Wednesday, April 13, 2011

ഫേസ്‌ബുക്കും മഴയും!


രാവിലെ മുതല്‍ക്കേയുള്ള 'ഭാരിച്ച' ജോലികള്‍ക്കൊടുവില്‍ ഒരു 7 മണിയോടെ ഓഫീസില്‍ നിന്നിറങ്ങി. ഭാഗ്യത്തിന് അപ്പൊ തന്നെ ബസ്സും കിട്ടി കഴക്കൂട്ടത്ത് വന്നിറങ്ങി. ഫുഡ്‌ പാര്‍സല്‍ വാങ്ങാനായി കടയില്‍ നിന്നപ്പോഴാണ് പുറത്തു മഴ പയ്യെ ചാറി തുടങ്ങിയത്.

"ചേട്ടാ ഒന്ന് വേഗം എടുത്തോ ട്ടോ, മഴ വരണ്ണ്ടേ!"
"എന്ന് വച്ചാ... എനിക്കാകെ 2 കൈയ്യല്ലേ ഉള്ളു, ഈ സ്പീഡൊക്കെയെ പറ്റൂ"
"ആ... എന്നാല്‍ ആ സ്പീഡില്‍ ഒന്ന് വേഗം എടുക്ക്"- ഞാനൊരല്‍പ്പം വിനയാന്വിതന്‍ ആയി.

ഒരിക്കല്‍ ഒന്ന് പെട്ടതാ ഈ മഴയില്‍ ഇതേ സ്ഥലത്ത്. അതും, കഴിഞ്ഞ ന്യൂഇയര്‍ ദിനത്തിന് തലേന്ന്. ടൌണില്‍ പോണം, കൂട്ടുകാരുടെ കൂടെ ആഘോഷിക്കണം എന്നൊക്കെയുള്ള പ്ളാന്‍സ് വെള്ളത്തിലായി. ഏതാണ്ട് ഒരു ഒന്നര മണിക്കൂര്‍ ഞാനീ തട്ടുകടയുടെ നീല ഷീറ്റിനടിയില്‍ റോഡിലൂടെ പോകുന്ന വണ്ടികളുടെ കണക്കെടുത്ത് നിന്നു. ആ ഓര്‍മ ഉള്ളത് കൊണ്ടാവണം ഞാന്‍ അല്‍പ്പം വേഗം നടന്നു വീട്ടിലേക്ക്.

അപ്പഴാണ് ഫോണ്‍ വന്നേ- അമ്മയാണ്.

"മോന്‍ വീട്ടില്‍ എത്തിയോ?"
"ആ പോയ്ക്കൊണ്ടിരിക്യാ"
"ഭക്ഷണം കഴിച്ചോ?"
"പാര്‍സല്‍ വാങ്ങീട്ടുണ്ട്, പോയിട്ട് വേണം കഴിക്കാന്‍".
"അപ്പൊ 3 നേരവും ഹോട്ടല്‍ ഭക്ഷണം ആണ്ല്ലേ?"
"yup"
"എന്താന്ന്?"
"അല്ലാ 'അതേ'ന്ന് പറയുവാരുന്നു..."

ഇന്നലെ വിളിച്ചപ്പോ ചോദിച്ച അതേ കാര്യങ്ങളാണേലും എല്ലാത്തിനും ഞാന്‍ മറുപടി കൊടുത്തു.

"അപ്പൊ വീട്ടില്‍ കുക്കിംഗ് ഒന്നുമില്ലേ?"
"അതിപ്പോ എല്ലാരും വരുമ്പോ ഒരു നേരമാവൂല്ലേ, ഞാന്‍ തന്നെ ഇന്നെങ്ങനെയോ നേരത്തെ ഇറങ്ങീതല്ലേ!"
"ഹും... അപ്പൊ വല്യ കഷ്ടപ്പാടാണല്ലേ മോന്"
"ഒഹ് അതൊന്നും സാരില്ല..." (എല്ലാം നിങ്ങള്ക്ക് വേണ്ടിയല്ലേ)

"പിന്നെ മോന്‍ ഒറ്റയ്ക്കാണോ നടക്കുന്നെ?"
"പിന്നെ ?.."
"ഈ രാത്രിയൊന്നും ഒറ്റയ്ക്ക് സഞ്ചാരം വേണ്ട, ആ ജിമ്മിയുടെ ഒപ്പം പോന്നാ പോരെ?"
"ഒഹ് അവന്‍ തോന്നിയ സമയത്തൊക്കെയാ വീട്ടില്‍ വരുന്നേ"
"എന്നാലും ഈ രാത്രി വല്ല പട്ടികളുമൊക്കെ കാണും വഴീല്..."
"പിന്നേ.. പട്ടി... ഞാന്‍ കൊച്ചു കൊച്ചല്ലേ, ആ... ഞാന്‍ ഫോണ്‍ വയ്ക്കുവാ, മഴ നന്നായി പെയ്തു തുടങ്ങി. ശെരി എന്നാ..."

വെറുതെ പറഞ്ഞതായിരുന്നില്ല, മഴ കനപ്പെട്ടിരുന്നു പയ്യെ... ഒരു വല്യ കയറ്റം കേറി വേണം വീട്ടിലേക്കെത്താന്‍. അതിന് ചോട്ടില്‍ എത്തീതും കൃത്യം കറന്റ് പോയി. ഇനീമുണ്ട് ഒരു 1/2 കിലോമീറ്റര്‍ . ഒരു ഫുള്‍ സ്റ്റോപ്പ്‌ ഇട്ട പോലെ ഞാന്‍ അവിടെ നിന്നു- "അമ്മേ ! വല്ല പട്ടീമുണ്ടാവുമോ വഴീല്???"

"പയ്യെ അങ്ങ് അങ്ങ് ഓടിയാലോ?"- കൂടുതല്‍ ആലോചിച്ചില്ല, ആ ഇരുട്ടത്ത് ഒരൂഹം വച്ച് നേരെ അങ്ങ് ഓടി. വീടിന്റെ സിറ്റ് ഔട്ടിലേക്ക് കയറീതും ഗയിറ്റ്‌ ഇടിച്ചു പൊളിച്ചു ജിമ്മിയുടെ ബൈക്കും വന്നു കയറി.

"അളിയാ ജിമ്മീ നനഞ്ഞോ?"
"ഹഹ.. നനയാനിനി ഒരു സ്ഥലവും ബാക്കിയില്ല"- അവന്‍ കാര്‍ പോര്‍ച്ചിലേക്ക് വണ്ടി കയറ്റി.
"എന്തായാലും നീയാ താക്കോല്‍ ഇങ്ങെടുക്ക്"- ഞാന്‍ അവനോട് പറഞ്ഞു.
"ഓ നീ ഇത് വരെ വീട്ടില്‍ കയറീല്ലേ? ഏതായാലും ഞാനൊരു നമ്പര്‍ കാണിച്ചു തരാം, നോക്കിക്കോ"

ബൈക്കില്‍ നിന്ന്‍ ഇറങ്ങാതെ തന്നെ ഒരല്‍പ്പം ഏന്തി വലിഞ്ഞു അവന്‍ അടുത്തുള്ള ജനല്‍പ്പടിയില്‍ (ദൈവമേ ഇത് കള്ളന്മാരൊന്നും വായിക്കാന്‍ ഇട വരുത്തരുതേ) നിന്നു താക്കോല്‍ എടുക്കാനുള്ള ശ്രമം തുടങ്ങി.

"എടാ കുറെ നേരമായല്ലോ, നീ അത് തള്ളി വീടിന്റെ ഉള്ളിലേക്ക് തന്നെ ഇടുവോ?"  
"പിന്നേ... ഞാനിതു എത്ര വട്ടം ചെയ്തിത്തുള്ള..."
"കിലും !"
"അയ്യോ... അത് താഴെ പോയീന്നാ തോന്നണേ"
"എടാ മഹാപാപീ... നിന്‍റെ ഒടുക്കത്തെ സ്റ്റൈല്‍ കണ്ടപ്പഴേ ഞാന്‍ കരുതീതാ."
"അതിനിപ്പോ ഞാന്‍ എന്ത് ചെയ്യാനാ, താക്കോല്‍ വെച്ചവന്റെ കുഴപ്പമാ. ഈ മൂലയ്ക്കാണോ വയ്ക്കുന്നെ?"
"അതിന് ആരാ രാവിലെ ലാസ്റ്റ് പൂട്ടി പോയെ?"- ഞാന്‍ ചോദിച്ചു.
"ഓ അതും ഞാന്‍ തന്നെയാണല്ലോ. ഇനി എന്താ ഇപ്പോ ചെയ്യാ"- അവന്‍ തലയ്ക്കു കൈ കൊടുത്തു നിന്നു.

"ഒരു കാര്യം ചെയ്യ്, ഓണര്‍ടെ കൈയ്യില്‍ ഡ്യൂപ്ളിക്കേറ്റ് കീ ഉണ്ടാവും, അത് വാങ്ങാം നമുക്ക്"
"കൊള്ളാം, നല്ല ഐഡിയ. എന്നാ നീ പോയി വാങ്ങീട്ടു വാ"- ജിമ്മി പറഞ്ഞു.
പിന്നേ എനിക്ക് വയ്യ, നീയല്ലേ തട്ടി ഇട്ടേ- ഞാന്‍ ഒഴിഞ്ഞു.

എങ്കിലും അവസാനം 'ഒരു ജ്യൂസ്‌ വാങ്ങിത്തരാം' എന്ന അവന്‍റെ വാഗ്ദാനത്തില്‍ ഞാന്‍ വീണ്ടു. അങ്ങനെ ഞങ്ങള്‍ രണ്ടാളും കൂടിപ്പോയി താക്കോല്‍ കൊണ്ടു വന്നു അകത്ത് കയറി. അപ്പഴും കറന്റ്‌ വന്നിരുന്നില്ല. പഴയൊരു ഓര്‍മ വച്ച് അവന്‍ അടുക്കളയില്‍ നിന്നു ഒരു മെഴുകുതിരി കണ്ടെടുത്തു കത്തിച്ചു.

"ഹോ എന്തൊരു ആശ്വാസം"- പാതി നനഞ്ഞ ഷര്‍ട്ട്‌ ഞാന്‍ വലിച്ചൂരി. ആ ഞൊടിയിടയില്‍ തന്നെ കുളിച്ച് കള്ളിമുണ്ടും ഷര്‍ട്ടുമിട്ടു ജിമ്മി ഫുഡ്‌ അടിക്കാന്‍ റെഡി ആയി എത്തിക്കഴിഞ്ഞിരുന്നു.

"ബാ ഇങ്ങിട് ഇരി"- കുറെ പത്രക്കടലാസ്സു നിലത്തു വിരിച്ചു അവന്‍ തീന്‍മേശ ശരിയാക്കി. തുറന്നിട്ട വാതിലില്‍ കൂടി വീശിയടിച്ച കാറ്റില്‍ പെടാതിരിക്കാന്‍ അവന്‍ മെഴുകുതിരി കുറച്ചു നാളായി പണിമുടക്കി നില്‍ക്കുന്ന TV ക്ക് മേലേക്ക് വച്ചു.

"എങ്ങനെ ഉണ്ട് എന്‍റെ കാന്റില്‍ ലൈറ്റ് ഡിന്നര്‍ സെറ്റപ്പ് ?"- ജിമ്മി ചോദിച്ചു.
"കൊള്ളാം, പക്ഷെ  അത് നിന്‍റെ കൂടെ ആയിപ്പോയതിലേ വിഷമമുള്ളൂ"
"നിന്‍റെ ഒരു സ്റ്റാന്‍ഡേര്‍ഡ് വച്ച് ഞാന്‍ തന്നെ കൂടുതലാ"
"ഹ ഹ... അത് കൊള്ളാം"

"ങാ അത് വിട്, നീ എന്താ വാങ്ങിയേ?"- ജിമ്മി അടുത്ത വിഷയമിട്ടു.
"ദോശ"
"ദോശേം?"
"കടല. നീയോ?"
"ഞാന്‍ പൊറോട്ട & ചിക്കന്‍ കറി. ആ മാളൂസ് ലെ നല്ല ബെസ്റ്റ് കറിയാ !"
"എടാ എന്നാലും നീ 55 രൂപ കറിക്ക് മാത്രം മുടക്കാറായോ? പണ്ട് MCA ക്കാലത്ത് വെള്ളയംബലത്തെ 'അമ്മ' ഹോട്ടലില്‍ കഞ്ഞിയുടെ വില 8 ല്‍ നിന്നു 10 ആക്കീപ്പോ ഡിന്നര്‍ ഒന്നരാടം ആക്കിയവനല്ലേ നീയ് !"
"അത് അന്തക്കാലം, അന്നേരം കൈയ്യില്‍ കാശുണ്ടോ?"
"ഇപ്പഴോ?"
"അതൊരു ചോദ്യമാണ്..."

ഒന്നും രണ്ടും പറഞ്ഞു ഏകദേശം ഒരു 1/2 മണിക്കൂര്‍ എടുത്തു കഴിച്ച് തീരാന്‍...

"വിശപ്പ്‌ മാറീല്ലല്ലോ അളിയാ"- നിരാശയില്‍ ഞാന്‍ വയറു തടവി.
"എനിക്കും..."
"ഹോ വീട്ടിലാരുന്നേല്‍ പിന്നേം കിട്ടിയേനെ"
"അതിപ്പോ പറഞ്ഞിട്ടെന്തു കാര്യം, വാ നമുക്ക് വെള്ളം കുടിക്കാം..."

അങ്ങനെ എല്ലാ കടലാസ് കഷണങ്ങളും പ്ളാസ്റ്റിക്ക്  കവറുകളും ചുരുട്ടി എടുത്ത് ഞങ്ങള്‍ അടുക്കളയിലേക്ക് നീങ്ങി.

"ഇത് നമ്മള്‍ കഴിച്ചതിലും കൂടുതല്‍ ഉണ്ടല്ലോ കൈയ്യില്‍"
"ഹഹ.. അത് ശരിയാ"
പുറം വാതില്‍ തുറന്നു വേസ്റ്റ് ഒക്കെ ഇരുളിലേക്ക് (അടുത്ത പറമ്പിലേക്ക് എന്ന് തിരുത്തി വായിക്കണം) വലിച്ചെറിഞ്ഞതിനു ശേഷം തിരിച്ച് ഹാളിലെത്തി. സാധാരണഗതിയില്‍ അവന്‍ അവന്‍റെ മുറിയിലേക്കും ഞാന്‍ എന്‍റെ മുറിയിലേക്കും പോകേണ്ടതാണ്. പക്ഷെ തുറന്നിട്ട വാതിലിലൂടെ അരിച്ചു കയറിയ തണുത്ത കാറ്റ് വല്ലാതെ മോഹിപ്പിച്ചു, ഞാന്‍ പുറത്തേക്ക് നീങ്ങി. ഷൂസുകള്‍ അലക്ഷ്യമായി ഇട്ടിരുന്ന സിറ്റ് ഔട്ടില്‍ ചുമ്മാ ഇരുന്നു. ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോ ഒരു കസേരയും എടുത്ത് ജിമ്മിയും എത്തി.

മഴ നന്നായി പെയ്യുകയാണ് മുറ്റത്ത്‌. ഞാനോര്‍ത്തു- ജീവിതത്തില്‍ ഏറ്റവും ഇഷ്ടമുള്ള ഒന്നാണിത്- മഴ. പക്ഷെ എത്ര കാലമായി ഇങ്ങനെ ഒരിത്തിരി നേരം ഇരുന്നു മഴ ആസ്വദിച്ചിട്ടു? പണ്ട്... അതായത് 10 ആം ക്ളാസ്സ് വരെ, 2 മാസം വെക്കേഷന്‍ എന്ന് പറഞ്ഞാല്‍ അത് മുഴുവന്‍ തൊടുപുഴ ആയിരുന്നു- അമ്മയുടെ വീട്ടില്‍. എങ്കിലും മഴ എത്തുക സ്കൂള്‍ തുറക്കുന്നതിനു മുന്‍പ് കൃത്യം ഒരാഴ്ച മുന്‍പ് മാത്രമാണ്. അന്നേരം വെള്ളം വന്നു നിറയുന്ന പാടങ്ങളിലേക്ക് പുഴയില്‍ നിന്ന് മീന്‍ കയറും (ഊത്ത കയറും എന്ന് നാട്ടു ഭാഷ). രാത്രി, മഴയത്ത് പെട്രോമാക്സ് തെളിച്ചു അമ്മാവനോടൊത്തു വരമ്പത്തൂടെയുള്ള കുഞ്ഞു യാത്രകള്‍... ഒരു മീനെങ്കിലും കിട്ടിയാല്‍ അതിന്റെ വലിയ ആഹ്ളാദം...

കോളേജ് ലെ ഓര്‍മകളും കുറവല്ല. കിണ്ണനോടും pk യോടും ഒപ്പം ക്ളാസ്സില്‍ നിന്ന് വീട് വരെ പെരുമഴയത്ത് നടക്കുമായിരുന്നു മിക്കപ്പോഴും. മുട്ടോളം വെള്ളം കയറിക്കിടന്ന നഗരത്തിലെ ആ വഴികള്‍ ഒരു തടസ്സമായി തോന്നിയിട്ടില്ല ഒരിക്കലും . മറ്റൊരു മഴയത്ത്, അതേ പാതയിലൂടെ തന്നെ എന്‍റെ പ്രിയപ്പെട്ടവളോടൊത്തു ഒരു നടത്തം... 
അവളുടെ കൈയ്യില്‍ ഉണ്ടായിരുന്നത് ഒരു കൊച്ചു കുട ആയിരുന്നിട്ടും അന്ന് പക്ഷെ ഞാനൊട്ടും നനഞ്ഞില്ല... പിന്നീട് ദൂരത്തായെങ്കിലും ഇടയ്ക്കെന്നോ മെസേജ് അയച്ചിട്ടുണ്ട് അവള്‍ക്ക് - "mazha peyyanu ivde... miss u..."- യാതൊരു പ്രയോജനവും ഇല്ലാത്ത ഓര്‍മകളില്‍ കൂടി ഞാന്‍ വെറുതെ സഞ്ചരിച്ചു കൊണ്ടിരുന്നു...

പെട്ടെന്നാണ് ഒരു അശരീരി കേട്ടത്-

"പെണ്ണെന്നു പറയുന്നത് ഒരു ചാറ്റല്‍ മഴ പോലാണ്.
ദൂരെ നിന്നു കാണാന്‍ നല്ല ഭംഗിയാണ്,
അടുത്തു വന്നാല്‍ സുഖമുള്ള കുളിരാണ്, പക്ഷെ,
നനഞ്ഞാല്‍ അറു ബോറാണ് !"

നോക്കുമ്പോ ജിമ്മിയുടെ വകയാണ് ഡയലോഗ് - "ദൈവമേ അവനെന്റെ മനസ്സ് വായിച്ചോ?"

"അളിയാ, നീ എന്താ ഇപ്പോ പറഞ്ഞേ?"
"ങേ, എന്ത്.. ഞാനെന്ത് പറഞ്ഞു?"
"ഇല്ലാ ഒന്നുമില്ല, നീ എന്തോ പറഞ്ഞ പോലെ എനിക്ക് തോന്നി."
"യേയ്, ഞാനൊന്നും പറഞ്ഞില്ല"

അവനും എന്നെപ്പോലെ തന്നെ എന്തൊക്കെയോ മണ്ടന്‍ ഓര്‍മകളില്‍ മുഴുകി ഇരിക്കയാണ്.. ഹഹ.. ഇരുന്നോട്ടെ, ശല്യപ്പെടുത്തണ്ട.

പിന്നെ എപ്പോഴാണ് ഞാനൊരു ഒരു IT ക്കാരന്‍ ആയത്? എങ്കിലും അതോടെ വെയിലും മഴയുമൊക്കെ വിട്ടു. രാവിലെ ചില്ലുകൊട്ടാരത്തില്‍ ജോലിക്ക് കേറിയാല്‍ പുറത്ത് എന്താണോ, ഒന്നും അറിയില്ല... അറിയേണ്ട ആവശ്യമില്ല എന്നതാകും ശെരി. മൊത്തത്തില്‍ ജീവിതത്തില്‍ ആകെ ഒരു തിരക്ക് പടര്‍ന്നു കയറി, പക്ഷെ എങ്ങോട്ടാണ് ആ ദ്രുതയാത്ര എന്ന് മാത്രം തിരിച്ചറിയാന്‍ പറ്റുന്നില്ല...

ഫേസ്ബുക്ക് ഉള്ളത് ഭാഗ്യം, പഴയ ഫ്രണ്ട്സിനോടൊക്കെ അല്ലേല്‍ എങ്ങനാ ഒന്ന് മിണ്ടുന്നത്. എന്തിനു പഴയതെന്നു പറയുന്നു, ഇപ്പൊ ഉള്ളവരോടും നേരില്‍ സംസാരിക്കാന്‍ എനിക്ക് വല്യ പിടിയില്ല. ഓഫീസില്‍ ഒരു ദിവസം മുഴുവന്‍ ഒന്നിച്ച്  ഇരിക്കുന്ന സെന്തിലിനോടും, സുബിനോടുമെല്ലാം വിശേഷങ്ങള്‍ പറയുന്നതും അന്യോന്യം പാരകള്‍ വച്ചു കമന്റ്‌ എഴുതുന്നതുമെല്ലാം ഇപ്പൊ രാത്രി വീട്ടില്‍ വന്നതിനു ശേഷമാണ്. ഒരു സിനിമ കണ്ടാല്‍ അഭിപ്രായം പറയാന്‍ , ഇന്ത്യയുടെ ക്രിക്കറ്റ്‌ കളി പാതി വഴിയെത്തിയാല്‍ അതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍... ഒന്നിനും ഇപ്പൊ വീടിനു വെളിയില്‍ ഇറങ്ങണ്ട.

വീട്ടില്‍ ചെല്ലുമ്പോ കമ്പ്യൂട്ടര്‍ന് മുന്നില്‍ ചടഞ്ഞു ഇരുന്നാല്‍ അച്ഛന്‍ ആദ്യം വന്നൊന്നു നോക്കി പോകും, രണ്ടാമത്തെ വരവില്‍ ചോദിക്കും- "ഓഫീസില്‍ എല്ലാ ദിവസവും മുഴുവന്‍ സമയോം ഇതിനു മുന്നിലല്ലേ, ഇവടെ വന്നാലും എന്ത് നോക്കാനാ നിനക്ക്?"
ഞാന്‍ ശ്രദ്ധിക്കാറില്ല ആ വാക്കുകള്‍- "അച്ഛന് ഇതൊന്നും അറിയാതോണ്ടാല്ലേ... ക്ഷമിച്ചേക്കാം."

മഴത്തുള്ളികള്‍ എന്‍റെ മേത്തേക്ക് വീശി അടിച്ചപ്പോ ഞാന്‍ എണീറ്റു. തല നനഞ്ഞിട്ടുണ്ട് ചെറുതായി. വീട്ടിലായിരുന്ണേല്‍ ബാക്കി പണി അമ്മയുടെതാണ്. പുറകെ നടന്നു തലതോര്‍ത്തലും, ഒപ്പം ഫ്രീ ആയി കുറെ ഉപദേശങ്ങളും... ഹഹ... ഞാന്‍ അപ്പൊ തന്നെ ഫോണ്‍ എടുത്ത് അമ്മയെ വിളിച്ചു. പക്ഷെ ടി.വി യില്‍ 'ദേവീമഹാത്മ്യ' ത്തിന്റെ ടൈം ആയതോണ്ട് അമ്മ പറഞ്ഞു- "ഞാനൊരിത്തിരി ബിസിയാ, നിന്‍റെ അച്ഛന് കൊടുക്കാം"

അച്ഛനോടും പിന്നെ ചേട്ടനോടും ഏറെ സംസാരിച്ചു. അത് കൊണ്ടും നിര്‍ത്തിയില്ല ഞാന്‍. ആ ഒറ്റ ഇരിപ്പിന് ഏഴോ എട്ടോ പേരെ വിളിച്ചു. നാട്ടിലെ കൂട്ടുകാര്‍, ബന്ധുക്കള്‍... അങ്ങനെ. എല്ലാരുടേം ആദ്യത്തെ ചോദ്യം ഏതാണ്ട് ഒരേ പോലൊക്കെ തന്നാരുന്നു- "ആ ഇതെന്താ പതിവില്ലാതെ?", "അല്ലാ നീ ജീവിച്ചിരുപ്പുണ്ടോ?".

അല്ലാ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ഞാന്‍ മാത്രമാണ് അകന്നത്. ഇവരെ ഒക്കെ ഒന്ന് വിളിച്ചിട്ട്... ഒഴിവു സമയമാണേല്‍ പോലും നാട്ടില്‍ ഒരു കല്യാണത്തിന് പോയിട്ട്... എത്രയായി? - സമയക്കുറവാണ് എല്ലാത്തിനും കാരണം !

"സമയക്കുറവ്"- അങ്ങനെ ഒന്നുണ്ടോ?- ഞാന്‍ സൂരജ് ചേട്ടനെ ഓര്‍ത്തു. എന്‍റെ കൂടെ ബാന്‍ഗ്ളൂരില്‍ ഉണ്ടാരുന്നതാണ്. പുള്ളി എന്നും ഉച്ചക്ക് വീട്ടിലേക്ക് ഫോണ്‍ വിളിക്കുമായിരുന്നു. "എന്താ ചേട്ടാ ഇത്ര സംസാരിക്കാന്‍ ?"- മറ്റു പലരോടുമൊപ്പം ഞാനും കളിയായി ചോദിച്ചിട്ടുണ്ട്.

"ഞാന്‍ അധികവും കേള്‍ക്കാറെ ഉള്ളു- കാലത്ത് പാല്‍ക്കാരന്‍ വൈകിയത്, അടുത്ത വീട്ടിലെ സുനിക്കുട്ടന് സൈക്കിള്‍ ഓവറോള്‍ ചെയ്യാന്‍ പൈസ കൊടുത്തത്... അങ്ങനെ ഒരു കൂട്ടം കാര്യങ്ങള്‍. കേട്ടിട്ട് മിക്കപ്പോഴും എനിക്ക് കാര്യമൊന്നുമില്ല, പക്ഷെ എന്നോട് മാത്രമേ അമ്മയ്ക്കത് പറയാന്‍ ഉള്ളു. So, ഈ ഒരു 10 മിനിറ്റേലും ഞാന്‍ കൊടുക്കണ്ടേ"- ഇതാരുന്നു പുള്ളീടെ മറുപടി.

ശെരിയാണ്... ഓണ്‍ലൈന്‍ കൂട്ടുകാരുടെ എണ്ണം ഒരു വശത്ത് കൂടീപ്പഴും പിന്നിട്ട വഴികളിലേക്കും അവിടെ എനിക്കായ് കാത്തു നിന്നവരെയും അറിഞ്ഞോ അറിയാതെയോ ഞാനും ഓര്‍ക്കാന്‍ വിട്ടു പോയി. 
ഇനിയും കുരുക്ക് മുറുകും മുന്‍പ് ഈ ഇന്റര്‍നെറ്റ്‌ വലയില്‍ നിന്ന് പുറത്ത് ചാടണം. പ്രത്യേകിച്ചൊരു ലക്‌ഷ്യം കുറിക്കാതെ ചാടിപ്പുറപ്പെട്ടിരുന്ന ആ കൊച്ചു യാത്രകളിലേക്ക്... കാലത്തെയുണ്ടായിരുന്ന ഷട്ടില്‍ കളിയിലേക്ക്(ഇപ്പഴേ അലാറം വച്ചേക്കാം, നാളെ പോവാനുള്ളതല്ലേ!)... 'mathrubhumi.com'ല്‍ നിന്ന് 'മാതൃഭൂമി' യിലേക്ക്... ഒക്കെ... ഒക്കെ ഒരു തിരിച്ച് പോക്ക് വേണം.

എനിക്കെന്നെ കുറിച്ച് തന്നെ ചെറിയൊരു അഭിമാനം തോന്നി-"വേറെ ആര് ചിന്തിക്കും ഇപ്പഴത്തെ കാലത്ത് ഇങ്ങനെയൊക്കെ!"- തിരിച്ചറിവിന്റെ ആ വെളിച്ചത്തില്‍ അല്‍പ്പനേരം കൂടി ഞാന്‍ അവിടെ തന്നെ ഇരുന്നു.

പെട്ടന്നാണ് അകത്തൂന്ന് ജിമ്മിയുടെ ശബ്ദം കേട്ടത്- "ഹൊയ് ഹൊയ്  കറന്റ് വന്നേ !!!". ഇതിനിടേലെപ്പഴോ അവന്‍ അകത്തേക്ക് പോയത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഞാനും ഒട്ടും സമയം പാഴാക്കിയില്ല, സിറ്റ് ഔട്ടീന്നു ചാടി എണീറ്റു.

"ലാപ്പ് ഓണ്‍ ചെയ്യട്ടെ... ഫേസ് ബുക്കില്‍ ആരുടെയേലും updates വന്നിട്ടുണ്ടേലോ. ഒരു പത്തു മിനിറ്റ്... അതില്‍ കൂടില്ല, ഉറപ്പ് !".

:)
അനില്‍സ്