ഒന്ന് മൂ* ഒഴിച്ചിട്ട് വെക്കം വരാം.."
"ഹഹ.. ടെന്‍ഷന്‍ ആകുന്നുണ്ടല്ലേ.."- അവനൊന്നു ചിരിച്ചു.
"ഹേയ് ടെന്‍ഷന്‍ ഒന്നുമില്ല... ഞാന്‍ ദാ എത്തി."
ഞാന്‍ തിരികെ വന്നപ്പോഴേക്കും അവന്‍ കയറിയിരുന്നു, തൊട്ടു പിന്നാലെ ഞാനും !
- - - - -
ഏകദേശം ഒരു 10 കട്ടിലുകള്‍ ഉണ്ടാവും അകത്ത്. ഒഴിഞ്ഞു കിടന്നിരുന്ന മൂലയ്ക്കത്തെ ഒരു കട്ടില്‍ ലക്ഷ്യമാക്കി ഞാന്‍ നീങ്ങി. തൊട്ടടുത്ത് തന്നെ എന്നെ സ്വാഗതം ചെയ്തു കൊണ്ട് ഒരു നേഴ്സ് പയ്യനും നില്‍പ്പുണ്ട്.
"Please lay on the bed Sir"- അവന്‍ പറഞ്ഞു.
"ദൈവമേ ഈ കൊച്ചു പയ്യന്‍ ആണോ എന്‍റെ ബ്ലഡ് എടുക്കാന്‍ പോണേ?"- ഞാനൊന്നു സംശയിച്ചു. എങ്കിലും മറുത്തൊന്നും പറയാതെ കട്ടിലില്‍ കയറിക്കിടന്നു.
എന്‍റെ പ്രഷര്‍ ചെക്ക് ചെയ്തതിനു ശേഷം അവനെന്തോ എടുക്കാനായി side ലേക്ക് മാറി. ഞാന്‍ പയ്യെ തല പൊക്കി നോക്കി.
"Don't worry Sir, these all are sterilized ones"- അവന്‍ ഒരു പാക്കറ്റ് സിറിഞ്ച് എന്നെ പൊക്കി കാണിച്ചു.
"Ok, സമാധാനം"
അവന്‍ വന്ന് ഒരു smiley ball തന്നൂ എന്‍റെ കൈയ്യില്‍... ബലം പിടുത്തം ഒക്കെ വിട്ട് maximum relaxed ആവാന്‍ ഒരു ഉപദേശവും.
ഞാന്‍ അടുത്ത് കിടന്നവരെ മാറി മാറി ഒന്ന് നോക്കി, എല്ലാരും നല്ല cool ആയിട്ട് കിടക്കുന്നു. ഞാന്‍ നമ്മുടെ നേഴ്സ് പയ്യനോട് ചോദിച്ചു- "Actually.. how much time does it take..?"
"Around 15 minutes Sir"
"ഓക്കേ"
വീണ്ടും നിശബ്ദത..
അവന്‍ സിറിഞ്ചിന്റെ പായ്ക്ക് പൊട്ടിച്ചു. അതോടെ ഒരിത്തിരി ടെന്‍ഷന്‍ ആയി എനിക്ക്- "എന്തോരം ഊറ്റിക്കൊണ്ട് പോകുവോ ദൈവമേ ഇവന്‍.. ബ്ലഡ് കൊടുക്കാന്‍ വന്നിട്ട് അവസാനം ഇങ്ങോട്ട് കയറ്റേണ്ട അവസ്ഥ വരുവോ???"
"How... how much blood will be taken...??" - തികച്ചും നിര്‍വികാരനായി ഞാന്‍ വീണ്ടും ചോദിച്ചു.
"Are you coming for the first time?"- ഉത്തരത്തിനു പകരം അവനൊരു മറുചോദ്യമെയ്തു.
"Yes"
"Ok... usually we take 450 ml. But from you, now I'm going to take only 350. Don't worry."
ഞാനൊന്നും തിരിച്ച് പറഞ്ഞില്ല, അല്ലാ ഇനി പറഞ്ഞിട്ടും കാര്യമില്ല, ഏതായാലും പെട്ടു പോയി. ഞാന്‍ കണ്ണുകള്‍ കൂട്ടിയടച്ചു. അറിയാവുന്ന എല്ലാ ദൈവങ്ങളെയും നീട്ടി വിളിച്ച്- "ദൈവമേ കാത്തോണേ..."
പെട്ടെന്നാണ് "മീനു" എന്‍റെ മനസ്സിലേക്ക് കയറി വന്നത്- സുനാമി അടിച്ച് തകര്‍ത്ത 'നാഗപട്ടണ'ത്തെ ഒരു കൊച്ചു സ്കൂളിലെ കുട്ടിയാണവള്‍. ഏറിയാല്‍ 8 ഓ 9 ഓ വയസ്സ് കാണും. കുറെ നാള്‍ മുന്പ് അവിടം സന്ദര്‍ശിച്ചപ്പോ ഒരു 2 മണിക്കൂറേ ഒന്നിച്ചു ഉണ്ടാരുന്നുള്ളൂ ഞങ്ങള്‍. എങ്കിലും നല്ല കൂട്ടായി. അവിടുത്തെ ഫോണ്‍ നമ്പര്‍ ഒക്കെ എന്‍റെ കൈയ്യില്‍ എഴുതി തന്ന്, ഇടക്ക് വിളിക്കണംന്ന് പറഞ്ഞു (എങ്കിലും ഇത് വരെ വിളിച്ചിട്ടില്ല ഞാന്‍). ഞങ്ങള്‍ അവിടുന്ന് പോരാന്‍ നേരം, വണ്ടിയുടെ പുറകെ ഏറെ ദൂരം ഓടി അവള്‍- 'ടാറ്റ' തരാന്‍ ആയിട്ട്...
എന്താണ് പെട്ടെന്ന് അവളെ ഓര്‍ത്തതെന്ന് എനിക്കറിയില്ല, പക്ഷെ ഞാനോര്‍ത്തു, അത്ര മാത്രം !- "അവള്‍ക്കോ അല്ലെങ്കില്‍ എന്‍റെ വീട്ടിലെ ആര്‍ക്കെങ്കിലുമോ, എന്‍റെ കൂട്ടുകാര്‍ക്കോ... ആര്‍ക്കെങ്കിലും ഒരാവശ്യം വന്നാല്‍ അന്നും ഈ പേടിയും കൊണ്ട് എനിക്കിരിക്കാന്‍ പറ്റുമോ?"
"ഇല്ല, അത് പാടില്ല. !"- ഞാന്‍ കണ്ണുകള്‍ തുറന്നു തന്നെ ഇരുന്നു ബ്ലഡ് എടുത്തു തീരും വരെ. പിന്നെയും ഒരു 5 മിനിറ്റ് rest എടുത്തിട്ടാണ് കട്ടിലില്‍ നിന്നും ഇറങ്ങിയത്.
പുറത്തേക്ക് പോകുന്ന എല്ലാര്‍ക്കുമെന്ന പോലെ, നരച്ച താടി ഉള്ള ആ ഡ്യൂട്ടി ഡോക്ടര്‍ എനിക്കും തന്നു ഒരു സര്‍ട്ടിഫിക്കറ്റ്. എന്നിട്ട് പയ്യെ പറഞ്ഞു- "You have done a simple, but great thing. Somewhere, someone will surely get the benefit !!!"
കുറച്ചു നാള്‍ മുന്പ് എന്‍റെ കൂട്ടുകാരന്‍ ജാസിര്‍ അയച്ചൊരു മെസ്സേജ് ഞാനോര്‍ത്തൂ അന്നേരം. ഇന്നും ഞാന്‍ save ചെയ്തു വച്ചിട്ടുണ്ടത്- "അളിയാ ഇന്ന് ഞാന്‍ ബ്ലഡ് donate ചെയ്തു ആദ്യായിട്ട്... മനസ്സിന് വല്ലാത്ത സന്തോഷം, ജീവിതത്തില്‍ ഒരു നല്ല കാര്യമെങ്കിലും ചെയ്തു എന്ന ഒരു തോന്നല്‍..."
-അനില്‍സ്
http://panchasarappothi.blogspot.com/
വാല്‍ക്കഷ്ണം: ഇത് വരെ അച്ഛനെ അറിയിച്ചിട്ടില്ല ഞാന്‍ ബ്ലഡ് കൊടുത്തു എന്ന്. അതിനുള്ള സകലമാന തെളിവുകള്‍ ഹാജരാക്കിയാലും അച്ഛനതൊട്ടു വിശ്വസിക്കാനും വഴിയില്ല. എങ്കിലും... എല്ലാ മുന്‍കരുതലും എടുത്തതിനു ശേഷം, ഒരിക്കല്‍ പറയണമത് അച്ഛനോട്...
- - - - -
ഏകദേശം ഒരു 10 കട്ടിലുകള്‍ ഉണ്ടാവും അകത്ത്. ഒഴിഞ്ഞു കിടന്നിരുന്ന മൂലയ്ക്കത്തെ ഒരു കട്ടില്‍ ലക്ഷ്യമാക്കി ഞാന്‍ നീങ്ങി. തൊട്ടടുത്ത് തന്നെ എന്നെ സ്വാഗതം ചെയ്തു കൊണ്ട് ഒരു നേഴ്സ് പയ്യനും നില്‍പ്പുണ്ട്.
"Please lay on the bed Sir"- അവന്‍ പറഞ്ഞു.
"ദൈവമേ ഈ കൊച്ചു പയ്യന്‍ ആണോ എന്‍റെ ബ്ലഡ് എടുക്കാന്‍ പോണേ?"- ഞാനൊന്നു സംശയിച്ചു. എങ്കിലും മറുത്തൊന്നും പറയാതെ കട്ടിലില്‍ കയറിക്കിടന്നു.
എന്‍റെ പ്രഷര്‍ ചെക്ക് ചെയ്തതിനു ശേഷം അവനെന്തോ എടുക്കാനായി side ലേക്ക് മാറി. ഞാന്‍ പയ്യെ തല പൊക്കി നോക്കി.
"Don't worry Sir, these all are sterilized ones"- അവന്‍ ഒരു പാക്കറ്റ് സിറിഞ്ച് എന്നെ പൊക്കി കാണിച്ചു.
"Ok, സമാധാനം"
അവന്‍ വന്ന് ഒരു smiley ball തന്നൂ എന്‍റെ കൈയ്യില്‍... ബലം പിടുത്തം ഒക്കെ വിട്ട് maximum relaxed ആവാന്‍ ഒരു ഉപദേശവും.
ഞാന്‍ അടുത്ത് കിടന്നവരെ മാറി മാറി ഒന്ന് നോക്കി, എല്ലാരും നല്ല cool ആയിട്ട് കിടക്കുന്നു. ഞാന്‍ നമ്മുടെ നേഴ്സ് പയ്യനോട് ചോദിച്ചു- "Actually.. how much time does it take..?"
"Around 15 minutes Sir"
"ഓക്കേ"
വീണ്ടും നിശബ്ദത..
അവന്‍ സിറിഞ്ചിന്റെ പായ്ക്ക് പൊട്ടിച്ചു. അതോടെ ഒരിത്തിരി ടെന്‍ഷന്‍ ആയി എനിക്ക്- "എന്തോരം ഊറ്റിക്കൊണ്ട് പോകുവോ ദൈവമേ ഇവന്‍.. ബ്ലഡ് കൊടുക്കാന്‍ വന്നിട്ട് അവസാനം ഇങ്ങോട്ട് കയറ്റേണ്ട അവസ്ഥ വരുവോ???"
"How... how much blood will be taken...??" - തികച്ചും നിര്‍വികാരനായി ഞാന്‍ വീണ്ടും ചോദിച്ചു.
"Are you coming for the first time?"- ഉത്തരത്തിനു പകരം അവനൊരു മറുചോദ്യമെയ്തു.
"Yes"
"Ok... usually we take 450 ml. But from you, now I'm going to take only 350. Don't worry."
ഞാനൊന്നും തിരിച്ച് പറഞ്ഞില്ല, അല്ലാ ഇനി പറഞ്ഞിട്ടും കാര്യമില്ല, ഏതായാലും പെട്ടു പോയി. ഞാന്‍ കണ്ണുകള്‍ കൂട്ടിയടച്ചു. അറിയാവുന്ന എല്ലാ ദൈവങ്ങളെയും നീട്ടി വിളിച്ച്- "ദൈവമേ കാത്തോണേ..."
പെട്ടെന്നാണ് "മീനു" എന്‍റെ മനസ്സിലേക്ക് കയറി വന്നത്- സുനാമി അടിച്ച് തകര്‍ത്ത 'നാഗപട്ടണ'ത്തെ ഒരു കൊച്ചു സ്കൂളിലെ കുട്ടിയാണവള്‍. ഏറിയാല്‍ 8 ഓ 9 ഓ വയസ്സ് കാണും. കുറെ നാള്‍ മുന്പ് അവിടം സന്ദര്‍ശിച്ചപ്പോ ഒരു 2 മണിക്കൂറേ ഒന്നിച്ചു ഉണ്ടാരുന്നുള്ളൂ ഞങ്ങള്‍. എങ്കിലും നല്ല കൂട്ടായി. അവിടുത്തെ ഫോണ്‍ നമ്പര്‍ ഒക്കെ എന്‍റെ കൈയ്യില്‍ എഴുതി തന്ന്, ഇടക്ക് വിളിക്കണംന്ന് പറഞ്ഞു (എങ്കിലും ഇത് വരെ വിളിച്ചിട്ടില്ല ഞാന്‍). ഞങ്ങള്‍ അവിടുന്ന് പോരാന്‍ നേരം, വണ്ടിയുടെ പുറകെ ഏറെ ദൂരം ഓടി അവള്‍- 'ടാറ്റ' തരാന്‍ ആയിട്ട്...
എന്താണ് പെട്ടെന്ന് അവളെ ഓര്‍ത്തതെന്ന് എനിക്കറിയില്ല, പക്ഷെ ഞാനോര്‍ത്തു, അത്ര മാത്രം !- "അവള്‍ക്കോ അല്ലെങ്കില്‍ എന്‍റെ വീട്ടിലെ ആര്‍ക്കെങ്കിലുമോ, എന്‍റെ കൂട്ടുകാര്‍ക്കോ... ആര്‍ക്കെങ്കിലും ഒരാവശ്യം വന്നാല്‍ അന്നും ഈ പേടിയും കൊണ്ട് എനിക്കിരിക്കാന്‍ പറ്റുമോ?"
"ഇല്ല, അത് പാടില്ല. !"- ഞാന്‍ കണ്ണുകള്‍ തുറന്നു തന്നെ ഇരുന്നു ബ്ലഡ് എടുത്തു തീരും വരെ. പിന്നെയും ഒരു 5 മിനിറ്റ് rest എടുത്തിട്ടാണ് കട്ടിലില്‍ നിന്നും ഇറങ്ങിയത്.
പുറത്തേക്ക് പോകുന്ന എല്ലാര്‍ക്കുമെന്ന പോലെ, നരച്ച താടി ഉള്ള ആ ഡ്യൂട്ടി ഡോക്ടര്‍ എനിക്കും തന്നു ഒരു സര്‍ട്ടിഫിക്കറ്റ്. എന്നിട്ട് പയ്യെ പറഞ്ഞു- "You have done a simple, but great thing. Somewhere, someone will surely get the benefit !!!"
കുറച്ചു നാള്‍ മുന്പ് എന്‍റെ കൂട്ടുകാരന്‍ ജാസിര്‍ അയച്ചൊരു മെസ്സേജ് ഞാനോര്‍ത്തൂ അന്നേരം. ഇന്നും ഞാന്‍ save ചെയ്തു വച്ചിട്ടുണ്ടത്- "അളിയാ ഇന്ന് ഞാന്‍ ബ്ലഡ് donate ചെയ്തു ആദ്യായിട്ട്... മനസ്സിന് വല്ലാത്ത സന്തോഷം, ജീവിതത്തില്‍ ഒരു നല്ല കാര്യമെങ്കിലും ചെയ്തു എന്ന ഒരു തോന്നല്‍..."
-അനില്‍സ്
http://panchasarappothi.blogspot.com/
വാല്‍ക്കഷ്ണം: ഇത് വരെ അച്ഛനെ അറിയിച്ചിട്ടില്ല ഞാന്‍ ബ്ലഡ് കൊടുത്തു എന്ന്. അതിനുള്ള സകലമാന തെളിവുകള്‍ ഹാജരാക്കിയാലും അച്ഛനതൊട്ടു വിശ്വസിക്കാനും വഴിയില്ല. എങ്കിലും... എല്ലാ മുന്‍കരുതലും എടുത്തതിനു ശേഷം, ഒരിക്കല്‍ പറയണമത് അച്ഛനോട്...
Saturday, February 27, 2010
VTV- a simple romantic flick !
Vinnai Thandi Varuvaya കണ്ടു ഇന്ന് !
ഒരു ഗൌതം മേനോന്‍ പടത്തിന്റെ എല്ലാ elements ഉം ഉണ്ട്. But I would like to say- it's not his best ! Simbu-Trisha pair worked good. Their screen presence, dialog delivery everything is good. Also, Rahman's music & Manoj's photography (especially the Alappuzha scenes) are adding beauty to the movie. കേരളത്തെ പരിചയപ്പെടുതിയപ്പോ തെങ്ങ്, കായല്‍, ബോട്ട് ഒക്കെ കാണിച്ചതിനൊപ്പം SAJ യിലെ ലാലേട്ടന്റെ posters കാട്ടിയതും കലക്കി :-)
But towards the end of second part, the story is a little bit confusing and dragging, at least for me. എഡിറ്റിംഗ് ഒന്ന് കൂടെ ശ്രദ്ധിക്കാമായിരുന്നു.
എങ്കിലും കാണണം ഈ പടം... becoz... nursery മുതല്‍ ഏതേലും പെണ്‍പിള്ളേരെ ഒക്കെ ലൈന്‍ അടിച്ചിട്ടുണ്ടോ, ആ കഥകള്‍ ഒക്കെ നമ്മള്‍ തീയേറ്ററില്‍ ഇരുന്ന് ഓര്‍ക്കും :-)
Monday, January 18, 2010
മാര്‍ത്തയോടൊപ്പം ഒരു യാത്ര !!
വൈകിട്ട് 6:50 നാണ് നാട്ടിലേക്കുള്ള ട്രെയിന്‍. ആരോടും ചോദിക്കാനോ പറയാനോ നില്‍ക്കാതെ ഒരു 4:30 യോടെ ഓഫീസില്‍ നിന്നും ഇറങ്ങി ഞാന്‍. ഇനി റൂമില്‍ പോയി ബാഗ് ഒക്കെ എടുത്ത് റെയില്‍വേ സ്റ്റേഷന്‍ ലേക്ക് നീങ്ങണം. നടക്കുന്നതിനിടെ ഞാന്‍ എന്‍റെ കൂട്ടുകാരന്‍ മനോജ് നെ ഫോണില്‍ വിളിച്ച് നാട്ടിലേക്ക് പോരുന്ന കാര്യമൊക്കെ സംസാരിച്ച് പോരുകയായിരുന്നു.
അങ്ങനെ നടന്നു കമ്പനിയുടെ ബസ് ടെര്‍മിനല്‍ വരെ എത്തി. അവിടുന്ന് 'മജെസ്റിക്ക്' ലേക്ക് ഒരു വോള്‍വോ ബസ് എടുക്കുന്നു അന്നേരം. "എടുത്തോട്ടെ, ഞാനെന്തായാലും ഇതിനു പിന്നിലെ ബസ് നേ പോകുന്നുള്ളൂ- ഇഷ്ടം പോലെ സമയം ഉണ്ടിനിയും, പോരാത്തതിനു ബാഗും എടുക്കണം'. ഞാനെന്റെ സംസാരം തുടര്‍ന്നു... പക്ഷെ വണ്ടി വളച്ച് മുന്‍പില്‍ കൂടി എടുത്തപ്പോഴാണ്, ചില്ലില്‍ തല ചാരി പുറത്തേക്ക് നോക്കി ഇരുന്ന ഒരാളില്‍ എന്‍റെ കണ്ണ് ഒരാളില്‍ ഉടക്കിയത് - മാര്‍ത്ത, മാര്‍ത്ത കുരിയാക്കോസ് !!
ദൈവമേ അവളീ വണ്ടിയില്‍ ഉണ്ടാരുന്നോ? ഇവളും സ്റ്റേഷന്‍ ലേക്ക് തന്നെ. എന്‍റെ അതേ ട്രെയിന്‍ ഉം ആയിരിക്കണം, ശോ, ഒരല്പം നേരത്തെ ഇറങ്ങാരുന്നു... ഇനി ഇപ്പോ എന്താ ചെയ്യാ??
"ടാ.. ഹലോ.. ഹലോ.."
"ഓ സോറി മജോനെ, ഞാന്‍ ഒരു അത്യാവശ്യ.."
"എന്ത്?"
"അല്ല, ഞാന്‍ പിന്നെ വിളിക്കാം നിന്നെ. ഇപ്പൊ തന്നെ already വൈകി."
"അതിന് നിന്‍റെ ട്രെയിന്‍ 6:50 ന് ന്നല്ലേ പറഞ്ഞേ??"
"അതേ.. എന്നാലും നേരത്തെ ഇറങ്ങിയില്ലെങ്കില്‍ വല്ല ബ്ലോക്കും വന്നാലോ? ശെരി എന്നാ... പിന്നെ വിളിക്കാം..." - ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.
ഈ മാര്‍ത്ത എന്ന് പറയുന്ന ആളെ കമ്പനിയില്‍ വച്ച് ഒരുപാട് തവണ കണ്ടിട്ടുണ്ട്, ഉച്ചക്ക് ഫുഡ് കഴിക്കാന്‍ പോകുമ്പഴോ ഒക്കെയായ്... എങ്കിലും ഇത് വരെയും സംസാരിച്ചിട്ടില്ല. അതിനെങ്ങനാ, ഞങ്ങള്‍ 4-5 പേര്‍ ഒന്നിച്ചാണ് ഉച്ചക്ക് ഇറങ്ങാര്. ഫുഡ് കോര്‍ട്ടില്‍ ചെന്ന് കൂപ്പണ്‍ എടുക്കാന്‍ നില്‍ക്കുമ്പോളാ മിക്കപ്പോഴും മാര്‍ത്തയും കൂട്ടരും വരാറ്. അവര് സൈഡ് ഇല്‍ കൂടി പാസ് ചെയ്യുമ്പോഴേ ഇവിടുന്നു കമന്റ്സ് തുടങ്ങും...
"ഹലോ.. ഞങ്ങളൊക്കെ ഇവിടെ ഉണ്ടേ..."
കുറച്ച് കാലം മുന്‍പത്തെ മലയാള സിനിമയില്‍ കലുങ്കിന്റെ പുറത്ത് ഇരുന്ന് ഡയലോഗ് അടിക്കുന്ന മുകേഷിനോടും മണിയന്‍ പിള്ള രാജുവിനോടും ഒക്കെയെന്ന പോലെ അവളൊരു നോട്ടം പോലും തരാതെ നടന്നു നീങ്ങുമായിരുന്നു..
"ഇന്നിപ്പോ.. ഇതൊരു നല്ല ചാന്‍സ് ആരുന്നു. ഛെ, ഞാന്‍ മിസ്സ് ആക്കിയല്ലോ എന്നാലും. "
"അല്ലേല്‍ അവളാരാ? ഞാനെന്തിനാ അവള്‍ടെ പുറകെ പോണേ? ഇത് വരെ തമ്മില്‍ മിണ്ടീട്ടില്ല, ഇനിയാണേലും അങ്ങനെയൊക്കെ തന്നെയേ ആവൂ.. പോട്ട് പുല്ല് !"- ഞാന്‍ സ്വയം സമാധാനിപ്പിച്ച് കൊണ്ട് മുന്നോട്ട് നടന്നു.
പക്ഷെ മനുഷ്യന്റെ കാര്യമല്ലേ..
"അല്ലാ, ബാഗെടുത്ത് വേഗം വച്ചടിച്ചാല്‍ 'കൊണപ്പന' സ്റ്റോപ്പില്‍ നിന്നു ആ വണ്ടി പിടിക്കാമല്ലോ !!' - എന്‍റെ ഉള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന പൂവാല ബുദ്ധി ഉണര്‍ന്നു. ഞാന്‍ പോലും അറിയാതെ എന്‍റെ കാലുകളുടെ വേഗം കൂടി. റൂമില്‍
ചെന്ന് ബാഗും എടുത്ത് സ്റ്റോപ്പില്‍ എത്തിയപ്പോ പിന്നെയും 5 മിനിട്ടോളം എടുത്തു. എങ്കിലും ഭാഗ്യം എന്‍റെ കൂടെ ആരുന്നു- ഒരല്‍പ്പം നാണത്തോടെ... പതുക്കെ... ആ 356 C ബസ് എന്‍റെ മുന്നില്‍ വന്നു നിന്നു. എന്‍റെ lakshya ബോധത്തെയും ആത്മ സമര്‍പ്പണത്തെയും ഒന്നൂടെ സ്വയം അഭിനന്ദിച്ചു കൊണ്ട് ഞാനാ ബസില്‍ കൂളായി കയറി.
ഉള്ളില്‍ കടന്നു നോക്കീപ്പോ ഒരുപാട് സീറ്റുകള്‍ ഒഴിവുണ്ട്. മാര്‍ത്തയും ഒറ്റക്കൊരു സീറ്റില്‍ ഇരിപ്പുണ്ട്. എങ്കിലും അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ, അവള്‍ടെ അരികിലൂടെ നടന്ന് ഏറ്റവും ബാക്ക് സീറ്റില്‍ പോയിരുന്നു ഞാന്‍. അവിടെ ഇരുന്നാല്‍ ഏതാണ്ടൊരു കൂളിംഗ് ഗ്ലാസ് വയ്ക്കുന്ന ഗുണമാ, നമ്മള്‍ ആരെയാ നോക്കുന്നതെന്ന് അവരൊട്ടു അറിയുകയുമില്ല, ആരേലും ഇങ്ങോട്ട് നോക്കിയാ കൈയ്യോടെ പിടിക്കുകയും ചെയ്യാം !
ഞാന്‍ ശ്രദ്ധിച്ചു അവളെ- സ്വതവേ അല്പം ഗൗരവമുള്ള കൂട്ടത്തിലാണ് ആള്‍. ഇപ്പഴും പുറത്തെ കാഴ്ചകളും നോക്കി ഒറ്റ ഇരിപ്പാ. (എന്നെ കാണിക്കാനുള്ള ഇരിപ്പാണോ.. യേയ്). സാധാരണ ഒരു ബസ് ആരുന്നേല്‍ ജനലില്‍ കൂടി കാറ്റടിച്ച് നീളമുള്ള മുടിയിഴകള്‍ ആ മുഖത്ത് പാറിപ്പറന്നേനെ- ഞാന്‍ അറിയാതെ ഒന്ന് കൊതിച്ചു പോയി...
പെട്ടെന്നാണത് സംഭവിച്ചത്- അടുത്ത സ്റ്റോപ്പില്‍ നിന്നും കയറിയ ഒരുത്തന്‍ വന്ന് മാര്‍ത്തയുടെ സീറ്റില്‍ ഇരുന്നു !. അവനെ കണ്ടാലെ ഒരു അലവലാതി ലുക്ക്- ചുവന്ന ഒരു ടി-ഷര്‍ട്ടും നരപ്പിച്ച പാന്റ്സും ഒക്കെ ഇട്ട്, ചെവിയില്‍ ഒരു ഹെഡ്ഫോണും ഫിറ്റ് ചെയ്ത ഒരുത്തന്‍. അവളാണേല്‍ അപ്പഴും ഒന്നും കൂട്ടാക്കാതെ ഇരിക്കുന്നു. പക്ഷെ എന്നോട് ഒരു വാക്ക് ചോദിക്കാതെ അവന്‍ അവിടെ ചാടിക്കേറി ഇരുന്നത് എനിക്ക് തീരെ പിടിച്ചില്ല. എന്‍റെ ശ്രദ്ധ ആ സീറ്റില്‍ മാത്രമായി.
ഏതോ പാട്ടിനു താളം പിടിച്ച് തലയാട്ടിക്കൊണ്ടിരുന്ന അവന്‍ 2 സ്റ്റോപ്പ് കഴിഞ്ഞപ്പോ എഴുന്നേറ്റു. എനിക്ക് എന്തെന്നില്ലാത്ത ഒരു ആശ്വാസം തോന്നി. പക്ഷെ എന്‍റെ പ്രതീക്ഷകളെ ചെറുതായ് തെറ്റിച്ചു കൊണ്ട് അവന്‍ മാര്‍ത്തയുടെ സീറ്റിന്റെ തൊട്ടു പുറകില്‍ വന്നിരുന്നു. "അതെന്തിനാണാവോ? ആ ഏതായാലും അവള്‍ടെ സീറ്റില്‍ നിന്നും മാറിയല്ലോ, അത് മതി. ദൈവത്തിനു നന്ദി." - ഞാനും ഒരല്പ നേരം പുറം കാഴ്ചകളിലേക്ക് കണ്ണ് നട്ടു.
വണ്ടി നല്ല സ്പീഡില്‍ പോകുന്നുണ്ട്- 'Diary Circle' കഴിഞ്ഞു. ഞാന്‍ ഒന്നൂടെ മാര്‍ത്തയെ നോക്കി- ആള്‍ നല്ല ഉറക്കമാണ്. പാവം നല്ല ക്ഷീണം കാണും, ഉറങ്ങിക്കോട്ടെ..
പുറകില്‍ ഇരുന്നവന്‍ ആട്ടെ, അപ്പോഴേക്കും അവന്‍റെ മൊബൈല്‍ എടുത്ത് കളി തുടങ്ങിയിരുന്നു. പുറത്തെ വണ്ടികളും കെട്ടിടങ്ങളും ഒക്കെ പകര്‍ത്തി എടുക്കുന്നതിനിടെ മാര്‍ത്തയുടെ പടവും പതിയുന്നുണ്ടോ?- എനിക്ക് സംശയമായി-
ഞാന്‍ വീണ്ടും അവനെ തന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി.. "സംഭവം ഉറപ്പില്ലേലും കേറിയങ്ങ് ഇടപെട്ടാലോ??- ഇടപെടാം, കിട്ടിയ ഒരു ചാന്‍സ് നഷ്ടപ്പെടുത്തണ്ട."
ഞാന്‍ നടന്ന് മാര്‍ത്തയുടെ സീറ്റിന്റെ അടുത്തെത്തി. തൊട്ടു പുറകിലിരുന്ന എന്‍റെ ശത്രുവിനെ നോക്കി പറഞ്ഞു- "ഡിലീറ്റ് മാട് !!" (എവിടുന്നാ അതിനുള്ള ധൈര്യം അന്നേരം എനിക്ക് തോന്നിയെ എന്ന് ഇപ്പഴും യാതൊരു പിടിയുമില്ലാ.. എങ്കിലും...)
അയാള്‍ തിരിച്ച് ചോദിച്ചു- "എന്ന ഡിലീറ്റ്??"
ഹോ... ഭാഗ്യം തമിഴനാണ്, സൂര്യയേയും വിജയ് നെയും ഒക്കെ മനസിലോര്‍ത്ത് ഞാന്‍ തമിഴിലങ്ങു പേസി- "ടായ് നാന്‍ പാത്താച്, നീ ആ ഫോട്ടോ ഡിലീറ്റ് പണ്ണുങ്കോ !"
"എന്നാ.. നാന്‍ ഫോട്ടോ പിടിക്കറതുക്ക് ഉനക്ക് എന്നെ?" - അയാള്‍ തിരിച്ചടിച്ചു.
"എനക്ക് താന്‍.. നീ ഫസ്റ്റ് ഡിലീറ്റ് പണ്ണീട്ട് പേസുങ്കോ" - ഞാനും വിട്ടു കൊടുത്തില്ല.
അയാള്‍ പിന്നെ കൂടുതലൊന്നും സംസാരിച്ചില്ല. സീറ്റില്‍ ചാരിക്കിടന്നു. ഫോട്ടോ ഡിലീറ്റ് ചെയ്തോ ഇല്ലയോ എന്ന് അന്വേഷിക്കാതെ ഞാന്‍ മാര്‍ത്തയുടെ സീറ്റിലും !. ഇതിനിടയില്‍ ഈ ഒച്ച ഒക്കെ കേട്ടു അവള്‍ എണീറ്റിരുന്നു. എന്നെ ഒന്ന് നോക്കി അവള്‍, പക്ഷെ ചിരിച്ചില്ല. "കുട്ടി ഇനി ഒന്നും പേടിക്കണ്ട, ആരും ഇനി ഒന്നും ചെയ്യില്ല. ഞാന്‍ ഇവിടെ തന്നെ ഇരിപ്പുണ്ട് !" എന്നൊക്കെ അവളോട് പറയണം എന്നുണ്ടാരുന്നെലും ഒച്ച പുറത്തേക്ക് വന്നില്ല.. എങ്കിലും ഞാന്‍ ഹാപ്പി ആരുന്നു.. ഒരു തുടക്കം ഇട്ടല്ലോ.. സ്റ്റാന്‍ഡില്‍ ബസ് ഇറങ്ങിയാല്‍ പിന്നെ റെയില്‍വേ സ്റ്റേഷന്‍ ലേക്ക് ഒരു fly over ആണ്. ഒരല്‍പ്പം നടക്കാനുള്ള ദൂരമുണ്ടത്, അന്നേരം വിശദമായ് ഇവളെ പരിചയപ്പെടാം.. എന്‍റെ സ്വപ്‌നങ്ങള്‍ പയ്യെ ചിറകു വിരിക്കാന്‍ തുടങ്ങി..
വണ്ടി മജെസ്റിക് സ്റ്റാന്റ് എത്തി. അത്രയും നേരം എന്നോട് ഒന്നും മിണ്ടിയില്ലെങ്കിലും ഞാന്‍ പരിഭവിച്ചില്ല അവളോട്. പാവം, ഒരു തുടക്കം കിട്ടാത്തത് കൊണ്ടാവും.. ഞാന്‍ മുന്നില്‍ നടന്ന് വണ്ടിയില്‍ നിന്നും ഇറങ്ങി. അവളൂടെ ഇറങ്ങിയിട്ട് ഒരുമിച്ച് പോകാംന്ന് കരുതി നിന്ന എന്‍റെ തോളില്‍ പെട്ടെന്നാണ് ഒരു കൈ പതിഞ്ഞത്. ഞാന്‍ തിരിഞ്ഞു നോക്കി- നല്ല കറുത്തിട്ടാണെങ്കിലും കണ്ടാലേ ഒരു 'യോ യോ' ലുക്ക് ഉള്ള പയ്യന്‍- അവന്‍ എന്നോട് ചോദിച്ചു-
"എന്ന പ്രശ്നം ഉനക്ക്?"
"നമുക്കാകെ എന്ത് പ്രശ്നം?"
"എനക്കാകെ അല്ലാ, അവന്ക്കാകെ" - ഇതും പറഞ്ഞു അവന്‍ എന്‍റെ പുറകോട്ടു വിരല്‍ ചൂണ്ടി.
നോക്കീപ്പോ നമ്മുടെ മൊബൈല്‍ പയ്യന്‍- "ദൈവമേ പണി പാളിയല്ലോ !" എന്ത് ചെയ്യണമെന്നറിയാതെ നിന്ന എനിക്ക് നേരെ പക്ഷെ അവന്‍ പ്രതികാരത്തിനു പകരം കരുണയുടെ തെളിദീപം ആണ് നീട്ടിയത്.
"നാന്‍ അന്ത പൊണ്ണിന്റെ പടമെടുത്തത് നീ പാത്താച്ചാ??"
ഞാന്‍ ഒന്നും മിണ്ടിയില്ല..
"പാത്താച്ചാ???"
"ഇല്ല..."
"പോതും... അത് പോതും..."- അത്രയും പറഞ്ഞു അവന്‍ തിരിച്ച് നടന്നു.
ഞാനാകെ wonder അടിച്ച് നിന്നു പോയി- ഇങ്ങനെയും ഡീസന്റ് മനുഷ്യന്‍മാരുണ്ടോ? പാവം, അവന്, താന്‍ സത്യസന്ധന്‍ ആണെന്ന് എന്‍റെ വായില്‍ നിന്ന് ഒന്ന് കേള്‍ക്കണമെന്നേ ഉണ്ടാരുന്നുള്ളൂന്ന് തോന്നുന്നു... ആ ഏതായാലും തല്‍ക്കാലം രക്ഷപെട്ടു, ഇനി സ്റ്റേഷന്‍ ലേക്ക് പോകാം.
"അല്ലാ.. മാര്‍ത്ത എവിടെ?" - ഞാന്‍ ചുറ്റും നോക്കി. ഇല്ല അടുത്തെങ്ങും ഇല്ല. ഒന്നൂടെ ഒന്ന് പരതി നോക്കീപ്പോ ഞാന്‍ കണ്ടു അവളെ- ഫ്ലൈ ഓവറിന്റെ ഏകദേശം അങ്ങേ തലക്കല്‍, തിരിഞ്ഞൊന്നു നോക്കുക പോലും ചെയ്യാതെ, റെയില്‍വേ സ്റ്റേഷന്‍ ലാക്കാക്കി വച്ചടിക്കുന്നു അവള്‍ !
"Desp, ആ മൊബൈല്‍ പയ്യന്‍ 2 തല്ലു തന്നാരുന്നേല്‍ പോലും ഇത്രക്കും വേദനിക്കില്ലാരുന്നു. ഇതിപ്പോ.."
"ആ പോകാന്‍ പറ, മാര്‍ത്തയ്ക്ക് വിധിച്ചിട്ടില്ല എന്നെ, എന്ന് കരുതിയാ മതി. അല്ലാ പിന്നെ !"- ഞാന്‍ സ്റ്റേഷന്‍ ലക്ഷ്യമാക്കി സ്പീഡില്‍ നടന്നു-പ്രതീക്ഷകള്‍ തീര്‍ന്നിട്ടില്ലല്ലോ... ഓവര്‍ ബ്രിഡ്ജ് ഇറങ്ങി 5 ആം പ്ലാട്ഫോമില്‍ എത്തീപ്പഴേക്കും 'എറണാകുളം എക്സ്പ്രസ്സ്' പിടിചിട്ടുണ്ടാരുന്നു. ഞാന്‍ നടന്നു S6 നരികില്‍ എത്തി, സൈഡില്‍ ഒട്ടിച്ചിരുന്ന ചാര്‍ട്ടില്‍ എന്‍റെ 71 ന്റെ നില എന്താണെന്നു നോക്കി.
69---Bijukkuttan KP--------------- M ---- 23
70---Shyju --------------------------- M ---- 23
71---"ഞാന്‍"------------------------ M ---- 26
72---Prabhakaran Nair ---------- M ---- 58
73---Gomathi Prabhakaran ----- F ---- 54
ഹോ, സമാധാനം ആയി. ഇനി ഒന്നും നോക്കാനില്ല, കേറിക്കിടന്നങ്ങുറങ്ങിയേക്കാം ആലുവ വരെ. ഞാന്‍ ട്രെയിനകത്തെക്ക് കയറി. 'അപ്പര്‍ ബര്‍ത്ത് ആയതു കൊണ്ട് ആരുടെയും സൗകര്യം നോക്കേണ്ടി വന്നില്ല, നേരെ കയറിക്കിടന്നങ്ങുറങ്ങിയേക്കാം ആലുവ വരെ. എങ്കിലും ഇടക്കെപ്പഴോക്കെയോ കണ്ണ് തുറന്നു നോക്കാന്‍ മറന്നില്ല ഞാന്‍- ഇനി മാര്‍ത്ത എങ്ങാനും ആ വഴിക്ക് വന്നാലോ !
PS: ഈ കഥ പൂര്‍ണമായും നടന്നതല്ല. ഇതിലെ ആ 'മൊബൈല്‍ പയ്യന്റെ' part അല്‍പ്പം കൂട്ടി ചേര്‍ത്തതാണെന്ന് കൂട്ടിക്കോ - അവന്‍ ആ സീറ്റില്‍ കയറി ഇരുന്നതിന്റെ ആ ഒരു ഹാങ്ങ് ഓവറില്‍ ഞാന്‍ ചിന്തിച്ചു കൂട്ടിയ ഓരോ കാര്യങ്ങള്‍... just 4 horror :-)
Subscribe to:
Posts (Atom)