Sunday, February 22, 2009

കഫെ കോഫി ഡേ !


ഒരു ആമുഖം
"നന്നേ ചെറുപ്പം മുതലേയുള്ള ആഗ്രഹമാരുന്നു,MCAക്ക്‌ പഠിക്കണം, നല്ല ഒരു IT കമ്പനിയിൽ ജോലി ചെയ്യണം എന്നൊക്കെ. ചേട്ടന്മാർ 2 ഉം ആ വഴി തന്നെ തിരഞ്ഞെടുത്തത്‌ കൊണ്ട്‌ എനിക്കെന്റെ കരിയറിനെ കുറിച്ച്‌ അലോചിക്കേണ്ട അവസ്ഥയേ വന്നിട്ടില്ല !! "

- ആരും സംശയിക്കണ്ട, ഇതെന്റെ വാക്കുകളല്ല. പണ്ട്‌ കൂടെ പഠിച്ച ജിമ്മിയുടേതാ. നമ്മുടെ അവസ്ഥ ഇങ്ങനെ വല്ലോം ആരുന്നോ? 10 ആം ക്ലാസ്സ്‌ കഴിഞ്ഞപ്പൊ ഒരേ ഒരു ആഗ്രഹമേ ഉണ്ടാരുന്നുള്ളു- "കോളേജിൽ പഠിക്കണം". ആങ്ങനെ കേരളത്തിലെ ലാസ്റ്റ്‌ പ്രീ-ഡിഗ്രി ബാച്ചിൽ 2nd ഗ്രൂപ്പ്‌ എടുത്ത്‌ ഡോക്ടർ ആവാൻ പഠിച്ചു. കഷ്ടപ്പെട്ട്‌ കിട്ടിയ റാങ്ക്‌ കൊണ്ട്‌, മെഡിക്കൽ കോളേജ്‌ ന്റെ പരിസരത്ത്‌ പോലും നിൽക്കാൻ പറ്റൂല്ലാന്നു അറിഞ്ഞപ്പൊ ഫിസിക്സ്‌ നോടു ചങ്ങാത്തം കൂടി  B.Sc. ക്ക്‌ ചേർന്നു.  ആതും കഴിഞ്ഞ്‌ തിരുവനന്തപുരത്ത്‌ പോയി ഒരുMCAയും.. ആരൊക്കെയോ ചെയ്ത പുണ്യം കൊണ്ട്‌ ദാ ഇവിടെ ഈ കമ്പനിയിൽ ജോലീം കിട്ടി.

2007 ഡിസംബർ 17 ആം തീയതി തുടങ്ങീതാ ട്രെയിനിംഗ്‌, ഏകദേശം ഒരു 2 1/2 മാസം. പക്ഷെ അതിനുള്ളിൽ ഒരു ജീവിതകാലം കൊണ്ട്‌ പഠിക്കാവുന്നതിലുമധികം കാര്യങ്ങൾ ഈ തലയിലൂടെ കയറി ഇറങ്ങിയത്‌ ഞാനറിഞ്ഞു. മുൻപ്‌, എറിയാൽ ഒരു 2 1/2 മണിക്കൂർ (അത്രയുമാണല്ലോ ഒരു സാധാരണ മലയാള സിനിമയുടെ ദൈർഘ്യം) മാത്രം തുടർച്ചയായി കമ്പ്യൂട്ടർ ന്റെ മുൻപിൽ ഇരുന്നിട്ടുള്ള ഞാൻ മണിക്കൂറുകളോളം കണ്ണു ചിമ്മാതെ ലാബിൽ ഇരുന്നു, പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ.. എണ്ണിയാൽ തീരാത്ത അസൈൻമന്റ്‌ ഉകളും പ്രോജക്ടുകളും. ഒന്നും പറയണ്ട.. ആ കഠിന സപര്യ പൂർത്തിയാക്കാൻ പറ്റുമെന്നു യാതൊരുറപ്പും ഉണ്ടാരുന്നില്ല എനിക്ക്‌. എന്നാലും അവസാനം.. അവസാനം എല്ലാം നമ്മുടെ വഴിക്ക്‌ തന്നെ വന്നു. ട്രെയിനിംഗ്‌ പാസ്സ്‌ അയി, പോസ്റ്റിങ്ങും കിട്ടി. ആ സമയത്ത്‌ കൂടെ ഉണ്ടാരുന്ന മലയാളി സുഹൃത്തുക്കളും ഒപ്പം തന്നെ ഉണ്ട്‌. (ലോകത്തിന്റെ എതു മൂലയിൽ പോയാലും ഒന്നു മനസ്സു തുറന്ന് ഉറക്കെ സംസാരിക്കണമെങ്കിൽ നമുക്ക്‌ മലയാളീസ്‌ തന്നെ വേണോല്ലോ!!). അങ്ങനെ ബാംഗ്ലൂർ നഗരത്തിൽ വന്നിറങ്ങീട്ട്‌ ഇപ്പൊ ദാ 8 മാസം ആവണു. എങ്കിലും എല്ലാരും ഒന്നിച്ചുള്ള ആദ്യത്തെ ആ ‘ ബെഞ്ച്‌ ദിനങ്ങൾ ‘ ക്ക്‌ ഒരു പ്രത്യേക സുഖം ഉണ്ട്‌. അതും, പിന്നെ പ്രോജക്ട്‌ കിട്ടീപ്പൊ അതിന്റെ കഷ്ടപ്പാടുകളും.. അതിനെല്ലാം പുറമെ, ഒരു ‘ വൻ സെറ്റപ്പ്‌ ‘ ഇൽ വന്നു വീണതിന്റെ ഒരു ആവേശവും (അതോ പരിഭ്രമമോ?).. ആ അനുഭവങ്ങളാണു ഈ കഥയിൽ ഉള്ളത്‌, അതു മാത്രം..
എത്ര ഒക്കെ ആയാലും നമ്മൽ നമ്മളല്ലാതാവില്ലല്ലോ !!
*
*
*

അന്നും ഒരു 8:15 ആയപ്പൊ എണീറ്റ്‌, വേഗത്തിൽ ഒരു കുളീം പാസ്സ്‌ ആക്കി റൂമിൽ നിന്നും ഇറങ്ങി. ഓഫീസ്‌ ലേക്കുള്ള ആ നടത്തത്തിന്റെ ഇടയ്ക്കാ പിന്നത്തെ പണികളൊക്കെ.. ഷർട്ട്‌ ഇൻ ചെയ്യണം, മുടി ഈരണം.. അങ്ങനെ.. അതിനിടേലാ പെട്ടെന്നു റോഡ്‌ വക്കത്തെ ഹോട്ടലീന്നു ഉറക്കെ ഒരു വിളി കേട്ടേ..


"ടാ ഞങ്ങളും കൂടി വരുന്നു, ഒന്നു വെയ്റ്റ്‌ ചെയ്യേ.." - എന്റെ അതേ ബാച്ചിൽ പഠിച്ച്‌ ഇവിടെ തന്നെ പോസ്റ്റിംഗ്‌ കിട്ടിയ ശ്രീജിത്ത്‌ ആണു.
"യേയ്‌ ഇല്ലില്ലാ, ഓഫീസിൽ കേറാൻ സമയമായ്‌. ഇനി വൈകിയാ പറ്റില്ല" - ഞാൻ മറുപടി പറഞ്ഞു.
"പിന്നേ ഞങ്ങക്ക്‌ അറിഞ്ഞൂടെ.. നീ ബെഞ്ച്‌ അല്ലേ, അവിടെ ചെന്നിട്ട്‌ ഒരു പണിയും ഇല്ലാതെ ഇരിക്കുവല്ലേ??" ആവന്റെ മറുപടിക്ക്‌ കൂട്ടായി ഉച്ചത്തിൽ ഒരു ചിരീം കേട്ടു.

BENCH !!, ആ വാക്ക്‌ അങ്ങാഞ്ഞ്‌ തറച്ചൂ മനസിൽ. ഈ വല്യ വല്യ സോഫ്റ്റ്‌വെയർ കമ്പനികളിൽ പ്രോജക്ട്‌ ആവും വരെ തൊഴിലാളികളെ വെറുതെ ഇരുത്തുന്ന പരിപാടിക്ക്‌ പറയണ പേരാ ഇത്‌.
ഇപ്പൊ ഞാനും ദാ കുറച്ച്‌ കാലായി ഈ ബെഞ്ചിലിരിപ്പ്‌ തുടങ്ങീട്ട്‌. അദ്യമൊക്കെ എല്ലാരും ഉണ്ടാരുന്നു കൂട്ടിനു. നാട്ടിലെ ആർട്സ്‌ കോളേജുകളുടേത്‌ പോലെ മനോഹരമായ ഇവിടുത്തെ ക്യാമ്പസിൽ രാവിലെ മുതൽ അവിടെയും ഇവിടെയും ഒക്കെ ചുറ്റി നടന്ന്, കൃത്യം 12 മണിക്ക്‌ ‘Sodexo food court‘  ലെ കേരള മീൽസ്‌ ഉം രുചിച്ച്‌.. പിന്നെ ഒരു വിധപ്പെട്ട എല്ലാവരേയും പോലെ ‘ ഇൻ ഹരിഹർ നഗർ ‘ ലെയും ‘ യോദ്ധ ‘ യിലേയും തമാശകൾ ഒക്കെ പറഞ്ഞ്‌.. ആ കാലം അങ്ങ്ട്‌ മനോഹരമായിട്ട്‌ പോവ്വാരുന്നു..
പയ്യെ പയ്യെ ഒരോരുത്തർക്ക്‌ പ്രോജക്ട്‌ കിട്ടി തുടങ്ങി. അവർ ഊണു കഴിക്കാൻ എത്തുന്ന സമയം 1:30 യും 1:45 ഉം ഒക്കെ ആയി. അന്നേരവും മെയിൽ നോക്കാൻ പോലും ഒരു system കിട്ടാതെ ഞങ്ങൾ 3-4 പേർ. കേരളത്തിന്റെ തെക്കൂന്നുള്ള ശ്രീജിത്തും റോബിയും, പിന്നെ അങ്ങ്‌ കൂത്തുപറമ്പിൽ നിന്നുള്ള വിപിൻ.. ആ മരച്ചോട്ടിലൊക്കെ തന്നെ ഇരിപ്പുണ്ടാവും, എന്നേലും ഒരു പ്രോജക്ട്‌ കിട്ടും ന്നുള്ള പ്രതീക്ഷയിൽ..
* * *
"ടാ നീ നിക്കുവോ, അതോ പോവ്വാണോ..?"
ഓ, അവന്മാർ വിടുന്ന ലക്ഷണം ഇല്ല. ഞാൻ സമയം നോക്കി, 9:15. അയ്യോ, വൈകിയോ?? ഞാൻ മറുപടി പറയാതെ നേരെ നടന്നു. ചെന്നിട്ട്‌ പണി ഒന്നും ഇല്ലേലും ആ ഓഫീസ്‌ ലെ എല്ലാ കാര്യങ്ങളും എന്റെ തലയിൽ കൂടിയാ പോകുന്നതെന്ന ഒരു ചിന്ത അതിനകം എനിക്ക്‌ കൈവന്നിരുന്നു.


ചെന്ന് നേരെ കുബിക്കിളിലെ ലെ എല്ലാരോടും ഗുഡ്‌ മോർണിംഗ്‌ പറഞ്ഞ്‌ (അങ്കുർ, മീന, ജതീന്ദർ സിംഗ്‌.. അങ്ങനെ എന്റെ ഹിന്ദി കൂട്ടുകാർ) നേരെ മെയിൽബോക്സ്‌ ഓപ്പൺ ചെയ്തു. "ഓഹ്‌.. ഇന്നലെ വൈകിട്ട്‌ മുതൽ ആകെ 4 മെയിലേ വന്നിട്ടുള്ളൊ?? എല്ലാം ഇങ്ങെത്തുന്നില്ലേ എന്തോ??"

കുറച്ച്‌ നേരം ചുമ്മാ ഇരുന്നു. പിന്നെ, പണ്ട്‌ കൂടെ പഠിച്ച ഒരുത്തനെ കളിയാക്കി ഒരു കുറിപ്പ്‌ ക്ലാസ്സ്‌ ന്റെ ഗ്രൂപ്പ്‌ ID യിലേക്ക്‌ അയച്ചു. പിന്നെ നേരം പൊയ്ക്കോളും.. ഇന്ത്യയിലെ പേരുകേട്ട കമ്പനികളിൽ ഇതേ അവസ്ഥയിൽ ഇരിക്കുന്ന കൂട്ടുകാരൊക്കെ മറുപടികൾ അയച്ചോളും. എന്നാലും ആദ്യത്തെ ആ ആവേശം പയ്യെ കെട്ടു. ഇടയ്ക്കിടെ തുറന്നു നോക്കുമ്പോഴും INBOX ലെ മെയിലുകളുടെ എണ്ണത്തിനു ഒരു വർദ്ധനവുമില്ല. ഓരേ forward തന്നെ ഒരു 5 പ്രാവശ്യം അയക്കുന്ന, ക്ലാസ്സിലെ ബുദ്ധിജീവി (?) സാമിയുടെ പോലും ഒരു അനക്കം.. യേയ്‌ ഇല്ല..

പെട്ടെന്നാണു ‘ ക്ണിം ‘ എന്നൊരൊച്ച കേട്ടെ. മെയിൽ വന്നതാ. ചാടിക്കേറി നോക്കി. PM ആണു. "ആ.. ഇന്ന സർട്ടിഫിക്കേഷൻ എടുക്കണം, സായ്പ്പന്മാരോട്‌ സംസാരിക്കാനുള്ള എളുപ്പ വഴികൾ ‘ ക്ലാസ്സ്‌ അറ്റന്റ്‌ ചെയ്യണം അങ്ങനെ എന്തേലും ആയിരിക്കും.. യേയ്‌ അല്ല, അതല്ല!!". ഒന്നിരുത്തി വായിച്ച്‌ നോക്കി. "അമ്മേ.. എനിക്കും പ്രോജക്ട്‌ അലോക്കേറ്റ്‌ ചെയ്തേക്കണു!!" മനസിൽ എവിടോ സന്തോഷത്തിന്റെ ഒരു പൂത്തിരി കത്തി.

ഉടനെ ഫോൺ എടുത്ത്‌ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളായ വിപിനെയും ശ്രീജിത്ത്‌ നെയും വിളിച്ച്‌ കാര്യം പറഞ്ഞു. 2 പേരും അപ്പഴും പ്രോജക്ട്‌ ഒന്നും ഇല്ലാതെ ഇരിക്ക്യാണെ :-) ഞാനിവിടുന്നു നിർത്താതെ സംസാരിച്ചോണ്ട്‌ ഇരുന്നേലും മറുഭാഗത്ത്‌ നിന്ന് യാതൊരു അനക്കവുമില്ല.. "എന്ത്‌ പറ്റീടാ" ന്നുള്ള എന്റെ ചോദ്യത്തിനു വിപിൻ മറുപടി പറഞ്ഞു.. "അല്ലാ നിനക്ക്‌ പ്രോജക്ട്‌ കിട്ടിയ സന്തോഷം കൊണ്ട്‌.." (പിന്നേ എനിക്കറിഞ്ഞൂടെ അവന്റെ സന്തോഷം. ഒന്നിച്ച്‌ നിൽക്കുന്നതിന്റെ ഇടേന്നു ഒരുത്തൻ മാത്രം പോവുമ്പൊ ഉള്ള ആ ഒരു ഫീലിംഗ്‌ എനിക്കറിയാം. പ്രത്യേകിച്ച്‌ നമ്മളൊരു കര പറ്റാത്ത അവസ്ഥയിലാണേൽ)

"സാരില്ല ടാ, നിങ്ങക്കും കിട്ടുവാരിക്കും ഒരു പ്രോജക്ട്‌.. എതേലും ഒരു കാലത്ത്‌.." ഞാനവരെ അശ്വസിപ്പിച്ചു. "ആ പിന്നെ ശ്രീജിത്തേ, ഞാൻ ചിലപ്പൊ കാണില്ല ഉച്ചക്ക്‌ നിങ്ങടെ കൂടെ ഊണു കഴിക്കാൻ. ഇവിടെ എങ്ങനാന്നു ഒന്നും അറിഞ്ഞൂടല്ലോ !!" ഒരു ഡയലോഗും അങ്ങു കാച്ചി.


അന്നത്തെ ദിവസം ഒന്നും സംഭവിച്ചില്ല. പിറ്റേന്നു ഓഫീസ്‌ ൽ എത്തി പ്രോജക്ട്‌ മേറ്റ്സ്‌ നെയൊക്കെ പരിചയപ്പെട്ടു. ദൈവാധീനം, എല്ലാരും ഹിന്ദിക്കാരാ. (ഉള്ള 2 മലയാളികൾ കൂടുതൽ ചർച്ചകൾക്കായി ജപ്പാനിലും പോയേക്കുവാ). എന്റെ കൂടെ ഉള്ളവരാണേൽ നേരെ കണ്ടാൽ ഇംഗ്ലീഷ്‌ ൽ പോലും മിണ്ടത്തില്ല. പുതുതായ്‌ റിലീസ്‌ ചെയ്ത സിനിമകളെയൊക്കെ പറ്റി ഹിന്ദിയിൽ നിർത്താതെ സംസാരിക്കണത്‌ കേട്ട്‌, പണ്ട്‌ ‘ സിനിമ നിരൂപണ ‘ ത്തിനു യൂണിവേഴ്സിറ്റിയിൽ സമ്മാനം നേടിയ ഞാൻ എന്തോരം കൊതിച്ചിട്ടുണ്ട്‌ ഒരു വാക്കേലും ഒന്നു മിണ്ടാൻ !!
പക്ഷെ ഇപ്പഴും ‘tumhara naam kya hai?? ‘ എന്ന് അരേലും ചോദിച്ചാ കാലിന്റെ മുട്ടു കൂട്ടി ഇടിക്കുന്ന ഞനെന്ത്‌ മിണ്ടാൻ !!

പ്രോജക്ട്‌ ന്റെ അദ്യ ദിനങ്ങൾ തുടങ്ങി. ‘Requirement analysis’ എന്നൊക്കെ പറഞ്ഞ്‌ കുറെ കാര്യങ്ങൾ. നമ്പൂതിരി സർ പഠിപ്പിച്ചിട്ടുണ്ട്‌ ഇതൊക്കെ പണ്ട്‌. ആന്നിതൊക്കെ വല്ലോം അറിയണോ, ഇപ്പഴല്ലേ..

"Can you come here please?" ഇവിടുത്തെ ഇന്റേണൽ ചാറ്റിൽ PM ന്റെ മെസേജ്‌ വന്നു എനിക്ക്‌. എന്റെ തൊട്ടപ്പുറത്താ ഇരിക്കണേ, എന്നാലും എന്തേലും പറയണമെങ്കി ഈ വക ചാറ്റ്‌ ഉം മെയിൽ ഉം ഒന്നും ഇല്ലാതെ പറ്റില്ല ഇവിടെ ആർക്കും.

ഞാൻ PM നരികിൽ ചെന്നു. ഒരു 30 വയസ്സിനടുത്ത്‌ പ്രായം വരും. നല്ല ഭംഗിയുള്ള ഒരു നോർത്ത്‌ ഇന്ത്യക്കാരിയാ PM. പേരു ആഹിസ്ത.. ആഹിസ്ത കപൂർ. MS Word ഇൽ എന്തോ കുറേ ഡയഗ്രംസ്‌ വരച്ച്‌ കൊടുക്കമോ എന്നു ചോദിക്കാനാ എന്നെ വിളിച്ചേ. ഞാൻ ആദ്യമൊന്നും മിണ്ടീല.

"അല്ല വേറെ എന്തേലും വർക്ക്‌ ഉണ്ടേൽ വേണ്ട.." PM പറഞ്ഞു.
"യേയ്‌ ഇല്ല മാഡം, സോറി ആഹിസ്താ, ഞാൻ ചെയ്തോളാം" (ഇവിടെ ആരെയും Sir, Madam ന്നൊന്നും വിളിക്കാൻ പാടില്ല. എത്ര വല്യ ആളാണേലും പേരെടുത്ത്‌ വിളിച്ചോണം. പക്ഷെ, ‘ ബാക്കി 1 രൂപ കിട്ടാനുണ്ടേൽ KSRTC ബസ്സ്‌ ലെ കണ്ടക്ടറെ വരെ ‘ സാറേ.. വിളിച്ചല്ലേ നമുക്ക്‌ ശീലം !!)

സത്യത്തിൽ എനിക്ക്‌ സന്തോഷാമാരുന്നു. അറിയാവുന്ന ഒരു പണി കിട്ടിയല്ലോ. ഇതിലൊരു ‘ ടാജ്‌ മഹൽ പണിയണം ‘ - ഞാനോർത്തു. WORD തുറന്നു പണി തുടങ്ങി. ചതുരക്കട്ടകളും ആരോകളും.. പക്ഷെ എവിടൊക്കെയോ അങ്ങ്ട്‌ ശരി ആവണില്ല.


ആ.. വഴി ഉണ്ട്‌, ‘ മജോനെ ‘ വിളിക്കാം. ഏന്റെ കൂടെ MCA ക്ക്‌ പഠിച്ച ആളാ. ശരിക്കുള്ള പേരു മനോജ്‌. ദോഷം പറയരുതല്ലോ, ഈ WORD ഉം POWERPOINT ഉം ഒക്കെ നന്നായിട്ട്‌ അറിയാം ടിയാനു. സെമിനാർ ഒക്കെ എടുക്കുമ്പൊ വായ്‌ തുറന്ന് ഒരക്ഷരം പോലും പറഞ്ഞില്ലേലും slides ഒക്കെ നല്ല മുറ്റ്‌ ആയിരിക്കും, heading ന്റെ ഓരോ അക്ഷരങ്ങളും നാലു മൂലേന്നും ഒക്കെ അയിരിക്കും വരുന്നേ. ഈ മനുഷ്യന്റെ പരീക്ഷ എഴുത്തും പ്രസിദ്ധമാണു. ഒരിക്കൽ ‘ geo stationary satellite’ എന്താന്നൊരു 100 വാക്ക്‌ ചോദ്യത്തിനു മുൻപിൽ എല്ലാരും പകച്ച്‌ നിന്നപ്പൊ മജോൻ മാത്രം കുത്തി ഇരുന്നു എഴുത്താ. (അല്ല.. വരക്ക്യാ).

"ആകാശത്ത്‌ ഒരു സാറ്റലൈറ്റ്‌.. അതിനപ്പുറം സൂര്യൻ. താഴെ മരങ്ങളും പൂച്ചെടികളും. സമീപത്തൊരു വീട്‌. വീടിനു മുകളിലുള്ള അന്റിനയിലേക്ക്‌ ‘ സറ്റെല്ലൈറ്റ്‌ ‘ ഇൽ നിന്നു കുറെ ഡോട്ടഡ്‌ വരകൾ.. (സിഗ്നലുകൾ ആവണം)". പേരിനു പോലും ഒരു വാക്ക്‌ ആ പേപ്പർ ഇൽ എഴുതീട്ടില്ല ടിയാൻ. ആങ്ങനെയുള്ള അവന്റെ ആ കഴിവുകളെയൊക്കെ പറ്റി പറഞ്ഞ്‌ ഒന്നു പൊക്കിയതിനു ശേഷം ഞനെന്റെ പ്രശ്നങ്ങൾ അവതരിപ്പിച്ചു. "അളിയാ മജോനേ.."

"ഛെ !! ഇത്രെയുള്ളൂ.. അതു Ctrl ഞെക്കി പിടിച്ച്‌ ഒരോന്നായി സെലക്ട്‌ ചെയ്ത്‌ ഗ്രൂപ്പ്‌ ചെയ്താ പോരെ. കഷ്ടം, WORD പോലും അറിയില്ല.. അവന്റെ മറുപടി.

ഞനൊന്നും തിരിച്ച്‌ പറഞ്ഞില്ല. കാരണം ഇനിയും വേണ്ടി വന്നേക്കും അവന്റെ സഹായം. PM ആവശ്യപ്പെടാത്ത കുറെ പൊടിക്കൈകൾ കൂടി ഫിറ്റ്‌ ചെയ്ത്‌ (ഉദാഹരണത്തിനു, left ൽ ഉള്ള കട്ടകൾ ഓറൻച്‌, right ൽ പച്ച.. അങ്ങനെ മൊത്തത്തിൽ ഒന്നു കളർഫുൾ ആക്കി) സംഗതി സബ്മിറ്റ്‌ ചെയ്തു. 5 മിനിറ്റ്‌ കഴിഞ്ഞില്ല. മെയിൽ ആയി മറുപടി വന്നു. ഒരു ‘ വെരി ഗുഡ്‌ ‘ ആരുന്നു പ്രതീക്ഷ. പക്ഷെ എന്റെ കണക്കു കൂട്ടലുകൾ തെറ്റി, മൊത്തമായ്‌ തെറ്റി. ‘ മര്യാദക്ക്‌ സാധാരണ മട്ടിൽ വരയ്ക്കാൻ പറ്റുമെങ്കിൽ വരയ്ക്ക്‌, ഇല്ലേൽ ഞാൻ തന്നെ ചെയ്തോളാം. ഇതാരുന്നു ആ മെയിലിന്റെ രത്നച്ചുരുക്കം.

“അദ്യത്തെ പണി തന്നെ തിരിച്ചടിച്ചല്ലോ ദൈവമെ”- ഞാൻ മജോനെ വിളിച്ച്‌ കാര്യം പറഞ്ഞു. "അല്ലേലും ഈ കലാബോധം ഇല്ലാത്തവരോട്‌ പറഞ്ഞിട്ട്‌ കാര്യമില്ലെടാ.." അവന്റെ മറുപടി കേട്ടപ്പൊ എനിക്ക്‌ ആശ്വാസം തോന്നി. ഇവനാടാ കൂട്ടുകാരൻ !!

ഉച്ച കഴിഞ്ഞ്‌ മീറ്റിംഗ്‌ ആണു. ഞാൻ നേരത്തെ പറഞ്ഞില്ലേ, ജപ്പാനിൽ പോയ 2 മലയാളികൾ. അവരുമായിട്ട്‌ tele conference. ഒരു മേശക്ക്‌ ചുറ്റും എല്ലാരും ഇരുന്നു. PM, അതിന്റേം മോളിൽ SPM, പിന്നെ എന്റെ അതേ കാറ്റഗറിയിൽ ഉള്ള തൊഴിലാളി സുഹൃത്തുക്കൾ..

മീറ്റിംഗ്‌ തുടങ്ങി. എന്തോ സീരിയസ്‌ ഇഷ്യൂ ആണു. Requirements അളന്നു എടുത്തതിൽ എന്തൊക്കെയോ ചില വ്യത്യാസങ്ങൾ.. ഇവിടെ കമ്പനിയിൽ നിന്നു ഫ്രീ ആയിട്ട്‌ കിട്ടുന്ന ബുക്കിൽ ചുമ്മാ മീറ്റിംഗ്‌ ന്റെ പോയിന്റ്സ്‌ കുറിച്ച്‌ തുടങ്ങി ഞാൻ. പണ്ട്‌ മുതലെ ഉള്ള ഒരു ശീലമാ അത്‌. പിന്നീട്‌ ആവശ്യം വരുമെന്നു കരുതി എഴുതി കൂട്ടുമെങ്കിലും ഒരിക്കൽ പോലും അതു മറിച്ചു നോക്കിയ ചരിത്രം ഉണ്ടായിട്ടില്ല. മാത്രമല്ല, കഴിഞ്ഞ തവണത്തെ മീറ്റിംഗ്‌ ന്റെ മിനിറ്റ്സ്‌ കുറിച്ചെടുക്കണ ജോലി PM എന്നെയാ എൽപ്പിച്ചേ. So ഇത്തവണയും.. പറയാതെ തന്നെ അതങ്ങ്‌ ചെയ്യാം. ആ വഴി PM നെ ഒന്നു impress ചെയ്യുവേം ചെയ്യാല്ലോ..

പയ്യെ മീറ്റിംഗ്‌ ചൂടു പിടിച്ചു. ഫോൺ ന്റെ മറുതലയ്ക്കൽ നിന്നു ജാപ്പനീസ്‌ ഇൽ വരെ ഒരോരോ ആവശ്യങ്ങൾ വന്ന് കൊണ്ടിരിക്ക്യാ. എന്ത്‌ മറുപടി പറയണമെന്നറിയാതെ SPM തന്റെ നീളത്തിലുള്ള ടൈ പിടിച്ച്‌ വലിക്കുന്നുണ്ട്‌.

എനിക്കാണേൽ പയ്യെ ഉറക്കം വരണുണ്ടോന്നൊരു സംശയം.. എഴുതി എടുക്കുന്നതെല്ലാം യാതൊരു ലക്കും ലഗാനും ഇല്ലാതെ താഴേക്കും മുകളിലേക്കും പോവ്വാ. തലേ ദിവസം രാത്രി ഉറക്കമിളച്ച്‌ കണ്ട ഇറ്റലിയുടെ യൂറോകപ്പ്‌ മത്സരം മനസിലേക്ക്‌ വന്നു. പിർലോ യുടെ വശ്യസുന്ദരമായ പാസ്സുകളും, പോസ്റ്റിൽ ഗോളി പോലും ഇല്ലേലും പന്ത്‌ പുറത്തേക്കടിച്ച്‌ കളയുന്ന ലൂക്കാ ടോണിയും ഒക്കെ.. ആഹാ.. എത്ര മനോഹരമായ കളിയാല്ലേ ഈ ഫുട്ബോൾ.. എന്റെ ചിന്തകൾ വഴി മാറി പൊയ്ക്കൊണ്ടേയിരുന്നു..

പെട്ടെന്നാ ഞെട്ടി എണീറ്റേ. നോക്കുമ്പോ PM എന്നെ തന്നെ നോക്കി ഇരിക്കണുണ്ട്‌. എഴുതിക്കൊണ്ട്‌ഇരുന്ന ബുക്കിലാണേൽ ECG സ്ക്രീനിലേതു പോലെ തലങ്ങും വിലങ്ങും എന്തൊക്കെയോ വരകളും വരച്ചിട്ടിട്ടുണ്ട്‌.. ഞാൻ പയ്യെ അങ്ങു കുനിഞ്ഞിരുന്നു. വേറെ അരേലും ശ്രദ്ധിക്കണുണ്ടോ എന്നറിയാൻ അതേ പോസിഷനിൽ തന്നെ തല പൊക്കാതെ എല്ലരേം ഒന്നു ഒളിങ്കണ്ണിട്ട്‌ നോക്കി.. ആ അതെ, എല്ലാരും എന്നെ തന്നെ നോക്കി ഇരിക്ക്യാ. ഇവൻ എവ്ടുന്നാ വരണെ എന്ന മട്ടിൽ.

"അല്ലാ അക്റ്റ്വലി.. ഞാൻ ഉറങ്ങീതല്ല.. അറിയാതെ.." എന്നൊക്കെ പറയണം ന്നുണ്ടാരുന്നേലും അഭിമാനം ഒന്നിനും അനുവദിച്ചില്ല.


ഇങ്ങനെ ഒക്കെ ഇരുന്നാ ശരി ആവില്ല. ഒന്നു ഫ്രഷ്‌ ആവാം. ഞാൻ PM നെ നോക്കി "ദാ ഇപ്പൊ വരാം” എന്നു ചെറുവിരൽ ഉയർത്തി ആംഗ്യം കാട്ടി പുറത്തേക്ക്‌ പോയി. നല്ല തണുത്ത വെള്ളത്തിൽ മുഖം ഒന്നു കഴുകി വന്നപ്പോഴും മീറ്റിംഗ്‌ കൊടുമ്പിരി കൊണ്ടിരിക്ക്യാ. ഞാൻ വാതിൽ തുറന്നു അകത്ത്‌ കയറി. അരും എന്നെ ശ്രദ്ധിച്ചതേ ഇല്ല.

നേരെ പോയ്‌ സീറ്റിൽ ഇരുന്നു. "ആഹാ മുഖം കഴികീത്‌ നന്നായ്‌. ഉണ്ടാരുന്ന ക്ഷീണമൊക്കെ എങ്ങോ പോയ്‌ മറഞ്ഞു. മൊത്തതിൽ ഒരു ഫ്രഷ്‌നെസ്സ്‌.." പേനേം ബുക്കും ഒക്കെ വീണ്ടും എടുത്തു. എന്നിട്ട്‌ "ഓഹ്‌ സോറി ട്ടോ, ഒരൽപ്പ നേരം ഞാനുറങ്ങിപ്പോയ്‌, സാരില്ല നിങ്ങൾ കണ്ടിന്യൂ ചെയ്തോളൂ" എന്നു മനസ്സിൽ പറഞ്ഞ്‌ പൂർവ്വാധികം ഉന്മേഷത്തോടെ ഞാൻ മീറ്റിങ്ങിൽ ശ്രദ്ധിച്ച്‌ തുടങ്ങി. ഏറിയാൽ ഒരു 10 മിനിറ്റ്‌.. പക്ഷെ മനുഷ്യ സഹജമായ വാസനകളെ തടുത്ത്‌ നിർത്താൻ നമുക്കാവുമോ??
* * *
പിന്നെ കണ്ണു തുറന്ന് നോക്കീപ്പൊ PM മാത്രല്ല, ആ ഏരിയയിൽ ഉള്ളവരൊക്കെ ഉറക്കം തൂങ്ങി വീണ എന്നെ നോക്കി ഇരുന്നു ചിരിക്ക്യാ. ഞാൻ കണ്ണു തിരുമ്മി എണീറ്റു. ആരോടും ഒരക്ഷരം പോലും പറയാൻ പോയില്ല. പിന്നെയും ഒരു 1/2 മണിക്കൂർ എങ്ങനോക്കെയോ കഴിച്ചു കൂട്ടി ആ ‘ ഡാർക്ക്‌ റൂമിൽ ‘ ..

“You need a good coffee.. ha ha.. come..” മീറ്റിംഗ്‌ കഴിഞ്ഞ്‌ പുറത്ത്‌ ഇറങ്ങീപ്പൊ PM എന്നെ നോക്കി ഒന്നു തമാശിച്ചു. എനിക്ക്‌ അതത്ര ഇഷ്ടപ്പെട്ടില്ലേലും ഞാൻ ഒന്നു ചിരിച്ചൂന്നു വരുത്തി.. അല്ലേൽ ഇനി അവർക്കെങ്ങാൻ ഇഷ്ടപ്പെട്ടില്ലേലോ !!

കോൺഫറൻസ്‌ റൂമിന്റെ തൊട്ടടുത്താ എന്റെ 2 കൂട്ടുകാർ ഇരിക്കുന്നേ. കോട്ടയംകാരൻ പ്രവീണും ഹരിപ്പാട്‌കാരൻ സന്ദീപും. "അളിയാ ആകെ അലമ്പായെടാ.." - ഉറക്കത്തിന്റെ കഥ മുഴുവൻ അവന്മാരോട്‌ പറഞ്ഞു. പിന്നെ നേരെ എന്റെ സീറ്റിലേക്ക്‌ വിട്ടു. അവിടെ എത്തീപ്പൊ ആരും ഇല്ല.

എവിടെപ്പോയി എല്ലാരും ??


അടുത്ത കുബിക്കിളിലെ ലെ സർദ്ദാർജി എന്റെ അടുത്ത്‌ വന്നു പറഞ്ഞു- "അവരെല്ലാരും CCD യിലേക്ക്‌ പോയി. തന്നോടും പിന്നെ ഹരീഷ്‌ ചൗധരിയോടും (സംശയിക്കണ്ട എന്റെ മറ്റൊരു പ്രോജക്ട്‌ മേറ്റ്‌, ഗുജറാത്തിയാ..) വേഗം തന്നെ അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞു..

CCD - കമ്പ്യൂട്ടേർസ്‌ ആൻഡ്‌ കമ്മ്യൂണിക്കേഷൻസ്‌ ഡിവിഷൻ. സിസ്റ്റംത്തിനു യൂസർ നേം ഉം പാസ്‌വേഡും ഒക്കെ തരണ സ്ഥലം. നമ്മുടെ കമ്പ്യുട്ടറിൽ എന്ത്‌ തരികിട കാട്ടിയാലും അവർ പിടിക്കും. ദൈവമെ, ഇന്നലെ വൈകിട്ട്‌ ഒരു വളഞ്ഞ വഴിയിൽ കൂടി ‘ ഓർക്കുട്ട്‌ ‘ എടുത്ത്‌ നോക്കീത്‌ എങ്ങാൻ അവരറിഞ്ഞോ?? മനസിൽ ഒരു പേടി തോന്നീത്‌ കൊണ്ട്‌ തന്നെ ആവണം, ഹരീഷിനെ തെരഞ്ഞ്‌ പിടിച്ച്‌ ഞാനീ കാര്യം പറഞ്ഞത്‌. വേറെ ആർക്കോ എന്തോ സംശയങ്ങൾ തീർത്ത്‌ കൊണ്ടിരുന്ന ആ പാവം മനുഷ്യനെയും ഞനെന്റെ കൂടെ കൂട്ടി. 2 നില നടന്ന് ഇറങ്ങുന്നതിന്റെ ഇടയിൽ ഹരീഷ്‌ ചോദിച്ചു- "എന്തിനാരിക്കും നമ്മളോടു ചെല്ലാൻ പറഞ്ഞേ CCD യിൽ??
"ആ എനിക്കെന്തറിയാം.. പണ്ട്‌ കൂട്ടത്തിൽ താമസിച്ചിരുന്ന ‘സാമിയുടെ സ്റ്റൈലിൽ ഒരു മറുപടി ഞാനും കാച്ചി.

CCD യിൽ ചെന്ന് അദ്യം കണ്ടത്‌, കുറ്റിത്താടി ഒക്കെ വളർത്തി ചെവിയിൽ കമ്മലിട്ട്‌ ഇരിക്കുന്ന ഒരു മനുഷ്യനെയാ.

"ചേട്ടാ, വിളിച്ചൂന്ന് പറഞ്ഞു??"
"എഹ്ഹ്‌ ആരു??.. എന്താ എംബ്ലോയീ നമ്പർ??"
"9960..", ഞനെന്റെ ID കാർഡ്‌ പൊക്കി കാട്ടി പറഞ്ഞു.
കമ്പ്യുട്ടറിൽ കുറേ അങ്ങ്ടും ഇങ്ങ്ടും കുത്തി നോക്കീട്ട്‌ അയാൾ പറഞ്ഞു - "ഇല്ല, ഇവ്ടുന്നാരും വിളിച്ചിട്ടില്ല, ഉറപ്പ്‌ !!"
യേയ്‌, അങ്ങനെ വരാൻ വഴി ഇല്ലല്ലോ, എന്നോട്‌ സർദ്ദാർജി പറഞ്ഞതല്ലേ..

ഞാൻ ആങ്കുർ നെ ഫോണിൽ വിളിച്ചു, " അല്ല നിങ്ങൾ എവിടെയാ??"
"Aah you know the Cafe Coffee Day near building 36??"
"ആ.."
“Come there."
ഞാൻ അവർക്കരികിലേക്ക്‌ നടന്നു. എന്തോ പണി ഉണ്ടെന്ന് പറഞ്ഞ്‌ ഹരീഷ്‌ തിരിച്ചു പോയിരുന്നു അതിനകം (അല്ലേലും എന്നും പണി ഇല്ലാത്തത്‌ നമുക്ക്‌ മാത്രം ആണല്ലോ!!).. C afe C offeeD ay - പറഞ്ഞ സ്ഥലമെത്തി. വല്ല്യൊരു ബോർഡ്‌ വച്ചിട്ടുണ്ട്‌ അവിടെ. അപ്പഴാ ഞാനതിന്റെ അദ്യാക്ഷരങ്ങൾ ശ്രദ്ധിച്ചേ. CCD. “ഓഹ്‌.. ഇതാരുന്നോ അവരുദ്ദേശിച്ച CCD??”

ആ ഇനി ഏതായാലും പറ്റിയ മണ്ടത്തരം അരോടും പറയാൻ നിക്കണ്ട. ടീം മൊത്തം ഇരിപ്പുണ്ട്‌ അവിടെ. PM ന്റെ ചിലവായിരുന്നു അന്ന്. എല്ലാരുടേം കൈയ്യിൽ വല്യ പേപ്പർ ഗ്ലാസ്കളിൽ ഒരോരോ ഡ്രിങ്ക്സ്‌ ഉണ്ട്‌. “ഓഹ്‌.. ഞാൻ അൽപ്പം വൈകി..”

അവരുടെ കൂടെ കൂടണമെങ്കിൽ എന്തേലും വാങ്ങണോല്ലോ. ആദ്യമായിട്ടാ ഇമ്മാതിരി കടയിലൊക്കെ കേറണെ. എങ്കിലും ഒരു പരിചയസമ്പന്നന്റെ പോലെ ഞാൻ കൗണ്ടർ ലേക്ക്‌ നടന്നു. ആ വല്ല്യ Q ന്റെ അറ്റത്ത്‌ സ്ഥാനം പിടിക്കുവേം ചെയ്തു. അങ്ങു എത്തും തോറും എന്റെ ടെൻഷൻ കൂടി വന്നു, എന്താ ഇവിടെ ഒക്കെ ഓഡർ ചെയ്യാ?? ഞാൻ മെനു ബോർഡിൽ നോക്കി- “Cappuchino, mochachillo” എന്തൊക്കെയാ ഇതു?? ‘ അന്യൻ ‘ സിനിമയിലെ ഒരു പാട്ടിലാ ഇതിനു മുൻപ്‌ ഈ “കാപ്പുച്ചീനോ" ന്നൊക്കെ കേട്ടേക്കണെ..

“One strawberry shake with ice cream !!"
പെട്ടെന്നാണു എന്റെ മുൻപിലുള്ള ആൾ ഉറക്കെ ഓഡർ ചെയ്തേ. നിലയില്ലാ കയത്തിൽ മുങ്ങി താണു കൊണ്ടിരുന്ന എനിക്കതൊരു പിടിവള്ളി ആയിരുന്നു. ഞാനും പറഞ്ഞു..

“വൺ സ്ട്രോബറി ഷേക്ക്‌ വിത്ത്‌.."

ബില്ല് അടിച്ചു കിട്ടി, 45 രൂപാ !! ബാംഗ്ലൂർ ലെ വൈകുന്നേരങ്ങളിലുള്ള ആ തണുപ്പത്തും എന്റെ നെഞ്ചിൽ പൊങ്ങി വന്ന ആ ചെറിയ ചൂട്‌ ഞാനറിഞ്ഞു. 5 അക്ക ശമ്പളം കിട്ടണ ജോലി ആണേലും മാസാവസാനം ആയതിന്റെ ഞെരുക്കത്തിൽ ആരുന്നു ജീവിതമപ്പൊ. രാത്രി ഫുഡ്‌ കഴിക്കണോല്ലൊന്നു കരുതി മാത്രാ, ഉച്ചയ്ക്കത്തെ സ്ഥിരമുള്ള ഫിഷ്‌ ഫ്രൈ ഒഴിവാക്കിയത്‌.. ആ കാശാ...
“ആ പോട്ടെ, സാരില്ല. പുതിയ സംസ്കാരം, പുതിയ രീതികൾ.. ഇതൊക്കെ പഠിക്കണ്ടേ. അതിനിത്തിരി കാശും ചിലവാകും”. ഷേക്കിനായ്‌ കാത്തു നിന്നപ്പോ ഞാൻ മനസിലോർത്തു.



"അല്ല നേരം കുറച്ചായല്ലോ ഈ നിപ്പ്‌ തുടങ്ങീട്ട്‌.. ഞാൻ കാര്യം തിരക്കി.
"സർ, ഒന്നു വെയ്റ്റ്‌ ചെയ്യ്‌, ഇപ്പൊ ശരിയാവും."

അവന്റെ ആ ‘ സർ ‘ വിളി എനിക്കിഷ്ടപ്പെട്ടേലും ഞാൻ ഗൗരവം ഭാവിച്ച്‌ തന്നെ നിന്നു അവിടെ. ഇടയ്ക്ക്‌ ഒന്നു ഒളിങ്കണ്ണിട്ട്‌ നോക്കി PM നെ. "അയ്യോ അവർ കഴിച്ച്‌ എണീക്കാറായി. ഞനിവ്ടെ.." എന്റെ അങ്ങു പുറകിൽ നിന്നവർ വരെ “Kashmiri black tea" എന്ന പേരിൽ നമ്മുടെ കട്ടൻ ചായയും വാങ്ങി പോണുണ്ടാരുന്നു അന്നേരം. അതായലും മതിയാരുന്നു. എന്റെ ക്ഷമ നശിച്ചു..

മുൻപിൽ കൊണ്ട്‌ വച്ചിരുന്ന ഒരു ‘ ചോക്ലേറ്റ്‌ ഷേക്ക്‌ ‘ ഞാനങ്ങെടുത്തു. കുറേ നേരമായ്‌ അവകാശിയെ കാത്തിരിക്കുവാരുന്നു അത്‌. "അല്ലാ.. ചോക്ലേറ്റ്‌ നും സ്ട്രോബറിക്കും ഒറേ വിലയുമാണല്ലോ !!"

പയ്യെ അതുമായ്‌ സ്ഥലം കാലിയാക്കാം എന്നു കരുതീപ്പഴാ, കടയിൽ നിന്നു ഒരു ശബ്ദം- "Hey what are doing Sir, you ordered for strawberry right??"
എന്നേക്കാൾ ഒരു 3 ഓ 4 ഓ വയസ്സു കുറവുള്ള CCD യിലെ ഒരു ചെക്കൻ. നല്ല ചൊക ചൊകാന്ന് ഇംഗ്ലീഷിൽ ഡയലോഗ്‌ ഉതിർക്കുകയാണു നിർത്താതെ. അതും മറ്റു പെൺകുട്ടികൾടെ ഒക്കെ മുൻപിൽ വച്ച്‌.. കൈയ്യിൽ കാശില്ലാതെ വിശന്നു വലഞ്ഞപ്പോ ചായക്കടേന്നു ബ്രെഡ്‌ ഉം എടുത്ത്‌ ഓടിയവനെ കടക്കാരൻ ചൂടുവെള്ളം എടുത്ത്‌ ഒഴിച്ച കഥ എനിക്കന്നേരം ഓർമ വന്നു. "ഏതായാലും ഇവൻ ഡീസെന്റാ.. പച്ച വെള്ളം പോലും ഒഴിച്ചില്ലല്ലോ !!”

ഞനൊന്നും തിരിച്ച്‌ പറഞ്ഞില്ല. ആ ഗ്ലാസ്‌ തിരികെ കൊടുത്തു. ക്ഷമയോടെ കാത്തു നിന്നു എന്റെ സ്ട്രോബറി ഷേക്ക്‌ വാങ്ങി. അപ്പോഴേക്കും PM ഉം കൂട്ടരും ഇങ്ങോട്ടെത്തി എന്നെ അന്വേഷിച്ച്‌.
“What’s the special thing you ordered for?? It has been a long time that.."
" സ്ട്രോബറി ഷേക്ക്‌ വിത്ത്‌ ഐസ്‌ക്രീം മാഡം, സോറി ആഹിസ്താ.." ചെറുപ്പം മുതൽക്കെ ഐസ്‌ ക്രീം കൂട്ടി മാത്രം ഷേക്ക്‌ കുടിച്ചിട്ടുള്ളവനെ പോലെ ഞാൻ പറഞ്ഞു.

"Anyway we are going, വേഗം ഇതൊക്കെ കഴിച്ചിട്ട്‌ അങ്ങു എത്തിയേരെ. മീറ്റിംഗ്‌ ന്റെ review ഉണ്ടാക്കണം "
*
*
*
ഞാൻ TVM ത്തെ MCA കാലം ഓർത്തു. കോളേജ്‌ നടുത്ത്‌ റോഡ്‌ സൈഡ്‌ ഇൽ ഒരു MILMA ഉണ്ടാരുന്നു. അവ്ടെ ‘ റബർ ഷീറ്റ്‌ ഒഴിച്ച്‌ വക്കുന്ന പോലത്തെ ‘ ഒരു പാത്രത്തിൽ മുളക്‌ബജി, ഉഴുന്നു വട.. ഒക്കെ വച്ചിട്ടുണ്ടാവും. ഒരു ലൈറ്റ്‌ ചായ യും കുടിച്ച്‌ ഇഷ്ടമുള്ളതൊക്കെ സ്വന്തം കൈ കൊണ്ട്‌ എടുത്ത്‌ തിന്ന്..
ആ.. അതൊരു കാലം, ഇതു മറ്റൊന്നും !