Friday, December 25, 2009

'ഇവിടം സ്വര്‍ഗം ആണ്' - മണ്ണിന്റെ മണമുള്ള ചിത്രം !

ഇന്ന് 'ഇവിടം സ്വര്‍ഗം ആണ്' കണ്ടു- കുറച്ച് നാളത്തെ കാത്തിരിപ്പിന് ശേഷം ലാലേട്ടന്റെ പക്കല്‍ നിന്നു ഒരു നല്ല പടം !
 

കാലത്താണ് X'mas പ്രമാണിച്ച് നാട്ടില്‍ എത്തിയെ, വന്നു food ഉം കഴിച്ച് നേരെ വിട്ടു theatre ലേക്ക്. അവിടെ ആണേല്‍, മോര്‍ണിംഗ് ഷോ കഴിഞ്ഞു ഇറങ്ങിയ ആളുകള്‍ "ജയ് ലാലേട്ടന്‍" വിളികളുമായ് തകര്‍ക്കുകയായിരുന്നു. MFA ന്റെ flex ഉം banner ഉം ഒക്കെയായ് മൊത്തത്തില്‍ ഒരു ഉത്സവാന്തരീക്ഷം. പടവും ഒട്ടും മോശമാക്കിയില്ല- സമകാലീന പ്രസക്തിയുള്ള, എന്നാല്‍ നമ്മള്‍ തീരെ അങ്ങട് ശ്രദ്ധിക്കാത്ത ഒരു വിഷയം- ഭൂ മാഫിയയുടെ കളികള്‍. അത് ലളിതമായ് ഒരു മാത്യൂസ്‌ ന്‍റെയും, ജെര്മിയാസ് ന്‍റെയും ആലുവ ചാണ്ടിയുടെയും കഥാപാത്രങ്ങളിലൂടെ റോഷന്‍ ആണ്ട്രൂസും ജയിംസ് ആല്‍ബര്‍ട്ടും വരച്ചു കാട്ടി.  

പടത്തിന്റെ highlight മോഹന്‍ലാല്‍ ന്റെ performance തന്നെ. 'Angel John' ലും 'Bhagavan' ലും ഒക്കെയായി കുടുങ്ങി കിടന്നിരുന്ന ലാലേട്ടന്റെ ശക്തമായ ഒരു തിരിച്ച വരവാണ് ഈ ചിത്രം. പ്രത്യേകിച്ച് 1st half ലെ humorous ആയ part. തന്‍റെ ആ പഴയ charm ഇനിയും ബാക്കി ഉണ്ടെന്നു തെളിയിക്കുന്നതായി അത്. ജഗതിയും, ലാലു അലക്സ്‌ ഉം എല്ലാരും തങ്ങളുടെ role കളോട് നീതി പുലര്‍ത്തി. (തിലകനും, ശങ്കര്‍ നും, പിന്നെ 3 നായികമാര്‍ക്കും special ആയി എന്തെങ്കിലും അഭിനയ മുഹൂര്‍ത്തങ്ങള്‍ ഉണ്ടെന്നു തോന്നിയില്ല. എങ്കിലും വന്നും പോയ ഓരോരുത്തര്‍ക്കും അവരവരുടെ പ്രാധാന്യം ഉണ്ടായിരുന്നു പടത്തില്‍)  

തന്‍റെ മുന്‍ ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായ ഒരു attempt ന് റോഷന്‍ ആണ്ട്രൂസ് ശ്രമിച്ചിരിക്കുന്നു ഇവിടെ. അതില്‍ അഭിനന്ദനങ്ങള്‍. എങ്കിലും ക്യാമറ അല്‍പ്പം കൂടി ശ്രദ്ധിക്കാമായിരുന്നു എന്ന് തോന്നി film കണ്ടപ്പോള്‍. 'UT' ലും 'നോട്ടുബുക്ക്' ലും മറ്റും കണ്ട ആ ഒരു ദൃശ്യ പൊലിമ ഇതില്‍ കാണാന്‍ കഴിഞ്ഞില്ല, അതിനുള്ള സാദ്ധ്യതകള്‍ ഏറെ ഉണ്ടായിട്ടും !. പിന്നെ, പടത്തില്‍ ഒരു പാട്ട് പോലും ഉള്‍പ്പെടുത്തിയിട്ടില്ല. അത് ശരി ആയോ തെറ്റ് ആയോ എന്ന് എനിക്ക് കൃത്യം അറിയില്ല. But overall, I enjoyed the movie a lot and for sure, it'll be a super hit of 2009 ! 

Congrats 2 the team !

Movie- 8/10 
Mohanlal- 9/10 
Theme- 9/10

Tuesday, December 1, 2009

പൊന്നമ്മ ടീച്ചര്‍ക്ക് സ്നേഹപൂര്‍വ്വം...

കാലത്ത് ഓഫീസ് ലേക്ക് നടക്കുന്നതിനിടെയാണ് പതിവില്ലാതെ ഗോകുല്‍ വിളിച്ചത്. എന്‍റെ ചെറുപ്പം മുതല്‍ക്കേ ഉള്ള കൂട്ടുകാരനാണവന്‍. സ്കൂളിലും ഞങ്ങള്‍ ഒന്നിച്ചാരുന്നു.

ഞാന്‍ ഫോണ്‍ എടുത്തു- "എന്താ അളിയാ?"
"നീ എവിടെയാ ഇപ്പോ?"- അവന്‍ ചോദിച്ചു.
"ഞാന്‍ ബാംഗ്ലൂര്‍, എന്ത്യേ?"

"നീ ഞാനയച്ച മെസ്സേജ് കണ്ടാരുന്നോ ഇപ്പോ?"
"ഇല്ല"
"എങ്കില്‍ അത് നോക്ക്"
"നീ കാര്യം പറയെടാ,  ഇനി അതൊക്കെ തുറന്നു നോക്കണ്ടേ !"
"ഇല്ല, നീ വായിക്കത് ആദ്യം."
"ശെരി.."- ഞാന്‍ മെസ്സേജ് ഓപ്പണ്‍ ചെയ്തു.

"Our old Settlement Headmistress Ponnamma teacher passed away !"

ഞാന്‍ വീണ്ടും ഫോണ്‍ എടുത്തു. പെട്ടെന്നൊന്നും പറയാന്‍ എനിക്ക് വാക്കുകള്‍ കിട്ടിയില്ല. എങ്കിലും..

"അളിയാ വായിച്ചു.."
"ഉം.. ഞാന്‍ പത്രത്തില്‍ കണ്ടാ അറിഞ്ഞേ. ഇന്ന് കാലത്ത് 10 മണിക്ക്  UC കോളേജ് കോമ്പൌണ്ടില്‍ വച്ചാ ചടങ്ങൊക്കെ.  നീ   നാട്ടില്‍ ഉണ്ടാരുന്നേല്‍ ഒന്നിച്ചു പോവാംന്നു കരുതിയാ വിളിച്ചെ.. ഇനിയിപ്പോ ഏതായാലും.."

നീ നമ്മുടെ പിള്ളേരെ ഒക്കെ ഒന്ന് അറിയിചേരെ "
"ok.."

"നല്ല ടീച്ചര്‍ ആയിരുന്നല്ലെടാ..??"- ഫോണ്‍ വയ്ക്കുന്നതിനു മുന്പ് അവന്‍ ഒന്നൂടെ ചോദിച്ചു.
"ശെരിക്കും !"- അതിന് മറുപടി പറയാന്‍ എനിക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടിയിരുന്നില്ല .

5 മുതല്‍ 10 വരെ ഞാന്‍ പഠിച്ചിരുന്ന "The Alwaye Settlement High School"- റബ്ബര്‍ മരങ്ങളും കന്നാര ചെടികളും ഒക്കെ അതിര് കാക്കുന്ന, ഏകദേശം 100 ഏക്കറോളം സ്ഥലത്തിന് നടുവില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന സ്കൂള്‍.. അവിടുത്തെ Head Mistresss ആയിരുന്നു പൊന്നമ്മ ടീച്ചര്‍. മുഴുവന്‍ പേര് പൊന്നമ്മ ജോണ്‍. കണ്ടാല്‍ ഒരു Anglo-Indian സ്ത്രീ ആണെന്നെ പറയൂ, അത് പോലെ നന്നായി വെളുത്ത് തടിച്ച് മുടി ഒക്കെ bob ചെയ്ത രൂപം. കവിളൊക്കെ നല്ല റോസ് കളര്‍ ആരുന്നു. എപ്പഴും well dressed അല്ലാതെ ഞാന്‍ ടീച്ചറെ കണ്ടിട്ടില്ല.

10 ആം ക്ലാസ്സ്‌ ആയപ്പോ ഓഫീസ് റൂമിന്‍റെ തൊട്ടടുത്തായിരുന്നു ക്ലാസ്സ്‌. ഏതെങ്കിലും പീരീഡ്‌  ഫ്രീ ആകുമ്പോ ക്ലാസ്സില്‍ തുടങ്ങുന്ന കലപില ശബ്ദങ്ങള്‍ പൊന്നമ്മ ടീച്ചറിന്റെ വരവോടെ  നില്‍ക്കുമായിരുന്നു. കൈയ്യില്‍ ചൂരലും, Geography ടെ ഒരു ടെക്സ്റ്റ്‌ ബുക്കും കാണും ഒപ്പം..

ആ ചൂരലിന്റെ ചൂട് ഞാന്‍ ഒരുപാട് തവണ അറിഞ്ഞിട്ടുണ്ട്. company ടെസ്റ്റ്‌ ന്റെ സമയത്തൊക്കെ 'നിങ്ങള്‍ടെ + പോയിന്റ്‌ എന്താ?' എന്നുള്ള കോളത്തില്‍ വെണ്ടയ്ക്ക അക്ഷരത്തില്‍ 'punctuality' എന്ന് എഴുതുമായിരുന്നെലും ആ കാര്യത്തില്‍ ഞാനൊരല്‍പ്പം weak ആരുന്നു സ്കൂള്‍ സമയത്തും. 9:30 ക്ക് തുടങ്ങുന്ന 'ബിജോ സര്‍' ന്റെ കെമിസ്ട്രി സ്പെഷ്യല്‍ ക്ലാസിനു ബസ്‌ ഒക്കെ പിടിച്ച് ഞാനെത്തുമ്പോ മണി 9:45 ആകും.

"സര്‍..."- വാതിലിനു മുന്‍പില്‍ നിന്നു ദയനീയ ഭാവത്തില്‍ ഒരു വിളിയാണ്.
ബിജോ സര്‍ നു യാതൊരു ഭാവഭേദവും ഉണ്ടാവില്ല, എന്‍റെ area യിലേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ സര്‍ ക്ലാസ്സ്‌ തുടരും. (അല്ല പുള്ളിയെ പറഞ്ഞിട്ടും കാര്യമില്ല, എത്ര തവണ എന്ന് വച്ചിട്ടാ ക്ഷമിക്കുന്നെ !). അതിനര്‍ത്ഥം പുറത്ത് തന്നെ നിന്നോളാന്‍ ആണ്. പയ്യെ ഞാനെന്റെ ബാഗ്‌ നിലത്തോട്ട് വച്ച് ആ ഭിത്തിയില്‍ ചാരി നില്‍ക്കും. ക്ലാസ്സ്‌ കഴിയുമ്പോ ബിജോ സാറിന്റെ കൈയ്യീന്ന് അടി കിട്ടുമല്ലോ എന്നുള്ള ചിന്തയില്‍ നില്‍ക്കുമ്പോള്‍ ആയിരുക്കും, അപ്പുറത്ത് നിന്നു പൊന്നമ്മ ടീച്ചര്‍ റോന്ത് ചുറ്റാന്‍ ഇറങ്ങുന്നെ. കാരണം ഒന്നും ചോദിക്കലില്ല, തുടയില്‍ 2 അടിയാണ്.. ഒന്നും മിണ്ടാതെ അങ്ങ് പോവുകയും ചെയ്യും.. അടിയുടെ വേദനയെക്കാള്‍ അന്നേരം എന്നെ വേദനിപ്പിച്ചിരുന്നത്, അതൊക്കെ front ബെഞ്ചില്‍ ഇരിക്കുന്ന Rachel ഉം Siji യും ഒക്കെ കാണുന്നുണ്ടല്ലോ എന്നതാരുന്നു..

ഹ ഹ.. അതൊക്കെ ഇപ്പോ ആലോചിക്കാന്‍ ഒരു സുഖം.. ടീച്ചറെ കുറിച്ച് ഓര്‍ത്തപ്പോ പക്ഷെ വിഷമവും..

ഞാന്‍ മൊബൈല്‍ വീണ്ടും എടുത്തു- ആരെയാ അറിയിക്കേണ്ടത്? ഒരുപാട് പേരുടെ മുഖങ്ങള്‍ മനസ്സിലൂടെ വന്നു- എങ്കിലും ആകെ Haseen ന്‍റെയും Febin ന്‍റെയും മാത്രേ നമ്പര്‍ കൈയ്യിലുള്ളു. അതില്‍ Febin ന്റെ കല്യാണം ആരുന്നു കഴിഞ്ഞ ആഴ്ച. ഞാന്‍ Haseen നെ വിളിച്ചു കാര്യം ടീച്ചര്‍ ന്റെ പറഞ്ഞു.

അവനും ഓഫീസ് ലേക്കുള്ള യാത്രയില്‍ ആരുന്നു. ദൂരനാട്ടില്‍ ആയിപ്പോയാലുള്ള പ്രശ്നങ്ങളെ പറ്റി പറഞ്ഞതിന് ശേഷം അവന്‍ തുടര്‍ന്നു- "ഏതായാലും ബാപ്പയെ വിളിച്ച് അവിടം വരെ ഒന്ന് ചെല്ലാന്‍ പറയാം, ബാപ്പയും ടീച്ചര്‍ ന്റെ student അല്ലേ !"

"ആഹാ അങ്ങനേം ഒരു relation ഉണ്ടാരുന്നോ?- ഞാന്‍ ചോദിച്ചു.
"പിന്നില്ലാതെ.. അതല്ലേ പണ്ട് assembly ക്ക് എന്നെ എന്തോ പ്രശ്നത്തിന് തട്ടില്‍ കയറ്റി എല്ലാരുടെം മുന്‍പില്‍ വച്ച് ചോദിച്ചത്- "നിന്‍റെ ബാപ്പ എന്ത് നല്ല സ്വഭാവം ആരുന്നു, നീ എന്താ ഇങ്ങനെ ആയിപ്പോയെ?" ഹഹ.. അനവസരത്തില്‍ ആണെങ്കിലും  അവനും ഒരു ചിരി ചിരിച്ചു എന്നോടൊപ്പം. ഓര്‍മകളുടെ മധുരം എന്നൊക്കെ പറയാം..

കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് വച്ചെങ്കിലും എന്‍റെ മനസ്സ് അങ്ങ് ആലുവയില്‍, എന്‍റെ സ്കൂള്‍ ദിനങ്ങളില്‍ തന്നെ ആയിരുന്നു. കട്ട വെയിലത്ത് നടത്തിയിരുന്ന അസ്സെംബ്ലിയില്‍ HM ആയ പൊന്നമ്മ ടീച്ചര്‍  ഒരു തട്ടില്‍ കയറി നില്‍ക്കും. ആദ്യത്തെ ഐറ്റം അന്ന് ബനിയന്‍ ഇടാതെയും അല്ലെങ്കില്‍ വള്ളിചെരുപ്പ് ഇട്ടു വന്നവരേയും 'പൊക്കല്‍' ആണ്. എന്നും ഉണ്ടാവുമായിരുന്നു വരിവരിയായ് കുറെ വിപ്ലവകാരികള്‍.. അവര്‍ക്കുള്ള സമ്മാനം കൊടുത്തിട്ടേ ടീച്ചര്‍ ബാക്കി കാര്യങ്ങളിലേക്ക് കടക്കുകയുണ്ടായിരുന്നുള്ളു. Discipline ന്റെ കാര്യത്തില്‍ അത്ര strict ആരുന്നു ടീച്ചര്‍.


 10 ആം ക്ലാസ്സ്‌ തീരാറായപ്പോ  വന്നെത്തിയ TOUR.. ടീച്ചറെ ഞാന്‍ ഏറ്റവും ഓര്‍ക്കുന്ന സംഭവം ആ ടൂറിനിടയിലാണ്  നടന്നത്..

ക്ലാസിലെ ഏകദേശം എല്ലാരും തന്നെ വരുന്നുണ്ട് 'ബ്ലാക്ക്‌ തണ്ടര്‍' തീം പാര്‍ക്കിലേക്കുള്ള ആ ട്രിപ്പിന്. പൊന്നമ്മ ടീച്ചര്‍ തന്നെ ആരുന്നു ടൂര്‍ ഹെഡ്. പോകേണ്ട ദിവസത്തിന് തലേന്ന് ടീച്ചര്‍ ആദ്യ വെടി പൊട്ടിച്ചു- "എല്ലാരും യൂണിഫോം ഇട്ടു വേണം നാളെ ടൂറിനു പോരാന്‍, എങ്കിലേ discipline keep ചെയ്യാന്‍ പറ്റൂ !". അത് കേട്ടതും എല്ലാരും desp. എങ്കിലും ആ വാക്കുകള്‍ക്ക് എതിരെ പറയാന്‍ ആര്‍ക്കും ധൈര്യം ഉണ്ടാരുന്നില്ല..

അങ്ങനെ വെള്ള ഷര്‍ട്ടും, മെറൂണ്‍ പാന്റ്സും ഒക്കെ ഇട്ടു ഞങ്ങള്‍ ഓരോരുത്തര്‍ ആയി വണ്ടിയില്‍ കയറി.. ആദ്യമാദ്യം reserve ചെയ്ത് വച്ച സീറ്റില്‍ തന്നെ എല്ലാരും ഇരുന്നെലും പയ്യെ സീറ്റ്‌ ഒന്നും ആര്‍ക്കും വേണ്ടാതായി.. പാട്ടും ഡാന്‍സ് ഉം ഒക്കെയായി സീന്‍ ഉഷാറായി. front ലെ സീറ്റില്‍ മുട്ട് കുത്തി നിന്നു, ഞങ്ങളെ നോക്കി പൊന്നമ്മ ടീച്ചര്‍ അന്ന് പാടിയ ഇംഗ്ലീഷ് പാട്ടിന്റെ ഒരു വാക്ക് പോലും എനിക്കിപ്പോ ഓര്‍മയില്ലെങ്കിലും, ആ രംഗങ്ങള്‍ ഓരോന്നും എന്‍റെ മനസ്സില്‍ മായാതെയുണ്ട് .

അങ്ങനെ വണ്ടി ബ്ലാക്ക്‌ തണ്ടര്‍ എത്തി- എല്ലാരും ഡ്രസ്സ്‌ ഒക്കെ മാറ്റി ഓരോ ride കളില്‍ കയറി enjoy ചെയ്ത്  തുടങ്ങി. കുറച്ച് നേരം കഴിഞ്ഞപ്പോ ചായ കുടിക്കാന്‍ വേണ്ടി ഒരു കടയുടെ മുന്‍പില്‍ കൂടി എല്ലാരും. പെണ്‍കുട്ടികള്‍ ഒരു section- അവരുടെ ഹെഡ് ആയിട്ട് പൊന്നമ്മ ടീച്ചര്‍, കുറച്ച് മാറി ബിജോ സാറിന്റെ നേതൃത്തത്തില്‍ ഞങ്ങള്‍ ആണ്‍കുട്ടികളും. മൊത്തം വെള്ളത്തിലുള്ള rides ആയത് കൊണ്ട് ആകെ നനഞ്ഞ് ഒട്ടിയാണ് കൂട്ടത്തില്‍ ഏറ്റവും മെലിഞ്ഞ എന്‍റെ നില്‍പ്പ്, പോരാത്തതിന് നല്ല തണുത്ത കാറ്റും- ചൂടുള്ള ആ ചായ കുടിക്കുമ്പോഴും ഞാന്‍ ചെറുതായി വിറയ്ക്കുന്നുണ്ടാരുന്നു..

പെട്ടെന്നാണ് ഒരു വിളി കേട്ടത്- "ടാ അനിലേ.. ഇങ്ങു വന്നേ.."
നോക്കീപ്പോ പൊന്നമ്മ ടീച്ചര്‍ ആണ് വിളിക്കുന്നെ. ഞാന്‍ കാര്യമറിയാതെ അങ്ങ് ചെന്ന് ടീച്ചര്‍നു മുന്‍പില്‍ നിന്നു.

"ഇതെന്ത് കോലമാടാ?"
ഞാന്‍ എന്നെ തന്നെ ഒന്ന് നോക്കി- ഒരല്‍പം ലൂസ് ആണേലും പുത്തനൊരു മഞ്ഞ T-ഷര്‍ട്ടും, പിന്നെ എന്‍റെ തന്നെ നല്ലൊരു പാന്റ്സ് വെട്ടി തയ്ച്ച ബുര്‍മുടയും !-  ഇതിനെന്താ കുഴപ്പം?- ഞാന്‍ മനസ്സില്‍ ചോദിച്ചു. എങ്കിലും ടീച്ചര്‍നോട് ഒന്നും മറുപടി പറഞ്ഞില്ല.

പെട്ടെന്ന് ടീച്ചര്‍ ഒന്ന് മുന്നോട്ടാഞ്ഞ്‌ എന്‍റെ T-ഷര്‍ട്ട്‌ ന്റെ കഴുത്തിന്‌ പിടിച്ച് ഒരു താഴ്ത്ത്. എന്നിട്ട് ഒരു ചോദ്യമായിരുന്നു - "എന്തെങ്കിലും കഴിച്ച് ഇത്തിരിയെങ്കിലും ഒരു തടി  വയ്പ്പിചൂടെടാ?"

 എന്താ ചെയ്യണ്ടേ, അല്ലെങ്കില്‍ പറയേണ്ടേ എന്നറിയാതെ ഞാനൊന്നു പകച്ചു. നോക്കുമ്പോ ടീച്ചര്‍ നു പിന്നില്‍ ഇരുന്നു പെണ്‍കുട്ടികളൊക്കെ വന്‍ ചിരി. അന്നെനിക്ക് വല്ലാതെ ദേഷ്യം തോന്നി ടീച്ചറോട്‌. പക്ഷെ പിന്നീട് പലപ്പോഴും ഈ കാര്യങ്ങളൊക്കെ ആലോചിച്ചു ചിരിക്കുമ്പോ.. ആ വാക്കുകളിലെ സത്യസന്ധത ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്..

എങ്കിലും ഇന്നെനിക്ക് ചിരി വന്നില്ല, ഒന്നും തിരിച്ചറിയാനും കഴിഞ്ഞില്ല. നമ്മളെ ഒരുപാട് സ്നേഹിച്ചിരുന്ന ആ വ്യക്തി ഇന്ന് ജീവനോടെ ഇല്ല എന്നറിഞ്ഞതില്‍ പിന്നെ. അവസാന നാളുകളില്‍ തീരെ വയ്യാതെ കിടക്കുകയായിരുന്നു ടീച്ചര്‍ എന്ന് ആരോ പറഞ്ഞ് അറിഞ്ഞു. ഒന്ന് പോവേണ്ടതായിരുന്നു ആ അടുക്കല്‍- സാധിച്ചില്ല.. ഒരുപാട് കാലം കൂടി ഒന്ന് ഓര്‍ക്കുന്നത് തന്നെ ഇന്ന് കാലത്ത് ഈ വിവരം അറിഞ്ഞതില്‍ പിന്നെയാണ്.. പലതും വെട്ടിപ്പിടിക്കുമ്പോള്‍ ചില കാര്യങ്ങളെങ്കിലും മറന്നു പോവുന്നുണ്ടോ?- അറിയില്ല.. ഞാന്‍ പോലും അറിയാതെ എന്‍റെ കണ്ണുകള്‍ നിറഞ്ഞു..
















ടീച്ചര്‍ക്ക്.. ഒരുപാട് സ്നേഹത്തോടെ..  ഒരായിരം സ്നേഹപുഷ്പങ്ങള്‍..


അനില്‍, 30th Nov 2009