Tuesday, March 16, 2010

ഉയിര്‍ത്തെഴുന്നേല്‍പ്പ്- (ഒരു ബ്ലഡ്‌ ഡൊണേഷന്റെ കഥ)


Disclaimer: രക്തരൂഷിതമായ ഒരു പോരാട്ടത്തിന്റെ കഥയാണിത്. മനസ്സിന് മതിയായ ബലമുള്ളവര്‍ മാത്രം തുടര്‍ന്നു വായിക്കുക :-)



എന്നത്തേയും പോലൊരു സാധാരണ ദിവസം- കാലത്ത് 10 മണി...  

ഓഫീസില്‍ വന്നിട്ട് ഏകദേശം ഒരു  മണിക്കൂര്‍ ആയിക്കാണും. 'manoramaonline' വഴി നാട്ടിലെ വിശേഷങ്ങള്‍ ഒക്കെ ഒന്നറിഞ്ഞ്... "എന്നാല്‍ എന്തേലും പണി ചെയ്യാന്‍ തുടങ്ങിക്കളയാം" എന്ന് കരുതിയ സമയം.   

അപ്പോഴാണ് ഒരു വിളി കേട്ടേ- "അളിയാ, ഞാനേ ബ്ലഡ്‌ കൊടുക്കാന്‍ പോയിട്ട് വരാം"- 

നോക്കീപ്പോ പ്രവീണ്‍ ആണ്, എന്‍റെ പ്രോജക്റ്റ് മേറ്റ്. ഇവിടെ കമ്പനിയില്‍ അന്നൊരു ഡൊണേഷന്‍ ക്യാമ്പ്‌ നടക്കുന്നുണ്ട്. അതിന്റെ കാര്യമാണ് അവന്‍ പറഞ്ഞത്. ഞാന്‍ ആ പരിപാടീടെ ഒരു volunteer ആണ്, എന്ന് വച്ചാല്‍ registration, ബ്ലഡ്‌ കൊടുത്ത് വരുന്നവര്‍ക്ക് ഫ്രൂട്ടിയും ബിസ്കറ്റും കൊടുക്കല്‍... അങ്ങനത്തെ ചില പണികള്‍...

"എടാ ഇപ്പൊ പോണോ? 12 മണിക്കാണേല്‍ ഞാനുമുണ്ട്."-മറുപടി പറഞ്ഞു ഞാന്‍.
"എന്തിന്...? ബ്ലഡ്‌ കൊടുക്കാനോ, നീയോ.. ഹിഹി.."- അവനെന്നെ മൊത്തത്തില്‍ ഒന്ന് ഉഴിഞ്ഞു നോക്കി.
"അല്ലാ കൊടുക്കാനല്ല, പക്ഷെ ഞാന്‍ ആ സമയത്തെ volunteer ആണ്. So നമുക്ക് ഒന്നിച്ച് പോവാം.".
"Done, അപ്പോ 12 മണി !"- ക്യുബിക്കിള്‍ നിടയിലെ അരമതിലില്‍ കൈ ഊന്നി നിന്ന് അവന്‍ ഡീല്‍ ഉറപ്പിച്ചു. 

ഞാന്‍ വീണ്ടും പണിയിലേക്ക് കടന്നു. എങ്കിലും എന്‍റെ അഭിമാനത്തിന് നേരെ വിരല്‍ ചൂണ്ടിക്കൊണ്ട്, പ്രവീണ്‍ ന്റെ ആ ചോദ്യം മനസ്സില്‍ വീണ്ടും വീണ്ടും ഉയര്‍ന്നു വന്നു-"ബ്ലഡ്‌ കൊടുക്കാനോ, നീയോ???"

പണ്ട് കോളേജില്‍ പഠിച്ചപ്പോഴും , പിന്നീട് ഇവിടെ വന്നിട്ടും പലരെയും ഇക്കാര്യത്തിന് നിര്‍ബന്ധിച്ച് കൊണ്ട് പോയിട്ടുണ്ടേലും, ഇത് വരെ ഞാനായിട്ട് കൊടുത്തിട്ടില്ല- 


"എന്നാ ഇന്നങ്ങ് കൊടുത്താലോ???"

അധികം ആലോചിക്കാന്‍ നിന്നില്ല അതേ കുറിച്ച്. കാരണം എന്തെങ്കിലും സംശയം ഉള്ള കാര്യത്തെ കുറിച്ച് കൂടുതല്‍ ചിന്തിക്കും തോറും, അത് ചെയ്യാതിരിക്കാനുള്ള chance ആണ് കൂടുക. ഞാന്‍ communicator എടുത്ത് പ്രവീണിനെ ping ചെയ്തു പറഞ്ഞു- "അളിയാ ഞ്ഞും വരണുണ്ട് ബ്ലഡ്‌ കൊടുക്കാന്‍ !"

"എന്ത്?"- അവനൊന്നു ഞെട്ടിയോ, അറിയില്ല...
"ശരിക്കും... ഐശ്വര്യമായിട്ട് ഇന്നങ്ങ് തുടക്കം കുറിച്ചേക്കാം എന്ന് കരുതി. ഒരു കൂട്ടിനു നീയുമുണ്ടല്ലോ... "
"mmm..."
"ഏതായാലും ആരോടും പറയണ്ട നീയ് ഇപ്പൊ, നമുക്ക് പോയിട്ട് വരാം, ഓക്കേ.."
"ഹഹഹ.. ഓക്കേ"

12 PM 

ഞങ്ങള്‍ ഇറങ്ങി മെഡിക്കല്‍ ബില്‍ഡിംഗ്‌ ലേക്ക്...

"അല്ലാ നീയെന്താ ഇപ്പൊ പെട്ടെന്ന് ഇങ്ങനെ ഒരു തീരുമാനം എടുത്തേ?"- അവന്‍ ചോദിച്ചു.
"പെട്ടെന്നൊന്നും അല്ലെടാ, കുറച്ച് കാലമായി ഞാന്‍ കരുതുന്നു."


"നിനക്ക് പേടി ഒന്നുമില്ലല്ലോ ല്ലേ?"
"യേയ്.."

എങ്കിലും ഉള്ളിലെവിടെയോ ആ ഒരു ടെന്‍ഷന്‍ എന്നെ വിട്ടു പോയിരുന്നില്ല, ഞാന്‍ പയ്യെ അവനോട് ചോദിച്ചു- "ടാ, കുഴപ്പമാവുമോ?" 

പണ്ട് ഇതേപോലൊരു സന്ദര്‍ഭത്തില്‍ എന്‍റെ അച്ഛനോട് ചോദിച്ച അതേ ചോദ്യം- "അച്ഛാ, കുഴപ്പമാവുമോ?" 

ഞാനന്ന് ഡിഗ്രിക്ക് ചേര്‍ന്ന സമയം.എന്തോ പനിയോ മറ്റോ പിടിച്ച എന്നെയും കൊണ്ട് പറവൂരെ 'ശാന്തി ഹോസ്പിറ്റലില്‍' പോയതാണ് അച്ഛന്‍.

Dr. പറഞ്ഞു- "വേറെ കുഴപ്പം ഒന്നും ഇല്ല, ഈ മരുന്നൊക്കെ കഴിച്ചാല്‍ മതി."
"ശരി"- അച്ഛനാണ് മറുപടി പറഞ്ഞേ.
"വേറെ എന്തെങ്കിലും?"
"അല്ലാ Dr. ഇവനങ്ങ്ട് ഒരു തടി വയ്ക്കണില്ല, അതിനും എന്തേലും ഒരു മരുന്ന് എഴുതിത്തന്നാല്‍.."
"എന്തിനാ തടി?, ഇവിടെ എല്ലാരും ഉള്ള തടി കുറയ്ക്കാന്‍ നോക്കി നടക്കുവാ, അപ്പഴാ... ഇവന്‍ പൊക്കം വയ്ക്കണില്ലേ, അത് മതി. തടി ഒക്കെ ഒരു പ്രായത്തില്‍ തന്നെ വന്നോളും !" (ആ പ്രായം ഏതെന്നു ഇത് വരേം എനിക്ക് പിടി കിട്ടീട്ടില്ല :-))  

"എന്നാലും Dr. എന്തേലും ടോണിക്കോ മറ്റോ..."
"ശരി... നമുക്കൊന്ന് try ചെയ്ത് കളയാം  എന്നാല്‍, ഇവന്റെ ബ്ലഡ്‌ ഒന്ന് ടെസ്റ്റ്‌ ചെയ്യ്‌ ആദ്യം" 
"അയ്യോ അത് വേണ്ട !"- അച്ഛന്‍ ചാടിക്കേറി മറുപടി പറഞ്ഞു.
"അതെന്താ?" Dr. ചോദിച്ചു. 
"കുറെ നാള്‍ ആയിട്ട് അങ്ങനെ ബ്ലഡ്‌ എടുക്കാറില്ല ഇവന്റെ, മുന്പ് എടുത്തപ്പോഴൊക്കെ ഓരോ പ്രശ്നം ഉണ്ടാക്കീട്ടുമുണ്ട്... എന്തോ അവനൊരു പേടിയാണ് സംഭവം.."  

"ഹഹഹ.. ഈ പേടിയൊക്കെ മാറ്റണ്ടേ നമുക്ക്, ഇത്തവണ അങ്ങ് എടുത്തു കളയാം അല്ലേ...?"- Dr. എന്നെ നോക്കി ചോദിച്ചു.
"ഊം.. ഊം.."- പറ്റില്ല എന്നാ അര്‍ത്ഥത്തില്‍ ഞാന്‍ തലയാട്ടി.
"കണ്ടോ ഫാദര്‍, അവന്‍ തല ആട്ടുന്നെ. He's ready. നിങ്ങളാ ഓരോന്ന് പറഞ്ഞ അവനെ പേടിപ്പിക്കുന്നെ. അപ്പൊ റിസല്‍ട്ട് ആയി വാ..."- Dr. സംസാരം അവസാനിപ്പിച്ചു. 


- - - - -

ഞങ്ങള്‍ ഇറങ്ങി അവിടുന്ന്. ഒരല്‍പ്പം നടക്കാനുണ്ട് ലാബിലേക്ക്. മുന്‍കാല അനുഭവങ്ങള്‍ ഓര്‍ത്തിട്ടാണോ എന്തോ, അച്ഛന്‍ മുറുകെ പിടിച്ചിട്ടുണ്ട് എന്‍റെ കൈയ്യില്‍.

നിശബ്ദതയെ ആദ്യം ഭംഗിച്ചത് ഞാനാണ്‌- "അച്ഛാ..."
"ആ..."
"കുഴപ്പമാകുവോ?"

ഒരു 2 നിമിഷത്തേയ്ക്ക് അച്ഛന്‍ ഒന്നും പറഞ്ഞില്ല, പിന്നെ ചോദിച്ചു-" എടാ നിനക്ക് എത്ര വയസ്സായി?"
ഞാന്‍ കൂട്ടി നോക്കി- 10 ആം ക്ലാസ്സ്‌ ന്ന് വച്ചാല്‍ 15, പിന്നെ പ്രീഡിഗ്രി 2 വര്ഷം, ഇപ്പൊ ഡിഗ്രി 1st ഇയര്‍- അപ്പൊ 18 !"

"ആഹ്.. 18 ന്ന് പറഞ്ഞാ പ്രായപൂര്‍ത്തിയായ ഒരു യുവാവായി. എന്നിട്ട് ഇങ്ങനെ ഒരു കുഞ്ഞ്‌ കാര്യത്തിന് പറ്റൂല്ലാന്ന് പറഞ്ഞാല്‍ എന്തിനു കൊള്ളാം?"
"ശരിയാണല്ലോ"- ഞാനുമോര്‍ത്തു.

"ഇതൊക്കെ മനസ്സിന്റെ ഓരോ തോന്നലല്ലേ, ദാ അവിടെ നോക്ക് ഇത്തിരി ഇല്ലാത്ത പിള്ളേര്‍ വരെ ഒരു പ്രശ്നവും ഉണ്ടാക്കാതെ ഇരിക്കണത് . ഒരല്‍പ്പം ധൈര്യം ഒക്കെ വേണ്ടേ ആണ്‍പിള്ളേര്‍ ആയാല്‍ !" (അപ്പഴേക്കും ഞങ്ങള്‍ നടന്നു ലാബില്‍ എത്തിയിരുന്നു)

അച്ഛന്‍റെ വാക്കുകള്‍ ഞാന്‍ ശ്രദ്ധാപൂര്‍വ്വം കേട്ടു. അവ എനിക്ക് പകര്‍ന്നു തന്ന ഊര്‍ജം കുറച്ചൊന്നും ആരുന്നില്ല (അതോരിത്തിരി ഓവര്‍ ആയിപ്പോയോ എന്ന് പിന്നീട് തോന്നി :-))  

ഞാന്‍ ലാബില്‍ ഇരുന്നു. എന്‍റെ തന്നെ പ്രായം കാണും, ഒരു കൊച്ചു സിസ്റ്റര്‍ വന്ന് പഞ്ഞി കൊണ്ട് എന്‍റെ കൈ തുടച്ചു.

"സിസ്റ്റര്‍... പതുക്കെ എടുത്താല്‍ മതി, അവനേ അധികം പരിചയം ഇല്ല."- അച്ഛന്‍ ആ കുട്ടിയോട് പറഞ്ഞു.
"ഛെ ഈ അച്ഛന്‍റെ ഒരു കാര്യം, ഇങ്ങനത്തെ sisters ന്റെ മുന്‍പില്‍ വച്ചാണോ ഇതൊക്കെ പറയുന്നേ?"- ഞാനച്ഛനെ രൂക്ഷമായൊന്നു നോക്കി.

സിസ്റ്റര്‍ സിറിഞ്ച് എടുത്തു. അതോടെ എന്നെക്കാളും ടെന്‍ഷന്‍ അച്ഛനായി... 


അച്ഛന്‍ ഒരു സ്വകാര്യം പോലെ എന്നോട് പറഞ്ഞു- "ടാ, ഒരു ഉറുമ്പ് കടിക്കണ വേദനയേ ഉണ്ടാവൂ.. നീ പ്രശ്നം ഒന്നും ഉണ്ടാക്കരുത്"
"എല്ലാം ഞാനേറ്റു അച്ഛാ, ചിരിച്ച് കൊണ്ട് ഞാന്‍  മറുപടി പറഞ്ഞു." 

എങ്കിലും അച്ഛന് വിശ്വാസം ആയില്ല- "മോനെ, നീ അങ്ങ്ട് നോക്കണ്ട, വേറെ എന്തേലും ആലോചിച് ഇരിക്ക്.."
"എന്തിനാ അങ്ങനെ, എന്നാ നോക്കിയിട്ട് തന്നെ കാര്യം- അങ്ങനല്ലേ ആണ്‍കുട്ടികള്‍ !"- ഞാന്‍ മനസ്സില്‍ കരുതി.

ബ്ലഡ്‌ എടുക്കാന്‍ തുടങ്ങി. ഞാന്‍ പുല്ല് പോലെ നോക്കി ഇരുന്നു- ഒരിത്തിരി നേരത്തേക്ക് മാത്രം... പിന്നെ ദാ കിടക്കുന്നു വാഴ വെട്ടിയിട്ടതു പോലെ !

പിന്നീട് എനിക്ക് ബോധം വരുമ്പോ അവിടെ ഒരു ബെഞ്ചില്‍ കിടക്കുവാ ഞാന്‍. കൈയ്യിലൊരു ഗ്ലാസില്‍ വെള്ളവുമായി അച്ഛനും അടുത്തുണ്ട്. നേരത്തത്തെ സുന്ദരി നഴ്സുമാര്‍ ഒക്കെ ഒന്ന് മാറി നിന്ന് ചിരിക്കുന്നുണ്ട്... 
- - - - -
ഇതെന്താ "കുഴപ്പമാവുമോ?" ന്ന് ചോദിച്ചിട്ട് നീ ചിരിക്കുന്നെ വെറുതെ?"- പ്രവീണ്‍ ന്റെ ചോദ്യം എന്നെ present tense  ലേക്ക് കൊണ്ടു വന്നു.

ഞാന്‍ കഥയൊക്കെ അവനോടും പറഞ്ഞു. അതോടെ ടെന്‍ഷന്‍ മൊത്തം അവനായി-"അളിയാ നീ പ്രശ്നം ഉണ്ടാക്കുവോ??"
"ഒരു പ്രശ്നവും ഉണ്ടാവില്ല, ഞാനല്ലേ പറയണേ.. നീ വാ, ഹ.. ഹ.."

ഞങ്ങള്‍ ചെന്ന് രജിസ്റ്റര്‍ ചെയ്ത്, കൈയ്യില്‍ ഒരു സ്റ്റിക്കര്‍ ഒക്കെ ഒട്ടിച്ച് ക്യൂവില്‍ ഇരിക്ക്യാ, ഊഴവും കാത്ത്..


ഒരു 2 മിനിറ്റ് ആയിക്കാണും, ഓരോരുത്തരായി ഉള്ളിലേക്ക് പൊയ്ക്കൊണ്ടിരുന്നു...

"എടാ നമുക്കോരോ ജ്യൂസ്‌ കുടിച്ചിട്ട് വന്നാലോ?"- ഞാന്‍ ചോദിച്ചു.
"ഇപ്പഴോ?"
"അല്ലാ... അങ്ങനെ എന്തൊക്കെയോ ഉണ്ട്."
"അങ്ങനൊന്നുമില്ല, empty stomach ആകരുതെന്നേ ഉള്ളു. നീ breakfast കഴിച്ചതല്ലേ?"
"അതാണ്‌, എന്നാലും ഇത്തിരി വെള്ളം..."
"അവിടെ ഇരിയെടാ, നമ്മുടെ turn ഇപ്പൊ ആകും."
"ശരി.. 


വീണ്ടും ഒരു 2 മിനിറ്റ്... 

"അല്ലാ ഞാനേ.. ഒന്ന് മൂ* ഒഴിച്ചിട്ട് വെക്കം വരാം.."
"ഹഹ.. ടെന്‍ഷന്‍ ആകുന്നുണ്ടല്ലേ.."- അവനൊന്നു ചിരിച്ചു.
"ഹേയ് ടെന്‍ഷന്‍ ഒന്നുമില്ല... ഞാന്‍ ദാ എത്തി."

ഞാന്‍ തിരികെ വന്നപ്പോഴേക്കും അവന്‍ കയറിയിരുന്നു, തൊട്ടു പിന്നാലെ ഞാനും !
- - - - -
ഏകദേശം ഒരു 10 കട്ടിലുകള്‍ ഉണ്ടാവും അകത്ത്. ഒഴിഞ്ഞു കിടന്നിരുന്ന  മൂലയ്ക്കത്തെ ഒരു കട്ടില്‍ ലക്ഷ്യമാക്കി ഞാന്‍ നീങ്ങി. തൊട്ടടുത്ത് തന്നെ എന്നെ സ്വാഗതം ചെയ്തു കൊണ്ട് ഒരു നേഴ്സ് പയ്യനും നില്‍പ്പുണ്ട്.


"Please lay on the bed Sir"- അവന്‍ പറഞ്ഞു.
"ദൈവമേ ഈ കൊച്ചു പയ്യന്‍ ആണോ എന്‍റെ ബ്ലഡ്‌ എടുക്കാന്‍ പോണേ?"- ഞാനൊന്നു സംശയിച്ചു. എങ്കിലും മറുത്തൊന്നും പറയാതെ കട്ടിലില്‍ കയറിക്കിടന്നു.


എന്‍റെ പ്രഷര്‍ ചെക്ക്‌ ചെയ്തതിനു ശേഷം അവനെന്തോ എടുക്കാനായി side ലേക്ക്  മാറി. ഞാന്‍ പയ്യെ തല പൊക്കി നോക്കി.


"Don't worry Sir, these all are sterilized ones"- അവന്‍ ഒരു പാക്കറ്റ് സിറിഞ്ച് എന്നെ പൊക്കി കാണിച്ചു.
"Ok, സമാധാനം"


അവന്‍ വന്ന് ഒരു smiley ball തന്നൂ എന്‍റെ കൈയ്യില്‍... ബലം പിടുത്തം ഒക്കെ വിട്ട് maximum relaxed ആവാന്‍ ഒരു ഉപദേശവും.


ഞാന്‍ അടുത്ത് കിടന്നവരെ മാറി മാറി ഒന്ന് നോക്കി, എല്ലാരും നല്ല cool ആയിട്ട് കിടക്കുന്നു. ഞാന്‍ നമ്മുടെ നേഴ്സ് പയ്യനോട് ചോദിച്ചു- "Actually.. how much time does it take..?" 
"Around 15 minutes Sir"
"ഓക്കേ"


വീണ്ടും നിശബ്ദത..  


അവന്‍ സിറിഞ്ചിന്റെ പായ്ക്ക് പൊട്ടിച്ചു. അതോടെ ഒരിത്തിരി ടെന്‍ഷന്‍ ആയി എനിക്ക്- "എന്തോരം ഊറ്റിക്കൊണ്ട് പോകുവോ ദൈവമേ ഇവന്‍.. ബ്ലഡ്‌ കൊടുക്കാന്‍ വന്നിട്ട് അവസാനം ഇങ്ങോട്ട് കയറ്റേണ്ട അവസ്ഥ വരുവോ???"


 "How... how much blood will be taken...??" - തികച്ചും നിര്‍വികാരനായി ഞാന്‍ വീണ്ടും ചോദിച്ചു.
"Are you coming for the first time?"- ഉത്തരത്തിനു പകരം അവനൊരു മറുചോദ്യമെയ്തു.
"Yes"
"Ok... usually we take 450 ml. But from you, now I'm going to take only 350. Don't worry."


ഞാനൊന്നും തിരിച്ച് പറഞ്ഞില്ല, അല്ലാ ഇനി പറഞ്ഞിട്ടും കാര്യമില്ല, ഏതായാലും പെട്ടു പോയി. ഞാന്‍ കണ്ണുകള്‍ കൂട്ടിയടച്ചു. അറിയാവുന്ന എല്ലാ ദൈവങ്ങളെയും നീട്ടി വിളിച്ച്- "ദൈവമേ കാത്തോണേ..."


പെട്ടെന്നാണ് "മീനു" എന്‍റെ മനസ്സിലേക്ക് കയറി വന്നത്-  സുനാമി അടിച്ച് തകര്‍ത്ത 'നാഗപട്ടണ'ത്തെ  ഒരു   കൊച്ചു സ്കൂളിലെ കുട്ടിയാണവള്‍. ഏറിയാല്‍ 8 ഓ 9  ഓ വയസ്സ് കാണും.  കുറെ നാള്‍ മുന്പ് അവിടം സന്ദര്‍ശിച്ചപ്പോ ഒരു 2 മണിക്കൂറേ ഒന്നിച്ചു ഉണ്ടാരുന്നുള്ളൂ ഞങ്ങള്‍. എങ്കിലും നല്ല കൂട്ടായി. അവിടുത്തെ ഫോണ്‍ നമ്പര്‍ ഒക്കെ എന്‍റെ കൈയ്യില്‍ എഴുതി തന്ന്, ഇടക്ക് വിളിക്കണംന്ന് പറഞ്ഞു (എങ്കിലും ഇത് വരെ വിളിച്ചിട്ടില്ല ഞാന്‍). ഞങ്ങള്‍ അവിടുന്ന് പോരാന്‍ നേരം, വണ്ടിയുടെ പുറകെ ഏറെ ദൂരം ഓടി അവള്‍- 'ടാറ്റ'  തരാന്‍ ആയിട്ട്‌...  


എന്താണ് പെട്ടെന്ന് അവളെ ഓര്‍ത്തതെന്ന് എനിക്കറിയില്ല, പക്ഷെ ഞാനോര്‍ത്തു, അത്ര മാത്രം !- "അവള്‍ക്കോ അല്ലെങ്കില്‍ എന്‍റെ വീട്ടിലെ ആര്‍ക്കെങ്കിലുമോ, എന്‍റെ കൂട്ടുകാര്‍ക്കോ... ആര്‍ക്കെങ്കിലും ഒരാവശ്യം വന്നാല്‍ അന്നും ഈ പേടിയും കൊണ്ട് എനിക്കിരിക്കാന്‍ പറ്റുമോ?" 


"ഇല്ല, അത് പാടില്ല. !"- ഞാന്‍ കണ്ണുകള്‍ തുറന്നു തന്നെ ഇരുന്നു ബ്ലഡ്‌ എടുത്തു തീരും വരെ. പിന്നെയും ഒരു 5  മിനിറ്റ് rest എടുത്തിട്ടാണ് കട്ടിലില്‍ നിന്നും  ഇറങ്ങിയത്.


 പുറത്തേക്ക് പോകുന്ന എല്ലാര്‍ക്കുമെന്ന പോലെ, നരച്ച താടി ഉള്ള ആ ഡ്യൂട്ടി ഡോക്ടര്‍ എനിക്കും തന്നു ഒരു സര്‍ട്ടിഫിക്കറ്റ്. എന്നിട്ട് പയ്യെ പറഞ്ഞു- "You have done a simple, but great thing. Somewhere, someone will surely get the benefit !!!"


കുറച്ചു നാള്‍ മുന്പ് എന്‍റെ കൂട്ടുകാരന്‍  ജാസിര്‍ അയച്ചൊരു  മെസ്സേജ്  ഞാനോര്‍ത്തൂ  അന്നേരം. ഇന്നും ഞാന്‍ save ചെയ്തു വച്ചിട്ടുണ്ടത്- "അളിയാ ഇന്ന് ഞാന്‍ ബ്ലഡ്‌ donate ചെയ്തു ആദ്യായിട്ട്... മനസ്സിന് വല്ലാത്ത സന്തോഷം, ജീവിതത്തില്‍ ഒരു നല്ല കാര്യമെങ്കിലും ചെയ്തു എന്ന ഒരു തോന്നല്‍..."


-അനില്‍സ്
http://panchasarappothi.blogspot.com/


വാല്‍ക്കഷ്ണം: ഇത് വരെ അച്ഛനെ അറിയിച്ചിട്ടില്ല ഞാന്‍ ബ്ലഡ്‌ കൊടുത്തു എന്ന്. അതിനുള്ള സകലമാന തെളിവുകള്‍ ഹാജരാക്കിയാലും അച്ഛനതൊട്ടു വിശ്വസിക്കാനും വഴിയില്ല. എങ്കിലും... എല്ലാ മുന്‍കരുതലും എടുത്തതിനു  ശേഷം, ഒരിക്കല്‍ പറയണമത് അച്ഛനോട്...