ഈ എഴുത്ത് മെയ്‌നായിട്ട് "90's കിഡ്സ്"നെ ഉദ്ദേശിച്ചുള്ളതാണ്. എന്നുവച്ചാ പുതിയ പാട്ടുകൾ കേൾക്കാൻ വെള്ളിയാഴ്ചത്തെ ചിത്രഗീതത്തിനായ് കാത്തിരുന്നവർ, മടൽ ബാറ്റ് ക്രിക്കറ്റും മാങ്ങയേറുമൊക്കെയായി ഒഴിവു സമയം മൊത്തം കളിച്ചു നടന്നവർ, ഒരു 'ഡയറി മിൽക്ക്' കിട്ടിയാൽ ജീവിതസൗഭാഗ്യമായി കരുതിയവർ...
ഈ ഓർമ്മകളൊക്കെയും സുഖമുള്ളവയാണ്, പങ്കു വയ്ക്കാൻ രസമുള്ളതും. അങ്ങനെ ഓഫീസിലെ പിള്ളേർടെ അടുത്ത് അറിയാതൊന്നു അയവിറക്കാൻ പോയ അനുഭവമാണിതിൽ. മനസ് കൊണ്ട് നമ്മളിപ്പഴും യൂത്തൻ ആണെങ്കിലും, അവര് സമ്മതിക്കണില്ലല്ലോ! 🙂
------
2024 ഫെബ്രുവരി 14: രാവിലെ കേറി ചെന്നപ്പഴേ ഓഫീസിൽ മൊത്തം അലങ്കാരങ്ങൾ. ലവ് ഷേപ്പിലുള്ള ബലൂണുകൾ, നിറപ്പകിട്ടാർന്ന പോസ്റ്ററുകൾ, പ്രണയസന്ദേശങ്ങൾ ഇടാനുള്ള സീക്രട്ട് ബോക്സുകൾ... അങ്ങനെ ആർക്കായാലുമൊന്നു പ്രേമിച്ചെങ്കിലെന്നു തോന്നിപ്പോവുന്ന അന്തരീക്ഷം.
എല്ലാം കണ്ടാസ്വദിച്ചു സീറ്റിലെത്തിയപ്പോ, ടീമിലെ യൂത്തത്തി ഐശ്വര്യ ഓൾറെഡി പ്രെസന്റ് ദേർ.
"ഗുഡ്മോർണിംഗ് ഐശൂ."
"ഗുഡ്മോർണിംഗ് ചേട്ടാ, വാലെന്റൈൻസ് ഡേ ആയിട്ട് റെഡ് ഷർട്ടിൽ ചെത്തീട്ടുണ്ടല്ലോ!"
"ആണോ... ഞാനിതൊന്നും അത്ര ശ്രദ്ധിക്കാറില്ല."
"പിന്നേ... ഞാൻ വിശ്വസിച്ചു!"
"സത്യായിട്ടും... പിന്നെ ഐശുവും സൂപ്പർ ആയിട്ടുണ്ടല്ലോ ഇന്ന്."
"താങ്ക്യൂ ചേട്ടാ."
ഒരു 11 മണിയോടെ ആഘോഷകമ്മിറ്റിക്കാർ വലിയൊരു സ്‌പീക്കറുമായെത്തി. ഇഷ്ടമുള്ളവർക്ക് പാട്ടു ഡെഡിക്കേറ്റ് ചെയ്യലാണ് സംഭവം. ആദ്യത്തെ പാട്ട് "തെലുങ്കാന ബൊമ്മലു". എല്ലാരും കസേരയൊക്കെ തിരിച്ചിട്ട് പരിപാടിയിൽ ശ്രദ്ധിച്ചിരിപ്പായി.
"ഐശ്വര്യാ, പ്രേമലു കണ്ടോ?"
"ഇല്ല ചേട്ടാ, ഈ വീക്കെൻഡ് പോകും."
"ഇത് വരെ കണ്ടില്ലേ, അയ്യേ മോശായിപ്പോയല്ലോ."
"എന്ത് മോശം... എന്റെ ഒരു ഫ്രണ്ട് മറ്റന്നാൾ വരണുണ്ട്, എന്നിട്ടൊരുമിച്ചു പോകാനാ പ്ലാൻ."
"ആഹാ... അത് കൊള്ളാം."
പെട്ടെന്ന് അടുത്ത ഡെഡിക്കേഷൻ വന്നു - 'കാറ്റാടിത്തണലും തണലത്തരമതിലും'. അറിയാതെ എന്റെ മനസ്സ് കുറെ വർഷങ്ങൾ പിന്നോട്ട് പോയി. കോളേജ് കാലവും, മൂന്നാർക്കു പോയ ടൂറും, അന്നത്തെ ട്രെൻഡിങ് സോങ്ങും... വാവ്!"
"ഐശൂ... ഈ പാട്ടിന്റെ പ്രത്യേകത എന്താന്നറിയോ?"
"ആ"
"ഞങ്ങളുടെ PG ടൂർ വീഡിയോയിലെ പാട്ടാണ്. മാട്ടുപ്പെട്ടി ഡാമിന്റെ സൈഡില് ബസീന്ന് കൈയ്യൊക്കെ പുറത്തിട്ട് പാട്ടും, ഡാൻസും... ഹോ എന്ത് രസായിരുന്നു!" - ഞാനല്പം നൊസ്റ്റാൾജിക് ആയി കസേര പിന്നിലേക്ക് ചായ്ച്ചു.
ഒന്ന് തല വെട്ടിച്ചു നോക്കുമ്പോ ഐശ്വര്യയും അതെ ആക്ഷനിൽ ഇരിക്കുകയാണ്.
"എന്താ...ണ്, ഐശുവും കോളേജ് ഓർമ്മകൾ അയവിറക്കുകയാണോ?" - ഒരു ചെറുപുഞ്ചിരിയോടെ ഞാൻ ചോദിച്ചു.
"അല്ല ചേട്ടാ ഞാനോർക്കുവായിരുന്നു - ഈ പാട്ടിറങ്ങുമ്പോ ഞാൻ 2ആം ക്‌ളാസിൽ പഠിക്ക്യാരുന്നു!!!"
<ഠിം!>
അല്ലാ, തെറ്റു എന്റെ ഭാഗത്തു തന്നെയാണ്. കുറച്ചു നാളുകൾക്കു മുന്നേ ഏതാണ്ടിതു പോലൊരു അനുഭവം ഇതേ ആളീന്നു തന്നെ കിട്ടീട്ടും വീണ്ടും നൊസ്റ്റാൾജിയ പങ്കു വയ്ക്കാൻ പോയതിന്.
സ്ഥലം ഓഫീസ് തന്നെ. ഇടയ്‌ക്കൊന്നെണീറ്റു പുറത്തേക്കു നടന്നപ്പോ നമ്മുടെ ഐശ്വര്യ ഒരു ബ്രൗൺ കമ്പിളിക്കൈയ്യുറയൊക്കെ ഇട്ട് കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യുന്നു. ഓഫിസിൽ കട്ട AC ആയത് കൊണ്ട് പലരും തൊപ്പി, ജാക്കറ്റ്, ഇത്യാദി ഐറ്റംസ് ഒക്കെ ഇട്ടു കണ്ടിട്ടുണ്ടെങ്കിലും 'ഗ്ലൗ' ആദ്യമായിട്ടാ കാണുന്നെ. ഒരു കൗതുകത്തിനു ഞാൻ പറഞ്ഞു:
"ഐശ്വര്യാ, ഞാനൊരു ചോദ്യം ചോദിക്കാം, ഇങ്ങനത്തെ കമ്പിളി ഗ്ലൗ ഒരു ക്രൈം സീനിൽ വരുന്ന സിനിമയേതെന്നു പറയാമോ?"
വർഷങ്ങൾക്കു മുൻപ് സുനിമോന്റെ വീട്ടീന്ന് കടം വാങ്ങിക്കൊണ്ട് വന്ന്, ടേപ്റെക്കോർഡറിലിട്ടു കേട്ട 'നരസിംഹം' ശബ്ദരേഖ എന്റെ മനസ്സിലേക്കോടിയെത്തി. അച്ഛന്റെ കാൽവിരലിലെ നഖം വെട്ടിക്കൊടുക്കാനൊരുങ്ങിയ ഇന്ദുചൂഡനും, തിരി കെടാത്ത വിളക്കിനു മുന്നിൽ മൺകുടം സൂക്ഷിച്ച മണപ്പിള്ളി പവിത്രനും, പാലക്കാട് വിക്ടോറിയ കോളേജീന്നു ഓടിച്ചിട്ട് തല്ലിയ DYSP ശങ്കരനാരായണനും... - ആരേ വാഹ്, എന്തൊരു പടമായിരുന്നത്!
"ആവോ ചേട്ടാ, അറിയില്ല!" - ഐശ്വര്യയുടെ മറുപടി എന്നെ ഓർമകളിൽ നിന്നുണർത്തി.
"അയ്യേ ഇതറിയില്ലേ, ശരിക്കും ഒന്നാലോചിച്ചു നോക്കിയേ... ജസ്റ്റിസ് മേനോൻ, രാമൻ നായർ, വലിയചന്ദനാദി എണ്ണ???"
"ഇല്ല ചേട്ടാ എനിക്കറിഞ്ഞൂടാ."
തൊട്ടടുത്തിരിക്കുന്ന നിഖിൽ മോഹനെയും ഞാൻ ഐശ്വര്യയുടെ ടീമിലേക്കിട്ടു. അവനും കൊടുത്തൂ കുറെ ക്ലൂകൾ - 'മോഹൻലാൽ, അവതാരപ്പിറവി...' - പക്ഷെ നോ രക്ഷ. അവസാനം സഹികെട്ട് ഞാൻ തന്നെ ഉത്തരം പറഞ്ഞു:
"നരസിംഹം - ഗർർ - നിങ്ങളിത് കണ്ടിട്ടേയില്ലാ??"
ഓ, ഇതൊക്കെ ഞങ്ങൾ ജനിക്കണേനു മുമ്പേ ഇറങ്ങിയ സിനിമകളല്ലേ ചേട്ടാ, പിന്നെങ്ങനെ കിട്ടാനാ!" - രണ്ടാൾടേം ഒരുമിച്ചുള്ള മറുപടി.
<ഇന്നത്തെ "ഠിം" നും മുന്നേ കിട്ടിയ മറ്റൊരു ഠിം!>
കൂടുതലൊന്നും പറയാതെ ഞാൻ പാൻട്രിയിലേക്കു നടന്നു. ഒരു കപ്പ് ചായയുമെടുത്തങ്ങിരുന്നപ്പോ ഞാൻ അച്ഛനെക്കുറിച്ചോർത്തു. പ്രേംനസീറാണ് ആൾടെ ഇഷ്ടനടൻ. ഇടയ്ക്കിടെ സിനിമ വിഷയങ്ങൾ സംസാരിക്കുമ്പോ എന്നോട് ചോദിക്കും, "നീ 'നെല്ല്' കണ്ടിട്ടില്ലേ? വെരി ബ്യൂട്ടിഫുൾ സിനിമാട്ടോഗ്രഫിയാണതിൽ. നീ 'കണ്ണൂർ ഡീലക്സ്' കണ്ടിട്ടില്ലേ, പ്രേംനസീർ & അടൂർ ഭാസി ഭയങ്കര കോമഡിയാണതിൽ..."
"അതൊക്കെ പഴേ സിനിമകളല്ലേ അച്ഛാ?!" - മിക്കപ്പോഴുമുള്ള എന്റെ മറുപടികൾ അങ്ങനെയായിരുന്നു.
ഏതായാലും കാലം ഇന്നാ ചോദ്യം തിരിച്ചു ചോദിച്ചപ്പോ, ഒന്നെനിക്ക് മനസ്സിലായി - ഈ നൊസ്റ്റാൾജിയ എന്ന് പറയുന്നത് മുൻപുള്ളൊരു കാലത്തെ, നമുക്കേറെയിഷ്ടമുള്ള ഓർമകളാണ്. ആ കാലം നേരിട്ടറിയാത്തവരോട്, അതിനെക്കുറിച്ചു വാചാലരാകുന്നതിൽ, അല്ലെങ്കിൽ അത് പകരാൻ ശ്രമിക്കുന്നതിൽ വല്യ കഥയൊന്നുമില്ല!.
പെട്ടെന്നാണ് അനൗൺസ്‌മെന്റ് കേട്ടത് - "അടുത്ത ഐറ്റം 'സീക്രട്ട് മെസ്സേജ് അൺബോക്സിങ്". ചായക്കപ്പ് ചുരുട്ടി ബിന്നിലിട്ട് ഞാൻ വേഗം തിരിച്ചു നടന്നു - "ഇനി ആരേലും എനിക്ക് വല്ല മെസ്സേജും എഴുതി ഇട്ടിട്ടുണ്ടേലോ!"
------
അനിൽസ്