Sunday, October 18, 2009

ഒരു എലിക്കഥ !



ഓഫീസില്‍ ഇരുന്നിട്ട് ഒരു രക്ഷയുമില്ല. ഇന്നലെ തുടങ്ങിയ ചുമയാണ്, ഇപ്പഴും ദാ ഒരു കുറവും ഇല്ല.  ഞാന്‍ 'ടൈ' യുടെ കുടുക്ക് അഴിച്ചു- 'ഇനി ശ്വാസം കിട്ടാഞ്ഞിട്ടാനെങ്കിലോ !'

എന്തായാലും റൂമിലേക്ക്‌ പോവാന്‍ തീരുമാനിച്ചു ഞാന്‍. അതിന്‍റെ ആദ്യ പടി ആയി, എന്നും എനിക്ക് പണി തരുന്ന TL നോട്‌ ചാറ്റ് വഴി സമ്മതം വാങ്ങി. അടുത്തത്‌  PM ആണ്. നേരെ അവരുടെ  cubicle ല്‍ ചെന്ന് പറഞ്ഞു-

"Ahistha, I'm not feeling well.."
"What happened??"
"Cough is there, also heavy headache.. I'm not able to look in to monitors as well.." - PM നോട്‌ പറയാനുള്ള രോഗ വിവരങ്ങള്‍  ഒക്കെ നടക്കുന്നതിനിടക്ക് ഞാന്‍ മനസ്സില്‍ തര്‍ജ്ജമ ചെയ്തിരുന്നു.

"Is it H1N1? He he.."- PM ചോദിച്ചു.
"I don't know, കൂട്ടത്തില്‍ 2 ചുമയും'- അതാരുന്നു എന്‍റെ മറുപടി.
"Just kidding, you can leave Anil.."
"Ok thanks Ahistha"- വൈകിട്ട് ജിമ്മില്‍ ഇടാനായെടുത്ത കുപ്പായവും ഷൂസും ഒക്കെ പൊതിഞ്ഞ് കെട്ടി എടുത്ത് ഞാന്‍ ഓഫീസ് വിട്ടിറങ്ങി.

പോകും വഴി ആണ് 'രാമകൃഷ്ണ ഹോസ്പിറ്റല്‍'..
 "Cough is there, also heavy headache.."- PM നോട്‌ പറഞ്ഞ അതേ രോഗലക്ഷണങ്ങള്‍ വച്ച്  മരുന്നും വാങ്ങി അവിടുന്ന്. 'തണുത്തത് ഒന്നും കഴിക്കരുത്‌, ബസ്സില്‍ സൈഡ് സീറ്റില്‍ ഇരിക്കരുത്‌, AC, Fan ഒന്നും പാടില്ല..'- അങ്ങനെ കുറെ ഉപദേശങ്ങളും. എല്ലാത്തിനും കൂടി 400 രൂപയോളം ഫീസും വാങ്ങി അവര്‍.

* * *

ഒരു 10 മിനിറ്റ് നടക്കാനുണ്ട് റൂമിലേക്ക്‌. പോകും വഴി ഒരു പാക്കറ്റ് ബിസ്ക്കറ്റ്, മിനറല്‍ വാട്ടറിന്‍റെ ഒരു കുപ്പി.. അങ്ങനെ ഒരു രോഗിക്ക്‌ അത്യാവശ്യം വേണ്ട ഐറ്റംസ് ഒക്കെ വാങ്ങിയിരുന്നു ഞാന്‍.   പോയി  മരുന്നൊക്കെ കഴിച്ച്  സുഖമായി ഒന്നുറങ്ങണം'- അത് മാത്രമാരുന്നു അപ്പോഴത്തെ എന്‍റെ ചിന്ത.

റൂമിന്‍റെ വാതില്‍ തുറന്നു അകത്ത്‌ കയറി ഞാന്‍. കൈയ്യില്‍ ഉണ്ടായിരുന്ന പൊതികള്‍ താഴെ വയ്ക്കാതെ തന്നെ കൈയെത്തിച്ച് ലൈറ്റ് ഇട്ടു..

"ശൂം.." - ഒരു തടിയന്‍ എലി അതാ റോക്കറ്റ് വിട്ട പോലെ അടുക്കളയില്‍ നിന്ന് ബെഡ്റൂമിലേക്ക്‌ ഒരു ഓട്ടം. അതിനു substitute എന്ന പോലെ ഒരു കുഞ്ഞെലി അടുക്കളയിലേക്കും !

എന്താ ചെയ്യണ്ടതെന്നറിയാതെ കുറച്ച് നേരത്തേക്ക്‌ അതേ നില്‍പ്പ്‌ നിന്നു ഞാന്‍ .  എങ്ങനേലും ഒന്ന് കിടന്നാ  മതി എന്ന് കരുതി വന്നതാ.. ഹോ..

ആ, എന്ത് നോക്കാന്‍. നമുക്ക്‌ കിടന്നല്ലേ പറ്റൂ. എലിക്ക്‌ എലിയുടെ കാര്യം, നമുക്ക്‌ നമ്മുടെ കാര്യം- ഞാന്‍ റൂംമേറ്റ്‌ ആയ വിപിന്‍ ന്‍റെ കട്ടിലില്‍ ചവുട്ടി എന്‍റെ കട്ടിലിലേക്ക് ചാടി. ഫോണെടുത്ത്‌ അവനെത്തന്നെ വിളിച്ചു.

വൈകുന്നേരത്തെ ചായയും കുടിച്ച് cubicle mate മായ്‌ ചുമ്മാ കത്തി വച്ചിരിക്കുകയായിരുന്നു അവന്‍ അപ്പോ. നോക്കിയപ്പോഴാണ് പതിവില്ലാതെ എന്‍റെ call.

"ഹലോ.."
"ആ ഹലോ അളിയാ, ഇവിടാകെ എലി !"- ഞാന്‍ പറഞ്ഞു.
"എവിടെ ഓഫീസ് ലോ??"
"അല്ലെടാ ഇവിടെ നമ്മുടെ വീട്ടില്‍ !"
"വീട്ടിലോ?, എന്ത് പറ്റി ഈ നേരത്ത്?"
"ആകെ വയ്യെടാ.. അതോണ്ട് ഞാനുച്ച കഴിഞ്ഞിങ്ങു പോന്നു"
"എന്നിട്ട് മരുന്നൊക്കെ വാങ്ങിയോ?"
"ഉവ്വ്, ഗുളിക ഒക്കെ കഴിച്ച് ഒന്ന് കിടക്കാം ന്നു കരുതിയപ്പോഴല്ലേ.. ഈ എലി.."
"എന്നിട്ടെന്തായി?"
"എന്താവാന്‍, ഞാന്‍ തന്ത്രപരമായ്‌ കട്ടിലിന്‍റെ പുറത്ത്‌ കയറി കിടക്കുവാ. ഒരു സ്വയരക്ഷക്കായി താഴേക്ക്‌ ഞാന്നു കിടന്ന ബെഡ്ഷീറ്റ് ഒക്കെ വലിച്ച് മേലേക്കിട്ടു."
"അതെന്തിനാ?"
"അല്ല, എലി ഇനി അതേ തൂങ്ങി മേലോട്ട് കേറണ്ട !"
"നിന്‍റെ കട്ടില്‍ വായുവില്‍ ഒന്നുമല്ലല്ലോ? 4 കാലില്ലേ അതിന്, അതേ പിടിച്ച് കേറിക്കൂടെ എലിക്ക്‌?"
"എന്നാലും നമ്മളായിട്ട് ഒരു വഴി ഇട്ടു കൊടുക്കണ്ട എന്ന് കരുതി".
"കൊള്ളാടാ, വെയില്‍ കൊള്ളിക്കണ്ട നിന്‍റെ ബുദ്ധി !"- വിപിന്‍ എന്നെ ഒന്നാക്കി. 

"ടാ സീരിയസ് ആയിട്ടും.. അടുക്കളയില്‍ നിന്നു ദാ ഇപ്പഴും 'കിര് കിരാ' ന്നു ശബ്ദം കേള്‍ക്കാനുണ്ട്. ഇനീം ഉണ്ട്ന്നു തോന്നണു സംഭവം"- ഞാന്‍ പറഞ്ഞു.
"അതൊരു പക്ഷെ ഇന്നലെ sink ന്‍റെ pit ല്‍ ഞാനും ചെക്കനും (എന്‍റെ അടുത്ത റൂംമേറ്റ്) കൂടി കുടുക്കിയിട്ട എലിയാകും. അത് മുകളിലേക്ക്‌ കയരിപ്പോരാതിരിക്കാന്‍ 2 ഇഷ്ട്ടിക കഷണങ്ങളും വച്ചാരുന്നു മുകളില്‍.."
"ഓ ശരിയായിരിക്കും. ഞാനും കണ്ടാരുന്നു കാലത്ത്‌. ഇനി ഒരു പക്ഷെ ബാക്കി ഈ എലികള്‍ വന്ന അതിനെ രക്ഷിക്കാന്‍ നോക്കുവായിരിക്കുവോ? ഹി ഹി.."
"പോടാ.."
"എന്തായാലും ഞാനൊന്നു നോക്കട്ടെ" - ഫോണ്‍ കട്ട് ചെയ്തു ഞാന്‍.

* * *

വിപിന്‍ തന്‍റെ പ്രോജക്ട് ഡിസ്കഷന്‍ തുടര്‍ന്നു. അപ്പൊ ദാ വീണ്ടും ഫോണ്‍ അടിക്കുന്നു. (സംശയിക്കണ്ട, ഞാന്‍ തന്നെയാണ്)

"എന്താടാ??" വിപിന്‍ ചോദിച്ചു.
"അളിയാ, അത് തന്നെ !"
"എന്ത്?"
"നമ്മള്‍ സംശയിച്ചത് ശരിയാണ്. ഞാന്‍ പോയി നോക്കുമ്പോ ഒരെലി ചെന്ന് ആ ഇഷ്ടിക തള്ളി നീക്കാന്‍ നോക്കുവാ !"
"പിന്നേ.."
"ശരിക്കും.. ഇതുങ്ങള് തമ്മിലും communication ഒക്കെ ഉണ്ട്ടാ. ആ കുഴീല്‍ പെട്ട് കിടക്കുന്നതിനെ രക്ഷിക്കാന്‍ ബാക്കിയെല്ലാം കൂടി ടീം ആയിട്ട് വന്നേക്കുവാ !"
"ഓഹോ.. നീയൊരു വടിയെടുത്ത്‌ അതിനെ ഒക്കെ തല്ലിക്കൊല്ല്"- വിപിന്‍  പറഞ്ഞു.
"അല്ലാ, എലി.. ഞാന്‍.."
"പേടിയാണോ നിനക്ക്‌?"
"പേടിയൊന്നുമില്ല, എന്നാലും ഞാനിത്‌ വരെ എലിയെ കൊന്നിട്ടില്ല."
"ഛെ, നാണമില്ലേ നിനക്കിത്‌ പറയാന്‍. ഞാനോ ചെക്കനോ മറ്റോ ആയിരിക്കണമാരുന്നു... Rats are too silly mann.."
"എന്തായാലും നിങ്ങളാരേലും വാ.. ഞാനേതായാലും വയ്യാണ്ടായിപ്പോയി. അല്ലേല്‍ ഒരു കൈ നോക്കാരുന്നു."
"പോടാ ഇവ്ടുന്ന്, ഒന്നൂല്ലേലും 10-26 വയസ്സായില്ലേ. ഒരെലിയെപ്പോലും കൊല്ലാന്‍ ആവൂല്ലാന്നു വച്ചാല്‍.."- വിപിന്‍ വീണ്ടും.
"ടാ, വല്ലാണ്ട് തലവേദന എടുക്കുന്നു.. ഞാന്‍ കിടക്കട്ടെ.. എന്തായാലും ബെഡ്റൂം ന്‍റെ വാതില്‍ അടച്ചിട്ടുണ്ട് ഞാന്‍. അടുക്കളയില്‍ നിന്നു വല്ല എലിയും ഇനി ഇങ്ങട്‌ വരണ്ട."
"ആ ശരി എന്നാ, കിടന്നുറങ്ങ്."- വിപിന്‍ ഫോണ്‍ വച്ചു.

* * *

"ഒരെലിയെപ്പോലും കൊല്ലാന്‍ ആവൂല്ലാന്നു വച്ചാല്‍.."- വിപിന്‍റെ ആ വാക്കുകള്‍ എന്‍റെ ഹൃദയത്തില്‍ തറച്ചു. "അല്ലാ, ഒരു കൈ നോക്കിയാലോ?"- പെട്ടെന്ന് മനസ്സിലൂടെ കുറെ കാലം മുന്‍പത്തെ ഒരു സംഭവം ഓടി വന്നു. അതിലെയും ഇതിലെയും ജീവികളെ compare ചെയ്യാന്‍ പറ്റില്ല, എങ്കില്‍ പോലും..

അന്ന് ഞാന്‍ പ്രീ-ഡിഗ്രി ക്ക് പഠിക്കുന്ന കാലം. ഒരു ദിവസം അച്ചാച്ചന്‍ പെട്ടെന്ന് വന്നു വിളിച്ചു- "അരൂ, കണ്ണാ.. വേഗം വാ, അവിടെ ഗോപിയുടെ വീട്ടില്‍ ഒരു പാമ്പ്‌ കയറി. അകത്തൂന്ന് ആ ചൂരലും എടുത്തോ !" (FYI- ഇതില് 'ഗോപി' എന്ന് പറയുന്നത് എന്‍റെ അച്ഛന്‍റെ അനിയന്‍, 'അരുണ്‍' എന്‍റെ ചേട്ടന്‍, പിന്നെ 'കണ്ണന്‍' ഞാന്‍.)

കേട്ടപാടെ ചാടി ഇറങ്ങിയില്ലേ  ഞാനും ചേട്ടനും. അച്ചാച്ചന്‍ മുന്നിലും, ഞങ്ങള്‍ രണ്ടാളും  വടിയൊക്കെ  പിടിച്ച് പുറകെയും. 2 അടി നടന്നപ്പഴാ  ഓര്‍ത്തേ- "അല്ലാ, പാമ്പിനെ അല്ലേ കൊല്ലാന്‍ പോണേ.. എന്‍റെ അമ്മേ, മനസിലൂടെ ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞു അപ്പൊ. എന്തായാലും നടന്ന് ഇളയച്ഛന്റെ വീടെത്തി അപ്പഴേക്കും..

ഏറ്റവും പുറത്തായി ഗ്രില്ലിട്ട ഒരു റൂമിലാണ് ഒരു 'ചേര' കയറിയിരിക്കുന്നത്. വെളുത്തുള്ളി, മണ്ണെണ്ണ തുടങ്ങിയ നാടന്‍ രീതികള്‍ പരീക്ഷിച്ച് പരാജയപ്പെട്ട്  ഒരു 3-4 ആളുകള്‍ പുറത്ത്‌ നില്‍പ്പുണ്ട്. വടിയൊക്കെ പിടിച്ച് 'കടത്തനാടന്‍ അമ്പാടി' style ല്‍ അച്ചാച്ചനും പിള്ളേരും വരണ സീന്‍ കണ്ട് അവരൊക്കെ വഴി മാറി.

എന്ത് ചെയ്യണം എന്നൊരു പിടിയില്ല. അച്ചാച്ചനൊരു തുടക്കമിടുംന്നുള്ള പ്രതീക്ഷയില്‍ നോക്കിയപ്പോ- "പിന്നെ നിന്നെയൊക്കെ എന്തിനാടാ കൊണ്ട് വന്നേ??" എന്നാ ഭാവത്തില്‍ അച്ചാച്ചന്‍ ഇങ്ങട്‌ നോക്കുന്നു. പക്ഷെ ഭാഗ്യത്തിന് ചേട്ടന്‍ അല്‍പ്പം  ധൈര്യവാനായിരുന്നു. വലത്തേ കൈയ്യില്‍ വടി ചുഴറ്റി ചേട്ടന്‍ പയ്യെ മുന്പോട്ട് നീങ്ങി. ഗ്രില്ലില്‍ കൂടി നോക്കിയാല്‍  പാമ്പിനെ കാണാം. എല്ലാരും പ്രതീക്ഷിച്ചു- ഇപ്പോ ചേട്ടന്‍ അകത്ത്‌ കയറി  അതിനെ ഓടിച്ച് വിടും. പക്ഷെ സംഭവിച്ചത്‌ മറ്റൊന്നാണ്‌. പുറത്ത്‌ തന്നെ നിന്നോണ്ട് ചേട്ടന്‍ വടി കൊണ്ട്  ഗ്രില്ലില്‍ 4-5 അടി !. എന്നിട്ട് ഒരു ഡയലോഗും-

"പോടാ.. പോടാ.. ഇറങ്ങിപ്പോവാന്‍.."

പിന്നെ പാമ്പിനല്ലേ മലയാളം മനസ്സിലാവുന്നെ !. അനങ്ങി പോലുമില്ല അതവിടുന്ന് . എന്തായാലും തൊട്ടടുത്ത് workshop നടത്തുന്ന മോഹനന്‍ ചേട്ടന്‍ ആ വഴി അപ്പോ വന്നത് കൊണ്ട് രക്ഷപെട്ടു. പുള്ളി അകത്ത്‌ കയറി സംഭവത്തെ ഓടിച്ച് വിട്ടു.

* * *
ഈ കാര്യം ഓര്‍ത്തപ്പോ  ഞാനൊരു തീരുമാനം എടുത്തു- "വേണ്ട, ഇപ്പോ ഒരു സാഹസത്തിനു പോവണ്ട. എലിക്ക്‌ എലിയുടെ പാട്, നമുക്ക്‌ നമ്മുടെ..". ആ 4 മണി നേരത്തും ഞാന്‍ കമ്പിളിയെടുത്ത് തലവഴി മൂടി.

അപ്പോഴും അടുക്കളയില്‍ നിന്നു 'കിര് കിരാ..' ശബ്ദം കേള്‍ക്കുന്നുണ്ടാരുന്നു..

* * *

ഒരു 10 മിനിറ്റ് കഴിഞ്ഞിട്ടുണ്ടാവും- വിപിന്‍ ന്‍റെ മൊബൈലില്‍ വീണ്ടും എന്‍റെ കാള്‍- "Priyanka, 1 mintte.. I'll come in a while"- അവന്‍ സീറ്റില്‍ നിന്നു എണീറ്റ് pantry area യില്‍ ചെന്ന് ഫോണ്‍ എടുത്തു.

"എന്താടാ... എലി നിന്നെ പിടിച്ച് തിന്നോ???"
"അല്ലളിയാ.. ഞാന്‍ പറഞ്ഞില്ലേ ഇങ്ങോട്ട് യാതൊരു ശല്യവും ഉണ്ടാവാതിരിക്കാന്‍ ഞാന്‍ ബെഡ് റൂമിന്‍റെ വാതില്‍ close ചെയ്തൂന്ന്..."
"ഉവ്വ്.."
"അങ്ങനെ ഒന്ന് സമാധാനം ആയി കിടക്കുവാരുന്നു. അപ്പഴാ 'പട പടാ പടാ..' ന്ന് 4-5 മുട്ട് വാതിലില്‍. ഇവിടെ ബെഡ് റൂമില്‍ ഉണ്ടാരുന്ന ഒരെണ്ണത്തിനു  പുറത്തോട്ട് പോണം!. ആകെ desp ആടാ ഇവിടുത്തെ അവസ്ഥ. എന്‍റെ മനസമാധാനം ആകെ പോയി."
"ഹ ഹ ഹ.. നിനക്കിത്‌ തന്നെ വരണം. ഞാനപ്പഴേ പറഞ്ഞതല്ലേ.."
"എന്ത്?"
"എല്ലാത്തിനേം തല്ലിക്കൊന്നു പള്ളേല്‍ കളയാന്‍.."
"എന്തുവാടാ ഇത്? ഒരു സുഹൃത്ത് ഒരു ആപത്തില്‍ പെട്ട ഇരിക്കുംപോളാണോ ഇത് പോലെ ചങ്കില്‍ കൊള്ളുന്ന വര്‍ത്തമാനം പറയുന്നേ? നീ ഏതായാലും നേരത്തെ വരാന്‍ നോക്ക്, OK.."
"ശരി ഫോണ്‍ വയ്ക്ക്‌ നീയ്‌. ഇവ്ടെയേ മീറ്റിംഗ് തുടങ്ങാറായി,  bye. വിപിന്‍ ഫോണ്‍ കട്ട്‌ ചെയ്തു.

അപ്പഴും background ല്‍ അടുക്കളയില്‍ നിന്ന് തട്ടലിന്‍റെയും മുട്ടലിന്‍റെയും ശബ്ദം കേള്‍ക്കാരുന്നു. 'എന്നാലും ഈ എലികള്‍ക്കും ഇത്ര സ്നേഹമോ?'- നമ്മുടെ നാട്ടിലെ റോഡില്‍ വാട്ടര്‍ അതോറിട്ടിക്കാര്‍ കുഴിച്ച കുഴിയില്‍ വീണ ഒരു കാല്‍നടക്കാരനെയും അയാളെ പിടിച്ച് കയറ്റാന്‍  ശ്രമിക്കുന്ന നാട്ടുകാരുടെയും ഒരു ചിത്രം എന്‍റെ മനസ്സില്‍ തെളിഞ്ഞു. എന്നാലും ഇവിടെ ഇപ്പോ ഇത്.. എലിയല്ലേ..

ഒരു 2 മിനിറ്റ് ഞാന്‍ ആലോചിച്ചു, പിന്നെ എണീറ്റു. നേരെ പോയി ഊരി വച്ചിരുന്ന ഷൂസ് കാലില്‍ എടുത്തിട്ടു, ചെന്ന് TV യുടെ സൈഡില്‍ വച്ചിരുന്ന  ഒരു വിക്കറ്റ് ഉം  കയ്യിലെടുത്തു. എവിടുന്നാണ് അപ്പഴാ ധൈര്യം എനിക്ക് വന്നു ചേര്‍ന്നത് എന്നറിയില്ല. എങ്കിലും അടുക്കളയെ ലക്ഷ്യമാക്കി ഞാന്‍ നടന്നു.

അവിടെ വേറെ ബഹളങ്ങള്‍ ഒന്നുമുണ്ടാരുന്നില്ല അന്നേരം. ഒരു 5 അടി ദൂരെ നിന്ന് വിക്കറ്റ് കൊണ്ട് പയ്യെ ആ pit ന്‍റെ അടപ്പ്‌ തള്ളി നീക്കി. എന്നിട്ട് ചില സിനിമകളുടെ അവസാനം നായകന്‍ വില്ലനെ നോക്കി പറയും പോലെ ഒരു ഡയലോഗും- "പോ, എവ്ടെലും പോയി ജീവിക്ക്‌. ഇനി എന്‍റെ കണ്‍വെട്ടത്ത് വന്നേക്കരുത്‌ !"

ഞാന്‍ തിരിച്ച് നടന്നു. അപ്പഴും, അടുക്കളയുടെ വാതില്‍ ചാരാന്‍ ഞാന്‍ മറന്നില്ല...

എലിവാല്‍ക്കഷ്ണം: എന്നും 7 മണിക്ക്‌ റൂമിലെത്തുന്ന എന്‍റെ പ്രിയ റൂംമേറ്റ് അന്നെത്തിയത് 9:30 ക്ക്, മീറ്റിംഗ് നീണ്ടത്രെ !  എങ്കിലും പിന്നീടുള്ള 2-3 ദിവസങ്ങള്‍ എലികള്‍ക്കെതിരെ വിട്ടുവീഴ്ച ഇല്ലാത്ത പോരാട്ടമാരുന്നു ഇവിടെ. തൊട്ടടുത്ത റൂമിലെ ചിലര്‍ വരെ നമുക്ക്‌ സഹായം വാഗ്ദാനം ചെയ്തെത്തി.  അവര്‍ക്ക്‌ വടി എടുത്ത് കൊടുത്തും,  കൃത്യ സമയത്ത് വാതിലുകള്‍  അടച്ച് എലിയെ ഒറ്റപ്പെടുത്തിയും ഞാനും എന്‍റെ പോരാട്ടവീര്യം തെളിയിച്ചു !

:-)
അനില്‍സ്